“അശ്വതി.. സോറി.. എന്നോട് ക്ഷമിക്ക്.. ഇനി അങ്ങനെ ഉണ്ടാവില്ല… പ്ലീസ്..”
അയാളെ നോക്കുന്ന അവളുടെ കണ്ണുകൾ ചുവന്ന് തുറിച്ചിരുന്നു.
“നിർത്ത്… നിങ്ങളെ ഞാൻ അന്നേ മനസിലാക്കിയതാണ്. പക്ഷെ ഇടക്ക് എനിക്ക് തെറ്റി. കാമ ഭ്രാന്തൻ..!!”
വായിൽ വന്ന തുപ്പല് അവളവിടെ തുപ്പി.
“അങ്ങനെയല്ല അശ്വതി..”
മാധവൻ അടുത്തേക്ക് വരാൻ തുനിഞ്ഞപ്പോൾ അവൾ അലറി.
“അടുത്തേക്ക് വരേണ്ട….!!!”
മാധവന്റെ കാലുറച്ചില്ല. അവിടെ നിന്നു പോയി.
“ചത്താലും ഞാൻ നിങ്ങൾക്ക് വഴങ്ങുമെന്ന് കരുതേണ്ട.. വൃത്തികെട്ടവനെ…”
കലി പൂണ്ട പെണ്ണിന്റെ ഉറച്ച സ്വരം..!
അശ്വതിയിപ്പോ ഉഗ്ര രൂപം പൂണ്ടിരിക്കുകയാണെന്ന് മനസിലാക്കിയ മാധവൻ പതിയെ പിൻവലിഞ്ഞു. പൊട്ടിക്കരയുകയാണ് അവൾ. ജീവിതം തന്നെ കൈവിട്ടത് പോലെ.
കവിളിൽ ഒരുമ്മ നൽകിയതിനാണ് അവളിങ്ങനെ കിടന്ന് ചീറുന്നതെന്ന കാര്യം മാധവനെ വല്ലാതെ ചൊടിപ്പിച്ചു. ഞാനെന്തോ അവളെ പീഡിപ്പിച്ചത് പോലെ.
അരിശം അടക്കാനാവാതെ മാധവൻ തിരികെ നടന്നു. കുറച്ച് കഴിഞ്ഞപ്പോൾ കുളിച്ചു കുട്ടപ്പനായി പുറത്തേക്കിറങ്ങി.
അശ്വതിയുടെ ചുറ്റിലും ഏകാന്തത നിറഞ്ഞ സമയം നീങ്ങുകയാണ്. മക്കളെ കുറിച്ചോർത്തപ്പോൾ കരഞ്ഞു തളർന്ന കണ്ണുകളുമായി അവൾ എഴുന്നേറ്റു. മുഖം തുടച്ച് ബാത്‌റൂമിലേക്ക് നടന്നു.
ശരീരത്തിലേക്ക് വീഴുന്ന തണുത്ത വെള്ളം മനസ്സിന്റെ പൊള്ളൽ അണക്കുന്നില്ല.
വൃത്തികെട്ടവൻ..!
അയാളുടെ ആശകളും ഉദ്ദേശങ്ങളും കൃത്യമായി അറിയാമെങ്കിലും ഈയൊരാവസ്ഥയിൽ അവസരം പോലെ മുതലാക്കാൻ ശ്രമിക്കുന്നത് അവൾക്ക് ഒട്ടും അംഗീകരിക്കാൻ കഴിഞ്ഞില്ല. പക്ഷെ ചിന്തിച്ചിട്ടുണ്ട് അയാൾ എപ്പഴെങ്കിലും തന്നോട് ഇതുപോലെ പ്രവർത്തിക്കുമെന്ന്. പക്ഷെ അപ്പോഴൊക്കെ ധൈര്യമായി ഭർത്താവ് ഉണ്ടാവുമല്ലോ എന്നൊരു ആശ്വാസമായിരുന്നു. പക്ഷെ പ്രസാദ് വീണ്ടും കുടി തുടങ്ങി ജീവിതം വഷളായി കൊണ്ടിരുന്നപ്പോൾ എല്ലാം കൈവിട്ടു തുടങ്ങി.
