രാത്രിയുടെ നിശ്ശബ്ദത ആ ഫ്ലാറ്റിൽ
കട്ടിപിടിച്ചു കിടന്നിരുന്നു. ഷാനു തന്റെ മുറിയിൽ നിന്ന് പുറത്തിറങ്ങിയിട്ടേയില്ല. ആഹാരത്തിന്റെ കാര്യം പോലും അവൻ മിണ്ടിയിരുന്നില്ല.
മുറിക്കുള്ളിൽ നിന്ന് ഒരു അനക്കവും കേൾക്കാനില്ലാത്തത് സൂസന്റെ ഉള്ളിൽ വല്ലാത്തൊരു ഭാരമുണ്ടാക്കി.
താൻ കാരണം ആ കുട്ടി ഇത്രയധികം വിഷമിക്കേണ്ടി വരുന്നുണ്ടല്ലോ എന്ന കുറ്റബോധം അവളുടെ നെഞ്ചിൽ അലയടിച്ചു. ഈ പത്ത് ദിവസം കൊണ്ട് അവന്റെ വിഷമങ്ങൾ മാറ്റിയെടുക്കണം എന്നായിരുന്നു തന്റെ പ്ലാൻ.
എന്നാൽ ഇന്നത്തെ സംഭവം അവന്റെ മുഴുവൻ മാനസികാവസ്ഥയും തകർത്തുകളഞ്ഞു.
അവൾക്ക് സങ്കടം സഹിക്കാനായില്ല. അവൾ എഴുന്നേറ്റ് ചെന്ന് ഷാനുവിന്റെ മുറിവാതിലിൽ പതുക്കെ തട്ടി..
“ഷാനു… വാതിൽ തുറക്ക് മോനേ…”
കുറച്ചു സമയത്തിന് ശേഷം പതുക്കെ വാതിൽ തുറന്നു. മുറിക്കകത്തെ മങ്ങിയ വെളിച്ചത്തിൽ അവന്റെ മുഖത്തേക്ക് നോക്കിയ സൂസന്റെ ഹൃദയം നിറഞ്ഞുപോയി. കണ്ണുകൾ ചുവന്നു കലങ്ങിയിരിക്കുന്നു. മുഖമാകെ വല്ലാതെ തളർന്നിരിക്കുന്നു..
“എന്താ ആന്റി…?” അവൻ മുഖം താഴ്ത്തിക്കൊണ്ട് ചോദിച്ചു. അവന്റെ ശബ്ദത്തിലെ നിരാശ അവൾക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു..
“നീ എന്താ മോനേ ഈ കാണിക്കുന്നത്? രാത്രി ഭക്ഷണം പോലും കഴിക്കാതെ ഇങ്ങനെ മുറിയിലിരുന്നാൽ എങ്ങനാ? വാ പുറത്തേക്ക്…” അവൾ വാതിലിന്റെ പടിയിൽ നിന്ന് മൃദുവായി പറഞ്ഞു..
“എനിക്ക് കഴിക്കാൻ തോന്നുന്നില്ല ആന്റി… എനിക്ക് വല്ലാത്തൊരു മടുപ്പ്…” അവൻ ബെഡിലേക്ക് വീണ്ടും മുഖം പൊത്തിയിരുന്നു..
സൂസൻ അകത്തേക്ക് കയറി അവന്റെ അരികിൽ ചെന്നു. അവന്റെ തോളിൽ തൊട്ടുകൊണ്ട് അവൾ ചോദിച്ചു, “എന്തുപറ്റി ഷാനു? എന്നോട് പറ..
രാവിലത്തെ സംഭവത്തിന്റെ പേരിലാണോ നീ ഇത്രയും വിഷമിക്കുന്നത്? ഞാൻ അതൊക്കെ എപ്പോഴേ വിട്ടു.”
അവൻ തലയുയർത്തി അവളെ നോക്കി..
