അച്ചായത്തി ഫ്രം ബാംഗ്ലൂർ – 5 13

വളരെ മയത്തിലായിരുന്നു ശിവയുടെ സംസാരം.

” എന്താണ് നിങ്ങൾക്ക് എന്നെക്കൊണ്ട് ആവശ്യം ?? ”

അവൻ സംശയത്തോടെ ശിവയെ നോക്കി.

” അതൊക്കെയുണ്ട് കുറച്ച് കടന്ന കൈയാണ് എന്തായാലും നീ ചെയ്തേ പറ്റൂ..!! ”

” എനിക്ക് നിങ്ങൾ ആരാണെന്ന് പോലും അറിയില്ല..!! എന്നെ ഈ രൂപത്തിൽ കെട്ടിയിട്ട് ഒരു കാര്യം അവശ്യപ്പെടുമ്പോൾ എന്താണെന്ന് പോലും അറിയാതെ ഞാൻ എങ്ങനെയാണ് ചെയ്യുമോ ഇല്ലയോ എന്ന് പറയുന്നത്..?? ”

” ഞാൻ ജോർജ് ബുഷ് ഇത് ഡൊണാൾഡ് ട്രമ്പ്.. ഞങ്ങൾ അമേരിക്കയുടെ നയ തന്ത്രപരമായ കാര്യങ്ങൾ സംസാരിക്കാൻ വന്നതാണ്… എന്താ മോനെ ചെയ്യാൻ പറ്റുമോ ?? ”

ചിരിച്ചു കൊണ്ടാണ് ശിവ അത് പറഞ്ഞത് അത് കേട്ടതും അവിടെ കൂടി നിന്ന അവൻറെ കൂടെ ഉള്ളവരും പരിഹസിച്ചു ചിരിച്ചു.

എല്ലാവരുടെയും ചിരി അവന് കാര്യമായ രീതിയിൽ അലോസരമുണ്ടാക്കി

” അത്യാവശ്യം സെറ്റപ്പ് എനിക്കുമുണ്ട്..!! പണി കിട്ടും കേട്ടോ ”

പയ്യൻ ശിവയെ നോക്കി ദേഷ്യം കൊണ്ട് പല്ല് ഇറുമ്മി.. !!

എങ്കിലും ശിവയുടെ മുഖത്ത് ഒരു കൂസലോ ഭാവമാറ്റമൊ ഉണ്ടായില്ല.

” ഭഗത് ഇവനെ കൊണ്ട് നമുക്ക് ഉപകാരമുണ്ടാകും എന്ന് എനിക്ക് തോന്നുന്നില്ല..!! മാത്രമല്ല എന്തായാലും നീ ഇവിടുന്ന് പുറത്തു പോയാൽ എനിക്കിട്ട് പണിയുകയും ചെയ്യും.. ഇപ്പോൾ എന്താ ചെയ്യാ..?? ”

ശിവ തന്റെ വെട്ടി ഒതുക്കിയ കുറ്റി താടി ചൊറിഞ്ഞുകൊണ്ട് എന്തോ കാര്യമായി ആലോചിച്ചു.

പിന്നെ പുറകിൽ നിന്നും അരയിൽ തിരുകി വെച്ചിരുന്ന ഒരു പീസ് പുറത്തേക്ക് എടുത്തു.

” ഇത് ബരീറ്റ എം 9 സെമി ഓട്ടോ മാറ്റിക് അമേരിക്കൻ ആണ്..!! വേൾഡ് ഡിഫെൻഡർ എന്നാ ചോട്ടാ നെയിം.. നിൻറെ കാൽപാദം തൊട്ട് തലയോട്ടി വരെ 5 സെൻറീമീറ്റർ ഗ്യാപ്പിൽ ഞാൻ ഓരോ തുളയിടും ”

ശിവയുടെ മുഖ ഭാവം മാറിയതും ഒപ്പം സിനിമകളിൽ മാത്രം കണ്ടു പരിചയം ഉള്ള ‘വേൾഡ് ഡിഫെൻഡർ ‘ പുറത്തേക്ക് കണ്ടതും പയ്യൻറെ മുട്ടുകാലടക്കം കിടന്ന് വിറക്കാൻ തുടങ്ങി…

സംഭരിച്ച ധൈര്യം എല്ലാം ചോർന്നത് പോലെ.. മുന്നിലിരിക്കുന്നത് സാധാരണക്കാരല്ല എന്ന് അവനു വളരെ വ്യക്തമായി മനസ്സിലായി.

