സൂസൻ ട്രോളി പതുക്കെ ഉരുട്ടിക്കൊണ്ട് മുന്നോട്ടു നടന്നു…
പെട്ടെന്നാണ് പരിചിതമായൊരു മുഖം കണ്ണിൽപ്പെട്ടത്.
കുറച്ച് അകലെയായി, ആളുകൾക്കിടയിൽ ഷാനു നിൽക്കുന്നു.
അവളെ കണ്ടതും അവന്റെ മുഖത്ത് ചിരി വിടർന്നു. അവൻ കൈ ഉയർത്തി വീശി…
സൂസനും കൈ ഉയർത്തി…
“ഹായ്!”
അവൾ ചിരിച്ചുകൊണ്ട് അവന്റെ അടുത്തേക്ക് നടന്നു..
“വെൽക്കം ടു ഹൈദ്രാബാദ് ആന്റീ!..”
അവൻ തന്റെ കൈയ്യിലെ പൂച്ചെണ്ട് അവൾക്കു കൊടുത്തു..
“ഓഹോ! താങ്ക് യൂ.. വലിയ സ്വീകരണമൊക്കെയാണല്ലോ…!
“ബൈദവോ നീ, ഇവിടെത്തന്നെ നിൽക്കുകയായിരുന്നോ?”
“പിന്നേ.. ആന്റി ഇറങ്ങിവരുന്നതും നോക്കി നിൽക്കുകയല്ലേ.”
“അതൊക്കെ പോട്ടെ.. ആദ്യം ഈ ബാഗ് ഇങ്ങു താ.”
അവൻ ട്രോളിയുടെ ഹാൻഡിൽ പിടിക്കാൻ കൈ നീട്ടി..
“വേണ്ട, എനിക്ക് പിടിക്കാവുന്നതേയുള്ളൂടാ…”
“ആന്റി, ഇത്ര ദൂരം യാത്ര ചെയ്തിട്ട് ഇനി ഇതും വലിച്ചോണ്ട് നടക്കണോ?”
“എടാ, ഇതൊരു ചെറിയ ബാഗല്ലേ.”
“ശരി, ശരി. ആന്റിയുടെ ഇഷ്ടം.”
എന്നിട്ടും അവൻ ട്രോളിയുടെ ഒരു വശം പിടിച്ച് കൂടെ നടന്നു..
അപ്പോഴാണ് ഷാനു അവളെ ശരിക്കും ശ്രദ്ധിച്ചത്.
സാധാരണ വീട്ടിൽ കാണുന്ന സാരിയോ ചുരിദാറോ അല്ല. ഒരു നീല ജീൻസും വെള്ള നിറത്തിലുള്ള ടീഷർട്ടുമാണ് വേഷം. മുടി പിന്നിലേക്ക് കെട്ടിവെച്ചിട്ടുണ്ട്.
യാത്രയുടെ ക്ഷീണം മുഖത്തുണ്ടെങ്കിലും അവൾ നല്ല ഉന്മേഷത്തിലായിരുന്നു..
അവൻ ഒന്ന് ചിരിച്ചു..
“അല്ല, ഇത് നമ്മുടെ സൂസൻ ആന്റി തന്നെയാണോ?”
സൂസൻ പുരികം ഉയർത്തി..
“അതെന്താ അങ്ങനെ ചോദിക്കാൻ?”
“ഒന്നുമില്ല. ആന്റിയെ ഇങ്ങനെ കണ്ടിട്ട് കുറേ നാളായല്ലോ. നല്ല സ്റ്റൈലായല്ലോ!”
അവൾ പൊട്ടിച്ചിരിച്ചു..
“ഓഹോ! ഇപ്പോൾ നീ കമന്റടിയും തുടങ്ങിയോ?”
“സത്യം പറഞ്ഞതാ. നമ്മുടെ മമ്മൂട്ടി സ്റ്റൈൽ!”
“അയ്യടാ! മമ്മൂട്ടിയൊക്കെ ആയോ ഞാൻ?”
“പിന്നല്ലാതെ! ജീൻസും ടീഷർട്ടുമൊക്കെയിട്ട് ആകെ ചെറുപ്പമായിട്ടുണ്ടല്ലോ.”
