ഷാനു ഒരു ചിരിയോടെ അവളെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോന്നു..
ചെറിയ മേശയ്ക്ക് മുന്നിൽ മുഖാമുഖം ഇരിക്കുമ്പോൾ സൂസന് പെട്ടന്നോർമ്മ വന്നത് കല്യാണം കഴിഞ്ഞുള്ള ആദ്യ നാളുകളിൽ ഡാനിയേലിനൊപ്പം ചെറിയ തട്ടുകടകളിലും മറ്റും പോയിരുന്നതാണ്.
പിന്നീട് കുട്ടികളും കുടുംബവും ജോലിയുമായി തിരക്കുകളിൽ പെട്ടതോടെ ഇത്തരം രാത്രിയാത്രകളും വൈകിയുള്ള ഭക്ഷണങ്ങളും അവളുടെ ജീവിതത്തിൽ നിന്ന് പൂർണ്ണമായും മാഞ്ഞുപോയിരുന്നു. ഇത്രയും കാലത്തിനു ശേഷം രാത്രിയിൽ ഇങ്ങനെ പുറത്തിറങ്ങിയിരുന്ന് ഭക്ഷണം കഴിക്കുന്നത് അവൾക്ക് വല്ലാത്തൊരു നൊമ്പരവും ഒപ്പം വലിയൊരു സ്വാതന്ത്ര്യവും തോന്നിപ്പിച്ചു..
ചൂടുള്ള റൊട്ടിയും മണമുള്ള ചനാമസാലയും പ്ലേറ്റിലേക്ക് വെച്ചപ്പോൾ സൂസൻ അതിലേക്ക് നോക്കി. ഷാനു ഓരോന്നും എടുത്തുനൽകുമ്പോൾ അവൾ സ്നേഹത്തോടെ അത് വാങ്ങി.
ഒരു കഷ്ണം റൊട്ടി ചനാമസാലയിൽ തൊട്ട് അവൾ വായിലേക്ക് വെച്ചു. ആ രുചിയറിഞ്ഞപ്പോൾ അവളുടെ മുഖത്ത് പെട്ടെന്ന് ഒരു പുഞ്ചിരി വിടർന്നു..
“എങ്ങനെയിരിക്കുന്നു ആന്റി?
കൊള്ളാമോ?” അവൻ ആകാംക്ഷയോടെ ചോദിച്ചു..
.“ആഹാ… നല്ല കിടിലൻ രുചിയാണല്ലോ! ഞാൻ കരുതി ഏതോ സാധാരണ സാധനമായിരിക്കുമെന്ന്.”
“കണ്ടില്ലേ… ഞാൻ പറഞ്ഞില്ലേ!” ഷാനു സന്തോഷത്തോടെ പറഞ്ഞു..
ആ ഭക്ഷണത്തിനിടയിലും അവരുടെ സംസാരം നീണ്ടുപോയി. ഡാനിയേലുമൊത്തുള്ള ജീവിതത്തിന്റെ പഴയ ഓർമ്മകളും, ഷാനുവിന്റെ വിശേഷങ്ങളും അവർ പങ്കുവെച്ചു. വർഷങ്ങൾക്ക് ശേഷം ഇങ്ങനെയൊരു രാത്രിയിൽ, ഒരു ചെറുപ്പക്കാരന്റെ കൂടെ ദൂരെ രരിടത്ത് താൻ ആസ്വദിച്ചിരിക്കുന്നത് ചിന്തിച്ചപ്പോൾ സൂസന്റെ ഉള്ളിൽ ചെറിയൊരു നാണവും അതിലേറെ ആവേശവും തോന്നി..
ഭക്ഷണം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ സമയം പത്തുമണി കഴിഞ്ഞിരുന്നു. ഹൈദരാബാദിന്റെ രാത്രി വെളിച്ചം അപ്പോൾ കൂടുതൽ മനോഹരമായിരുന്നു.
“ഇനി നേരെ ഫ്ലാറ്റിലേക്കാണോ?” കാറിൽ കയറി സീറ്റ് ബെൽറ്റ് ഇടുന്നതിനിടയിൽ സൂസൻ ചോദിച്ചു..
