ആ ചോദ്യം അർജുന്റെ ഉള്ളിൽ ഒരു മുള്ളുപോലെ തറച്ചു. ശ്രീനിവാസൻ കുടുംബത്തെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും വാചാലനാകുമ്പോൾ അർജുൻ ജനാലയിലൂടെ പുറത്തെ ഇരുട്ടിലേക്ക് നോക്കി
അവന്റെ മനസ്സിൽ അപ്രതീക്ഷിതമായി ചില മുഖങ്ങൾ തെളിഞ്ഞു വന്നു. തന്റെ അമ്മയുടെ തേങ്ങുന്ന മുഖം… ഒപ്പം മറ്റൊരാളുടെ നിഴലും….
വർഷങ്ങളായി താൻ ഉള്ളിൽ കുഴിച്ചുമൂടിയ ആ ഓർമ്മകൾ ഈ മഴ നനഞ്ഞ രാത്രിയിൽ പതുക്കെ പുറത്തുവരാൻ വെമ്പുന്നത് അവൻ അറിഞ്ഞു. ആ വേദനയിൽ നിന്ന് ഓടിയൊളിക്കാനാണ് താൻ ഈ നഗരത്തിലെത്തിയത്. പക്ഷേ, ഓർമ്മകൾ വേട്ടനായ്ക്കളെപ്പോലെ പിന്തുടരുന്നു.
അർജുന്റെ മുഖത്തെ ഭാവമാറ്റം കണ്ട ശ്രീനിവാസൻ ചോദിച്ചു, “എന്താടാ… വല്ലാതെ ആലോചിച്ചിരിക്കുന്നത്?”
അർജുൻ: (പതിഞ്ഞ സ്വരത്തിൽ) “ഒന്നുമില്ല ശ്രീനിയേട്ടാ… ഓരോരോ ഓർമ്മകൾ.”
അർജുൻ ആ സംസാരം അവിടെ അവസാനിപ്പിച്ചു. പക്ഷേ അവന്റെ ഉള്ളിൽ ഒരു കൊടുങ്കാറ്റ് രൂപപ്പെടുന്നുണ്ടായിരുന്നു. പബ്ബിൽ വെച്ച് കുമാർ അനന്യയോട് പറഞ്ഞ ആ ക്രൂരമായ വാക്കുകൾ അവനെ മറ്റൊരു തരത്തിൽ അസ്വസ്ഥനാക്കിയിരുന്നു. ‘സ്ത്രീ’ എന്ന വാക്കിനോടുള്ള തന്റെ കാഴ്ചപ്പാടിനെ മാറ്റിയ ആ പഴയ സംഭവം അവനിൽ വീണ്ടും നീറാൻ തുടങ്ങി…
ശ്രീനിവാസന്റെ കുടുംബപുരാണം കേട്ടിരിക്കെ അർജുന്റെ ഫോൺ വൈബ്രേറ്റ് ചെയ്തു. ഡിസ്‌പ്ലേയിൽ തെളിഞ്ഞ പേര് കണ്ടപ്പോൾ അവന്റെ ഉള്ളിലൊന്ന് മിന്നി.
അനന്യ.
ഒരു ലൊക്കേഷൻ മാപ്പും ഒപ്പം ഒരു വരിയും മാത്രം: “Meet me in 30 minutes. Don’t be late.”
അർജുൻ പെട്ടെന്ന് തന്നെ ശ്രീനിവാസനോട് എന്തോ അത്യാവശ്യമുണ്ടെന്ന് പറഞ്ഞ് കാർ നിർത്തിച്ചു. വഴിയിൽ ഇറങ്ങുമ്പോൾ ശ്രീനിവാസന്റെ മുഖത്ത് സംശയമുണ്ടായിരുന്നെങ്കിലും അർജുൻ അത് കാര്യമാക്കിയില്ല. അവൻ ഒരു റാപ്പിഡോ വിളിച്ച് ലൊക്കേഷനിലേക്ക് തിരിച്ചു.
ബാംഗ്ലൂരിന്റെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞുമാറി, ഇന്ദിരാനഗറിലെ ഒരു പഴയ ബിൽഡിംഗിന്റെ ടോപ്പ് ഫ്ലോറിലായിരുന്നു ആ ബാർ റെസ്റ്റോറന്റ്. മങ്ങിയ വെളിച്ചവും പാശ്ചാത്യ സംഗീതവും നിറഞ്ഞ അവിടം ഒരു പ്രത്യേക മൂഡിലായിരുന്നു. സിഗരറ്റ് പുകയുടെയും പഴയ വീഞ്ഞിന്റെയും ഗന്ധം അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നു. അർജുൻ ചുറ്റും നോക്കി. സെക്യൂരിറ്റി ക്യാമറകളുടെ കണ്ണെത്താത്ത ഒരു ഇരുണ്ട കോണിൽ, വലിയൊരു തൂണിന് പിന്നിലായി അനന്യ ഇരിക്കുന്നുണ്ടായിരുന്നു.
പബ്ബിൽ വെച്ച് കേട്ട ആ ക്രൂരമായ വാക്കുകളുടെ ആഘാതം ഇപ്പോഴും അവളുടെ മുഖത്തുണ്ട്.
പക്ഷേ, അവളുടെ മുന്നിലിരുന്ന ഗ്ലാസിനേക്കാൾ തിളക്കം അവളുടെ കണ്ണുകൾക്കുണ്ടായിരുന്നു—പ്രതികാരത്തിന്റെ തിളക്കം.
അർജുൻ അവൾക്ക് അഭിമുഖമായി ഇരുന്നു. അനന്യ തന്റെ ലാപ്ടോപ്പ് പതുക്കെ തുറന്നു. ചുറ്റുമുള്ളവർ തങ്ങളെ ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം അവൾ സംസാരിച്ചു തുടങ്ങി.
അനന്യ: (പതിഞ്ഞ സ്വരത്തിൽ) “കുമാർ… അയാൾ വെറുമൊരു മദ്യപാനിയല്ല അർജുൻ. അയാൾ ഇന്ന് അവിടെ അലറി വിളിച്ചതൊക്കെ അവന്റെ ഉള്ളിലെ പേടി കൊണ്ടാണ്. നമ്മൾ അന്വേഷിക്കുന്ന ആ ഫണ്ട് തിരിമറിയുടെ പ്രധാന കണ്ണി അവനാണെന്ന് എനിക്ക് ഉറപ്പായി.”
അർജുൻ തന്റെ ഫോണിലെ ചില ഫയലുകൾ അവൾക്ക് നേരെ നീക്കി. “മാം പറഞ്ഞത് ശരിയാണ്. ഞാൻ പിഗ്ഗിബാക്ക് ചെയ്ത ഡാറ്റ പ്രകാരം, കഴിഞ്ഞ ഒരു വർഷമായി പേപ്പറിൽ മാത്രം കാണിക്കുന്ന പല ട്രെയിനിംഗ് പ്രോഗ്രാമുകളുടെയും പേയ്മെന്റ് പോകുന്നത് മൂന്ന് ഷെൽ കമ്പനികളിലേക്കാണ്. ആ കമ്പനികളുടെ ഡയറക്ടർ ലിസ്റ്റിൽ കുമാറിന്റെ ഭാര്യയുടെയും സഹോദരന്റെയും പേരുകളുണ്ട്.”