” സർ നിങ്ങൾ ആരാണെങ്കിലും നിങ്ങൾക്ക് വേണ്ടത് ഞാൻ ചെയ്യാം ”

” വേണ്ട..!! നിനക്ക് അത് ബുദ്ധിമുട്ടാവില്ലേ ഞാൻ വേറെ ആരെങ്കിലും നോക്കിക്കോളാം..”

ശിവ എഴുനേൽക്കാൻ തുടങ്ങി.

” വേണ്ട സാർ എന്താണെങ്കിലും എന്നെക്കൊണ്ട് പറ്റുന്നത് കൊണ്ടാണല്ലോ നിങ്ങൾ എന്നെ കൊണ്ടുവന്നിരിക്കുന്നത് ഞാൻ തന്നെ ചെയ്യാം സർ..!! ”

” കണ്ടോ അപ്പോൾ നിനക്ക് ബുദ്ധിയില്ലാഞ്ഞിട്ടല്ല ”

അത് പറഞ്ഞതും ശിവ പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് പാക്ക് പുറത്തേക്ക് എടുത്തു. .

” വലിക്കുമോ ?? അല്ല അതെന്ത് ചോദ്യമാണല്ലേ ? ”

ശിവ തൻറെ പോക്കറ്റിൽ നിന്നും എടുത്ത പാക്കറ്റ് അവന് നേരെ നീട്ടി.

തൻറെ സിഗരറ്റ് കത്തിച്ച ശേഷം ലൈറ്റർ അവന് പാസ് ചെയ്തു..

സാഹചര്യം ഒന്ന് തണുത്തു എന്ന് മനസ്സിലാക്കിയതും അവൻ പാക്കറ്റിൽ നിന്നും സിഗരറ്റ് എടുത്ത് വായിലേക്ക് വച്ച് കത്തിച്ചു..

ശിവ പോക്കറ്റിൽ നിന്നും ഒരു ചെറിയ കവർ എടുത്ത് അവനു നൽകി..

” ആരും വെറുതെ പണിയെടുക്കേണ്ട ഇത് നിനക്കുള്ളതാണ് പിന്നെ ആദ്യം രണ്ടെണ്ണം കിട്ടിയത് അത് ഈ പൈസ വാങ്ങി നീ ചാമ്പാൻ നോക്കിയാൽ എന്തായിരിക്കും വരാൻ പോകുന്നത് എന്നതിനുള്ള ഒരു ഓർമ്മപ്പെടുത്തലാണ്..!! എന്താണ് ചെയ്യേണ്ടത് എന്ന് ഭഗത്ത് പറഞ്ഞു തരും ” അതും പറഞ്ഞ് ശിവ ഭഗത്തിനെയും കൂട്ടി അവിടെ നിന്നും പുറത്തേക്ക് മാറി

” ഭഗത് എന്താ വേണ്ടത് എന്ന് നിനക്കറിയാം..”

” ആ ചേട്ടാ ..!! ഞാൻ നോക്കിക്കോളാം ”

ഭഗത്തിന്റെ മറുപടി കിട്ടിയതും ശിവ പുറത്തേക്ക് നടന്നു..

വലിച്ചു കൊണ്ടിരുന്ന സിഗരറ്റ് പൂർത്തിയാക്കുമ്പോഴേക്കും പുറത്ത്.. ആകാശത്തേക്ക് കാർമേഘങ്ങൾ ഇരുണ്ടു കൂടി തുടങ്ങിയിരുന്നു.

രണ്ടുദിവസം മുന്നേ മഴ മുന്നറിയിപ്പ് വന്നിരുന്നെങ്കിലും ഇത്രയും പെട്ടെന്നുള്ള മഴയുടെ കടന്നു വരവ് ബാംഗ്ലൂർ നിവാസികൾ ആരും തന്നെ പ്രതീക്ഷിച്ചുണ്ടായിരുന്നില്ല..

1 Comment

Add a Comment
  1. polichu e part adipoli

Leave a Reply

Your email address will not be published. Required fields are marked *