അർദ്ധപ്രാണസഖി – 1 18

 

 

 

—ആരോടുമില്ലാത്ത, എന്നാൽ എല്ലാവരോടുമുള്ള ഒരു കടുത്ത പക. പക്ഷേ ആ പകയെക്കാൾ ഉപരിയായി അവന്റെ മുഖത്ത് തെളിഞ്ഞത് അതിഭീകരമായ ഒരു നിസ്സഹായതയായിരുന്നു. വർഷങ്ങളോളം നെഞ്ചിൽ കുഴിച്ചുമൂടിയ ആ സത്യങ്ങൾ തൊണ്ടക്കുഴിയിൽ വന്നു തടയുന്നു, പക്ഷേ പുറത്തേക്ക് വരുന്നില്ല.

 

 

 

​പതുക്കെ അവന്റെ ശ്വാസോച്ഛ്വാസം വേഗത്തിലായി. ആഴമില്ലാത്ത, വലിഞ്ഞുമുറുകിയ ശ്വാസം. നെഞ്ചിൽ ആരോ ആഞ്ഞു ചവിട്ടുന്നതുപോലെ അവൻ കിതയ്ക്കാൻ തുടങ്ങി. അവന്റെ നെറ്റിയിൽ വിയർപ്പുതുള്ളികൾ പൊടിഞ്ഞു. കണ്ണുകൾ ഒരിടത്തും ഉറയ്ക്കാതെ ഭ്രാന്തമായി ചുറ്റും നോക്കി. ബാൽക്കണിയുടെ കൈവരിയിൽ അവൻ മുറുകെ പിടിച്ചു, അവന്റെ വിരലുകൾ വിളറി വെളുത്തു.

 

 

 

​അനന്യ ഭയന്നുപോയി. ഗൗരവത്തോടെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്ന അവൾ ഒരു നിമിഷം കൊണ്ട് വിറച്ചുപോയി. അവൻ തകർന്നുവീഴാൻ പോവുകയാണെന്ന് അവൾക്ക് തോന്നി. അവൾ കണ്ട ആത്മവിശ്വാസമുള്ള അർജുനല്ല ഇപ്പോൾ അവളുടെ മുന്നിലുള്ളത്; മറിച്ച്, ഏതോ വലിയൊരു ഭാരത്തിനടിയിൽ പെട്ടു ശ്വാസം മുട്ടുന്ന ഒരു കൊച്ചു കുട്ടിയെപ്പോലെയാണ് അവനെ കണ്ടത്.

 

 

 

​അവൾ പതുക്കെ അവനടുത്തേക്ക് നീങ്ങി, “അർജുൻ…” എന്ന് വിളിക്കാൻ തുടങ്ങിയെങ്കിലും അവന്റെ അവസ്ഥ കണ്ട് അവൾ നിശബ്ദയായി. അവന്റെ ശരീരം മൊത്തം വിറയ്ക്കുകയായിരുന്നു. വാക്കുകൾക്ക് അതീതമായ എന്തോ ഒന്ന് അവനെ ഉള്ളിൽ നിന്ന് കാർന്നു തിന്നുന്നതുപോലെ. ഒരു മറുപടിയും അവനിൽ നിന്ന് വന്നില്ല, പക്ഷേ അവന്റെ ആ നിശബ്ദത ഈ ലോകത്തിലെ ഏറ്റവും വലിയ നിലവിളിയേക്കാൾ ഭയാനകമായിരുന്നു.

 

 

 

 

 

 

അർജുൻ കണ്ണു തുറന്നപ്പോൾ കാഴ്ചകൾക്ക് ഒരു മങ്ങലുണ്ടായിരുന്നു. ഫാനിന്റെ കറക്കം പതുക്കെ തെളിഞ്ഞു വന്നു. ചുറ്റും പരിചിതമായ ആ വില്ലയിലെ മുറി. പക്ഷേ കൈത്തണ്ടയിൽ ഒരു സൂചി തറച്ചിട്ടുണ്ട്, അതിലൂടെ ഡ്രിപ്പ് പതുക്കെ താഴ്ന്നു കൊണ്ടിരുന്നു.

