മൗനവസന്തം – 1 Likeഅടിപൊളി  

എന്നാലും ഒരു കാര്യം അവൾക്ക് വ്യക്തമായിരുന്നു.

ഈ വീട്ടിൽ താമസിക്കുന്ന ഓരോ ദിവസവും താൻ ഒരു രഹസ്യത്തിന്റെ ഭാഗമായിരിക്കും.

അത് അവൾക്ക് ഇഷ്ടപ്പെട്ടിരുന്നില്ല.

അതേസമയം, ഷാനുവിനെ ഒറ്റയ്ക്ക് വിട്ടുപോകാൻ അവൾക്ക് മനസ്സുമില്ലായിരുന്നു.

ആ രണ്ടു ചിന്തകൾക്കിടയിൽ കിടന്ന് എപ്പോഴോ അവൾ ഉറങ്ങിപ്പോയി..

പതിവുപോലെ രാവിലെ നല്ല ഉറക്കമുണർന്ന് സൂസൻ കണ്ണ് തുറന്നപ്പോൾ സമയം ആറര കഴിഞ്ഞിരുന്നു. വീടാണെങ്കിൽ ഇതിനകം എഴുന്നേറ്റു പണികൾ തുടങ്ങിയിട്ടുണ്ടാകും. ഡാനിയേലിന് രാവിലെ ചൂടോടെ ചായ കൊടുക്കണം, ബ്രേക്ക്ഫാസ്റ്റ്, രണ്ടാൾക്കുമുള്ള ടിഫിൻ ബോക്സ് റെഡിയാക്കണം…

ഇതൊക്കെയായിരുന്നു പതിവ്. ഇവിടെ അപരിചിതമായൊരു ഫ്ലാറ്റിലാണെന്ന ഓർമ്മ വന്നപ്പോൾ അവൾ പെട്ടെന്ന് ബെഡ്ഡിൽ നിന്ന് എഴുന്നേറ്റു…

കാലുകൾ നിലത്തു കുത്തി കുറച്ചു നിമിഷം ഇരുന്നതിനു ശേഷം അവൾ മുറിയുടെ വാതിൽ തുറന്ന് പുറത്തേക്ക് വന്നു. രാവിലെ തന്നെ അടുക്കളയിൽ ചെന്ന് എന്തെങ്കിലും ഒക്കെ ഉണ്ടാക്കാം, ഷാനു എഴുന്നേൽക്കാൻ സമയം എടുക്കുമല്ലോ എന്നൊക്കെയായിരുന്നു അവൾ കരുതിയത്.

എന്നാൽ സ്വീകരണമുറിയിലൂടെ നടക്കുമ്പോൾ ബാൽക്കണിയിൽ നിന്നുള്ള ഒരു നേരിയ വെളിച്ചവും ആവിയുടെ ചൂടും അവളുടെ ശ്രദ്ധയിൽ പെട്ടു..

അവൾ മെല്ലെ ബാൽക്കണിയുടെ വാതുക്കലേക്ക് ചെന്നു. ബാൽക്കണിയിലെ കസേരയിൽ ഷാനു ഇരിക്കുന്നുണ്ട്. ഒരു കൈയിൽ ആവിയുയരുന്ന കാപ്പിക്കപ്പും മറുകൈയിൽ ഫോണുമായി പുറത്തേക്ക് നോക്കിയിരിക്കുന്ന

അവനെ കണ്ടപ്പോൾ സൂസൻ ചെറുതായി ഒന്ന് അമ്പരന്നുപോയി..

“ആഹാ… നീയും നേരത്തേ എഴുന്നേറ്റോ?”

പെട്ടെന്ന് തിരിഞ്ഞു നോക്കിയ ഷാനുവിന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.

“ആന്റി എഴുന്നേറ്റോ? ഞാൻ കരുതി കുറച്ചുകൂടി കിടക്കുമെന്ന്. എനിക്ക് പിന്നെ രാവിലെ നേരത്തെ എണീക്കുന്ന ശീലമുണ്ട്… പിന്നെ ഇവിടുത്തെ ചൂടുകാലത്ത് ഈ വെളുപ്പാൻ കാലത്തെ കാറ്റുകൊള്ളുന്നത് ഒരു സുഖമല്ലേ…”

ഷാനു ചിരിച്ചു.

“കാപ്പി വേണോ?”