“അതൊക്കെ ഈ യാത്രയുടെ ഗുണമാ മോനേ. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ കുറച്ച് സ്വാതന്ത്ര്യമൊക്കെ കിട്ടിയതിന്റെ സന്തോഷം.”
“അത് കൊള്ളാം. അപ്പോൾ ഇനി എല്ലാ മാസവും ഓരോ ട്രെയിനിംഗ് വേണമെന്നാണോ?”
“അയ്യോ, അത്രയൊന്നും വേണ്ട. ഈ പത്ത് ദിവസം കഴിഞ്ഞ് വീട്ടിലെത്തിയാൽ മതി.”
“അത് ശരി.”
രണ്ടുപേരും ചിരിച്ചു.
കുറച്ചുനേരം അവൾ അവനെ നോക്കിനിന്നു..
“നീ ആകെ മാറിയല്ലോടാ.”
“ഞാനോ?”
“അതെ. കുറച്ചുകൂടി തടിച്ചോ? അതോ താടി വെച്ചതുകൊണ്ട് തോന്നുന്നതാണോ?”
ഷാനു ചിരിച്ചു…
“അല്ല, അവളെവിടെ ഹെബ..? വന്നില്ലേ?”
ഷാനു ഒരു നിമിഷം മിണ്ടാതിരുന്നു..
“അവൾ… വീട്ടിലില്ല.”
“എന്തേ? ജോലിക്ക് പോയോ?”
“അല്ല…”
അവൻ ഒന്ന് വെട്ടിത്തിരിഞ്ഞ് ട്രോളി മുന്നോട്ടു നീക്കി..
“ആന്റി, നല്ല ക്ഷീണമുണ്ടാവും. നമുക്ക് ആദ്യം വീട്ടിലേക്ക് പോകാം. അവിടെ ചെന്നിട്ട് സംസാരിക്കാം.”
അവന്റെ ശബ്ദത്തിൽ എന്തോ ഒരു മാറ്റം സൂസന് തോന്നി.
“എന്തുപറ്റി ഷാനൂ? ഹെബയ്ക്ക് സുഖമില്ലേ?”
“ഏയ്… അങ്ങനെയൊന്നുമില്ല. വാ, നമുക്ക് പോകാം.”
അവൻ വിഷയം മാറ്റിയതോടെ സൂസനും കൂടുതൽ ചോദിച്ചില്ല..
യാത്ര കഴിഞ്ഞ് ഇറങ്ങിയതേയുള്ളൂ. അവനും എന്തോ തിരക്കുണ്ടായിരിക്കാം. വീട്ടിലെത്തിയിട്ട് ചോദിക്കാമെന്ന് അവൾ തീരുമാനിച്ചു..
കാറിനടുത്തെത്തിയപ്പോൾ ഷാനു ട്രോളി
ഡിക്കിയിലേക്ക് എടുത്തുവെച്ചു.
“ആന്റി കയറിയിരിക്ക്. എ.സി. ഇട്ടിട്ടുണ്ട്.”
“നീ ഇത്ര നേരം പുറത്തു നിന്നോ?”
“കുറേ നേരമായില്ല. ആന്റിയുടെ ഫ്ലൈറ്റ് വൈകിയതുകൊണ്ട് കുറച്ച് കാത്തിരിക്കേണ്ടി വന്നു.”
“അയ്യോ, വെറുതെ ബുദ്ധിമുട്ടിച്ചല്ലോ.”
“ഇതൊക്കെ എന്ത് ബുദ്ധിമുട്ട്, ആന്റി?”
അവൾ കാറിൽ കയറി സീറ്റ് ബെൽറ്റ് ഇട്ടു.
ഷാനു ഡ്രൈവിങ് സീറ്റിൽ കയറി കാർ സ്റ്റാർട്ട് ചെയ്തു. പാർക്കിങ്ങിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ അവൾ ജനലിലൂടെ പുറത്തേക്കു നോക്കി..
പുതിയ നഗരം.
വലിയ റോഡുകൾ, ഉയർന്ന കെട്ടിടങ്ങൾ, പലതരം വാഹനങ്ങൾ. എല്ലാം പുതുമയുള്ള കാഴ്ചകൾ…
“ഇവിടെയൊക്കെ ഭയങ്കര തിരക്കാണല്ലോ!”
