മൂടൽ മഞ്ഞ് – 1 46

” ഒരുളുപ്പുമില്ലാതെ കണ്ണിൽ കണ്ട പെണ്ണുങ്ങളോട് കേറി മുട്ടാനും അഴിഞ്ഞാടാനും അല്ല വല്ലവനെയും ശമ്പളം കൊടുത്തു ഞാൻ ജോലിക്ക് നിർത്തിയിരിക്കുന്നത്. ഒരു സ്ഥലത്തും മാന്യമായി സഞ്ചരിക്കാൻ പോലും പറ്റാത്ത ഗതികേട്. ”

അവൾ അടക്കി പിടിച്ചു പിറുപിറുത്തു. വാഹനം നഗരം പിന്നിട്ടു ചുരത്തിലേക്ക് അടുത്തു കൊണ്ടിരുന്നു. അകലെ വിശാലമായ ഗിരിനിരകളിൽ സായാഹ്നം സ്വർണ്ണ വർണ്ണത്തിൽ ഛായം പൂശിയത് പോലെ കാണപ്പെട്ടു. ഉയർന്നു പോകുന്ന തേയില തോട്ടങ്ങളിലും അതിന്റെ നിറക്കൂട്ട് തൂവിയത് പോലെ.

മൂടൽ മഞ്ഞു ഒരു നേർത്ത പാടപോലെ മലമുകളിൽ നിന്ന് താഴവരയിലേക്ക് ഇറങ്ങി വരാൻ വേണ്ടി ഊഴം കാത്തു നിൽക്കുന്നത് പോലെ തോന്നിച്ചു. അസ്‌തമയത്തോട് അടുത്തു കൊണ്ടിരിക്കുന്ന പോക്കുവെയിലിന്റെ പീത വർണ്ണം തേയില തോട്ടത്തിൽ ഇടയ്ക്കിടെ നിവർന്നു നിൽക്കുന്ന കാട്ടു മരങ്ങളിലെ ചുവപ്പും മഞ്ഞയും ഇലകളെ അതിമനോഹരമായ ദൃശ്യമാക്കി.

അവളുടെ പരിഹാസം കേട്ടില്ലെന്ന് നടിച്ചു പ്രകൃതിയുടെ മനോഹാരിതകൾ ആസ്വദിച്ചു വാഹിദ് അതിവേഗം വണ്ടിയൊടിച്ചു. ഡ്രൈവിംഗ് ഒരു മനോഹരമായ മായാജാലമാണെന്ന് അവന്റെ ഡ്രൈവിംഗ് കണ്ടപ്പോൾ ഒക്കെ അവൾക്ക് തോന്നിയിരുന്നു.

അൽപ്പം പോലും യാത്രക്കാരനെ അലോസരപ്പെടുത്താതെ, വണ്ടിയെ പീഡിപ്പിക്കാത, മറ്റു വാഹന യാത്രക്കാരെ പരീക്ഷിക്കാതെ, ട്രാക്ക് മാറ്റിയും ഓവർറ്റേക്ക് ചെയ്തും അവൻ ഡ്രൈവ് ചെയ്യുമ്പോൾ, വളവിൽ ഒട്ടും വേഗം കുറക്കാത്തത് പോലെ തോന്നിപ്പിക്കുന്ന രീതിയിൽ വണ്ടിയെ വളച്ചെടുക്കുമ്പോൾ, സുഖകരമായി വണ്ടി ഒന്ന് ചരിച്ച് നിവർത്തി അവൻ തന്റെ ജോലി മനോഹരമായി ആസ്വദിക്കുന്നത് കാണുമ്പോൾ, അവൾക്ക് സ്വയം ഡ്രൈവ് ചെയ്താലോ എന്ന് തോന്നാറുണ്ട്.

“തന്നെ ആരാ ഡ്രൈവ് ചെയ്യാൻ പഠിപ്പിച്ചത്.” അവൾ മുഖം അവനിൽ നിന്ന് മറച്ചു പിടിക്കാൻ പുറത്തേക്ക് നോക്കികൊണ്ട് ചോദിച്ചു. അവനത് കേട്ടതായി നടിച്ചില്ല. കുറച്ച് മുന്നോട്ട് പോയപ്പോൾ രണ്ട് പേര് കൈകാണിക്കുന്നത് കണ്ടു അവൻ വണ്ടി അവരുടെ സമീപം കൊണ്ട് ചെന്ന് നിർത്തി. വിദേശ ദമ്പതികൾ എന്ന് തോന്നിപ്പിക്കുന്ന രണ്ട് പേര്. നാടുകാണാൻ ഇറങ്ങിയ ടൂറിസ്റ്റുകൾ ആയിരിക്കണം.

