മൗനവസന്തം – 1 Likeഅടിപൊളി  

“ഇത് ഒന്നുമല്ല, ആന്റി. വൈകുന്നേരമായാൽ കാണാം ശരിക്കുള്ള തിരക്ക്.”

“നിങ്ങളൊക്കെ എങ്ങനെ ഇതിന്റെ ഇടയിൽ ജീവിക്കുന്നു?”

“ശീലമായി.”

“അത് ശരി. സ്വന്തം നാടല്ലല്ലോ. ശീലമാക്കാതെ പറ്റില്ല.”

ഷാനു ചിരിച്ചു..

കുറച്ചുനേരം രണ്ടുപേരും നഗരത്തിലെ കാഴ്ചകൾ നോക്കി യാത്ര തുടർന്നു.

പിന്നെ സൂസൻ വീണ്ടും ചോദിച്ചു..

“അല്ല, ഹെബ എവിടെയാണെന്ന് നീ പറഞ്ഞില്ലല്ലോ.”

ഷാനുവിന്റെ കൈകൾ സ്റ്റിയറിങ്ങിൽ മുറുകുന്നത് അവൾ ശ്രദ്ധിച്ചു..

അവൻ മുന്നോട്ടു നോക്കിത്തന്നെ സംസാരിച്ചു..

“ആന്റി… ഒരു കാര്യം പറയാനുണ്ട്.”

“എന്താ?”

“ഹെബ ഇവിടെ ഇല്ല.”

“അത് മനസ്സിലായി. എവിടെ പോയി?”

അവൻ കുറച്ചുനേരം മിണ്ടാതിരുന്നു..

കാറിന്റെ ഉള്ളിൽ പെട്ടെന്ന് ഒരു നിശ്ശബ്ദത നിറഞ്ഞു.

“അവൾ പോയി, ആന്റി.”

സൂസൻ അവനെ നോക്കി.

“എവിടെ?”

“അവളുടെ പഴയ കാമുകന്റെ കൂടെ.”

അവൾക്ക് ആദ്യം പറഞ്ഞതിന്റെ അർത്ഥം മനസ്സിലായില്ല..

“എന്താ?”

“ഹെബ… അവളുടെ പഴയ ബന്ധത്തിലുണ്ടായിരുന്ന ഒരാളുടെ കൂടെ പോയി. എന്നെ വിട്ടിട്ട്.”

സൂസൻ ഒന്നും മിണ്ടിയില്ല..

കുറച്ചുനേരം അവന്റെ

മുഖത്തേക്ക് നോക്കിയിരുന്നു. പിന്നെ പതുക്കെ ചോദിച്ചു.

“ഷാനൂ… നീ എന്താ ഈ പറയുന്നത്?”

“സത്യമാണ്, ആന്റി.”

“എന്നിട്ട്…?”

അവളുടെ വാക്കുകൾ മുറിഞ്ഞുപോയി.

എന്ത് ചോദിക്കണം? എങ്ങനെ ചോദിക്കണം? ഇത്രയും നാളായി അറിയുന്ന കുട്ടികളാണ്.. രണ്ടുപേരുടെയും കല്യാണം കഴിഞ്ഞതും ഒരുമിച്ച് ജീവിക്കാൻ ഹൈദരാബാദിലേക്ക് മാറിയതും എല്ലാം അവൾക്ക് ഓർമ്മയുണ്ട്..

ഹെബ വീട്ടിൽ വരുമ്പോൾ എത്ര സ്നേഹത്തോടെയാണ് സംസാരിച്ചിരുന്നത്. ഷാനുവിനെക്കുറിച്ച് പറയുമ്പോഴൊക്കെ അവളുടെ മുഖത്ത് കണ്ടിരുന്ന സന്തോഷവും സൂസന് ഓർമ്മയുണ്ട്..

ഇതൊക്കെ എങ്ങനെ സംഭവിച്ചു?

“നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നോ?”

ഷാനു ഒരു ചെറിയ ചിരി ചിരിച്ചു. പക്ഷേ ആ ചിരിയിൽ സന്തോഷമൊന്നുമില്ലായിരുന്നു.