 

 

 

​മുറിയുടെ മൂലയിൽ അനന്യ ഡോക്ടറുമായി സംസാരിക്കുന്നത് അവൻ അവ്യക്തമായി കണ്ടു. കുറച്ചു കഴിഞ്ഞപ്പോൾ ഡോക്ടർ പോയി. അനന്യ തിരികെ വന്ന് അവന്റെ അരികിലുള്ള കസേരയിൽ ഇരുന്നു. അവളുടെ മുഖത്തെ ആ ഭീതി ഇപ്പോൾ മാറിയിട്ടുണ്ട്, പകരം പഴയ ആ കുസൃതി കലർന്ന ഭാവം തിരിച്ചു വന്നിരിക്കുന്നു.

 

 

 

 

 

 

​അനന്യ: “ഹലോ… മിസ്റ്റർ ! എഴുന്നേറ്റോ? അതോ ഇനിയും ബോധം കെട്ടു വീഴാൻ പ്ലാൻ ഉണ്ടോ? നിന്നെ താങ്ങാൻ വേണ്ടി മാത്രം ഞാൻ ജിമ്മിൽ പോകേണ്ടി വരുമെന്നാണ് തോന്നുന്നത്.”

 

 

 

അനന്യ: “ഡോക്ടർ പറഞ്ഞു വല്ലാത്ത മെന്റൽ സ്ട്രെസ്സ് ആണെന്ന്. പിന്നെ കുറച്ച് ഡീഹൈഡ്രേഷനും. സത്യം പറ അർജുൻ, നീ എന്റെ ഡെഡ്‌ലൈനുകൾ പേടിച്ചിട്ടാണോ അതോ വല്ല പ്രേതത്തെ കണ്ടിട്ടാണോ ഇങ്ങനെ തകർന്നു പോയത്?

 

 

 

അർജുൻ ഒന്ന് ചിരിച്ചു…

 

 

 

​അവൾ പതുക്കെ ഒരു ഗ്ലാസ് വെള്ളം എടുത്ത് അവന് നേരെ നീട്ടി. അർജുൻ അത് വാങ്ങി സാവധാനം കുടിച്ചു. ആ തമാശകൾക്കിടയിലും അവളുടെ കണ്ണുകളിൽ ഒരു അന്വേഷണമുണ്ടായിരുന്നു. അർജുൻ പതുക്കെ എഴുന്നേറ്റ് ഇരുന്നു.

 

 

 

​അർജുൻ: “മാം… ഞാൻ ഒരു കാര്യം പറയട്ടെ?”

 

 

 

​അവന്റെ സ്വരത്തിലെ ഗൗരവം കണ്ട് അനന്യയുടെ ചിരി മാഞ്ഞു. അവൾ അവനെ സൂക്ഷിച്ചു നോക്കി..

 

 

 

​അർജുൻ: “എന്നെക്കുറിച്ച് മാമിന് അറിയാവുന്ന പല കാര്യങ്ങളും… സത്യമല്ല. ഞാൻ സത്യത്തിൽ ഒരു അനാഥനല്ല. എനിക്ക് ഒരമ്മയുണ്ട്. സോറി ഉണ്ടായിരുന്നു…

 

 

 

ഒരു വീടും ഉണ്ടായിരുന്നു. പക്ഷേ 7 വർഷം മുൻപ് എനിക്ക് അതെല്ലാം ഉപേക്ഷിക്കേണ്ടി വന്നു.”

 

 

 

 

 

 

​അനന്യ സ്തബ്ധയായി അവനെ നോക്കി നിന്നു.

 

 

 

​അനന്യ: “പിന്നെ നീ എന്തിനാണ് അർജുൻ എല്ലാവരോടും ഇത്രയും വലിയൊരു കള്ളം പറഞ്ഞത്? എന്തിനാണ് ഒളിച്ചോടിയത്?”

Leave a Reply

Your email address will not be published. Required fields are marked *