അവൾ ചിരിച്ചു..
“ഇതൊക്കെ പറയാൻ എളുപ്പമാണ്. ജീവിതത്തിൽ പ്രാവർത്തികമാക്കാനാണ് പാട്.”
“അത് ശരിയാണ്.”
കുറച്ചുനേരം കഴിഞ്ഞപ്പോൾ അവൻ പതുക്കെ ചോദിച്ചു.
“ആന്റി, നിങ്ങൾക്ക് ഒരിക്കലും മടുത്തിട്ടില്ലേ?”
“എന്ത്?”
“ഇതേ ജീവിതം. വീട്, ജോലി, കുട്ടികൾ, കുടുംബം. എല്ലാം ഒരേപോലെ പോകുമ്പോൾ.”
സൂസൻ പെട്ടെന്ന് മറുപടി പറഞ്ഞില്ല..
ആ ചോദ്യം അവൾ പ്രതീക്ഷിച്ചിരുന്നില്ല.
“മടുത്തിട്ടുണ്ട്,” അവൾ ഒടുവിൽ പറഞ്ഞു. “ചില ദിവസങ്ങളിൽ നല്ല മടുപ്പ് തോന്നും. പക്ഷേ പിന്നെ എന്തെങ്കിലും ചെറിയ സന്തോഷം വരും. കുട്ടികളുടെ ഒരു ഫോൺകോൾ, ഡാനിയേൽ പറയുന്ന ഒരു തമാശ, ഓഫീസിൽ കിട്ടുന്ന ചെറിയൊരു അംഗീകാരം… അങ്ങനെ.”
“അപ്പോൾ നിങ്ങൾക്ക് നിങ്ങളുടേതായ സമയം കിട്ടാറുണ്ടോ?”
“ഇപ്പോൾ കുറച്ചൊക്കെ കിട്ടുന്നുണ്ട്. കുട്ടികൾ ചെറുതായിരുന്നപ്പോൾ എവിടെ സമയം?”
അവൾ ചിരിച്ചു..
“പക്ഷേ അന്നത്തെ തിരക്കുകൾക്കും ഒരു സുഖമുണ്ടായിരുന്നു. ഇപ്പോൾ അവരൊക്കെ വളർന്നു. ഓരോരുത്തർക്കും അവരവരുടെ ലോകം. നമ്മൾ പതുക്കെ പിന്നിലേക്ക് മാറുന്നതുപോലെ തോന്നും.”
ഷാനു ശ്രദ്ധയോടെ കേട്ടിരുന്നു..
“അത് വിഷമമല്ലേ?”
“ചിലപ്പോൾ. പക്ഷേ അതല്ലേ ജീവിതം? കുട്ടികൾ വളരുന്നത് നമ്മൾ ആഗ്രഹിക്കുന്ന കാര്യമാണ്. അവർ സ്വന്തം കാലിൽ നിൽക്കുമ്പോൾ സന്തോഷിക്കണം. അതോടൊപ്പം നമുക്ക് പഴയൊരു ശൂന്യതയും തോന്നും..
പിന്നെ, ഈ യാത്രപോലുള്ള കാര്യങ്ങൾ നല്ലതാണ്. കുറച്ച് മാറ്റം കിട്ടും. പുതിയ ആളുകളെ കാണാം. നമ്മളെക്കുറിച്ചും കുറച്ച് ചിന്തിക്കാം.”
“അതെ. ആന്റിക്ക് ഈ ട്രെയിനിംഗ് നല്ലൊരു മാറ്റമായിരിക്കും.”
“അതുതന്നെയാണ് ഞാനും കരുതുന്നത്.”
ഷാനു അവളെ നോക്കി ചിരിച്ചു..
“പിന്നെ ഇവിടെ
ഞാൻ ഉണ്ടല്ലോ. ബോറടിക്കില്ല.”
“അത് കണ്ടറിയാം.”
രണ്ടുപേരും വീണ്ടും ചിരിച്ചു..
“ശരി. ആന്റി പോയി കിടന്നോളൂ. എന്തെങ്കിലും വേണമെങ്കിൽ വിളിച്ചാൽ മതി.”
“ശരി.”
അവൾ മുറിയിലേക്ക് നടന്നു.
