“കിടന്നോളു അശ്വതി.. നാളെ രാവിലെ എഴുന്നേൽക്കേണ്ടി വരും..”
മുറിയിലെ നിശബ്ദതയിൽ മാധവന്റെ ഗാംഭീര്യ ശബ്ദം..! ഞെട്ടിയത് കൊണ്ട് അവൾക്കൊന്നും പറയാനായില്ല. വേറൊന്നും അയാൾ പറഞ്ഞുമില്ല.
അശ്വതി വേഗം മക്കളുടെ അടുത്ത് വന്ന് കിടന്നു, നേരിയ വെട്ടത്തിൽ കാണുന്ന പുറം തിരിഞ്ഞു കിടന്ന മാധവനെ നോക്കിക്കൊണ്ട്. മാന്യനാണോ തന്ത്ര ശാലിയാണോ അയാളുടെ മനസ്സിലെന്താണെന്നോ അറിയാതെ അവൾ കുഴങ്ങി. ഒരു വേള മാധവൻ നന്നായിപ്പോയോ എന്ന് ചിന്തിച്ചു. അയാളിപ്പോ ചെയ്ത് തരുന്നതൊക്കെ വളരെ വലിയ സഹായങ്ങളാണ്. ഈ ജീവിതത്തിൽ തിരിച്ചു വീട്ടനാവാത്തവ. ഭാര്യയും രണ്ടു മക്കളുടെ അമ്മയുമായ തന്റെ ചാരിത്ര്യം കവർന്നെടുക്കുമോ എന്നുള്ള പേടിയാണ് അയാളോട് അടുക്കുന്നതിൽ നിന്നും തന്നെ പിന്തിരിപ്പിക്കുന്നത് . പക്ഷെ അതും അയാൾ തന്നെ എന്നിൽ ഉണ്ടാക്കിയതല്ലേ..
പലതരം ചിന്തകൾ വേലിയേറ്റം നടത്തിയ വേളയിൽ മാധവനോടുള്ള മനസ്സിലെ വിദ്വേഷങ്ങൾ അലിയുന്നതിൽ അവൾക്ക് സ്വയം ആശങ്ക തോന്നി. ഉറക്കം പോലും കിട്ടാത്ത അവസ്ഥ.
അടുത്ത ദിവസം രാവിലെ, തീയറ്റർ കോംപ്ലക്സ്നു മുന്നിൽ ഇരിക്കുകയാണ് മാധവനും അശ്വതിയും പിള്ളേരും. പ്രസാദിന്റെ സർജറി കഴിഞ്ഞു. വേറെ കുഴപ്പൊന്നുമില്ല. ഒരാഴ്ച ഹോസ്പിറ്റൽ റസ്റ്റ്. പിന്നെ വീട്ടിൽ രണ്ടു മാസം.
പ്രസാദിനെ സ്ട്രക്സ്റ്ററിൽ റൂമിലേക്ക് മാറ്റി. പുറകെ അവരും അനുഗമിച്ചു. മൗനിയായി നടക്കുന്ന അശ്വതിയുടെ കൂടെ ചിന്നുമോളെ തോളിൽ എടുത്തു കൊണ്ട് മാധവനും. മിഴിയുന്ന കണ്ണുകളിൽ പ്രസാദ് കണ്ട കാഴ്ചയും അതുതന്നെ..!
റൂമിലെത്തി ഒരഞ്ചു മിനിറ്റ് കഴിഞ്ഞ ശേഷം മാധവൻ പുറത്തേക്കിറങ്ങാൻ നടന്നു. പ്രസാദിന്റെ കണ്ണുകളിൽ മയക്കച്ചടവാണ്. സംസാരങ്ങൾക്കൊന്നും സാധ്യത കാണുന്നില്ല. ബാത്‌റൂമിൽ നിന്ന് പുറത്തേക്കിറങ്ങുകയായിരുന്നു അശ്വതി.
“ഞാനൊന്ന് പുറത്ത് പോയിട്ട് വരാം..”
അവളെ നോക്കി പറഞ്ഞപ്പോൾ കണ്ണുകൾ ചലിച്ച നോട്ടത്തോടെ അശ്വതി തല കുലുക്കി. പുഞ്ചിരിച്ചു കൊണ്ട് അയാൾ പുറത്തേക്കും.
