ജ്യൂസ് വാങ്ങിക്കൊണ്ട് അമ്മയെ അനിഷ്ടത്തോടെ ഒന്ന് നോക്കി അവൾ മുഖം വെട്ടിച്ചു തിരിഞ്ഞു നടന്നു. വാഹിദിനെ കുറിച്ച് അമ്മ അങ്ങിനെ പറഞ്ഞത് അവൾക്ക് അത്ര ഇഷ്ടമായില്ല. താരയ്ക്ക് ചിരിവന്നു.
“ടീ നിക്കടിയവിടെ.”
താര കർക്കശ സ്വരത്തിൽ ജൂലിയെ പിന്നിൽ
നിന്ന് വിളിച്ചു. ജൂലി നടത്തം നിർത്തി പേടിയോടെ അമ്മയെ നോക്കി. താരയ്ക്ക് അതിശയം തോന്നി. എന്തൊരു അച്ചടക്കമാണ് അവൾക്ക് വന്നിരിക്കുന്നത്. അമ്മയോടുള്ള ഭയവും ബഹുമാനവും അങ്ങേയറ്റം പ്രകടമാവുന്ന അവളുടെ ചകിതമായ കണ്ണുകൾ കണ്ടപ്പോൾ താരയ്ക്ക് സഹതാപവും വല്ലാത്ത വാത്സല്യവും തോന്നി. തന്റെ മകൾ പ്രണയത്തിന്റെ ഏറ്റവും ആഴത്തിലേക്ക് വീണുപോയിട്ടുണ്ടെന്ന് അവർക്ക് മനസ്സിലായി.
“അവൻ നിന്റെ റൂമിലാണോ കിടക്കുന്നത്. ഏത് റൂമാണ് കൊടുത്തിരിക്കുന്നത്.?”
അവർ അവളുടെ അടുത്തേക്ക് ചെന്ന് പതിഞ്ഞ ശാന്തമായ സ്വരത്തിൽ ചോദിച്ചു. നാണം അവളുടെ കണ്ണിലും കവിളിലും ഒരു പൂക്കാലം തീർക്കുന്നത് അവർ കണ്ടു.
“നോ മമ്മീ. ബാൽക്കണിയുടെ അടുത്തുള്ള മുറിയാണ് കൊടുത്തത്. മൂപ്പർക്ക് പുറത്തെ കാഴ്ച്ചകൾ നോക്കി രാത്രി കുറേനേരം ഇരിക്കാൻ വലിയ ഇഷ്ടമാ.”
അവൾ നിഷേധാഭാവത്തിൽ തലകുലുക്കി കൊണ്ട് പറഞ്ഞു. താര വാത്സല്യത്തോടെ അവളുടെ സമൃദ്ധമായ മുടിയിൽ കൈയോടിച്ചു.
“മോൾക്ക് ജീവനാണല്ലേ അവനെ? ഇത്ര സുന്ദരിയായും ഇത്ര നല്ലൊരു കുട്ടിയായും ഇന്നേവരെ മോളെ ഞങ്ങൾ കണ്ടിട്ടില്ല, അതുകൊണ്ട് ചോദിച്ചതാ.”
താര സന്തോഷവും അഭിമാനവും നിറഞ്ഞ ഈറൻ മിഴികളോടെ പറഞ്ഞു. പൊടുന്നനെ ജൂലിയുടെ കണ്ണുകൾ കലങ്ങി ചുണ്ടുകൾ വിതുമ്പാൻ തുടങ്ങി. എത്ര ശ്രമിച്ചിട്ടും നിയന്ത്രിക്കാൻ കഴിയാത്ത മനോവ്യഥയുടെ തിരയാട്ടത്തിൽ അവളുടെ മനസ്സ് ആടിയുലഞ്ഞു. താൻ വാഹിദിന്റെ ആരാണെന്ന ചോദ്യം തീരം കാണാത്ത കടലുപോലെ തന്റെ പ്രക്ഷുബ്ദമായ ചിന്തകളിൽ തിരതല്ലിയാർക്കുന്നത് അവൾക്ക് തന്നെ കാണാമായിരുന്നു. നീ എന്റെ പെണ്ണല്ലെടീ എന്ന് അവന്റെ നാവിൽനിന്ന് ഒന്ന് വീണുകിട്ടാൻ അവളുടെ കാതും മനസ്സും വല്ലാതെ കൊതിക്കുന്നുണ്ടായിരുന്നു.
