മൂടൽ മഞ്ഞ് – 1 46

” ഭയങ്കര ദേഷ്യക്കാരൻ ആണല്ലേ, എടുത്തടിച്ചത് പോലെ പെരുമാറുന്ന പ്രകൃതം. ആളിന്റെ വലിപ്പമോ സ്ഥാനമോ നോക്കാതെ hurt ചെയ്യുന്ന ക്യാരക്ടർ” അവൾ നീരസത്തോടെ പറഞ്ഞു. അത് കേട്ട് അയാൾ ചിരിച്ചു.

” സത്യത്തിൽ അവനല്ല മോളാണ് ദേഷ്യക്കാരി. അവനോട് പത്തു മിനിറ്റ് സംസാരിച്ച ഒരു പെണ്ണും ഇതുവരെ അവന്റെ പിന്നിൽ നിന്ന് മാറിയിട്ടില്ല. എന്റെ മോൾ അമ്മു അടക്കം”. അയാൾ ചിരിച്ചു, പിന്നെ തുടർന്നു. “പക്ഷെ അവന്റെ ഉമ്മയെ ഓർത്തിട്ടാവണം, അല്ലെങ്കിൽ തന്നെ സംരക്ഷിക്കാൻ ആരുമില്ല എന്ന ആജീവനാന്ത തിരിച്ചറിവും ബോധ്യവും കൊണ്ടാവാം, ഇന്നുവരെ അവനൊരു സ്ത്രീയുമായി മോശമായി അടുത്തതോ അല്ലെങ്കിൽ ഇതുപോലെ കൈ നീട്ടി അടിച്ചതോ എന്റെ അറിവിൽ ഇല്ല. He is a man with unique personality. തനിച്ചായിപോയവന്റെ ഏകാന്തത ഉണ്ടെന്നതല്ലാതെ, അവനൊരു real ഹീറോ ആണ്. മോൾ അവനോട് സമീപിച്ച രീതിയിൽ വന്ന കുഴപ്പങ്ങളാണ്.

അമ്മു പറഞ്ഞാൽ അപ്പൊ തന്നെ ഞാൻ അവനെ പിടിച്ച് അവളുടെ കൈയിലേക്ക് കൊടുക്കും, അത്രക്ക് ഇഷ്ടമാണ് അവനെ എനിക്കും എല്ലാവർക്കും.” അയാൾ സ്നേഹത്തോടെ അവളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു.

അവൾക്ക് അവനോട് അസൂയ തോന്നി, കുറച്ച് ദേഷ്യവും. പെണ്ണിനെ ഒറ്റ നോട്ടം കൊണ്ട് തന്റെ വരുതിയിൽ നിർത്താനുള്ള തന്റേടം അവനുണ്ട് എന്ന തോന്നൽ, ഏത് പെണ്ണിനെ വേണമെങ്കിലും തന്റെതാക്കി മാറ്റനുള്ള വ്യക്തിത്വം അവനിൽ ഉണ്ട് എന്ന ബോധം അവളെ ദേഷ്യപ്പെടുത്തി. വെറുതെയല്ല താൻ കോടി സ്ത്രീകളിൽ ഒരുത്തി മാത്രമായി അവന് തോന്നിയത്.

” അങ്കിൾ എങ്ങിനെയാണ് അവനെ അറിയുന്നത്. എന്ന് മുതലുള്ള അടുപ്പമാണ്? ” അവൾ വീണ്ടും വാഹിദിലേക്ക് തന്നെ തിരിച്ചെത്തി.

” അവന്റെ വാപ്പയെ എനിക്ക് അറിയാമായിരുന്നു. ലോറി ഡ്രൈവർ ആയിരുന്നു. ഇടക്ക് നമ്മുടെ ചരക്ക് കോയമ്പത്തൂർ ഭാഗത്തേക്ക്‌ കൊണ്ട് പോകാനൊക്കെ അങ്ങേരെ വിളിക്കാറുണ്ടായിരുന്നു. പക്ഷെ എനിക്ക് അവൻ സുഹൃത്താവുന്നത് കള്ള് ശാപ്പിലൂടെയാണ്. എല്ലാ സൺ‌ഡേയും ഞാൻ വീട്ടിലേക്ക് പോകുന്ന വഴിയിലെ നാടൻ കള്ള് ഷാപ്പിൽ കേറി കള്ള് വാങ്ങും. ആ ഷാപ്പിൽ എന്നും വൈകിട്ട് ഭക്ഷണം കഴിക്കാൻ അവൻ വരും. പക്ഷെ അതൊന്നുമല്ല എനിക്ക് അവനോടുള്ള ബന്ധം. ” അയാൾ എന്തോ ആലോചിച്ചു മൗനമായി. ഒരു നനഞ്ഞ പുഞ്ചിരിയോടെ അയാൾ പോകാൻ എഴുന്നേറ്റു.

