റോക്കി – 5 29അടിപൊളി  

 

രാവിലെ അവൾ മെല്ലെ കണ്ണ് തുറന്നു വരുന്നത് നോക്കി ഞാൻ കുറെ നേരം അവളുടെ അടുത്തിരുന്നു. പക്ഷെ തട്ടി വിളിച്ചിട്ടും അവൾ എഴുന്നേറ്റില്ല. കുറച്ചു കൂടി ശക്തിയിൽ വിളിച്ചാലോ എന്ന് ഞാൻ ചിന്തിച്ചു. വേണ്ട… നല്ല ക്ഷീണവും വേദനയും ഒക്കെ കാണും.. അത് ഉറങ്ങി എങ്കിലും കുറച്ചു മാറട്ടെ.. ഞാൻ പിന്നെ അവളെ ശല്യപ്പെടുത്താൻ പോയില്ല

 

ഇഷാനി താൻ എവിടെ ആണെന്നോ ആരുടെ അടുത്താണെന്നോ ഒന്നും ഓർക്കാതെ ഉറക്കത്തിൽ ആണ്ടു കിടക്കുകയായിരുന്നു. സ്വപ്നം ഏതും അറിയാത്ത നല്ല കട്ടക്കറുപ്പ് ഉറക്കം. കയ്യിലെ വേദനയും കാലിലെ നീറ്റലും ഇടയ്ക്ക് അറിയാം. അത് മറക്കാൻ വീണ്ടും കണ്ണ് പൂട്ടി പിടിച്ചു ഇഷാനി ഉറങ്ങി.. ഉറക്കത്തിനു ക്ഷീണം വരുന്നത് വരെ അവൾ ഉറങ്ങി.. ഒടുവിൽ കണ്ണടച്ചു കിടക്കുമ്പോളും ബോധം പതിയെ അവളിൽ തിരിച്ചു വന്നു. കണ്ണ് തുറക്കാതെ തന്നെ അവൾക്ക് പുറത്തുള്ള ശബ്ദം കേൾക്കാം.. കുറച്ചു നേരം ഏതോ കിളികളുടെ ശബ്ദം അവൾ കേട്ടു.. പിന്നെ ആരോ നടന്നു അവളുടെ അടുത്ത് വരുന്നതും നെറ്റിയിൽ മെല്ലെ തൊടുന്നതും അവൾ അറിഞ്ഞു. അതാരാണെന്ന് നോക്കാൻ ക്ഷീണം അവളെ അനുവദിച്ചില്ല. പാതി മയക്കത്തിൽ ബാക്കി പാതി കൂടി നടിച്ചു അവൾ കണ്ണടച്ചു കിടന്നു.. ആരുടെയോ ഫോൺ ഇടയ്ക്ക് പലതവണ ശബ്‌ദിക്കുന്നത് ഇഷാനി അറിഞ്ഞു..

“Now hush little baby don’t you cry

Everything gone all right…”

അതിന്റെ ഈണത്തിൽ ചെറുതായ് ഒന്ന് പുഞ്ചിരിച്ചു ഇഷാനി കണ്ണടച്ചു പിന്നെയും കിടന്നു.. തന്റെ കട്ടിലിൽ കിടന്നാൽ കേൾക്കാൻ കഴിയുന്നത് താഴെ റോഡിലൂടെ ഭാരിച്ച വണ്ടികൾ നീങ്ങുമ്പോ വീട് ചെറുതായ് വിറയ്ക്കുന്നത് ആണ്.. പിന്നെ ചില വണ്ടികളുടെ അസ്സഹനീയമായ ഹോണടിയും.. ഇത് രണ്ടും ഇവിടെ കേൾക്കാനില്ല.. അതോർത്തപ്പോൾ ഇഷാനിക്ക് അത്ഭുതം തോന്നി.. മണിക്കൂറുകൾ മുമ്പ് കൂട്ടിയടച്ച കണ്ണുകൾ വിടർത്താൻ ഇഷാനി നന്നേ പാട് പെട്ടു. കണ്ണ് തുറന്നു വന്നപ്പോൾ താൻ മറ്റേതോ ലോകത്ത് ആണെന്ന് ഇഷാനിക്ക് തോന്നി..

