അന്ന് രാത്രി, പുതിയ മുറിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ പേടിയോടെ ഞാൻ അമ്മയുടെ സാരിത്തുമ്പിൽ പിടിച്ചു ചോദിച്ചു… ‘അമ്മേ, ആരാണ് ആ അങ്കിൾ? നമ്മൾ എന്തിനാ ഇങ്ങോട്ട് വന്നത്?’
അമ്മ എന്റെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു… ‘അദ്ദേഹം അമ്മയുടെ സ്കൂൾ കാലം മുതലുള്ള ഏറ്റവും അടുത്ത കൂട്ടുകാരനാണ് മോനേ… അച്ഛൻ പോയപ്പോൾ നമ്മളെ സഹായിക്കാൻ വന്ന വലിയൊരു മനുഷ്യൻ. നാളെ മുതൽ അമ്മ അദ്ദേഹത്തിന്റെ ഓഫീസിൽ അസിസ്റ്റന്റായി ജോലിക്ക് പോകും. നമുക്ക് ഇനി ഇവിടെയാണ് താമസം.’”
അർജുൻ ഒന്ന് നിർത്തി. അവന്റെ കണ്ണുകളിൽ ഒരു കയ്പ്പുള്ള ചിരി പടർന്നു.
അമ്മയുടെ ആ സുഹൃത്ത് വലിയൊരു ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉടമയായിരുന്നു. അമ്മ അയാളുടെ അസിസ്റ്റന്റായി ജോലി തുടങ്ങിയതോടെ ഞങ്ങളുടെ ജീവിതത്തിന്റെ താളം മാറി. അച്ഛൻ മരിച്ച ആ ആഘാതത്തിൽ നിന്നും അമ്മയെ
പുറത്തുകൊണ്ടുവരാൻ അയാൾ ശ്രമിക്കുന്നുണ്ടെന്നാണ് ഞാൻ ആദ്യം കരുതിയത്. പക്ഷേ ഓരോ ദിവസവും അയാൾ പതുക്കെ പതുക്കെ എന്റെ അച്ഛന്റെ ഓർമ്മകളെപ്പോലും ആ വീട്ടിൽ നിന്ന് മായ്ച്ചുകളയാൻ തുടങ്ങി.
അമ്മ അയാളെ അന്ധമായി വിശ്വസിച്ചു. അച്ഛന്റെ ബിസിനസ്സ് പാർട്ണർമാർക്കിടയിലുണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിക്കാനെന്ന പേരിൽ പല രേഖകളിലും അയാൾ അമ്മയെക്കൊണ്ട് ഒപ്പിടുവിച്ചു. ആ ഗസ്റ്റ് ഹൗസിലെ ജനാലയിലൂടെ നോക്കുമ്പോൾ ആ വലിയ മാളികയിൽ അയാൾ രാജാവിനെപ്പോലെ നടക്കുന്നത് എനിക്ക് കാണാമായിരുന്നു. എന്റെ അച്ഛൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം അയാൾ സ്വന്തം പേരിൽ ആക്കുകയായിരുന്നു എന്ന് അമ്മ തിരിച്ചറിഞ്ഞില്ല.
അമ്മ പതുക്കെ അയാളുടെ നിഴലിലായി മാറി. ബിസിനസ്സ് മീറ്റിംഗുകളും യാത്രകളുമായി അമ്മ തിരക്കിലായി. ആ വലിയ കോമ്പൗണ്ടിൽ ഞാൻ ഒറ്റപ്പെട്ടതുപോലെ തോന്നി. സ്നേഹത്തിന്റെ മുഖംമൂടി അണിഞ്ഞ ആ മനുഷ്യൻ പതുക്കെ പതുക്കെ എന്റെ ജീവിതത്തിലെ ഓരോ അവകാശങ്ങളെയും കവർന്നെടുക്കുകയായിരുന്നു.”
അർജുൻ ദീർഘമായി ശ്വസിച്ചു. അവന്റെ കണ്ണുകളിൽ ഇപ്പോൾ ആ മനുഷ്യനോടുള്ള ആഴത്തിലുള്ള വെറുപ്പ് മാത്രമായിരുന്നു.