” അങ്കിൾ, വൈകിട്ട് ആ ഷാപ്പിലേക്ക് എന്നെ കൂടി ഒന്ന് കൊണ്ട് പോകാമോ.? ഒരുപക്ഷെ അവിടുത്തെ ഫുഡ്‌ അടിച്ചാൽ ഞാനും നന്നായെങ്കിലോ? അവൾ ചിരിച്ചു. അയാൾ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു.

” നടക്കില്ല മകളെ.. നിന്നെ നന്നാക്കാനുള്ള എഞ്ചിനീയറെയാണ് രായ്ക്ക് രാമാനം ഓടിച്ചു വിട്ടത്. മോൾക്ക് അതിലും നല്ലൊരു ചികിത്സ വേറെ ഇല്ലെന്ന് അറിയാവുന്നത് കൊണ്ടാണ് അവനെ ഇങ്ങോട്ട് വിട്ടത്. ഒക്കെ തുലച്ചില്ലേ. നാളെ ഞാൻ വടിയായിപോയാലും മോൾക്ക് മോളുടെ സാമ്രാജ്യം നിലനിർത്താൻ അവൻ ഒരാൾ മതി എന്ന് എനിക്ക് അറിയാമായിരുന്നു. ” അയാൾ പറഞ്ഞു നിർത്തി. അവൾ വാ പൊളിച്ചു നിന്നു.

“അപ്പൊ ചുമ്മാ ഒരു ഡ്രൈവറെ കൊണ്ട് തന്നത് ആയിരുന്നില്ല കിളവൻ, എന്റെ സ്വഭാവത്തിന് പറ്റിയ ഒരു പണി തന്നത് ആയിരുന്നു ല്ലേ.”

അവൾ ഇടുപ്പിൽ കൈകൾ ഊന്നി അയാളെ ചരിഞ്ഞു നോക്കി. അയാൾ വെളുക്കെ ചിരിച്ചു കൊണ്ട് തലകുലുക്കി. അയാൾ മടങ്ങിപ്പോയി. ശാരിക laptop തുറന്നു 2 ദിവസമായി വന്നു കിടന്നിരുന്ന മെയിലുകൾ കണ്ണോടിച്ചു കൊണ്ട് കുത്തിയിരുന്നു. കൃത്യം നാലുമണിയായപ്പോൾ രാജനെ വിളിച്ചു തന്നെ ഷാപ്പിലോട്ട് കൊണ്ട് പോകാൻ പറയുകയും ചെയ്തു.

നല്ല വൃത്തിയുള്ള മോഡേൺ കള്ള് ഷാപ്പ് ആയിരുന്നു അത്. കഴിഞ്ഞ ദിവസം രാത്രിയിലെ നടുക്കത്തിനു ശേഷം മൂന്നാം നാൾ അവൾ ആദ്യമായി പുറത്തേക്ക് ഇറങ്ങിയതാണ്. രാജന്റെ കൂടെ ഒരു പെൺകുട്ടി കയറി വന്നതിൽ ആർക്കും വലിയ അത്ഭുതമൊന്നും തോന്നിയില്ല എന്നത് ശാരിക ശ്രദ്ധിച്ചു. ഒരുപക്ഷെ പലരും വന്നു പോകുന്നുണ്ടാവാം എന്നവൾ ചിന്തിച്ചു. വൃത്തിയും വെടിപ്പും ഉണ്ടെങ്കിലും പുളിച്ച കള്ളിന്റെ ഒരു വാട അന്തരീക്ഷത്തിൽ തങ്ങി നിന്നിരുന്നത് അവൾക്ക് അൽപ്പം മനം പിരട്ടൽ ഉണ്ടാക്കി.

Leave a Reply

Your email address will not be published. Required fields are marked *