അനന്യ: “അതായത്, എച്ച്.ആർ ഹെഡ് എന്ന നിലയിൽ ഇല്ലാത്ത റിക്രൂട്ട്‌മെന്റും ട്രെയിനിംഗും കാണിച്ച് അയാൾ കമ്പനിയുടെ പണം ചോർത്തുകയാണ്. ബോർഡ് മെമ്പേഴ്‌സിൽ ആരോ ഒരാൾ ഇതിന് കൂട്ടുനിൽക്കുന്നുണ്ട്. കുമാർ വെറുമൊരു കളിപ്പാവ മാത്രമാണ്.”
അർജുൻ അവളെ നോക്കി. അനന്യ ആ ഇരുട്ടിൽ ഇരിക്കുന്നത് കണ്ടപ്പോൾ അവന് അവളോട് വല്ലാത്തൊരു ബഹുമാനം തോന്നി. അത്രയും അപമാനം സഹിച്ചിട്ടും അവൾ തളരാതെ തന്റെ ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ്.
അർജുൻ: “മാം… കുമാർ ഇന്ന് പറഞ്ഞത് നിങ്ങൾ കാര്യമാക്കണ്ട. അയാൾക്ക് വേണ്ടത് കൊടുക്കാം.”
അനന്യ ഒരു കയ്പ്പേറിയ ചിരിയോടെ അവനെ നോക്കി. “അർജുൻ, അയാൾ പറഞ്ഞതൊക്കെ ഈ ഓഫീസിലെ ഭൂരിഭാഗം പുരുഷന്മാരുടെയും ചിന്തയാണ്. പക്ഷേ അവർക്കറിയില്ല, ഈ ‘ഐസ് ക്വീൻ’ ഉരുകിയാൽ അത് ലാവയായി അവരെ ദഹിപ്പിക്കുമെന്ന്.”
അർജുൻ ആ ഡാറ്റാ ലെയറുകൾ ഒന്നുകൂടി പരിശോധിച്ചു. കുമാറിന്റെ സാമ്പത്തിക ഇടപാടുകൾ അർജുനെ തന്റെ ഭൂതകാലത്തിലെ ചില നിഴലുകളെ ഓർമ്മിപ്പിച്ചു. താൻ പണ്ട് കണ്ടുനിന്ന മറ്റൊരു ചതിയുടെ സമാനമായ രീതികൾ. പക്ഷേ അവൻ അത് പുറത്തു കാണിച്ചില്ല.
അർജുൻ: “നാളെ കുമാർ ഓഫീസിൽ എത്തുമ്പോൾ ഒന്നും അറിയാത്ത പോലെ നമുക്ക് പെരുമാറണം. അയാൾക്ക് വേണ്ടത് നമ്മൾ കൊടുക്കും, പക്ഷേ അയാൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത രീതിയിൽ.”
അനന്യ തലയാട്ടി. ആ രാത്രിയിലെ ആ ഇരുണ്ട കോണിൽ ഇരുന്ന് അവർ ബാംഗ്ലൂരിലെ ഏറ്റവും വലിയ കോർപ്പറേറ്റ് കെണി ഒരുക്കുകയായിരുന്നു.
അർജുൻ അവിടെ നിന്നിറങ്ങുമ്പോൾ മഴക്കോളുണ്ടായിരുന്നു…
. അവന്റെ ഫോണിൽ മറ്റൊരു നോട്ടിഫിക്കേഷൻ കൂടി വന്നു. അത് ഓഫീസിൽ നിന്നല്ലായിരുന്നു…
അവന്റെ കഴിഞ്ഞുപോയ കാലത്തിന്റെ ഒരൊറ്റ വിളിപ്പേര് മാത്രമായിരുന്നു ആ മെസ്സേജിൽ…..
അവൻ അത് തുറന്നില്ല, പകരം ഫോൺ പോക്കറ്റിലിട്ട് മഴയിലേക്ക് നടന്നു.റെസ്റ്റോറന്റിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ അനന്യയുടെ ഭാവം പാടെ മാറിയിരുന്നു….
പബ്ബിൽ വെച്ച് കുമാർ ഏൽപ്പിച്ച ആഴത്തിലുള്ള മുറിവുകളെ മദ്യം കൊണ്ട് കഴുകിക്കളയാനുള്ള ശ്രമത്തിലായിരുന്നു അവൾ. മറ്റൊരു ബാറിലേക്ക് കൂടി പോകാനുള്ള അവളുടെ ക്ഷണം അർജുന് നിരസിക്കാനായില്ല.
അവിടെ, മങ്ങിയ വെളിച്ചത്തിൽ ഗ്ലാസിലെ മദ്യം നുണയുമ്പോൾ അനന്യ തന്റെ ഉള്ളിലെ മതിലുകൾ ഓരോന്നായി പൊളിക്കാൻ തുടങ്ങി.
”അർജുൻ… നീ വിചാരിക്കുന്നത് പോലെ എളുപ്പമായിരുന്നില്ല ഈ കരിയർ. എല്ലാവരും പ്രണയിച്ചും കറങ്ങി നടന്നപ്പോഴും എനിക്ക് ഒരേയൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ—
ഒരു സിപ് കുടിച്ച ശേഷം പറഞ്ഞു..
സക്സസ്.
കുമാർ പറഞ്ഞ ആ ‘സ്ത്രീത്വമില്ലാത്തവൾ’ എന്ന ലേബൽ ഞാൻ പണ്ടേ കേൾക്കാൻ തുടങ്ങിയതാ. ലോങ്ങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പുകൾ ഒന്നിനുപുറകെ ഒന്നായി തകർന്നു.
കരിയറാണോ പ്രണയമാണോ വലുതെന്ന് ചോദിച്ചപ്പോൾ ഞാൻ കരിയർ എന്ന് മറുപടി നൽകി. ഇന്ന് ഞാൻ ഇവിടെയെത്തി… പക്ഷേ കൂട്ടിന് ഈ ഗ്ലാസ് മാത്രം.”
അവളുടെ വാക്കുകളിൽ കയ്പ്പും സങ്കടവും കലർന്നിരുന്നു. പെട്ടെന്ന് അവൾ ഗ്ലാസ് ടേബിളിൽ വെച്ച് അർജുനെ സൂക്ഷിച്ചു നോക്കി.
”നൗ ഇട്സ് യുവർ ടേൺ….
നിന്റെ പാസ്റ്റ് എന്താ അർജുൻ?
അർജുന്റെ മുഖം പെട്ടെന്ന് ചുവന്നു. അവന്റെ പേശികൾ വലിഞ്ഞുമുറുകി. ഉള്ളിൽ നീറുന്ന ആ സത്യം പുറത്തുപറയാൻ അവന് കഴിഞ്ഞില്ല. അവൻ തന്റെ സ്വരം കടുപ്പിച്ച് ഒരു കള്ളം പറഞ്ഞു.
