അർദ്ധപ്രാണസഖി – 1 18

 

 

 

​അർജുൻ ജനാലയിലൂടെ പുറത്തെ രാത്രിയിലേക്ക് നോക്കി. അവന്റെ ഉള്ളിൽ ആ പഴയ തറവാടിന്റെ ഉമ്മറവും, അച്ഛന്റെ ചിരിയും, പിന്നെ എല്ലാം തകർത്തെറിഞ്ഞ ആ മനുഷ്യന്റെ മുഖവും തെളിഞ്ഞു വന്നു…

 

 

 

 

 

 

അർജുൻ ദൂരേക്ക് നോക്കി സംസാരിക്കാൻ തുടങ്ങിയപ്പോൾ അവന്റെ സ്വരത്തിൽ വല്ലാത്തൊരു വിറയലുണ്ടായിരുന്നു. പഴയ ആ കത്തുന്ന പകയല്ല, മറിച്ച് മുറിവേറ്റ ഒരു ഓർമ്മയുടെ ഭാരമാണ് ഇപ്പോൾ ആ ശബ്ദത്തിൽ കേൾക്കുന്നത്.

 

 

 

________________

 

 

 

 

 

 

 

 

 

​”എന്റെ അമ്മ… ശാലിനി. പാലക്കാട്ടെ ഒരു ഹൈ ക്ലാസ്സ്‌ മേനോൻ കുടുംബത്തിലെ അംഗമായിരുന്നു അമ്മ.

 

 

 

സാമ്പത്തികമായും സാമൂഹികമായും എല്ലാ നിലയിലും ഉയർന്ന കുടുംബം. അമ്മയ്ക്ക് പതിനെട്ട് വയസ്സുള്ളപ്പോഴാണ് ഉപരിപഠനത്തിനായി എറണാകുളത്തേക്ക് പോകുന്നത്.

 

 

 

അവിടെ വെച്ചാണ് അമ്മ എന്റെ അച്ഛനെ കാണുന്നത്—ഫിലിപ്പ്.

 

 

 

തികച്ചും വ്യത്യസ്തമായ മതം, ആചാരങ്ങൾ. ഈ ബന്ധം അമ്മയുടെ വീട്ടിൽ അറിഞ്ഞതോടെ വലിയ പ്രശ്നമായി. ഒടുവിൽ സ്നേഹിച്ച ആൾക്ക് വേണ്ടി അമ്മ സർവ്വതും ഉപേക്ഷിച്ചു. അവർ ഒളിച്ചോടി വിവാഹം കഴിച്ചു.

 

 

 

 

 

 

​അർജുൻ ഒന്ന് നിർത്തി. അവന്റെ കൈകൾ പുതപ്പിൽ അമർന്നു. അവൻ പതുക്കെ പുഞ്ചിരിച്ചു, പക്ഷേ ആ പുഞ്ചിരിയിൽ വല്ലാത്തൊരു സങ്കടം പടർന്നിരുന്നു….

 

 

 

​”അച്ഛന്റെ ഭാഗത്ത്‌ ആകെ ഉണ്ടായിരുന്നത് അദ്ദേഹത്തിന്റെ അമ്മ.മാത്രമായിരുന്നു—കത്രീന അമ്മമ്മ. അമ്മയ്ക്ക് 19 വയസ്സുള്ളപ്പോഴാണ് ഞാൻ ജനിക്കുന്നത്. രണ്ടുപേരും ചേർന്ന് എനിക്കിട്ട പേരാണ് ദേവ് ആനന്ദ്. കത്രീന അമ്മമ്മയ്ക്ക് എന്റെ അമ്മ സ്വന്തം മകളേക്കാൾ വലുതായിരുന്നു. അമ്മാമ്മയെ അമ്മ നോക്കിയിരുന്നതും അങ്ങനെയായിരുന്നു. ഞങ്ങളുടെ ചെറിയ ലോകം സന്തോഷത്തിലായിരുന്നു. പക്ഷേ…”

 

 

 

​അർജുന്റെ മുഖത്തെ വെളിച്ചം പതുക്കെ മങ്ങാൻ തുടങ്ങി. അവന്റെ നോട്ടം തറയിലേക്ക് താഴ്ന്നു.

