രാജൻ അയാൾക്ക് കള്ള് ഓർഡർ ചെയ്തപ്പോൾ ശാരി കപ്പയും കരിമീൻ പൊള്ളിച്ചതും വേണമെന്ന് പറഞ്ഞു. സാധനങ്ങളുനായി വന്ന കിളവൻ കൂടെയുള്ളത് ആരാണെന്ന് തിരക്കിയപ്പോൾ മൂത്ത മോളാണെന്ന് പറയുകയും ചെയ്തു. നല്ല രുചിയുള്ള ഭക്ഷണം അവൾ വയർ നിറയെ കഴിച്ചു. പുറത്തേക്ക് ഇറങ്ങിയപ്പോൾ അവളെ രാജൻ വീട്ടിലേക്ക് ക്ഷണിച്ചു.
” വീട്ടിലേക്ക് തന്നെയാണ് പുറപ്പെട്ടത്, പക്ഷെ വേറെ ഒരാളെ അന്വേഷിച് ആണെന്ന് മാത്രം. ” അവൾ ഒരൽപ്പം ജാള്യതയോടെ പറഞ്ഞു. രാജൻ അതാര് എന്നന്വേഷിച്ചില്ല, പകരം വണ്ടിയിൽ ചെന്നു കയറി. പിന്നാലെ ശാരികയും.
ഒരു പതിനഞ്ചു മിനുട്ട് സഞ്ചരിച്ചു വണ്ടി ഒരു ജങ്ഷനിൽ എത്തിയപ്പോൾ വലത് ഭാഗത്തേക്ക് തിരിഞ്ഞു ചെറിയ ഒരു പഞ്ചായത്ത് റോഡിലൂടെയായി സഞ്ചാരം. വലത് ഭാഗത്തു ശബ്ദമുണ്ടാക്കി ഒഴുകുന്ന പുഴ. അതിനപ്പുറം മലനിരകൾ. വളരെ മനോഹരമായ പ്രദേശം. കുറച്ചുനേരം മുന്നോട്ട് പോയിട്ട് ഇടത് വശത്തുള്ള ചെറിയൊരു ഓടിട്ട വീടിന് മുന്നിൽ വണ്ടി നിന്നു. വിശാലമായ പുൽപ്രദേശം, അതിനപ്പുറം മലനിരകൾ. വീടിന്റെ പുറകിലേക്ക് വളഞ്ഞു പോകുന്ന പുഴ.
വണ്ടിയിൽ നിന്ന് പുറത്തിറങ്ങിയ ശാരിക ഒന്ന് ദീർഘശ്വാസമെടുത്തു. രാജൻ രണ്ട് മൂന്ന് തവണ ഹോണടിച്ചു. ശാരിക വീടിന്റെ ഉമ്മറത്തേക്ക് കയറി ബെല്ലടിച്ചു തിരിഞ്ഞു നോക്കിയപ്പോൾ വണ്ടി കാണാനില്ല. അവൾ ഓടിചെന്ന് നോക്കിയപ്പോൾ കണ്ടത് തിരികെ പോകുന്ന രാജനെയാണ്. ഇനിയെന്ത് ചെയ്യും. ഈ രാക്ഷസൻ തന്നെ ഇവിടെ കാണുമ്പോൾ എങ്ങിനെ റിയാക്റ്റ് ചെയ്യും.
അവൾ അറിയാതെ കവിൾ തടവി. പതുക്കെ ശങ്കിച്ചു ശങ്കിച്ചു വീടിന്റെ ഉമ്മറത്തേക്ക് കയറി. ആപ്പോഴേക്കും വാതിൽ തുറന്നു, ഒരു കൈലി മുണ്ട് മാത്രം ഉടുത്തു വാഹിദ് പുറത്തേക്ക് വന്നു. കണ്ടാൽ തന്നെ അറിയാം, ഉറങ്ങുകയായിരുന്നു എന്ന്. ശാരികയെ കണ്ട് അവനൊന്നു അന്ധാളിച്ചു.
“താനെന്താ ഇവിടെ.?” അവൻ അമ്പരപ്പോടെ ചോദിച്ചു.
” ന്തേ എനിക്ക് മാത്രമായി ഇവിടെ വല്ല വിലക്കും ഉണ്ടോ.? അവൾ കൈകൾ പിന്നിൽ കെട്ടി അവനെ തുറിച്ചു നോക്കി.
