“അതൊരു പക്ഷെ എന്നെയാണെങ്കിൽ ഏട്ടനെന്തു ചെയ്യും …!”
പറഞ്ഞു നിർത്തിയതും പ്രസാദിന്റെ മുഖം വിളറുന്നത് കണ്മുന്നിൽ അവൾ കണ്ടു.
“ഏട്ടന് സ്വന്തമെന്ന് പറയാൻ ഞാനല്ലേ ഉള്ളൂ..”
ഉടനെ അവൻ കൈ ഉയർത്തി അവളുടെ വാ പൊത്തി. താൻ ഉദ്ദേശിച്ച കാര്യത്തിൽ വിജയിച്ചെന്ന ഭാവത്തിൽ തിളക്കുമുള്ള നോട്ടമായിരുന്നു അശ്വതിയുടേത്. കാരണം ഇത്രയെങ്കിലും താൻ പറഞ്ഞില്ലെങ്കിൽ മനസ്സിനൊരു സ്വസ്ഥത കിട്ടില്ല.
“എന്തേ..?”
“മാധവേട്ടൻ അങ്ങനെയുള്ള ആളല്ല..”
ചിരിയായിരുന്നു അശ്വതിയുടെ മുഖത്ത് ഇതുവരെ കാണാത്ത ഒരു തരം ഭാവം.
“ഏട്ടനിപ്പഴും അയാളെ വിശ്വാസമുണ്ടോ…?”
“മതി നിർത്ത്..”
“നിർത്താം.. പക്ഷെ ഇനിയുള്ള ദിവസങ്ങൾ ഏട്ടൻ തന്നെ കണ്ടറിഞ്ഞോളൂ.. അങ്ങോട്ടേക്ക് തന്നെയല്ലേ നമ്മൾ പോകേണ്ടത്..”
“അശ്വതി.. എടി..”
അൽപം സ്വരം ഉയർന്ന രീതിയിൽ അവൻ അവളുടെ കയ്യിൽ തട്ടി വിളിച്ചപ്പോഴാണ് അശ്വതി ചിന്തകളിൽ നിന്നുണർന്നത്. വെപ്രാളത്തോടെ അവനെ നോക്കുമ്പോൾ എന്താണ് കാര്യമെന്ന് അവന് മനസിലായില്ല.
“നീ എന്താ ആലോചിക്കുന്നേ..?”
“ഒ.. ഒന്നുമില്ല..”
“ചിലവ് മുഴുവൻ മാധവേട്ടൻ എടുക്കാമെന്ന് പറഞ്ഞോ..?”
“ഉം..”
അശ്വതി എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ വാതിൽ തുറന്ന് നേഴ്സ് വന്നു. പ്രസാദിന് വേണ്ട മരുന്നും ഇൻജെക്ഷനും നൽകുകയാണ്.
ഈശ്വരാ.. താനെന്തൊക്കെയാണ് ചിന്തിച്ചത്..
അശ്വതിയുടെ കവിളിലേക്ക് വെള്ളം ഊറിയിറങ്ങിയിരുന്നു. വയ്യാതെ കിടക്കുന്ന ഭർത്താവിനോട് പറയേണ്ട വാക്കുകളാണോ ഞാൻ ചിന്തിച്ചത്. മനസ്സിൽ എങ്ങനെയാണ് അത്തരത്തിൽ ചിന്തിക്കാൻ തോന്നിയതെന്ന് ഒരു പിടിയുമില്ല. അയാൾ തന്നെ നേടുമെന്ന് മനസ്സ് മന്ത്രിക്കുന്നത് പോലെ.
അതാലോചിച്ചു അശ്വതിക്ക് തല പെരുത്തു പോയി. അല്ലെങ്കിൽ ഒരു പക്ഷെ തന്റെ മനസ്സ് പേടിക്കുകയാണ് വരും ദിവസങ്ങളിൽ ഏതു വിധേനെയും മാധവൻ തന്നെ സമീപിക്കുമെന്നും അരുതാത്ത പ്രവർത്തികൾ കാട്ടാൻ മുതിരുമെന്നും. എന്നുവെച്ച് അതിന് വേണ്ടി തന്റെ മനസ്സ് കീഴടങ്ങി തുടങ്ങുകയാണോ..?
ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി മനസിലുണ്ടാവുന്ന മാറ്റങ്ങൾ പിടികിട്ടാതെ അശ്വതി ഉഴഞ്ഞു. കാരണം അവസാനം മാധവൻ പറഞ്ഞ വാക്കുകളിലെ പ്രഹരണം അവളെ നന്നായി അലട്ടുന്നുണ്ട്. തന്നോടുള്ള ഇഷ്ടം അയാളെ എവിടെ ഏത്തിക്കുമെന്നറിയില്ലെന്നത്.
ഹോസ്പിറ്റൽ ദിവസങ്ങൾ നീങ്ങുകയാണ്. പ്രസാദിന്റെ ചിലവിനായി മാധവൻ അശ്വതിയെ ഏല്പിച്ച പൈസ ഓരോ ദിവസത്തെയും മരുന്നുകൾക്കും ബാക്കി വക ആവിശ്യങ്ങൾക്കും ചിലവായി. പൈസ വാങ്ങാൻ അവൾക്ക് മടിയുണ്ടായിരുന്നില്ല. എല്ലാം നോക്കി കണ്ട് ഒന്നും മിണ്ടാനാവാതെ, കാലനക്കാനാവാതെ കിടക്കുന്ന പ്രസാദ്.
ഹോസ്പിറ്റലിൽ വച്ച് അശ്വതിയോടുള്ള മാധവന്റെ മാന്യമായ പെരുമാറ്റത്തിൽ അവൾക്ക് എന്തെന്നില്ലാത്ത പേടിയും ഉടലെടുത്തു തുടങ്ങി അതൊരു തരം കബളിപ്പിക്കലാണെന്ന് തോന്നിക്കുന്നുണ്ട്. പക്ഷെ എന്ത് ചെയ്യാൻ..!!
ആ ചിന്തകളോട് മനസ്സ് പൊരുത്തപ്പെടുന്നത് പോലെ.
നാളെ വൈകുന്നേരം പ്രസാദിന് ഡിസ്ചാർജാണ്. ദിവസം നീങ്ങി.
പ്രസാദ് അശ്വതിയെ അരികിലേക്ക് വിളിച്ചു. കാരണം എന്തൊക്കെയോ തരം പേടിയും സംശയങ്ങളും അവന്റെ മനസ്സിലും മുള പൊട്ടിയിരുന്നു. എന്തോ ദീർഘ വീക്ഷണം പോലെ..!
“എടി.. നമുക്കവിടുന്ന് മാറാം..”
“എവിടേക്ക്..?”
“എവിടെയെങ്കിലും..”
“നന്നായിപ്പോയി. ഇങ്ങനെയുള്ള ഏട്ടനെയും കൊണ്ട് ഞാൻ എവിടേക്ക് മാറാനാണ്..?”
അവന് ഉത്തരമുണ്ടായില്ല.
“മുഴുപട്ടിണിയിൽ കിടന്ന് മരിക്കാനോ..? അല്ലെങ്കിൽ തന്നെ അയാൾ നമ്മളെ മാറാൻ സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ..?”
“എന്തെ..?”
“വിടില്ല..”
അത് കേട്ടപ്പോൾ അവന്റെ മുഖം വിളറുന്നുണ്ടായിരുന്നു.
“ഞാൻ ഈ അവസ്ഥയിൽ ആകുമ്പോൾ അയാൾ നിന്നോട് എന്തെങ്കിലും മോശമായി പെരുമാറിയാലോ..?”
“കൊള്ളാം.. ഏട്ടനിപ്പഴാണോ അതിന്റെ പേടി തോന്നിയത്..? കള്ള് കുടിച്ച് ബോധമില്ലാതെയാവുമ്പോൾ തോന്നാറില്ലേ..?”
“പ്ലീസ്.. നീയെന്നെ കുറ്റപ്പെടുത്തല്ലേ..”
