അവൾ ദേഷ്യത്തിൽ എന്റെ തലയിൽ കൊട്ടി കൊണ്ട് പറഞ്ഞു
‘ഞാൻ കടയിൽ ഒന്ന് പോയി തിരക്കട്ടെ. കാശ് കൊടുത്താൽ അവർക്ക് സാധനം തന്നൂടെ..’
ഞാൻ സാധനം മറന്നതാണ് എന്ന് അവൾക്ക് മനസിലായി എന്നാലും ഞാൻ ചുമ്മാ ഒരു ഷോയ്ക്ക് അങ്ങനെ പറഞ്ഞിട്ട് ചാവി എടുത്തു ബൈക്കിൽ കയറി.
‘ടാ നുണയാ.. വരുമ്പോ എനിക്ക് വേറെന്തെലും കൂടി കഴിക്കാൻ വാങ്ങിച്ചോണ്ട് വരണം..’
ഞാൻ ബൈക്ക് തിരിച്ചപ്പോൾ അവൾ വാതിൽക്കൽ വന്നു കൊണ്ട് പറഞ്ഞു
‘എന്തോന്ന്..? നീ ഇപ്പോൾ രാവിലത്തെ കഴിച്ചത് അല്ലേ ഉള്ളു..?
ഞാൻ വെറുതെ ചോദിച്ചു
‘പിന്നെയും വിശക്കാൻ തുടങ്ങി. നീ എന്തെങ്കിലും കൂടെ വാങ്ങിക്ക്. ഞാനൊന്ന് വണ്ണം വയ്ക്കട്ടെ..’
അവൾ വയറിൽ തിരുമ്മി കൊണ്ട് പറഞ്ഞു
‘ഓ… അവിടെ വണ്ണം വയ്ക്കാൻ ആണോ.. വാങ്ങാം..’
ഞങ്ങൾക്ക് ഇടയിലെ പേരയ്ക്ക- മത്തങ്ങ ജോക്ക് മനസിൽ വച്ചു കൊണ്ട് അവളുടെ നെഞ്ച് ചെറുതായ് ഒന്ന് സൂം ചെയ്തു കൊണ്ട് ഞാൻ പറഞ്ഞു. അതവളെ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ കൂടി ആയിരുന്നു
‘ഫ്… തെണ്ടി..’
അവൾ മുറ്റത്തേക്ക് ചാടി ഇറങ്ങി ചരൽ വാരി എറിയാൻ നോക്കിയപ്പോളേക്കും ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു ഗേറ്റിന് വെളിയിൽ എത്തിയിരുന്നു..
‘നീ ഇങ്ങോട്ട് വായെ…’
ബൈക്ക് മുന്നോട്ടു പോകുമ്പോളും മിററിലൂടെ അവൾ ദേഷ്യപ്പെടുന്നത് എനിക്ക് കാണാമായിരുന്നു
അർജുൻ കടയിൽ പോയപ്പോൾ ഇഷാനി വീട് ലോക്ക് ആക്കി അകത്തിരുന്നു പായസം വയ്ക്കാൻ വേണ്ട ബാക്കി കൂട്ടങ്ങൾ എല്ലാം സെറ്റ് ആക്കുകയായിരുന്നു. ഒരു പത്തു മിനിറ്റ് ആയി കാണും. കോളിങ് ബെല്ലടിച്ചു. അവൻ ഇത്ര പെട്ടന്ന് വന്നോ..? ബൈക്കിന്റെ സൗണ്ട് ഒന്നും കേട്ടതുമില്ല. ഇഷാനി പതിയെ അടുക്കളയിൽ നിന്നും ഒരു വിറക് എടുത്തു കയ്യിൽ പിടിച്ചു. അവൻ വൃത്തികേട് പറഞ്ഞതിന് കുറച്ചു മുന്നേ ഒന്നും കൊടുക്കാൻ പറ്റിയില്ലല്ലോ. കതക് തുറക്കുമ്പോ തന്നെ അവന്റെ തലക്കിട്ടു ഒരു കൊട്ട് കൊടുക്കണം. ഞാൻ എല്ലാം മറന്നെന്നു കരുതി കാണും അവൻ. ഇങ്ങനെയൊക്കെ ചിന്തിച്ചു കൊണ്ട് കയ്യിൽ ഒരു ചെറിയ വിറകും പിടിച്ചു ഇഷാനി ഒരു ചെറിയ ദേഷ്യത്തിൽ ചെന്നു വാതിൽ തുറന്നു.
