“സഹായിക്കും. അതിൽ സംശയമില്ല. പക്ഷേ ഇപ്പോൾ എനിക്ക് കുറച്ച് സമയം വേണം. ആരോടും ഒന്നും വിശദീകരിക്കാതെ കുറച്ച് ദിവസം ജീവിക്കണം.” ഷാനുവിന്റെ ശബ്ദം ചെറുതായി ഇടറുന്നത് സൂസൻ ശ്രദ്ധിച്ചു…
ചിലപ്പോൾ ഏറ്റവും അടുത്തവരോടുപോലും പറയാൻ കഴിയാത്ത ചില വിഷമങ്ങളുണ്ടാകും. അതിന് ഒരു കാരണം പറയാൻ പോലും മനസ്സുണ്ടാകില്ല..
സൂസൻ അവനെ നോക്കി.
അവന്റെ കണ്ണുകളിൽ ഉറക്കമില്ലാത്ത രാത്രികളുടെ ക്ഷീണവും ഉള്ളിൽ ഒതുക്കിവെച്ച വിഷമവും അവൾക്ക് കാണാമായിരുന്നു.. അതവളിലെ അമ്മയുടെ മനസ്സിനെ വല്ലാതെ സ്പർശിച്ചു. സ്വന്തം മകന്റെ പ്രായമുള്ളവനാണ്, എങ്കിലും ഈ പ്രായത്തിൽ ഈ നഗരത്തിൽ അവൻ ഒറ്റപ്പെട്ടുപോയ ആ അവസ്ഥ അവൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു…
സൂസൻ മെല്ലെ അവന്റെ തോളിൽ ഒന്ന്
തൊട്ടു. ആശ്വാസിപ്പിക്കുന്ന സ്വരത്തിൽ അവൾ പറഞ്ഞു,
“നീ വിഷമിക്കാതെ… ഇതൊക്കെ കേൾക്കുമ്പോൾ എനിക്ക് വിഷമം തോന്നുന്നുണ്ട്. പക്ഷെ മോൻ ധൈര്യമായിരിക്കണം.. നീ എന്നെ വിശ്വസിച്ചിട്ടല്ലേ പറഞ്ഞത്? പേടിക്കണ്ട. ഞാൻ ആരോടും പറയില്ല അതുകൊണ്ട് ഇത് ഇവിടെ തീർന്നു.
ആരും അറിയൂല്ല, ഞാൻ ആരോടും പറയൂല്ല. മോൻ സമാധാനമായിരിക്ക്.”
ഷാനു അവളെ ഒന്ന് നോക്കി.
“സത്യം?”
“സത്യം!!! എനിക്ക് മനസ്സിലാകും. നീ പറയാതെ ഞാൻ ആരോടും ഒന്നും പറയില്ല.”
അവൾ പതുക്കെ പറഞ്ഞു..
അവൻ ഒരു ദീർഘനിശ്വാസം വിട്ടു.
“താങ്ക്സ്, ആന്റി.”
“ഇനി നീയും ഒരു കാര്യം ചെയ്യണം.”
“എന്താ?”
“ഇങ്ങനെ എല്ലാം ഉള്ളിൽ ഇട്ടുകൊണ്ട് നടക്കരുത്. ഭക്ഷണം കഴിക്കണം, ഉറങ്ങണം. ജോലിക്ക് പോകണം. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ എന്നോട് വേണമെന്നില്ല ആരോടേലും പറയണം. അത്രയെങ്കിലും ചെയ്യണം.”
ഷാനു ആദ്യമായി മനസ്സുതുറന്ന് ചിരിച്ചു..
കാർ നഗരത്തിലെ തിരക്കുകൾ പിന്നിട്ട് താമസസ്ഥലത്തേക്കുള്ള വഴിയിലേക്ക് തിരിഞ്ഞു..
സൂസൻ ജനലിലൂടെ പുറത്തേക്ക് നോക്കിയിരുന്നു..
