“ഇതേ ഉള്ളൂ? വേറെ ഓർണമെൻറ്സ് ഒന്നും ഇല്ലേ?”
നൂറ കുറച്ച് നിരാശയോടെ ചോദിക്കുന്നത് എല്ലാവരും കേട്ടു.
“ഉണ്ടെന്നേ. ഇതിമതിയെന്ന് തോന്നി. എല്ലാവരും പറഞ്ഞു ഇതാണ് ഭംഗിയെന്ന്.”
“നീ അവിടെനിന്ന് ഒന്ന് മാറിനിന്നെ. എനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്.”
സംഗീത എഴുന്നേറ്റ് ആളൊഴിഞ്ഞ ഭാഗത്തേക്ക് നടന്നു. കുറച്ചുനേരം അവർ സംസാരിക്കുന്നത് മറ്റുള്ളവർ കണ്ടു. സംഗീത തലകുലുക്കുന്നതും സമ്മതം പറയുന്നതും മറ്റും മാത്രം കാണാം. ഒടുവിൽ ഫോണുമായി തിരികെ വന്നു. ഫോൺ വാഹിദിന്റെ കൈയിലേക്ക് കൊടുത്തിട്ട് പഴയ സ്ഥലത്തേക്ക് ഇരുന്നു, അവൾ.
“ഇക്കാ ഇങ്ങോട്ട് വരുന്നില്ലേ. എത്രയായി പറയുവാ. ഒന്ന് വരൂ ന്നെ.”
നൂറയുടെ സന്തോഷം പതിയെ തളരുന്നതും മുഖത്ത് വിഷമം കലരുന്നതും എല്ലാവരും കണ്ടു.വഹിദ് പുഞ്ചിരിച്ചുകൊണ്ട് മുഖം കൊണ്ട് ആംഗ്യം കാണിച്ചു വരാമെന്ന് സമ്മതിച്ചു. അവൾ കുറച്ചുനേരം കൂടി സംസാരിച്ചിട്ട് സങ്കടത്തോടെ ഗുഡ്നൈറ്റ് പറഞ്ഞു കോൾ കട്ടുചെയ്തു.
“നല്ലമനുഷ്യർക്ക് നല്ല മനുഷ്യരെ തന്നെ ദൈവം സമ്മാനമായി നൽകും. ഇത്തയ്ക്ക് ചേട്ടനെയും ചേട്ടന് ഇത്തയെയും പോലെ.”
സംഗീത മെല്ലെ സ്വയമെന്നോണം പറഞ്ഞു. വാഹിദ് അതുകേട്ട് സന്തോഷിച്ചു. നൂറയെ അവന് അത്രയേറെ ഇഷ്ടമായിരുന്നതുകൊണ്ട് അവളെ കുറിച്ച് നല്ലത് പറയുന്നത് കേട്ടാൽ അവൻ വളരെ സന്തോഷിച്ചിരുന്നു.
“മോനെന്നാ പോയി കിടന്നോളൂ. അമ്മു വഴികാണിച്ചു തരും. മോളെ, നീയൊന്നു നമ്മുടെ വീടുവരെ കൊണ്ടുവിട്ടിട്ട് വായോ. കൂട്ടിന് ആരെയെങ്കിലും കൂടി വിളിച്ചോ.”
അമ്മാവൻ അമ്മുവിനോട് പറഞ്ഞു.
അവൾ മറുപടി പറയാൻ വായ തുറക്കുന്നതിനു മുമ്പ് സംഗീത ഇടയിൽ കയറി സംസാരിച്ചു.
“ഞാൻ ശംസുനോട് പറഞ്ഞിരുന്നു അമ്മാവാ. അവൻ സമയാകുമ്പോ വിളിച്ചാൽ മതിയെന്നു പറഞ്ഞിട്ടുണ്ട്. അമ്മു ഇവിടെ നിന്നോട്ടെ. എനിക്ക് കൂട്ടുകാരൊക്കെ വന്നതല്ലേ, ആരെങ്കിലുമൊക്കെ വേണ്ടേ.”
അവൾ തിടുക്കത്തിൽ പറഞ്ഞു. അമ്മുവിന്റെ മുഖം ഇരുണ്ടു. അമ്മാവൻ എങ്കിൽ കുഴപ്പമില്ലെന്ന ഭാവത്തിൽ ആശ്വസിക്കുന്ന പോലെ തലയാട്ടി.