വിശ്വനാഥൻ… അതായിരുന്നു അയാളുടെ പേര്. തുടക്കത്തിൽ അയാൾ ഞങ്ങളുടെ ജീവിതത്തിൽ ഒരു തണലായിരുന്നു. ഞാനും അമ്മയും പാർക്കിൽ കളിക്കുന്നത് അയാൾ ദൂരെയൊരു ബെഞ്ചിലിരുന്ന് നോക്കി നിൽക്കും. ഇടയ്ക്ക് കാർണിവലുകൾക്കും പിക്നിക്കുകൾക്കും ഞങ്ങളെ കൊണ്ടുപോകും.
അപ്പോഴൊക്കെ അമ്മയുടെ മുഖത്ത് ഒരു പുഞ്ചിരി കാണുമ്പോൾ ഞാൻ കരുതി എന്റെ അച്ഛൻ ഞങ്ങൾക്ക് വേണ്ടി കരുതിവെച്ച സുഹൃത്താണ് ഇതെന്ന്. പക്ഷേ അതൊരു വേട്ടക്കാരൻ തന്റെ ഇരയെ പഠിക്കുന്ന നോട്ടമായിരുന്നു എന്ന് തിരിച്ചറിയാനുള്ള പ്രായം എനിക്കന്ന് ഉണ്ടായിരുന്നില്ല.”
അർജുൻ ബെഡ് ഷീറ്റിൽ മുറുകെ പിടിച്ചു.
”ഒരു ദിവസം… അമ്മയും വിശ്വനാഥനും കൂടി എറണാകുളത്ത് ഒരു മീറ്റിംഗിന് പോയി. രാത്രി എത്തുന്നതിനു മുൻപ് തിരികെ വരാമെന്നായിരുന്നു അമ്മ എനിക്ക് തന്ന വാക്ക്. ഞാൻ ഉമ്മറത്ത് കാത്തിരുന്നു. നേരം വെളുത്തു, എന്നിട്ടും അവർ വന്നില്ല. അടുത്ത ദിവസം ലക്ഷ്മി അമ്മമ്മയോട് (വിശ്വനാഥന്റെ അമ്മ) ഞാൻ ചോദിച്ചു കൊണ്ടിരുന്നു. അവർക്കും വ്യക്തമായ മറുപടി ഇല്ലായിരുന്നു. അവരുടെ മുഖത്തെ പരിഭ്രമം എന്നെയും ബാധിച്ചു. ആ ടെൻഷനിൽ എനിക്ക് കടുത്ത പനി പിടിച്ചു. ദിവസങ്ങളോളം ഞാൻ പനിച്ചു കിടന്നു. പക്ഷേ അമ്മ വന്നില്ല.”
അർജുൻ പതുക്കെ ശ്വാസം വിട്ടു. അവന്റെ കണ്ണുകളിൽ ആ പഴയ അഞ്ചു വയസ്സുകാരന്റെ ഭയം നിറഞ്ഞു.
”ഏതാണ്ട് ഒരു മാസം കഴിഞ്ഞാണ് അവർ തിരികെ വരുന്നത്. ഞാൻ വല്ലാതെ തളർന്നു കിടക്കുകയായിരുന്നു. കാറിന്റെ ശബ്ദം കേട്ട് ലക്ഷ്മി അമ്മമ്മ ഓടിച്ചെന്ന് വാതിൽ തുറന്നു. അമ്മ അകത്തേക്ക് ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. എന്റെ അവസ്ഥ കണ്ട് അമ്മ വിങ്ങുകയായിരുന്നു. പക്ഷേ ഞാൻ ശ്രദ്ധിച്ചത് അമ്മയുടെ മുഖത്തായിരുന്നു. കവിളിൽ ഒരു ചെറിയ മുറിവും പാടും ഉണ്ടായിരുന്നു. അമ്മ വല്ലാതെ ക്ഷീണിച്ചിരുന്നു, ആ കണ്ണുകളിൽ മരണം കണ്ടു വന്ന ഭീതിയുണ്ടായിരുന്നു.”