“അയ്യോ, ഇല്ല ആന്റി! ഇപ്പൊഴേ ഫ്ലാറ്റിലേക്ക് പോയിട്ടെന്തിനാ.? ഹൈദരാബാദിന്റെ രാത്രിക്കാഴ്ചകളൊക്കെ ആന്റിക്ക് കാണണ്ടേ? കുറച്ചുനേരം നമുക്ക് സിറ്റിയൊന്ന് ചുറ്റി കറങ്ങിയിട്ട് പോകാം,” ഷാനു കാർ സ്റ്റാർട്ട് ചെയ്തുകൊണ്ട് പറഞ്ഞു..
അവളവനെ നോക്കി ചിരിച്ചു കൊണ്ട് ഓക്കേന്ന് പറഞ്ഞു.
നഗരത്തിന്റെ പ്രധാന പാതകളിലൂടെ കാർ മുന്നോട്ട് നീങ്ങി. വലിയ കെട്ടിടങ്ങളുടെയും ഷോപ്പിംഗ് മാളുകളുടെയും വർണ്ണവെളിച്ചങ്ങൾ ആസ്വദിച്ചുകൊണ്ട് സൂസൻ ജനലിലൂടെ പുറത്തേക്ക് നോക്കിയിരുന്നു.
തണുത്ത കാറ്റ് അവളുടെ മുഖത്തേക്ക് അടിച്ചു വീശിയപ്പോൾ ആ യാത്ര അവൾക്ക് വല്ലാത്തൊരു ഉന്മേഷം നൽകി..
പെട്ടെന്നാണ് ഷാനു കാർ റോഡിന്റെ ഒരു സൈഡിലേക്ക് ഒതുക്കി നിർത്തിയത്..
“എന്തു പറ്റി ഷാനു ഇവിടെ നിർത്തിയത്?” അവൾ സംശയത്തോടെ ചോദിച്ചു…
അവൻ ഒന്നും പറയാതെ പുഞ്ചിരിച്ചുകൊണ്ട് കാറിന്റെ മേൽക്കൂരയിലുള്ള സൺറൂഫിന്റെ നോബ് തിരിച്ചു. മുകളിലെ ആവരണം പതുക്കെ തുറക്കപ്പെട്ടപ്പോൾ പുറത്തെ ആകാശവും തണുത്ത
കാറ്റും നേരെ കാറിനുള്ളിലേക്ക് അലയടിച്ചു കയറി..
“ആന്റി… ഒന്ന് എഴുന്നേറ്റു നിന്നു നോക്കൂ. മുകളിലേക്ക് നോക്കി ആ കാറ്റൊന്ന് കൊണ്ടുനോക്കൂ, വേറെയൊരു ഫീലാണ്,” ഷാനു ആവേശത്തോടെ പറഞ്ഞു..
“ഞാനോ? എടാ എനിക്ക് വയസ്സെത്രയായെന്ന്…? നിങ്ങൾ പിള്ളാരെപ്പോലെ…!!!” അവൾ ചിരിച്ചുകൊണ്ട് തടയാൻ നോക്കി.
“വയസ്സും പ്രായവും പിള്ളാരുമൊക്കെ അവിടെ നിക്കട്ടെ… ആന്റി ഇപ്പോ ഒന്ന് എഴുന്നേറ്റു നോക്ക്, ആരും കാണാനൊന്നുമില്ല. ആന്റി ഒന്ന് ട്രൈ ചെയ്യ് പ്ലീസ്…”
ഷാനു നിർബന്ധിച്ചപ്പോൾ സൂസൻ മടിച്ചുമടിച്ച് സീറ്റിൽ നിന്ന് പതുക്കെ എഴുന്നേറ്റു..
അവൾ കാറിന്റെ സൺറൂഫിലൂടെ തലയും നെഞ്ചും പുറത്തേക്ക് നീട്ടി നിന്നു. ആകാശത്തെ നക്ഷത്രങ്ങളും തണുത്ത കാറ്റും അവളുടെ മുഖത്തും മുടിയിലും തഴുകിപ്പോയി.
ജീവിതത്തിൽ ഇന്നുവരെ അവൾ ഇങ്ങനെ ഒന്നിനും മുതിർന്നിട്ടില്ല. ഒരു കുട്ടിയെപ്പോലെ ആ കാറ്റും വെളിച്ചവും ആസ്വദിച്ചുകൊണ്ട് അവൾ കണ്ണുകളടച്ച് നിന്നു. അവളുടെ മുഖത്ത് വിരിഞ്ഞ ആ കൗതുകവും സന്തോഷവും കണ്ടപ്പോൾ ഷാനുവിന്റെ ഉള്ളം നിറഞ്ഞുപോയി..