” വിലക്കാനൊന്നും ഇല്ല, ഒറ്റ ചവുട്ടിനു വെളിയിൽ തള്ളേണ്ട മുതലാണ് എന്നേയുള്ളൂ. ” അവൻ കളിയാക്കുന്ന പോലെ സംസാരിച്ചു.
” എങ്കിൽ ഒന്ന് ചവുട്ടി നോക്ക്. അത്രക്ക് എല്ലുറപ്പുള്ള ആളല്ലേ. ചവുട്ടെടോ. ” അവൾ അവനോട് അടുത്തു.
” ഇതിനാണോ ഇപ്പൊ ഇങ്ങോട്ട് കെട്ടിയെടുത്തത്. വണ്ടിയെവിടെ. എങ്ങിനെ വന്നു? ”
അവൻ ചുറ്റും കണ്ണോടിച്ചു കൊണ്ട് ചോദിച്ചു.
” കാറ്റായി വന്നതാ. പാറി പാറി വന്നതാ. ന്താ അതിനും മഹാരാജന്റെ തിരുസമ്മതം നോക്കണമായിരുന്നോ ആവോ. ” അവൾ അൽപ്പം അരിശത്തോടെ കളിയാക്കി.
മുറ്റത് നിന്ന് ചുറ്റുപാടും ശ്രദ്ധിച്ചു നോക്കുന്ന അവന്റെ നഗ്നമായ മേൽശരീരത്തിലേക്ക് ശാരിക പാളി നോക്കി. ആണുങ്ങൾക്ക് ഇത്രയധികം ആകർഷണം ഉണ്ടാകുമോ എന്ന് അവൾക്ക് അതിശയം തോന്നി. ചെറുപ്പകാലത്തു അധ്വാനിച്ചതിന്റെ ആകാര വടിവും മുഴുപ്പും അവനെ ഒരു യോദ്ധാവിനെ പോലെ തോന്നിപ്പിച്ചു.
അവൾക്ക് ഇതുവരെയില്ലാത്ത ഒരാകർഷണം തോന്നി അവനോട്. അവൻ തിരിഞ്ഞു വീട്ടിലേക്ക് കയറി. അവൾ നോട്ടം മാറ്റി.
” കളിക്കാതെ കാര്യം പറയെടോ. താനെങ്ങിനെ ഇവിടെ എത്തി.? അവൻ ഗൗരവത്തിൽ ചോദിച്ചു.
” നാണമില്ലേ ഇത്രേം സുന്ദരിയായൊരു പെണ്ണിന്റെ മുന്നിൽ ഉടുതുണിയില്ലാതെ നിന്ന് തിരിയാൻ. അല്ലേലും പെണ്ണുങ്ങളുടെ മാത്രം സ്പെഷ്യൽ എഡിഷൻ ആണല്ലോ. ” അവൾ പുച്ഛത്തോടെ മുഖം കോട്ടി. അപ്പോഴാണ് ആ കാര്യം അവനും ശ്രദ്ധിച്ചത്. അവളെ അവൻ കൈയിൽ കടന്ന് പിടിച്ചു വാ എന്ന് പറഞ്ഞു അകത്തേക്ക് വലിച്ചു കയറ്റിയപ്പോൾ അവളൊന്നു നടുങ്ങി.
അവളൊന്നു ബലം പിടിച്ചു, പക്ഷെ അവന്റെ കൈയിൽ അവളൊരു പൂച്ചക്കുഞ്ഞു പോലെയായിരുന്നു. അകത്തെ ചെറിയൊരു സോഫയിൽ അവളെ ഇരുത്തി അവൻ അവന്റെ മുറിയിലേക്ക് പോയി. ആ സമയം കൊണ്ട് ആ കുഞ്ഞു കിളിക്കൂടു പോലുള്ള വീടൊന്ന് കണ്ണോടിച്ചു. എത്ര ശാന്തമായ ഇടമെന്ന് അവൾ ചിന്തിച്ചു. ഒരു ഷർട്ട് അണിഞ്ഞു വാഹിദ് ബെഡ്‌റൂമിൽ നിന്ന് ഇറങ്ങി വന്നു.