“വേണം. പക്ഷേ ഇന്നലെ ഉണ്ടാക്കിയ ചായയുടെ അത്ര പരീക്ഷണം വേണ്ട.”

അവൻ അടുക്കളയിലേക്ക് നടന്നു..

“ആന്റിക്കുള്ള കാപ്പി ഞാൻ നേരത്തേ എടുത്തുവെച്ചതാ,” ഷാനു അവളുടെ അരികിലായി വന്ന് റെയിലിംഗിൽ ചാരി നിന്നു..

“ഞാൻ കരുതി ഞാൻ തന്നെയാകും ഫസ്റ്റ് എന്ന്. നീയൊക്കെ ഇത്രയും രാവിലെ എഴുന്നേറ്റ് കാപ്പിയൊക്കെ ഉണ്ടാക്കി നിൽക്കുമെന്ന് ഞാൻ കരുതിയതേയില്ല,” സൂസൻ അവന്റെ കയ്യിൽ നിന്ന് കപ്പ് വാങ്ങി.

ആ ചൂടുള്ള കാപ്പിയുടെ സുഗന്ധം അവളുടെ മനസ്സിനും ശരീരത്തിനും ഒരു പുതിയ ഉന്മേഷം നൽകി..

പുറത്തെ ഹൈദരാബാദിന്റെ പുലർച്ചെ. ദൂരെ റോഡുകളിൽ വാഹനങ്ങളുടെ ചെറിയ ശബ്ദങ്ങൾ കേട്ടുതുടങ്ങിയിട്ടേയുള്ളൂ. ആ ശാന്തമായ അന്തരീക്ഷത്തിൽ, അപരിചിതമായ ആ നഗരത്തിൽ നിൽക്കുമ്പോഴും സ്വന്തം വീട്ടിലെ ഒരു അന്തരീക്ഷം സൂസന് അനുഭവപ്പെട്ടു..

അതിനിടയിൽ അവളുടെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി. ടേബിളിൽ വെച്ചിരുന്ന ഫോൺ എടുത്തു നോക്കിയപ്പോൾ സ്ക്രീനിൽ ഡാനിയേലിന്റെ പേര് തെളിഞ്ഞുനിൽക്കുന്നു. അവൾ പെട്ടെന്ന് കാപ്പികപ്പ് ടേബിളിൽ വെച്ച് ഫോണെടുത്തു അറ്റൻഡ് ചെയ്തു.

“എഴുന്നേറ്റോ? അവിടെ എങ്ങനെയുണ്ട്? തണുപ്പുണ്ടോ?” ഡാനിയേലിന്റെ പതിവ് ഒഴുക്കൻ ശബ്ദം.

“ആ, എഴുന്നേറ്റു… ഇവിടെ സുഖമായിരിക്കുന്നു. കാപ്പിയൊക്കെ കുടിക്കുന്നു.. ഡാനി ചായ കുടിച്ചോ..?

സൂസൻ സ്വാഭാവികമായി ചിരിച്ചുകൊണ്ട് ചോദിച്ചു..

“മ്മ്മ്… ശരി ഇന്ന് ട്രെയിനിങ് അല്ലേ കാര്യങ്ങൾ നടക്കട്ടെ..” കൂടുതൽ വിശേഷങ്ങളിലേക്ക് കടക്കാതെ ഡാനിയേൽ ഫോൺ വെച്ചു. പിന്നാലെ ഡെയ്ന്റെയും ദിവിയുടെയും കോളുകൾ വന്നു.

ദിവിയാണെങ്കിൽ കോളേജിലെ ഹോസ്റ്റൽ വിശേഷങ്ങളും പരീക്ഷയുടെ ടെൻഷനുകളുമാണ് സംസാരിച്ചത്.. ഡൊയ്ൻ താമസവും എല്ലാം ഓക്കെയല്ലേയെന്നുമെക്കെ..

ഫോൺ കോണുകൾ ഒക്കെ കഴിഞ്ഞ് സൂസൻ ഷാനുവിനെ നോക്കിയപ്പോൾ തന്റെ നോൺ സ്റ്റോപ്പ് ഫോൺ കോളുകൾ കണ്ട് ചിരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു..

Updated: October 26, 2026 — 7:44 pm

Leave a Reply

Your email address will not be published. Required fields are marked *