താൻ പ്രതീക്ഷിച്ചതിലും വ്യത്യസ്തമായൊരു തുടക്കമാണ് ഈ യാത്രയ്ക്ക് ലഭിച്ചിരിക്കുന്നത്.. കുറച്ചു മണിക്കൂറുകൾക്കു മുമ്പ് വരെ അവളുടെ മനസ്സിൽ ഉണ്ടായിരുന്നത് ട്രെയിനിംഗ്, പുതിയ നഗരം, പത്ത് ദിവസത്തെ ചെറിയൊരു മാറ്റം, വീട്ടിലെ പതിവുകളിൽ നിന്നുള്ള ഇടവേള എന്നൊക്കെയായിരുന്നു.
ഇപ്പോൾ അവളുടെ കൈയിൽ മറ്റൊരാളുടെ വലിയൊരു രഹസ്യമുണ്ട്.
ഷാനുവിന്റെ മുഖത്തേക്ക് അവൾ വീണ്ടും നോക്കി.
വർഷങ്ങളായി കാണുന്ന അറിയുന്ന പയ്യൻ.. തന്റെ മകന്റെ പ്രായം മാത്രമുള്ള അവൻ ഇന്ന് എന്തൊരു വലിയ ഭാരം ചുമന്നുകൊണ്ടാണ് ജീവിക്കുന്നത്. അവനെ ആശ്വസിപ്പിക്കണം.. കഴിയുന്നത്ര സഹായിക്കണം..
അതുമാത്രമാണ് ഇപ്പോൾ അവളുടെ മനസ്സിലുള്ളത്.
പക്ഷേ, ഈ പത്ത് ദിവസങ്ങൾക്കുള്ളിൽ
ആ രഹസ്യം അവരുടെ ബന്ധങ്ങളിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തുമെന്ന് അപ്പോൾ അവൾക്ക് അറിയില്ലായിരുന്നു…
*************************************************
കാർ പാർക്കിങ്ങിൽ നിർത്തിയപ്പോൾ ഷാനു ആദ്യം പുറത്തിറങ്ങി. ഡിക്കി തുറന്ന് സൂസന്റെ സ്യൂട്ട്കേസ് എടുത്തു. അവൾ കാറിൽ നിന്നിറങ്ങി ചുറ്റുമൊന്ന് നോക്കി..
“ഇതാണല്ലേ നിങ്ങളുടെ ഫ്ലാറ്റ്?”
“അതെ. ഇവിടെ അടുത്തുതന്നെയാണ് ഓഫീസ്. അതുകൊണ്ട് യാത്രയ്ക്കൊന്നും വലിയ ബുദ്ധിമുട്ടില്ല.”..
“നല്ല സ്ഥലമാണല്ലോ.”
“അകത്തേക്ക് വാ. എന്നിട്ട് പറയാം.”
ഷാനു ബാഗുമായി ലിഫ്റ്റിനടുത്തേക്ക് നടന്നു..
സൂസൻ ഹാൻഡ് ബാഗും എടുത്ത് പിന്നാലെ ചെന്നു.
ലിഫ്റ്റിൽ കയറിയപ്പോൾ അവൾ വീണ്ടും ചോദിച്ചു..
“നീ ഒറ്റയ്ക്കാണോ ഇപ്പോൾ ഇവിടെ?”
“അതെ.”
“അപ്പോൾ ഭക്ഷണമൊക്കെ പുറത്തുനിന്നാണോ?”
“എന്താ ആന്റി, എന്നെ കണ്ടാൽ അങ്ങനെ തോന്നുമോ? ഞാനൊക്കെ നന്നായി പാചകം ചെയ്യും.”
“ആണോ? ഇത്രയും നാളായിട്ട് നിന്റെ ഈ കഴിവിനെക്കുറിച്ച് ഒരക്ഷരം പോലും പറഞ്ഞു കേട്ടിട്ടില്ലല്ലോ.”
“അതിനൊക്കെ ഒരു സമയമുണ്ട്, ആന്റി.”
അവൾ ചിരിച്ചു..
“എന്നാൽ ഈ പത്തു ദിവസവും നിന്റെ പാചകത്തിന്റെ കഴിവ് ഞാനൊന്നറിഞ്ഞിട്ടു തന്നെ കാര്യം”