ആ
കണ്ണുകളിൽ പെട്ടെന്ന് കണ്ണുനീർ തുളുമ്പി വന്നു. അവൻ വിറയ്ക്കുന്ന ശബ്ദത്തിൽ പറഞ്ഞു,
“അതുകൊണ്ടല്ല ആന്റി… ഇന്ന് വൈകുന്നേരം ഞാൻ ചോദിച്ചില്ലേ, നമുക്ക് പുറത്തൊന്ന് കറങ്ങി വരാമെന്ന്? ആന്റി ഒട്ടും താല്പര്യമില്ലാതെയാണ് വേണ്ടെന്നു പറഞ്ഞത്. ഞാൻ കാരണം ആന്റിക്ക് എന്നോടുള്ള അടുപ്പം പോയ പോലയും വെറുപ്പും തോന്നുന്നുണ്ടോ എന്ന് എനിക്ക് തോന്നി…
ഞാൻ കാരണം ആന്റിക്ക് ഇവിടെ നിൽക്കാൻ പോലും ബുദ്ധിമുട്ടാകുന്നുണ്ടോ? എന്നോടൊപ്പം പുറത്തിറങ്ങി നടക്കാൻ പോലും ആന്റിക്ക് അറപ്പായിരിക്കില്ലേ… ഞാൻ അത്രയും മോശപ്പെട്ടവനാണോ…?”
പറഞ്ഞുതീർന്നതും ആ ചെറുപ്പക്കാരൻ ഒരു കുട്ടിയെപ്പോലെ വിതുമ്പിക്കരഞ്ഞുപോയി. ഭാര്യ ഇട്ടുപോയതിന്റെ മാനസിക വിഷമവും, ഇതിനിടയിൽ താൻ കാരണം തന്റെ അമ്മയുടെ പ്രായമുള്ള ഒരു സ്ത്രീക്കുണ്ടായ ബുദ്ധിമുട്ടുകളും കൂടി താങ്ങാൻ കഴിയാതെ അവന്റെ ഉള്ളുതകർന്നു പോയിരുന്നു.
അത് കണ്ട സൂസന്റെ ഉള്ളുരുകിപ്പോയി. ഒരു നിമിഷം അവൾക്ക് തന്നെത്തന്നെ വെറുപ്പ് തോന്നി. താൻ എന്തിനാണ് അവനോട് അങ്ങനെയൊക്കെ അകലം പാലിച്ചത്?
അവൻ ഇവിടെ തീർത്തും ഒറ്റയ്ക്കാണ്. ഹെബയുടെ വഞ്ചന താങ്ങാനാവാതെ തകർന്നുപോയവനാണ്. താൻ അവനെ ആശ്വസിപ്പിക്കാൻ ഇരുന്നവളാണ്. എന്നിട്ട് താൻ കാരണം അവൻ ഇത്രയധികം കുറ്റബോധം അനുഭവിക്കുകയാണോ?..
“ഇല്ല ഷാനു… ഒരിക്കലുമല്ല!” സൂസൻ പെട്ടെന്ന് അവന്റെ അടുത്തേക്ക് കുനിഞ്ഞിരുന്ന് അവന്റെ രണ്ട് കൈകളും തന്റെ കൈകളിൽ എടുത്തു…
“നീ മോശക്കാരനാണെന്നോ? ഒരിക്കലും അങ്ങനെ ചിന്തിക്കരുത്. എനിക്ക് നിന്നോട് യാതൊരു ദേഷ്യവുമില്ല. രാവിലെ സംഭവിച്ചത് തികച്ചും അവിചാരിതമായ ഒരു കാര്യമല്ലേ? അതിന് നീ എന്തിനാണ് ഇത്രയധികം പുകിടുന്നത്?
ഞാൻ നിന്നെ വിഷമിപ്പിക്കാൻ നോക്കിയതല്ല… മനസ്സിൽ വേറെ ചില ചിന്തകളായതുകൊണ്ടാണ് ഞാൻ വൈകുന്നേരം പുറത്തേക്ക് വരുന്നില്ലായെന്ന് പറഞ്ഞത്. നീ
അങ്ങനെ തെറ്റിധരിക്കരുത് മോനേ…”
അവളുടെ ആ വാക്കുകളിലെ ആത്മാർത്ഥതയും ആശ്വാസവും ഷാനുവിന്റെ ഉള്ളിലെ ഭാരം അല്പം കുറച്ചു. അവൻ കണ്ണീർ തുടച്ചുകൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി…
