സംഗീതകൂടി കയറിക്കഴിഞ്ഞപ്പോൾ വാഹിദ് വണ്ടി മുന്നോട്ടെടുത്തു. മഴയിലൂടെ അവരെയും കൊണ്ട് അവന്റെ വാഹനം ഒഴുകിപ്പോയി. തണുത്തു വിറക്കുന്ന ജൂലി വാഹിദിനെയും സംഗീത ജൂലിയെയും കെട്ടിപ്പിടിച്ചു വണ്ടിയുടെ പിന്നിൽ ഞെങ്ങിഞെരുങ്ങി ഇരുന്നു.
“ഞാൻ ജൂലിയെ അവളുടെ വീട്ടിൽ വിട്ടിട്ട് വരാം. അതുവരെ നീ രഞ്ജുവിന്റെ വീട്ടിൽ വെയിറ്റ് ചെയ്യ്. അവൾ കുറേതവണ വിളിച്ചിരുന്നു. മിസ്സ്‌ഡ്കോൾ കാണുന്നുണ്ട്.”
ഓഫീസിന്റെ അടുത്തുള്ള സിഗ്നലിൽ വണ്ടി നിർത്തിയപ്പോൾ വാഹിദ് സംഗീതയെ തിരിഞ്ഞുനോക്കിയിട്ട് പറഞ്ഞു. “ജൂലിയെ ഇപ്പൊതന്നെ വീട്ടിൽ വിട്ടിട്ട് വന്നാൽ എന്താ” എന്ന് ചോദിക്കാൻ അവൾക്ക് തോന്നി. അവന്റെ മനോഹരമായ മുഖത്തെ തല്ലുകൊണ്ട് ചുവപ്പു വീണ ഭാഗങ്ങളിൽ തടവിക്കൊടുക്കാൻ, മരുന്ന് പുരട്ടിക്കൊടുക്കാൻ അവൾ വല്ലാതെ കൊതിച്ചു. പക്ഷേ ഒന്നുമൂളിയതല്ലാതെ അവൾ അവനെ എതിർത്തൊന്നും പറഞ്ഞില്ല. വാഹിദ് പരിസരം ഇടയ്ക്കിടെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സംഗീതയെ നിരന്തരമായി ടോമി കൂട്ടിക്കൊണ്ട് പോയിരുന്ന സ്ഥലമാണ്. റോഡാണെന്നോ പൊതുവഴിയാണെന്നോ ചിന്തിക്കാതെ ഇരുട്ടിൽ വാഹനം നിർത്തി അവളെ ആവശ്യക്കാർക്ക് കൂട്ടിക്കൊടുത്തു ടോമി മൊബൈൽ വേശ്യാലയം നടത്തിയിരുന്ന സ്ഥലമാണ്. അവർക്ക് വളരെ സുപരിചിതമായ സ്ഥലമാണ്. ആരെങ്കിലും തങ്ങളെ പിന്തുടരുന്നുണ്ടാവുമെന്ന് അവന് തോന്നി. അവൻ രണ്ടു ഓട്ടോറിക്ഷകളുടെ ഇടയിലേക്ക് ബുള്ളറ്റ് നീക്കി സിഗ്നൽ മാറാൻ കാത്തുനിന്നു. ഒടുവിൽ വണ്ടി മുന്നോട്ടെടുത്തു നേരെ രഞ്ജിനിയുടെ വീട്ടിലേക്ക് പോയി. ബുള്ളറ്റിന്റെ ശബ്ദം കേട്ടപ്പോൾ തന്നെ രഞ്ജിനിയും രമ്യയും വനജയും ഓടി പോർച്ചിലേക്ക് വന്നിരുന്നു.
വണ്ടിയിൽ സംഗീതയെ കണ്ടതും അവർക്ക് ആശ്വാസം തോന്നി. വണ്ടിയിൽ നിന്നിറങ്ങി സംഗീത രഞ്ജിനിയുടെ അടുത്തേക്ക് ചെന്നപ്പോൾ രമ്യയും രഞ്ജിനിയും സ്നേഹത്തോടെ അവളെ സ്വീകരിച്ചു ആശ്വസിപ്പിക്കാനായി മുതുകിൽ കൈവച്ചു.
