അർജുൻ അനന്യയെ നോക്കി. അവന്റെ കണ്ണുകളിൽ ഇപ്പോൾ ആ പഴയ പകയുടെ നിഴലുകൾ ഒന്നുകൂടി കടുത്തു വരികയായിരുന്നു.
”അച്ഛന്റെ മരണം വെറുമൊരു ആക്സിഡന്റ് ആയിരുന്നില്ല എന്ന് പതുക്കെയാണ് എനിക്ക് മനസ്സിലായത്. അവിടെ തുടങ്ങുകയായിരുന്നു ചതിയുടെ രണ്ടാം അധ്യായം. അച്ഛന്റെ മരണത്തോടെ ഞങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം ഇല്ലാതായി.
അച്ഛൻ പോയി ഏതാനും ദിവസങ്ങൾ കഴിഞ്ഞതേയുള്ളൂ. ഒരു ദിവസം വീട്ടിൽ ഞാൻ തനിച്ചായിരുന്നു. ബിസിനസ് കാര്യങ്ങൾ സംസാരിക്കാൻ അമ്മ അച്ഛന്റെ പാർട്ണർമാരെ കാണാൻ പോയതായിരുന്നു. ഉമ്മറത്തെ പടിയിൽ ഇരുന്ന് ഞാൻ നേരം ഇരുളുന്നത് നോക്കി നിന്നു. രാത്രിയായപ്പോൾ, ഗേറ്റ് കടന്ന് ഒരു കറുത്ത ആഡംബര കാർ മുറ്റത്തേക്ക് വന്നു നിന്നു.”
അർജുൻ ദൂരേക്ക് നോക്കി ആ രൂപം വർണ്ണിച്ചു.
”കാറിൽ നിന്ന് ഒരാൾ പുറത്തിറങ്ങി. കറുത്ത ഷർട്ട് ധരിച്ച, നല്ല ഉയരമുള്ള ഒരാൾ. കട്ടിമീശയും പിന്നിലേക്ക് ചീകി വെച്ച മുടിയും. അയാൾക്ക് ഒരു തരം ഗാംഭീര്യമുണ്ടായിരുന്നു, പക്ഷേ ആ കണ്ണുകളിൽ ഒരു തരം തണുപ്പായിരുന്നു. അയാൾ കാറിന്റെ പിൻവാതിൽ തുറന്നു… അത് അമ്മയായിരുന്നു. പക്ഷേ അമ്മയ്ക്ക് നടക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല. വല്ലാതെ തളർന്ന്, ബോധം മറഞ്ഞ അവസ്ഥയിലായിരുന്നു അമ്മ. അയാൾ അമ്മയെ താങ്ങിപ്പിടിച്ച് വീടിനുള്ളിലേക്ക് കയറ്റി.”
അർജുൻ ഒന്ന് നിർത്തി, അവന്റെ തൊണ്ട ഇടറി.
”അമ്മയുടെ ആ അവസ്ഥ കണ്ട് എന്റെ ഉള്ളു പൊട്ടിപ്പോയി. ഞാൻ കരഞ്ഞുകൊണ്ട് അവർക്ക് പിന്നാലെ ഓടി. അയാൾ അമ്മയെ പതുക്കെ സോഫയിൽ ഇരുത്തി. എന്നിട്ട് വളരെ ഗൗരവത്തിൽ എന്നെ ഒന്ന് നോക്കി. ആ നോട്ടത്തിൽ എനിക്ക് എന്തോ ഒരു അപകടം തോന്നിയിരുന്നു. അയാൾ എന്നെ അടുത്തേക്ക് വിളിച്ചു… എന്റെ പേര് ചോദിച്ചു.”
അർജുൻ തന്റെ കൈകൾ മുറുകെ പിടിച്ചു.