അവൾക്ക് ഉള്ളിലൊരു കൗതുകം ജനിച്ചു. ഈ അഹങ്കാരിയെ പരിഹസിക്കാൻ, അവന്റെ അഹന്ത ഒന്ന് കുറക്കാൻ അവനായിട്ട് തന്നെ ഒരു അവസരം ഉണ്ടാക്കി തന്നു. അവരുടെ ചോദ്യങ്ങൾക്ക് തപ്പിത്തടഞ്ഞു english സംസാരിക്കുന്നത് മനസ്സിൽ കണ്ട ശാരിക അറിയാതെ ഒന്ന് ചിരിച്ചു പോയി.

പക്ഷേ നല്ല ഒഴുക്കുള്ള ഇംഗ്ലീഷിൽ ആ അപരിചിതരോട് സംവദിക്കുന്ന വാഹിദിനെ കണ്ട് അവൾ ഞെട്ടി. കാര്യങ്ങൾ പറയുക മാത്രമല്ല, അവരെ ഒരുപാട് കാലം അറിയുന്ന ഒരു സുഹൃത്തിനെ പോലെ, അവൻ കുശലന്വേഷണം നടത്തുകയും ഞങ്ങടെ നാടിനെ കുറിച്ച് വീമ്പു പറയുകയും, തമാശകൾ പറഞ്ഞു ചിരിക്കുകയും ചെയ്യുന്നു. മുമ്പ് ടൂറിസ്റ്റ് ഗെയ്ഡ് ആയിട്ട് ജോലി നോക്കിയിരിക്കും, അവൾ ചിന്തിച്ചു.

ചുരം കയറി തേയില തോട്ടത്തിലൂടെ വണ്ടി ഓടിതുടങ്ങി. സന്ധ്യ മയങ്ങി കഴിഞ്ഞിരുന്നു. നേർത്ത മൂടൽ മഞ്ഞിലൂടെ മഞ്ഞ ലൈറ്റിന്റെ വെട്ടത്തിലേക്ക് തുളച്ചു കയറിക്കൊണ്ട് കാർ അധികം വേഗതയില്ലാതെ സഞ്ചരിച്ചു. അവളവിടെ ഇരിപ്പുണ്ട് എന്ന് പോലും മാനിക്കാതെ, മൂളിപ്പാട്ട് പാടി ഡ്രൈവ് ചെയ്തു കൊണ്ടിരുന്ന അവന്റെ നേരെ മുഖം തിരിച്ചു ശാരിക ശബ്ദമുയർത്തി ചോദിച്ചു ;

” താനാരാ ന്നാ തന്റെ വിചാരം. ഈ ലോകത്തുള്ളവരൊക്കെ തന്നെ ബഹുമാനിച്ചും പേടിച്ചും കഴിയുന്നവർ ആണെന്നൊരു ജാടയുണ്ടല്ലോ തനിക്ക്.”

പെട്ടന്ന് വന്ന ദേഷ്യത്തോടെ അവൾ അവനോട് തട്ടിക്കേറി. അവൻ അവളെ ഒന്ന് തുറിച്ചു നോക്കി. ഇത്ര നേരവും അവൾ തന്നെക്കുറിച്ച് ചിന്തിക്കുകയിരുന്നു എന്ന് അവന് മനസ്സിലായി.

” എന്താ ടീ തന്റെ പ്രശ്നം..? അവൻ വണ്ടി side ചേർത്തുനിർത്തി അവളോട് ആക്രോഷിച്ചു. ” നീ ഇത്ര നേരവും പറഞ്ഞോണ്ടിരുന്നത് സ്വന്തം കാരക്ടർ നെ കുറിച്ചാണ്. ഒരാൾക്ക് അയാളുടെ മനോഭാവത്തിലൂടെ മാത്രം ലോകത്തെ നോക്കുമ്പോൾ ആണ് മറ്റുള്ളവരെ താഴ്ത്തിക്കെട്ടാൻ പറ്റുന്നത്. “അവൻ മുരണ്ടു.

Leave a Reply

Your email address will not be published. Required fields are marked *