 

താൻ ഇപ്പോൾ ഉള്ളത് സ്വന്തം കട്ടിലിൽ അല്ല. സ്വന്തം റൂമിലും അല്ല. ഇഷാനി മുറി മുഴുവൻ ഒന്ന് സൂക്ഷിച്ചു നോക്കിയപ്പോ തന്റെ സാധങ്ങൾ പലതും അവിടെ ഇരിക്കുന്നത് കണ്ടു. ആ കൂട്ടത്തിൽ തന്റെയും അച്ഛന്റെയും ഫ്രെയിം ചെയ്ത ആ ചിത്രവും.. ഇഷാനിക്ക് ഒന്നും പിടി കിട്ടിയില്ല. ശബ്ദം ഉണ്ടാക്കാതെ അവൾ കുറച്ചു എത്തി വലിഞ്ഞു റൂമിന് പുറത്തേക്ക് നോക്കിയപ്പോൾ പുറത്ത് ഹോളിൽ ഒരു സോഫയിൽ കാൽ ഉയർത്തി വച്ചു ആരോ കിടക്കുന്നത് കാണാം. കാലുകൾ മാത്രമേ കാണാൻ പറ്റുന്നുള്ളു.. അത് കാണാൻ വലിഞ്ഞപ്പോൾ തന്റെ കൈകൾക്ക് ഉള്ളിലൂടെ വേദനയുടെ ഒരു ഒഴുക്ക് ഉണ്ടായത് ഇഷാനി അറിഞ്ഞു. അറിയാതെ അവളുടെ വായിൽ നിന്ന് വേദനയുടെ ഒരു ശബ്ദം പുറത്തു വന്നു.. അബദ്ധം ആയല്ലോ.. താൻ ഉണർന്ന് എന്ന് ആ ആൾക്ക് മനസിലായി..

 

സോഫയിൽ നിന്ന് അർജുൻ എഴുന്നേറ്റ് തന്റെ അടുക്കലേക്ക് വന്നപ്പോൾ ഇഷാനി കിളി പോയത് പോലെ ഇരുന്നു. ഇവൻ എന്താ ഇവിടെ..? അല്ല ഞാൻ എന്താ ഇവിടെ എന്നാണ് ചോദിക്കേണ്ടത്. ഈ റൂമും വീടും ഇപ്പോൾ അവൾക്ക് മനസിലായി. ഇത് അർജുന്റെ വീടാണ്. അവന്റെ കട്ടിലിലാണ് താൻ ഇപ്പോൾ.. മനസിന് താൻ എങ്ങനെ ഇവിടെ എത്തിയെന്നു പെട്ടന്ന് ഉത്തരം തരാൻ കഴിയാത്തത്തിൽ അവൾക്ക് കുറച്ചു പേടി തോന്നി. അന്ന് വെള്ളമടിച്ചു കഴിഞ്ഞു കാണിച്ച പോലെ എന്തെങ്കിലും ആന മണ്ടത്തരം താൻ പിന്നെയും കാണിച്ചോ..? കൈകളിലെ വേദനയും കെട്ടും ശ്രദ്ധിച്ചപ്പോൾ അവൾക്ക് കാര്യങ്ങൾ ശരിക്കും ഓർമയിൽ എത്തി തുടങ്ങി..

 

ഇന്നലെ കടയിൽ നിന്നും തിരിച്ചു വരുന്ന വഴി പാഴ്‌സൽ വാങ്ങാനായി റോഡ് ക്രോസ് ചെയ്തതാണ് ഇഷാനി. എന്തോ ആലോചിച്ചു വന്ന ഇഷാനിക്ക് ബൈക്ക് തൊട്ടടുത്തു വന്നു ഹോണടിച്ചത് മാത്രമേ ഓർമ ഉണ്ടായിരുന്നുള്ളു.. ഒറ്റയിടിയിൽ ഇഷാനി കുറച്ചു തെറിച്ചു മാറി വീണു.. വണ്ടി ഇടിച്ചത് ആണെന്ന് മനസിലായത് കൊണ്ട് ഇഷാനി ആദ്യം തന്നെ ആ സത്യം അംഗീകരിച്ചു. താൻ മരിച്ചിരിക്കുന്നു. ഇത്ര വേഗം താൻ മരിക്കുമെന്ന് ഇഷാനി കരുതിയില്ല. പക്ഷെ ആളുകൾ ഓടി കൂടി അവളെ എഴുന്നേൽപ്പിച്ചപ്പോൾ ആണ് ചാവാൻ മാത്രമുള്ള ഇടിയൊന്നും തനിക്ക് കിട്ടിയില്ല എന്ന് അവൾക്ക് മനസിലായത്. പാന്റ് കുറച്ചു കീറിയ ഭാഗം തൊലി പോയിട്ടുണ്ട്. അവിടെ നിന്നും ചോരയും വരുന്നുണ്ട്. കൈക്ക് ഉള്ളിൽ എന്തോ ഒരു വേദനയും.. അവിടെ നിന്നവരും തന്നെ ഇടിച്ചിട്ട പയ്യനും ആണ് തന്നെ ഹോസ്പിറ്റലിൽ എത്തിച്ചത്.