ദീർഘ നിശ്വാസത്തിന്റെ ഒരു നെടുവീർപ്പ്..!
ഉറങ്ങി കിടക്കുന്ന പ്രസാദിനെ നോക്കി അവൾ എതിർ വശത്തെ ബെഡിൽ കയറി കിടന്നു. ചിന്നുമോൾ ചെയറിലിരുന്ന് എന്തൊക്കെയോ പറയുകേം കളിക്കേം ചെയ്യുന്നു.
വിരസമായ സമയം നീങ്ങുമ്പോൾ എവിടെക്കെന്നില്ലാതെ നോക്കിക്കിടക്കുന്ന അശ്വതിയുടെ മനസ്സ് വളരെ അസ്വസ്ഥമാണ്.
“അശ്വതി..”
മയക്കം തെളിഞ്ഞ പ്രസാദിന്റെ വിളി. ഒരു തരം നിർവികാരതയായിരുന്നു അശ്വതിക്ക് തോന്നിയത്. എങ്കിലും ചിന്നുമോളിരിക്കുന്ന പ്രസാദിന്റെ ഭാഗത്തേക്ക് നീങ്ങി. അവൻറെ നോട്ടത്തിന് അധികം കണ്ണുകൾ നൽകിയില്ല.
“ദേഷ്യമാണോ എന്നോട്..?
അവളൊന്നും മിണ്ടിയില്ല.
“എടി..”
“അല്ല..”
“തോന്നുന്നില്ലേ..?”
“തോന്നിയിട്ട്…? ഈ ചിലവ് മുഴുവൻ കൊടുക്കാനാകുമോ..?”
അൽപ നേരം മൗനമായിപ്പോയ പ്രസാദിന്റെ കണ്ണുകളിൽ വെള്ളം പൊടിഞ്ഞു .
“അച്ചൂ..ഞാൻ..”
“ഒന്നും പറയേണ്ട.., മോള് അപ്പുറത്തു ചെന്നിരിക്ക്..”
ചിന്നുമോളെ മാറ്റി അവൾ അവന്റെ അരികിലായി സ്ടൂളിൽ ഇരുന്നു.
“വേദനയുണ്ടോ ഇപ്പൊ..?”
“ഇല്ല..”
“എന്തിനാ ഇങ്ങനെ കുടിക്കുന്നെ..? ഞങ്ങളെ വേണ്ടെന്നാണോ തീരുമാനം..?”
“പറ്റിപ്പോയി..”
“പറ്റിപോയതല്ല.. ഏട്ടന്റെ സ്വയം തീരുമാനണത്. ഒന്നും വേണ്ടെന്ന് വച്ച് നശിക്കാനുള്ള തീരുമാനം..!”
അവനൊന്നും മിണ്ടാനായില്ല.
“ഇനി ഒരു രണ്ടു മാസത്തേക്ക് നോക്കേണ്ട..റസ്റ്റ് വേണമെന്ന ഡോക്ടർ പറഞ്ഞേ. തീർന്നല്ലോ അപ്പോ ഏട്ടന്റെ എല്ലാ ദുശീലങ്ങളും.”
“ഇതിനൊക്കെ എത്ര പൈസയായി കാണും..?”
“അതൊന്നും ഓർത്ത് ഏട്ടൻ പേടിക്കേണ്ട.. ഈ വരുത്തി വച്ചതിന്റെ ചിലവ് മുഴുവൻ അയാള് നോക്കും. എന്നോട് പറഞ്ഞു.”
മനസിലാകാത്തത് പോലെ പ്രസാദ് അവളെ നോക്കുമ്പോൾ ഭാവവ്യത്യാസം ഒന്നുമുണ്ടായില്ല. പ്രസാദിന്റെ മുഖം അവളുടെ കണ്ണുകളിൽ മങ്ങിയ രീതിയിലായി.
“ഇത്രയും വലിയ ചിലവ് വഹിക്കുന്നതിന് പകരമായി അയാൾ എന്ത് ചോദിക്കുമെന്നറിയില്ല..