“ഞാൻ വരുന്നവഴിക്ക് ഹോട്ടലിൽ റൂം ബുക്ക് ചെയ്തിരുന്നു. അങ്ങോട്ട് പോകാൻ ഉദ്ദേശിച്ചതാണ്.” വാഹിദ് അവർക്കൊരു ബുദ്ധിമുട്ട് വേണ്ടന്ന് കരുതി പറഞ്ഞു.
“ആൾക്കാർക്ക് എന്തൊക്കെ ഉദ്ദേശങ്ങൾ കാണും. അതൊക്കെ നടക്കാറുണ്ടോ? അതുപോലെ കരുതിയാൽ മതി. മോനിപ്പോ എങ്ങോട്ടും പോവണ്ട, ദാമുവിന്റെ വീട്ടിൽ ഇഷ്ടം പോലെ സൗകര്യമുണ്ട്. അവിടെ പോയി സുഖമായി ഉറങ്ങിയിട്ട് നാളെ ഇങ്ങു പോരൂ.”
അച്ഛൻ പറഞ്ഞു. സംഗീത എഴുന്നേറ്റ് ഇപ്പൊ വരാമെന്നും പറഞ്ഞു അകത്തേക്ക് പോയിട്ട് കൈയിൽ ഒരു പൊതിയുമായി വന്നു. അത് വാഹിദിന്റെ കൈയിൽ കൊടുക്കുകയും ചെയ്തു.
“നാളെ ഇതിട്ടാൽ മതി. ഈ മസ്സിലും പെരുപ്പിച്ചു ടീഷർട്ട് ഇട്ടോണ്ട് ഇങ്ങോട്ട് വരണ്ട.”
സംഗീത പാക്കറ്റ് അവന്റെ കൈയിൽ കൊടുത്തിട്ട് പറഞ്ഞു. അവൻ ചിരിച്ചുകൊണ്ട് അതുവാങ്ങി പോകാൻ വേണ്ടി എഴുന്നേറ്റു. സംഗീത ഫോണിൽ ശംസുവിനെ വിളിച്ചു കാര്യം പറഞ്ഞപ്പോൾ ഒരു യുവാവ് എവിടെ നിന്നോ അങ്ങോട്ട് വന്ന് വാഹിദിനോട് പുഞ്ചിരിച്ചു. അവൻ വാഹിദിനെയും കൂട്ടി മുറ്റത്തുനിന്ന് വഴിയിലേക്ക് ഇറങ്ങി ഇരുളിൽ മറഞ്ഞപ്പോൾ വാഹിദിനു സംഗീതയുടെ വിളി വന്നു. അവൻ ഫോൺ ചെവിയിൽ വച്ചിട്ട് കാര്യം അന്വേഷിച്ചു.
“ചേട്ടാ ഒന്നവിടെ നിൽക്കൂ. മാഡവും വരുന്നുണ്ട്. എല്ലാവരുടേം കൂടെ പാട്ടും ഡാൻസും ഒക്കെയായി മാഡം തളർന്നു. അവരെ കൂടി കൂട്ടിക്കോ.”
“ശരി. ഞങ്ങളിവിടെ പാടത്തേക്ക് ഇറങ്ങുന്ന സ്ഥലത്തുണ്ട്. മൊബൈൽ ഫ്ലാഷ് ഉണ്ട്, അതുനോക്കി വരാൻ പറ.”
അപ്പുറത്തു കോൾ കട്ടായി. കുറച്ച് കഴിഞ്ഞപ്പോൾ സംഗീതയുടെയും അമ്മുവിന്റെയും കൂടെ രഞ്ജിനി മുറ്റത്തുനിന്ന് ഇറങ്ങി വരുന്നത് ശംസുവും വാഹിദും ഇരുട്ടിൽ നിന്ന് കണ്ടപ്പോൾ വാഹിദ് അങ്ങോട്ട് ചെന്ന് രഞ്ജിനിയെ കൂട്ടി മൊബൈൽ ഫ്ലാഷ് വെട്ടത്തിൽ വരമ്പിലൂടെ നടന്ന്. സംഗീതയും അമ്മുവും തിരിച്ചു പോയി.