വാതിൽ അടയ്ക്കുന്നതിന് മുമ്പ് ഒന്ന് തിരിഞ്ഞുനോക്കി..
ഷാനു അടുക്കളയിൽ നിന്ന് ഫ്രിഡ്ജ് അടച്ച് പുറത്തേക്ക് വരികയായിരുന്നു. അവന്റെ മുഖത്ത് ഇപ്പോൾ രാവിലെ കണ്ടതുപോലുള്ള കനത്ത വിഷമമില്ല. എങ്കിലും അതിന്റെ ചെറിയൊരു നിഴൽ ഇപ്പോഴും അവനിൽ ബാക്കിയുണ്ട്..
സൂസൻ മുറിയിൽ കയറി വാതിൽ പതുക്കെ അടച്ചു.
കട്ടിലിൽ കിടന്നപ്പോൾ അവൾക്ക് ഉറക്കം വന്നില്ല.
മുറി നല്ല തണുപ്പായിരുന്നു. ജനലിലൂടെ പുറത്തുള്ള കെട്ടിടങ്ങളുടെ ചെറിയൊരു ഭാഗം കാണാം. എയർ കണ്ടീഷണറിന്റെ നേരിയ ശബ്ദം മാത്രം..
അവൾ ഫോൺ എടുത്തു..
ഡാനിയേലിന്റെ ഫോട്ടോ വാൾപേപ്പറായി കിടക്കുന്നു. അതിന്റെ അടുത്ത് ഡെയിനും ദിവിയും ഒരുമിച്ചുള്ള ഒരു പഴയ കുടുംബചിത്രം..
അവൾക്ക് പെട്ടെന്ന് വീടിനെക്കുറിച്ച് ഓർമ്മവന്നു.
രാവിലെ അടുക്കളയിൽ ഡാനിയേലിന് ചായ കൊടുക്കുന്നത്. ദിവി അവധിക്ക് വരുമ്പോൾ വീട്ടിലുണ്ടാകുന്ന ബഹളം. ഡെയിൻ വീട്ടിൽ വന്നാൽ രാത്രി വൈകിയും നടക്കുന്ന സംസാരങ്ങൾ. ഞായറാഴ്ചകളിലെ ഉച്ചഭക്ഷണം.
ആ ഓർമ്മകളൊക്കെ അവൾക്ക് സന്തോഷം നൽകി.
പക്ഷേ ഇപ്പോൾ താൻ മറ്റൊരു വീട്ടിലാണ്. അതും ഷാനുവിന്റെ വീട്ടിൽ. അവന്റെ ഭാര്യയുടെ അഭാവം അറിയുന്ന ഒരേയൊരു അതിഥി.
ഇത് ശരിയാണോ?
ചോദ്യം വീണ്ടും മനസ്സിൽ വന്നു…
താൻ ഇവിടെ താമസിക്കരുതെന്ന് തീരുമാനിച്ചാൽ എന്തുചെയ്യും? ഹോട്ടലിലേക്ക് മാറാം. പക്ഷേ അതിന് ഷാനുവിനോട് എന്തുപറയും? അവൻ അതിനെ എങ്ങനെ എടുക്കും? താൻ അവനെ വിശ്വസിക്കുന്നില്ലെന്ന് കരുതുമോ?
അല്ലെങ്കിൽ ഡാനിയേലിനോട് എല്ലാം തുറന്നുപറയാം. പക്ഷേ അങ്ങനെ ചെയ്താൽ
ഷാനുവിന് നൽകിയ വാക്ക് തെറ്റും. ഡെയിനും അറിയും. പിന്നെ കാര്യങ്ങൾ എങ്ങോട്ടുപോകുമെന്ന് പറയാൻ കഴിയില്ല.
അവൾ ഫോൺ താഴെ വെച്ചു..
ഇപ്പോൾ തീരുമാനമെടുക്കേണ്ട കാര്യമില്ലെന്ന് സ്വയം പറഞ്ഞു.
പത്ത് ദിവസത്തെ ട്രെയിനിംഗ്. അത്രയും ദിവസം ഇവിടെ താമസിക്കാം. അതിനിടയിൽ ഷാനുവിന് എന്തെങ്കിലും വഴി കണ്ടെത്താനായേക്കും. പിന്നെ എല്ലാം സ്വാഭാവികമായി ശരിയാകുമായിരിക്കും.