ഇപ്പോഴൊന്നങ്ങാൻ പറ്റാതെ കട്ടിൽ കിടക്കുകയാണ് തന്നെ പ്രേമിച്ചു താലി കെട്ടിയ ഭർത്താവ്. അത് കൊണ്ട് മാധവനു മുൻപിൽ കുറച്ചൊക്കെ അടങ്ങാം എന്ന് കരുതിയിടത്താണ് ഒടുക്കത്തെ കാമഭ്രാന്തും കൊണ്ടു വന്നിരിക്കുന്നത്. വൃത്തികെട്ടവൻ.
അവൾക്ക് അരിശം അടക്കാനായില്ല. മനസ്സിലെ ചുട്ടു പഴുക്കുന്ന ചിന്തകളിൽ നിന്ന് രക്ഷയുമില്ല.
ഉച്ച നേരത്താണ് അവൾക്ക് പ്രസാദിനും ചിന്നുമോൾക്കും നല്ല ഭക്ഷണം കൊടുക്കാൻ കഴിഞ്ഞത്. രാവിലെ നേരാവണ്ണം ഒന്ന് കഴിക്കാൻ കിട്ടാതെ വിശന്നു വലഞ്ഞിരുന്നു എല്ലാവരും.
അവൾ ഭക്ഷണവുമായി മുറിയിലേക്ക് വന്നു. പ്രസാദ് പരിഭവം പറഞ്ഞിരുന്നില്ല. അവന്റെ മുന്നിൽ കാര്യങ്ങൾ വിട്ടുകൊടുക്കാനും അവൾ തീരുമാനിച്ചിരുന്നില്ല.
അയാൾക്കിന്നലെ കേറിപ്പിടക്കാൻ ധൈര്യം കിട്ടിയെങ്കിൽ നാളയത് പലതിലേക്കും നീളും. മാധവന് തന്നോടുള്ള ആഗ്രഹം ഏട്ടനെ അറിയിക്കുക തന്നെയാണ് വേണ്ടത്. മുൻപും പലയാളുകളും തന്നെ ഇതുപോലെ സമീപിച്ചിട്ടും ഏട്ടനത് മനസിലാക്കിയിട്ടില്ല.
അശ്വതി അവന് ഭക്ഷണം നൽകി തുടങ്ങി.
“അച്ചൂ..”
“മ്മ്..”
“എന്തു പറ്റി..? ഇന്നലെ നീയെന്തിനാ കരഞ്ഞത്…?”
“ഒന്നുമില്ല..”
“ഒന്നുമില്ലെന്നോ..?”
“നീ സാധനങ്ങൾ എടുക്കാൻ പോയിട്ട് എത്റ വൈകിയാ വന്നത്.. എന്തു പറ്റി പറയ്..”
“അതേട്ടൻ അറിയേണ്ട..”
“പിന്നേ.. ഞാനറിയണ്ടേ..?”
“ഇതിനു മുൻപും ഒന്നും അറിയാൻ ശ്രമിച്ചിട്ടൊന്നുമില്ലല്ലോ.. പിന്നെന്താ ഇപ്പൊ..?”
“എടി നീയെന്നെ തീ തീറ്റിക്കല്ലേ..”
“അല്പമൊക്കെ തിന്ന്.. എന്നാലേ ഞാൻ അനുഭവിക്കുന്നത് എന്താണെന്നൊക്കെ മനസ്സിലാവൂ..”
“മാധവേട്ടൻ.. മാധവേട്ടൻ നിന്നോട് എന്തെങ്കിലും മോശമായി പെരുമാറിയോ..?”
“പെരുമാറിയെങ്കിൽ… ഏട്ടന് അയാളോട് ചോദിക്കാൻ ധൈര്യമുണ്ടോ..?”
അവനൊന്നും മിണ്ടാനായില്ല. ഉണ്ടാവുമെന്ന് പറയുമെന്ന് കരുതിയ അശ്വതിക്ക് അവന്റെ മൗനം ഞെട്ടലാണുണ്ടാക്കിയത്. അവസ്ഥ മനസിലാക്കുന്നുണ്ടെങ്കിലും ഒരാശ്വാസ വാക്ക് അവൾ പ്രതീക്ഷിച്ചു. പക്ഷെ ഉണ്ടായില്ല. കാലിന്റെ ഓപ്പറേഷൻ കഴിഞ്ഞത് തന്നെ അയാളുടെ കാരുണ്യം. പിന്നെന്തു മിണ്ടാൻ.
