” മാഡം ഇന്നലെ ഏത് ഭാഗത്തു വച്ചാണ് അപകടത്തിൽ പെട്ടത്? ” അവൻ ചോദിച്ചു. പക്ഷെ അവൾ കേട്ടതായി ഭാവിച്ചില്ല.
“ഹലോ മാഡം, ഞാൻ നിങ്ങളോട് ആണ് ചോദിച്ചത്. മനസ്സിലായില്ലേ.”
” മനസ്സിലാകാതിരിക്കാൻ ഇവിടെ ഞാനല്ലാതെ തന്റെ വീട്ടിൽ നിന്ന് വല്ലവരെയും കൊണ്ട് വന്ന് നിർത്തിയിട്ടുണ്ടോ.? ” അവൾ പിറുപിറുത്തു.
അവന് ചിരി വന്നു. ചെറുതായി ഒന്ന് അടക്കിപ്പിടിച്ചു ചിരിക്കുകയും ചെയ്തു. അവൾക്ക് ദേഷ്യം ഇരച്ചു കയറി. തന്നെ വെറും കോമാളിയായിട്ട് കാണുന്നത് പോലെ അവൾക്ക് തോന്നി.
“ഇന്നലെ ഇടിക്കാൻ വന്ന വണ്ടി നമ്പർ ശ്രദ്ധിച്ചിരുന്നോ?” വാഹിദ് വീണ്ടും തിരക്കി. അവൾ അതിനും മറുപടി പറഞ്ഞില്ല. എന്നിട്ടും അവൻ ചോദിച്ചു കൊണ്ടിരുന്നു ഓരോ ചോദ്യങ്ങൾ.
“മുമ്പ് ഇത് പോലെ ഏതെങ്കിലും വണ്ടി മാഡത്തിന്റെ വണ്ടിയോടു ഇടിക്കാൻ വന്നത് പോലെയോ അടുപ്പിക്കുകയോ മറ്റോ ചെയ്തിട്ടുണ്ടോ മാഡം? അവൾ ഒന്നിനും മറുപടി പറയാതെ മൊബൈൽ ൽ തൊണ്ടിക്കൊണ്ടിരുന്നു.
” ഇതെന്താ ജീവനുള്ള ശവമോ, വെള്ള തുണിക്ക് പകരം നീതുണിയിൽ കെട്ടിപ്പൊതിഞ്ഞു എന്നേയുള്ളൂ.. ”
ഒടുവിൽ സഹികെട്ടു അവൻ പിറുപിറുത്തു. അവൾ അത് വ്യക്തമായി കേട്ടെങ്കിലും അമർഷം ഉള്ളിലൊതുക്കി. ഇയാളും രാജനും തമ്മിലുള്ള ബന്ധമെന്താണ് എന്നറിയണം. രാജൻ ഇല്ലെങ്കിൽ കമ്പനി കൂപ്പു കുത്തും എന്ന് തന്നെ പറയാം. എല്ലാം തന്റെ കൈയിൽ ആണെങ്കിലും, എല്ലാ കാര്യങ്ങളും തന്റെ നിയന്ത്രണങ്ങളും തന്റെ കരങ്ങളിൽ സുരക്ഷിതമാണെങ്കിലും തുടക്കകാലം മുതൽ കൂടെയുള്ള ആളാണ് രാജൻ. ഇല്ലായിരുന്നെങ്കിൽ ഈ നിമിഷം ഇറക്കി വിട്ടേനെ. അവൾ മനസ്സിൽ പറഞ്ഞു. അപ്പോഴേക്കും വണ്ടി ഇന്നലെ പകടം നടന്ന വളവിലേക്ക് അടുത്തിരുന്നു. അറിയാതെ അവളുടെ കണ്ണുകൾ ഏന്തി വലിഞ്ഞു കാർ ഇടിച്ചു നിന്ന ആ ഭിത്തിയിലേക്ക് നീണ്ടു. അത് കണ്ടപ്പോൾ വാഹിദ് വണ്ടി നിർത്തി അവളെ ഒന്ന് നോക്കി. അവൾ മുഖം വെട്ടിച്ചു.
