യുവതികളുടെയും കണ്ണുകൾ അവർക്ക് നേരെ നീണ്ടു.
“തെണ്ടിത്തിരിഞ്ഞു രണ്ടെണ്ണവും ഒടുവിൽ എത്തിയോ? ഉച്ചക്ക് വന്ന ഞങ്ങളപ്പോ ആരായി? പറ, ആരായി?”
അനാമിക തമാശകലർന്ന പരിഹാസത്തോടെ വാഹിദിനോട് ചോദിച്ചു. എല്ലാവരുടെയും ചിരി ഉയർന്നു.
“നീ പ്രത്യേകിച്ച് ആരാവാനാ. ശശി എപ്പോഴും ശശിതന്നെയല്ലേ.”
അവനും തിരിച്ചടിച്ചു. ജൂലി ബാഗ് തോളിൽ നിന്നിറക്കി മുറ്റത്ത് നിരത്തിയിരുന്ന മേശയുടെകൂട്ടത്തിൽ ഒന്നിനു മുകളിൽ വച്ചു.
“ഓഹ്..ഇക്കാന്റെ പെണ്ണിന്റെ ഒരു തിരുമുഖം കണ്ടില്ലേ. ആമ്പൽ വിരിഞ്ഞത് പോലുണ്ടല്ലോ. വായി നോക്കി, ഇളിച്ചോണ്ട് നിൽക്കുന്നത് കണ്ടില്ലേ.”
ജസീന ജൂലിയെ നോക്കി തമാശയോടെ ചുണ്ടു കോട്ടി പുച്ഛത്തോടെ പറഞ്ഞു. എല്ലാവരും ചിരിയിൽ പങ്കു കൊണ്ടപ്പോൾ ജൂലി അവളെ നോക്കി ചുണ്ടുമലർത്തി. വാഹിദിനെ അവരുടെ കൂടെ ഇരുന്നു.
“കൂട്ടത്തിൽ പുതിയ ഭടന്മാരെയും ഭാടന്മാരിച്ചികളെയും കാണുന്നുണ്ടല്ലൊ. നാട്ടിലെ വീരശൂരന്മാർ ആണോ?”
വാഹിദ് പുതുമുഖങ്ങളെ നോക്കി കൈകാണിച്ചു ലോഹ്യം പറഞ്ഞു.
“അതേ, ഇവിടുത്തെ യോദ്ധാക്കളാണ്. വാഹിദ് എന്നൊരു സൈന്യത്തലവനായിരുന്നു ഇവരുടെ മുഴുവൻ സംസാര വിഷയം. നിങ്ങള് അത്ര ഭയങ്കരനാ ല്ലേ.”
നാട്ടുകാരിൽ ഒരു യുവാവ് പറഞ്ഞു. തമാശയായിട്ടാണ് അവൻ പറഞ്ഞതെങ്കിലും തന്നെക്കുറിച്ച് വളരെ വിശദമായ ചർച്ച അവിടെ നടന്നിട്ടുണ്ടെന്ന് അവന് മനസ്സിലായി. ജൂലി അനാമികയുടെ അടുത്ത് ചെന്നു ജസീനയുടെയും അഞ്ജുവിന്റെയും ഇടയിൽ ഇരുന്നു.
“എന്നെക്കുറിച്ച് വലിയ ചർച്ച നടന്ന മട്ടുണ്ടല്ലോ. കഴിഞ്ഞ വീക്ക് റോഡ്ൽ ബ്ലോക്ക്ണ്ടാക്കിയ മന്ത്രിയെയും എം.എൽ.എയെയും തല്ലിയ കഥയും പറഞ്ഞോ?”
വാഹിദ് വളരെ ഗൗരവം നടിച്ചു വിശ്വാസം തോന്നിപ്പിക്കുന്ന ഭാവത്തിൽ തട്ടിവിട്ടു. ആ യുവാക്കളും യുവതികളും അന്തംവിട്ടു വാപൊളിച്ചു തന്നെയും തന്റെ കൂട്ടുകാരെയും മാറിമാറി സംശയവും സന്ദേഹവും കലർന്ന ഭാവത്തിൽ നോക്കുന്നത് വാഹിദ് കണ്ടു. അവൻ അനാമികയേയും അഞ്ജുവിനെയും സാമിനെയും മറ്റും മാറിമാറി നോക്കി.