“എനിക്ക് അറിഞ്ഞൂട മമ്മീ. എത്ര സഹിച്ചു സഹിച്ചു ദിവസങ്ങൾ തള്ളിനീക്കിയിട്ടാണ് ഞാൻ അങ്ങേരോട് ഒന്ന് മിണ്ടാൻ പോലും തുടങ്ങിയതെന്ന് അറിയോ. എല്ലാ ആണുങ്ങളും എന്റെ ഫ്രണ്ട്ഷിപ്പും പ്രണയവും എന്റെ കൂടെ കിടക്കാനും പിന്നാലെ നടന്നു കെഞ്ചിയിട്ടുണ്ട്. ഇഷ്ടമില്ലെങ്കിൽ വേണ്ട ഒരു തവണ ഒന്ന് കമ്പനി കൂടാമോ എന്ന് ചോദിച്ചു യാചിച്ചിട്ടുണ്ട്. ഇങ്ങേരെ ഞാൻ അങ്ങോട്ട് ഇഷ്ടം കാണിച്ചിട്ടും പുല്ല് വിലപോലും തന്നിട്ടില്ല. ഇതുപോലെ ഒരുത്തനെ ഞാൻ ഇന്നോളം കണ്ടിട്ടില്ല, മിണ്ടിയിട്ടില്ല. ചാവാൻ കൊതിച്ചുപോകുന്ന ഒരു ഇഷ്ട്ടമാ ഉള്ളിൽ. അത്രേ എനിക്കറിയൂ.”
“അതിനെയാണ് സ്നേഹമെന്ന് പറയുന്നത്. ഇത്രനാളും നീ കാലത്തിന്റെ ഒപ്പം ജീവിച്ചു എന്നല്ലാതെ ഇന്നോളം ഒരാളും നിന്റെ മനസ്സിൽ മാറ്റം ഉണ്ടാക്കിയിട്ടില്ല. അതിനർത്ഥം ഇതുവരെ നീ ആരെയും സ്നേഹിച്ചിരുന്നില്ല എന്നാണ്. നിന്നെ അവൻ കെട്ടിയാലും ഇല്ലെങ്കിലും, ഈ ലോകത്ത് ഏറ്റവും നല്ലൊരു കുട്ടിയാക്കി നിന്നെയവൻ മാറ്റിയിട്ടുണ്ട്. എനിക്ക് അതുമതി.”
നിറഞ്ഞുവന്ന കണ്ണുകൾ തുടച്ചുകൊണ്ട് അടുക്കളയിലെ ലൈറ്റ് ഓഫ് ചെയ്തിട്ട് താര കിടപ്പുമുറിയിലേക്ക് പോയി. ജൂലി നനഞ്ഞ മിഴികളും ക്ഷീണിച്ച കാലുകളുമായി മുകളിലേക്കും. വാഹിദ് അവൾ പ്രതീക്ഷിച്ചത് പോലെ ബാൽക്കണിയിൽ ഇരുപ്പുണ്ടായിരുന്നു. ഫോണിൽ സംസാരിക്കുകയാണ്. ഷർട്ട് ഇട്ടിട്ടില്ല, പപ്പയുടെ വൈറ്റ്
ഷോർട് പാന്റ്സ് മാത്രമാണ് വേഷം. ഫോണിൽ സംഗീതയോ രഞ്ജിനി മാഡമോ ആയിരിക്കും. തിരികെ കാണാഞ്ഞിട്ട് കാര്യങ്ങൾ അന്വേഷിക്കുകയായിരിക്കും. അവൾ അവന്റെ മുറിയിലേക്ക് കയറി ജ്യൂസ് പാത്രം കട്ടിലിനു ചേർന്നുള്ള സൈഡ് ബോർഡിൽ വച്ചിട്ട് അവളുടെ മുറിയിലേക്ക് പോയി. എന്നിട്ട് ഉടുത്തിരുന്ന വസ്ത്രം അഴിച്ചു കട്ടിലിലേക്ക് എറിഞ്ഞിട്ട് നഗ്നയായി അലമാരയുടെ അടുത്തേക്ക് നടന്ന് അലമാര തുറന്നു. പിന്നെ ഹാങ്കറിൽ നിന്ന് ഒരെണ്ണം പുറത്തേക്കെടുത്തു. വെളുത്ത നേർത്ത തന്റെ വിലകൂടിയ നിശാവസ്ത്രം. ശരീരം മുഴുവൻ വെളിയിൽ കാണാവുന്ന വളരെ മിനുത്ത ആ വസ്ത്രം അണിഞ്ഞിട്ട് കണ്ണാടിയുടെ മുന്നിൽ നിന്ന് തിരിഞ്ഞും മറിഞ്ഞും തന്റെ ശരീര വടിവുകൾ അവളൊന്ന് അളന്നു. പിന്നെ വാഹിദിന്റെ മുറിയിൽ ചെന്ന് കട്ടിലിൽ ഇരുന്നു. കുറച്ച് കഴിഞ്ഞു വാതിൽ ചെന്നു നോക്കിയപ്പോൾ അവൻ സംസാരം നിർത്തിയിട്ടുണ്ടെന്ന് കണ്ടപ്പോൾ അവളും അങ്ങോട്ട് ചെന്നു.