”ഞാൻ പേടിച്ചു പേടിച്ച് അയാളുടെ അടുത്തേക്ക് ചെന്നു. പെട്ടെന്ന് അയാളുടെ ഭാവം മാറി. വളരെ സ്നേഹമുള്ള ഒരു സ്വരത്തിൽ, എന്നെ തലോടിക്കൊണ്ട് അയാൾ പറഞ്ഞു… ‘പേടിക്കണ്ട മോനേ… ഒന്നുകൊണ്ടും പേടിക്കണ്ട. ഇനിയെല്ലാം ശരിയാകും. അങ്കിൾ കൂടെയുണ്ടല്ലോ.’ ആ ശബ്ദത്തിൽ ഒരു മായമുണ്ടായിരുന്നു മാം.
”അടുത്ത ദിവസം രാവിലെ തന്നെ ആ കറുത്ത കാർ വീണ്ടും മുറ്റത്തെത്തി. ഇത്തവണ അയാൾ തനിച്ചായിരുന്നില്ല, കയ്യിൽ ഒരു ബ്രീഫ്കേസുമായി ഗൗരവക്കാരനായ മറ്റൊരു മനുഷ്യനും കൂടെയുണ്ടായിരുന്നു. ഒരു വക്കീലാണെന്ന് എനിക്ക് തോന്നുന്നു. അവർ രണ്ടുപേരും കൂടി അമ്മയെ ഹാളിലേക്ക് വിളിച്ചിരുത്തി. നീണ്ട ചർച്ചകളായിരുന്നു.”
“അവർ പോയിക്കഴിഞ്ഞപ്പോൾ അമ്മ എന്റെ അടുത്തേക്ക് വന്നു. അമ്മയുടെ കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നു. എന്നെ ചേർത്തുപിടിച്ച് അമ്മ പറഞ്ഞു… ‘മോനേ, നമുക്ക് നാളെ ഇവിടുന്ന് മാറണം. ഇനി നമുക്ക് ഇവിടെ നിൽക്കാൻ കഴിയില്ല.’ എങ്ങോട്ടാണെന്നോ എന്തിനാണെന്നോ എനിക്ക് അറിയില്ലായിരുന്നു.
അർജുൻ ബെഡിൽ ചാരിയിരുന്ന്, ജനാലയ്ക്കൽ ദൂരേക്ക് നോക്കി തന്റെ ഓർമ്മകൾ വീണ്ടും അടുക്കി വെച്ചു. അവന്റെ ശബ്ദത്തിൽ ഇപ്പോൾ ആ പഴയ അഞ്ചു വയസ്സുകാരന്റെ നിഷ്കളങ്കതയും എന്നാൽ അത് പങ്കുവെക്കുമ്പോഴുള്ള ഒരു ഭാരവുമുണ്ട്.
”ഞങ്ങൾ ചെന്നിറങ്ങിയത് ഒരു വലിയ മാളികയുടെ മുന്നിലായിരുന്നു. അതിന്റെ ഉമ്മറത്ത് വെള്ള സാരിയുടുത്ത ഒരു വയസ്സായ സ്ത്രീ നിൽപ്പുണ്ടായിരുന്നു. അവരെ കണ്ടതും അമ്മ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു കരഞ്ഞു. ആ സ്ത്രീ അമ്മയെ ചേർത്തുപിടിച്ച് സമാധാനിപ്പിക്കുകയായിരുന്നു… ‘കരയണ്ട മോളേ, നീ കരയുന്നത് കണ്ടാൽ മോൻ സങ്കടപ്പെടില്ലേ? ഇനി നമ്മൾ കൂടെയുണ്ടല്ലോ.’ അവർ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
അവർ ഞങ്ങളെ കൊണ്ടുപോയത് അതേ കോമ്പൗണ്ടിലുള്ള ഒരു ഗസ്റ്റ് ഹൗസിലേക്കായിരുന്നു. ഞങ്ങളുടെ പഴയ വീട് പോലെ തന്നെ തോന്നിപ്പിക്കുന്ന ഒന്ന്. അത്രയും സൗകര്യങ്ങളുണ്ട്. എല്ലാം അവിടെ റെഡിയായിരുന്നു.