“രഞ്ജു, ഇവൾ കുറച്ചുസമയം ഇവിടെ നിന്നോട്ടെ. ഞാൻ ജൂലിയെ വീട്ടിൽ വിട്ടിട്ട് വരാം.”
വാഹിദ് രഞ്ജിനിയോട് പറഞ്ഞു. രമ്യയെ ഒന്ന് നോക്കുകയും സംഗീതയെ ഒന്ന് ശ്രദ്ധിക്കാൻ തലകൊണ്ട് ആംഗ്യം കാണിക്കുകയും ചെയ്തു.
“ഇവിടെ ഒരു നൂറുകോടി റൂമെങ്കിലും വെറുതെയിരിപ്പുണ്ട്. അവൾക്കും ഇവിടെ നിന്നിട്ട് നാളെ പോയാൽ പോരെ. ഇപ്പൊ തന്നെ അവിടെ എത്തണമെന്നുണ്ടോ?”
രഞ്ജിനി ശാസിക്കുന്ന സ്വരത്തിൽ ചോദിച്ചു. ജൂലി അവളെ നോക്കി പുഞ്ചിരിച്ചു നിന്നു.
“അതുവേണ്ട, അവൾ സ്വന്തം വീട്ടിൽ നിന്നല്ലേ വരുന്നത്. എവിടെയാ കുറേക്കൂടി നല്ലത്. അധികം ദൂരത്തൊന്നും അല്ലല്ലോ, ഞാൻ പെട്ടന്ന് വരാം.”
“എടോ, ഈ രാത്രി ഇനി നീ പോകുന്നത് ശരിയല്ല. സേഫ് അല്ല. ഈ സിറ്റിയിൽ എവിടെയൊക്കെ അവന്മാരുടെ ആളുകൾ ഉണ്ടാകുമെന്ന് പറയാനാകില്ല. അതാ രഞ്ജു പറയുന്നത്.”
രമ്യ ഇടയിൽ കയറി പറഞ്ഞു. വാഹിദ് ഗൗരവത്തോടെ അവളുടെ വാക്കുകൾ കേട്ടിട്ട് ചെറിയ പുഞ്ചിരിയോടെ മറുപടി കൊടുത്തു.
“രമ്യ, ഓടാൻ തുടങ്ങിയാൽ ഓടാൻ മാത്രമേ നേരം കാണൂ. ലക്ഷ്യം അവർക്കാണ് നമുക്കല്ല. അതുകൊണ്ട് അവർ പിന്നാലെയുണ്ടാകും. അവരുടെ ലക്ഷ്യത്തെ ഇല്ലാതാക്കുകമാത്രമാണ് നമ്മുടെ ഉദ്ദേശം. അതുകൊണ്ട് ഇന്ന്
ഓഫീസിൽ കേറിയവർ നാളെ വീട്ടിൽ കേറില്ലന്ന് എന്താണുറപ്പ്. വരുന്നെങ്കിൽ വരട്ടെ, നമുക്ക് നോക്കാം. ജൂലി നീ വണ്ടിയിൽ കേറ്.”
വാഹിദ് ഉറച്ച സ്വരത്തിൽ പറഞ്ഞു. രഞ്ജിനി അവന്റെ മുഖത്തെ പാടുകളിലേക്കും നനഞ്ഞു ചെളി പുരണ്ട ടീഷർട്ട്ലൂടെ മുഴച്ചു നിൽക്കുന്ന പേശികളിലേക്കും നോക്കി. അവനെ തോൽപ്പിക്കാൻ ആർക്കും സാധിക്കില്ലെന്ന ഒരു ആത്മവിശ്വാസം അവളിൽ ഉടലെടുത്തു. എല്ലാം തികഞ്ഞവൻ, അപരാചിത യോദ്ധാവ്. ഒരുപക്ഷെ പഴയ രാജകാലം ആയിരുന്നെങ്കിൽ ചരിത്രത്തിൽ നിറഞ്ഞു നിൽക്കുന്ന സൈന്യാധിപൻ ആയേനെ. അവൾ ബൈക്ക്ന്റെ അടുത്തേക്ക് വന്ന് ഹാന്റിലിൽ പിടിച്ചിരിക്കുന്ന വാഹിദിന്റെ കൈത്തണ്ടയിൽ കൈവച്ചു.