 

പരിക്ക് സാരമുള്ളത് അല്ലെങ്കിലും ആക്‌സിഡന്റ് കാരണം അവൾക്ക് ചെറിയൊരു ഷോക്ക് കിട്ടിയിരുന്നു. അവൾ വല്ലാതെ പേടിച്ചിരുന്നു. കാൽ ഡ്രസ്സ്‌ ചെയ്തു കഴിഞ്ഞു തനിയെ പോകാൻ ഹോസ്പിറ്റലിൽ നിന്നും സമ്മതിച്ചില്ല.. ഫോൺ ആണേൽ നിലത്തു വീണ വഴിയിൽ പൊട്ടി. ഓണും ആകുന്നില്ല. ആരെ വിളിക്കും..? വീട്ടിൽ വിളിക്കാൻ ഇഷാനിക്ക് മനസ്സ് തോന്നിയില്ല. ഇത്രയും ദൂരത്തു കിടക്കുന്ന അവര് വെറുതെ ടെൻഷൻ അടിക്കും. അർജുനെ വിളിക്കാം. വീട്ടിലെ അല്ലാതെ അവന്റെ നമ്പറെ തനിക്ക് കാണാതെ അറിയൂ.. വണ്ടി ഇടിപ്പിച്ച പയ്യനോട് താൻ നമ്പർ പറഞ്ഞു കൊടുത്തു. അർജുൻ വന്നതും തന്നെ കാറിൽ കയറ്റി ഇരുത്തിയതും വരെ അവൾക്ക് ഓർമ ഉണ്ട്.. പിന്നെ ഇങ്ങോട്ട് വന്നതൊന്നും അവൾക്ക് ഓർമ കിട്ടിയില്ല…

 

അപ്പോൾ താൻ വിളിച്ചിട്ട് ആണ് അർജുൻ വന്നത്.. ശോ…. എന്ത് പണിയാണ് കാണിച്ചത്.. നാണക്കേട് ആയി. ഇത്രയും നാൾ അവനെ ഒന്ന് മൈൻഡ് പോലും ആക്കാതെ ഇരുന്നിട്ട് ഇപ്പോൾ ഒരു ആവശ്യം വന്നപ്പോൾ അവനെ വിളിച്ചിരിക്കുന്നു.. എന്തൊരു സാധനം ആണ് താനെന്ന് അവൻ കരുതി കാണുമോ..? ഹേയ് അവൻ അങ്ങനെ ഒന്നും ചിന്തിക്കുന്ന ആളല്ല. എന്നാലും താൻ അവനെ ആ സമയത്ത് എന്ത് ഓർത്താണ് വിളിച്ചത് എന്ന് ഇഷാനിക്ക് പിടികിട്ടിയില്ല. തമ്മിൽ ഉള്ള പിണക്കം ഒന്നും അപ്പോൾ താൻ ഓർത്തില്ല. അത് ആ ഷോക്കിൽ മറന്നതാണോ അതോ ശരിക്കും അങ്ങനെ ഒരു പിണക്കം തമ്മിൽ ഉണ്ടായിരുന്നോ എന്നും അവൾ ചിന്തിച്ചു…

 

‘എങ്ങനെ ഉണ്ട് കൈക്ക്… വേദന ഉണ്ടോ…?

അർജുൻ അടുത്ത് വന്നു ഒരു കസേരയിൽ ഇരുന്നു ചോദിച്ചു

 

‘ഉം.. ചെറുതായി…’

അവൾ മുഖത്ത് എന്ത് എക്സ്പ്രഷൻ വരുത്തണം എന്നറിയാതെ പറഞ്ഞു. ആകെ വിളറിയ ഒരു എക്സ്പ്രഷൻ ആണ് പക്ഷെ മുഖത്ത് ആ സമയത്ത് വന്നത്..

 

‘ഞാൻ ഇടയ്ക്ക് വിളിച്ചിരുന്നു. പക്ഷെ നീ മുട്ടൻ ഉറക്കം ആയിരുന്നു..’

 

‘സമയം എത്ര ആയി..?

ഇഷാനി ഏറെ നേരം കിടന്നു ഉറങ്ങി എണീറ്റ കിറുങ്ങലിൽ സമയം നഷ്ടപ്പെട്ടു ചോദിച്ചു

 

‘മൂന്നര കഴിഞ്ഞു..’

Leave a Reply

Your email address will not be published. Required fields are marked *