പുറത്തേക്ക് ഇറങ്ങിയ വാഹിദ് ആ ഭിത്തിയിൽ ഒന്ന് നോക്കി, പിന്നെ വളവിലേക്കും തങ്ങൾ പിന്നിട്ട റോഡിലേക്കും. അപ്പോഴും സമാനമായ മൂടൽ മഞ്ഞിന്റെ നേർത്ത ആവരണം അന്തരീക്ഷത്തിൽ ഉണ്ടായിരുന്നു. അവൻ അവളോട് ഇറങ്ങി വരാൻ ആംഗ്യം കാണിച്ചു, പക്ഷെ അവൾ പുച്ഛത്തോടെ മുഖം കോട്ടി. അരിശം വന്ന വാഹിദ് അവളുടെ അടുത്തേക്ക് ധൃതിപ്പെട്ടു ചെല്ലുന്നത് കണ്ട ശാരിക അല്പം ഭയത്തോടെ കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങി. അവൻ അവളുടെ കൈയിൽ കടന്ന് പിടിച്ചു അവളെ പിടിച്ചു വലിച്ചു കാർ ഇടിച്ച ഭിത്തിയുടെ അടുത്തേക്ക് കൊണ്ട് പോയി. അവൾക്ക് അവന്റെ ഇരുമ്പ് കൈക്കുള്ളിൽ ഞെരിയുന്ന തന്റെ കൈത്തണ്ട നന്നായി നൊന്തു. പിടി വീടിവിക്കുവാൻ അവൾ കുതറിയെങ്കിലും ഫലം കണ്ടില്ല. അപ്പോൾ അവൻ അവൾക്ക് തങ്ങൾ വന്ന വഴിയിൽ, കോടമഞ്ഞിന്റെ പുതപ്പിലൂടെ അധികം വ്യക്തമാക്കാതെ ഒരു ലോറി റോഡ് സൈഡിൽ നിർത്തിയിട്ടത് കാണിച്ചു കൊടുത്തു. അവൾക്ക് കാര്യം മനസ്സിലായില്ല, അവനെ ‘അതിലെന്താ ഇത്ര പ്രത്യേകത ‘ എന്ന ഭാവത്തോടെ ചുമ്മാ നോക്കി നിന്നു. പിന്നെ അവളോട് കാറിൽ കേറാൻ പറഞ്ഞു അവൻ ചെന്ന് കാർ start ആക്കി.
” അതാ ഈ ദേവ റാണിയോട് ചോദിച്ചത് ഇന്നലെ ഇടിക്കാൻ നോക്കിയ ലോറിയുടെ നമ്പർ ശ്രദ്ധിച്ചിരുന്നോ എന്ന്. അല്ലാതെ ഈ ഓഞ്ഞ അലർച്ച കേൾക്കാനുള്ള കൊതി കൊണ്ടല്ല. ” അവൻ കടുത്ത സ്വരത്തിൽ അൽപ്പം പരിഹാസത്തോടെ പറഞ്ഞു.
“അതും ഇതും തമ്മിൽ എന്താ. വല്യ ഡീറ്റെക്റ്റീവ് കളിക്കുകയാണോ. താൻ ആരാടോ, എന്റെ കാര്യത്തിൽ കേറി ഇടപെടാൻ.” അവൾ തിരിച്ചടിച്ചു.
” അനുഭവിക്കുമ്പോ പഠിക്കും, അത്ര തന്നെ. ” അവൻ വെറുതെ പിറുപിറുത്തു. അവളും ഒന്നും പറഞ്ഞില്ല. വണ്ടി മൂടൽ മഞ്ഞിലൂടെ വളഞ്ഞു തിരിഞ്ഞ റോഡിലൂടെ ഒഴുകി ഓഫീസിലേക്ക് സഞ്ചരിച്ചു. ഓഫീസിൽ എത്തിയ ഉടനെ അവൾ രാജനോട് വരാൻ പറഞ്ഞു ഇന്ന് നടന്ന കാര്യങ്ങൾ മുഴുവൻ അയാളെ കേൾപ്പിച്ചു. അയാൾ എല്ലാം സാകൂതം കേട്ടിട്ട് അവനെ മൊബൈൽ ൽ വിളിച്ചു അകത്തേക്ക് വരാൻ പറഞ്ഞു.