“പ്രശ്നങ്ങൾ ഇല്ലാത്ത കുടുംബം ഉണ്ടോ, ആന്റി? ചെറിയ വഴക്കുകളൊക്കെ ഉണ്ടായിരുന്നു. പക്ഷേ ഇത്ര വലിയൊരു കാര്യം നടക്കുമെന്ന് ഞാൻ കരുതിയില്ല.”

“അവൾ നിന്നോട് ഒന്നും പറഞ്ഞില്ലേ?”

“ഇല്ല. അതാണ് ഏറ്റവും വിഷമം. ഒരു ദിവസം വരെ എല്ലാം സാധാരണപോലെ ആയിരുന്നു. പിന്നെ…”

അവൻ വാക്കുകൾ നിർത്തി..

സൂസൻ അവന്റെ മുഖത്തേക്ക് നോക്കി.

“പിന്നെ?”

“ഒരു ദിവസം വീട്ടിൽ വന്നപ്പോൾ അവൾ ഇല്ല. ആദ്യം കരുതി പുറത്തുപോയതായിരിക്കുമെന്ന്.. വിളിച്ചപ്പോൾ ഫോൺ എടുത്തില്ല. പിന്നെ കുറേ കഴിഞ്ഞാണ് അവളുടെ ഒരു മെസ്സേജ് വന്നത്.”

“എന്തായിരുന്നു അതിൽ?”

“ഇനി തിരിച്ചു വരില്ലെന്ന്.”

സൂസന്റെ നെഞ്ചിൽ എന്തോ ഒരു ഭാരം വന്നതുപോലെ തോന്നി.

“ദൈവമേ…”

അവൾ പതുക്കെ പറഞ്ഞു…

“പണ്ടൊരു ബന്ധമുണ്ടായിരുന്നു. കല്യാണത്തിന് മുമ്പ്. അത് കഴിഞ്ഞുപോയതാണെന്നാ ഞാൻ കരുതിയത്. പക്ഷേ ഇപ്പോൾ മനസ്സിലാകുന്നു, എല്ലാം അങ്ങനെ ആയിരുന്നില്ലെന്ന്.”

“ഷാനൂ…”

അവൾ അവന്റെ കൈയിൽ തൊടണമെന്ന് തോന്നി.. പക്ഷേ ഡ്രൈവിങ്ങിനിടയിൽ അവനെ

ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി കൈ പിൻവലിച്ചു..

“നീ ഇതൊക്കെ എങ്ങനെ സഹിക്കുന്നു മോനേ?”

അവൻ ഒന്നും പറഞ്ഞില്ല..

കാറിന്റെ വേഗം കുറച്ച് ഒരു സിഗ്നലിൽ നിർത്തി.. അപ്പോഴാണ് അവൻ അവളെ നോക്കിയത്..

“ആന്റി, ഒരു കാര്യം കൂടി പറയാനുണ്ട്.”

“എന്താ?”

“ഇതൊന്നും ഇപ്പോൾ ആരും അറിഞ്ഞിട്ടില്ല.”

സൂസൻ അത്ഭുതത്തോടെ അവനെ നോക്കി..

“ഹെബ പോയ കാര്യം എന്റെ വീട്ടുകാർക്കും അവളുടെ വീട്ടുകാർക്കും അല്ലാതെ ഇതുവരെ മറ്റാർക്കും അറിയില്ല…ഞാൻ ഡൊയ്നോടു പോലും ഒന്നും പറഞ്ഞിട്ടില്ല ഇതു വരെ.”

അവന്റെ ശബ്ദം പതറിയിരുന്നു..

ആ വാക്കുകൾ കേട്ടപ്പോൾ സൂസൻ ഒന്ന് ഞെട്ടി.

“ഡെയിനോടുപോലും?”

“അതെ. അവൻ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. പക്ഷേ ഇപ്പോൾ അവനോട് പറയാൻ എനിക്ക് പറ്റുന്നില്ല. അവൻ ചോദിക്കും. എന്തൊക്കെയോ പറയും. പിന്നെ കാര്യം എല്ലാവരിലേക്കും എത്തും.”

“പക്ഷേ, ഡെയിൻ അറിഞ്ഞാൽ നിന്നെ സഹായിക്കില്ലേ?”

Updated: October 26, 2026 — 7:44 pm

Leave a Reply

Your email address will not be published. Required fields are marked *