അർജുനെ ആയിരുന്നു അവൾ പ്രതീക്ഷിച്ചിരുന്നത്. പക്ഷെ വാതിൽ തുറന്നപ്പോൾ മറ്റൊരു അപരിചിതനെ കണ്ടു അവൾ ഒന്ന് അമ്പരന്നു. അവനെ അന്വേഷിച്ചു ആരെങ്കിലും വന്നതായിരിക്കും. താൻ ഇവിടെ താമസിക്കുന്നത് അവര് അറിഞ്ഞാൽ ശരിയാകുമോ എന്തോ..? കയ്യിൽ ആണേൽ അവനെ വീക്കാൻ വച്ച വിറകും കൊണ്ടാണ് ചെന്നു കതക് തുറന്ന് കൊടുത്തത്. ജാള്യതയിൽ ഇഷാനി വിറക് മെല്ലെ കതകിന്റെ സൈഡിൽ മറച്ചു വച്ചു കൊണ്ട് ചോദിച്ചു
‘ആരാ..?
പുറത്ത് നിന്ന അപരിചിതന്റെ മുഖത്തും തന്നെ കണ്ടപ്പോൾ ഒരു അമ്പരപ്പ് ഇഷാനി ശ്രദ്ധിച്ചു. കുറച്ചു പ്രായം ഉള്ള ഒരാളാണ്. നല്ല നീളമുണ്ട്. താടിയും മീശയും മുക്കാലും നരച്ചു തുടങ്ങിയ ക്ഷീണമുള്ള മുഖം. ഒരു കണ്ണാടിയും മുഖത്തുണ്ട്. വേഷം ഒക്കെ കണ്ടിട്ട് കുറച്ചു വലിയ ആരോ ആണെന്ന് ഇഷാനിക്ക് തോന്നി. ഒരു കാർ റോഡിൽ കിടക്കുന്നുണ്ട്
‘അർജുൻ…?
അയാൾ അർജുനെ തിരക്കി
‘അവൻ കട വരെ പോയിരിക്കുവാ.. ഇപ്പോൾ വരും..’
ഇഷാനിക്ക് ആൾ ആരാണെന്നോ അയാൾ എന്തിന് വന്നെന്നോ ഒരു പിടിത്തം കിട്ടിയില്ല. പെട്ടന്ന് ഇഷാനിയുടെ മുന്നിൽ കൂടി അയാൾ അകത്തേക്ക് കയറി. അത് അവൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ആരാണ് എന്താണ് എന്നൊന്നും പറയാതെ ചുമ്മാ വീട്ടിൽ വന്നു കയറുവാണോ..? ഇഷാനിക്ക് ഒരു ചെറിയ പേടി തോന്നി. പക്ഷെ പേടിക്കേണ്ട ഒരാൾ അല്ല ഇയാളെന്നും അവൾക്ക് തോന്നി. അയാൾ അകത്തു വന്നു വീട് മൊത്തത്തിൽ ഒന്ന് ശ്രദ്ധിക്കുകയാണ്. ഇനി ഇതിന്റെ ഓണർ ആണോ..? ഓ ഇന്ന് ഓണർ വരുമെന്ന് അവൻ പറഞ്ഞതാണല്ലോ. അത് ഇങ്ങേർ തന്നെ. അതാണ് ഒരു സ്വാതന്ത്ര്യത്തിൽ ഒക്കെ അകത്തു കയറിയത്..
‘ഹൌസ് ഓണർ ആണോ..?
ഇഷാനി സംശയത്തിൽ ചോദിച്ചു. അപരിചിതൻ മറുപടി ആയി ഒന്ന് ചിരിക്കുക മാത്രം ചെയ്തു