 

 

 

 

 

 

​”കുറച്ചു കാലം കഴിഞ്ഞപ്പോൾ അമ്മാമ്മയ്ക്ക് സ്റ്റേജ് 4 ക്യാൻസർ ആണെന്ന് കണ്ടെത്തി. ഒരു കുടുംബത്തെ മുഴുവൻ അത് തകർത്തു കളഞ്ഞു. അമ്മാമ്മ പോയതോടെ കുറച്ചു കാലം ഞങ്ങളെല്ലാം വല്ലാത്തൊരു ഡിപ്രഷനിലായിരുന്നു. പക്ഷേ ആ ദുഃഖത്തിനിടയിലും ഞങ്ങൾ മൂന്നുപേരും പരസ്പരം താങ്ങായി നിന്നു. ആ മൂന്നംഗ കുടുംബമായിരുന്നു എന്റെ പ്രപഞ്ചം. ബാഹ്യലോകത്തെക്കുറിച്ചോ, അമ്മയുടെ വീട്ടുകാരെക്കുറിച്ചോ ഒന്നും എനിക്കറിയില്ലായിരുന്നു. ആ കൊച്ചു വീടിനുള്ളിൽ ഞങ്ങൾ അത്രത്തോളം ഹാപ്പിയായിരുന്നു മാം.”

 

 

 

​അർജുൻ ഇത് പറയുമ്പോൾ അവന്റെ കണ്ണുകൾ ഈറനണിയുന്നുണ്ടായിരുന്നു. ഇത്രയും കാലം താൻ ഒളിച്ചുവെച്ച ആ ‘ദേവ് ആനന്ദ്’ എന്ന പേര് അവൻ ആദ്യമായി മറ്റൊരാളോട് വെളിപ്പെടുത്തിയപ്പോൾ അവന്റെ ഉള്ളിലെ വലിയൊരു ഭാരം ഇറക്കിവെച്ചതുപോലെ തോന്നി. പക്ഷേ ആ വാക്കുകൾക്കിടയിൽ എവിടെയോ വരാനിരിക്കുന്ന ഒരു വലിയ ദുരന്തത്തിന്റെ നിഴൽ അനന്യയ്ക്ക് കാണാമായിരുന്നു.

 

 

 

അച്ഛന് ബിസിനസ് ആയിരുന്നു. പല പാർട്ണർമാരുമായി ചേർന്ന് വളർന്നു വരുന്ന ഒരു സ്ഥാപനം. അച്ഛൻ അതിൽ വളരെ മിടുക്കനായിരുന്നു. അമ്മയും പതുക്കെ അച്ഛനെ ബിസിനസ്സിൽ സഹായിച്ചു തുടങ്ങിയിരുന്നു. ഞങ്ങളുടെ ജീവിതം പച്ചപിടിച്ചു വരികയായിരുന്നു. പക്ഷേ എനിക്ക് അഞ്ചു വയസ്സുള്ളപ്പോൾ… എല്ലാം അവസാനിച്ചു.”

 

 

 

​അവൻ കൈകൾ മുറുകെ പിടിച്ചു. വിരലുകൾക്കിടയിൽ പുതപ്പ് ചുളിഞ്ഞു കൂടി. അവന്റെ സ്വരത്തിൽ ഒരു കൊച്ചു കുട്ടിയുടെ സങ്കടം പടർന്നു.

 

 

 

​”ആ ആക്സിഡന്റ്… എനിക്കിപ്പോഴും ആ ദിവസം ഓർമ്മയുണ്ട്. ചിതറിത്തെറിച്ച ചില്ലുകൾ, ചുറ്റും ആളുകളുടെ ബഹളം… പെട്ടെന്ന് എന്റെ ലോകം നിശബ്ദമായതുപോലെ. ആ ഒരൊറ്റ ദിവസം കൊണ്ട് എല്ലാം മാറിമറിഞ്ഞു. അച്ഛൻ പോയി. ഞാനും അമ്മയും മാത്രം ബാക്കിയായി. എന്റെ അഞ്ചാം വയസ്സിൽ ഞാൻ പഠിച്ച ആദ്യത്തെ വലിയ പാഠം ‘മരണം’ എന്നതായിരുന്നു. സ്നേഹിച്ചവരൊക്കെ പെട്ടെന്ന് ഇല്ലാതാകുമെന്ന് അന്ന് ഞാൻ തിരിച്ചറിഞ്ഞു.”

Leave a Reply

Your email address will not be published. Required fields are marked *