“ഹേയ്..ഇല്ലില്ല..അതൊക്കെ ഇവിടെ പറയാൻ കൊള്ളുന്ന കാര്യമാണോ. അതൊന്നും പറഞ്ഞില്ല.”
സാമിന് പെട്ടന്ന് കാര്യം മനസ്സിലാവുകയും അവൻ വാഹിദിന്റെ തമാശ ഉൾക്കൊണ്ട് വിഷയത്തിലേക്ക് കയറി ഇടപെടുകയും ചെയ്തു. അപ്പോഴും അനാമികയും അഞ്ജുവും എന്താണ് കാര്യമെന്ന് അറിയാതെ അതെപ്പോ സംഭവിച്ചു എന്ന അമ്പരപ്പോടെ വഹിദിനെയും സാമിനെയും നോക്കി.
“എടാ കഴിഞ്ഞ വീക്ക് നമ്മൾ എം.ജി റോഡിന്റെ നടുവിൽ നിന്ന് റീൽസ് എടുക്കാൻ നോക്കിയപ്പോ മന്ത്രിയുടെ വണ്ടി വന്ന് നടുറോഡിൽ നിർത്തിയ സംഭവം. വണ്ടികളൊക്കെ വന്ന് റോഡ് ബ്ലോക്ക് ആയപ്പോ വാഹിദ് വന്ന് റോഡ് ബ്ലോക്ക് ആക്കിയതിനു പ്രശ്നം ഉണ്ടാക്കി തർക്കമായി അടിയുണ്ടായ കാര്യമാ.”
സാം മനോജിനെ നോക്കി എന്തോ ഓർത്തെടുക്കുന്ന ഭാവം നടിച്ചുകൊണ്ട് പറഞ്ഞു. അങ്ങിനെയൊരു കാര്യം നടന്നില്ലെന്ന് മാത്രമല്ല ജീവിതത്തിൽ ഇതുവരെ ഒരു റീൽ പോലും ചെയ്തിട്ടില്ലാത്ത മനോജിന് സാം അവിടെയൊരു വിഷയം ചർച്ചക്ക് കൊണ്ടുവരാൻ ശ്രമിക്കുകയാണെന്ന് എളുപ്പം മനസ്സിലാക്കി സംഭവം ഓർമ്മവന്നത് പോലെ അഭിനയിച്ചു.
“ഓഹ് അതെയതെ. ഞാൻ അത് മറന്നു
കളഞ്ഞതായിരുന്നു. ന്റെ പൊന്നു മക്കളെ, അതൊന്നും ഓർക്കാത്തതാ നല്ലത്. ആ വിഷയം വിട്, അതൊരു ഒന്നൊന്നര സംഭവമായിപ്പോയി.”
മനോജ് ഗ്രാമയുവാക്കളെ നോക്കി ഓർക്കാൻ ഇഷ്ടപ്പെടാത്ത ഏതോ വല്ലാത്ത വിഷയം ചർച്ചചെയ്യുന്നത് പോലെ തലയിട്ട് ആട്ടിക്കൊണ്ട് പറഞ്ഞു. കേട്ടത് വിശ്വസിക്കാൻ കഴിയാത്തത് പോലെ അവർ അന്താളിച്ചു കുത്തിയിരിപ്പാണ്.
“ഒപ്പമുള്ള ചേട്ടനെ എന്നിട്ട് ആരും തല്ലിയില്ലേ? പോലീസ് പോലും തല്ലിയില്ലേ.”
നാട്ടുകാരിയായ ഒരു കാന്താരിമുളക് പോലെ തോന്നിപ്പിക്കുന്ന സുന്ദരിക്കുട്ടി സാമിനോട് ചോദിച്ചു. സാമിന് ചെറിയൊരു ഉത്സാഹം തോന്നി. കുറച്ചുനേരമായി അവൻ അവളെ ഇടക്കിടക്ക് അവളിലേക്ക് കടാക്ഷങ്ങൾ എറിഞ്ഞു ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു. അവൾ അത് കാണുകയും ചെയ്യുന്നുണ്ടായിരുന്നു.
