“മോൻ അവളുടെ കൂടെ പോയി ഇത് കുടിച്ചിട്ട് ഒന്ന് കുളിച്ചു വൃത്തിയാവൂ. അപ്പോഴേക്കും ഞാൻ ഭക്ഷണം റെഡിയാക്കാം.”
അവർ ചായ അവന്റെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു. ജോസഫ് മുഖമുയർത്തി അവരെ നോക്കിയപ്പോൾ അത് പ്രതീക്ഷിച്ചിരുന്നത് പോലെ അമ്മ അയാളെ നോക്കി. അയാളുടെ നോട്ടത്തിലെ ചോദ്യം തിരിച്ചറിഞ്ഞ അവർ ഒളിഞ്ഞുനിൽക്കുന്ന ചിരിയോടെ കണ്ണുകൊണ്ട് ജൂലിയെ ഉദ്ദേശിച്ചു ആംഗ്യം കാണിച്ചു. ജോസഫ് ഒന്നുമറിയാത്തത് പോലെ ഗൗരവം നടിച്ചു വീണ്ടും മൊബൈലിലേക്ക് നോക്കാൻ തുടങ്ങി. ജൂലി വാഹിദിന്റെ കൈയിൽ പിടിച്ചു വലിച്ചു മുകളിലേക്ക് പോയി.
“അല്ല, നിങ്ങൾക്ക് എങ്ങിനെ മനസ്സിലായി ആ കുട്ടിയെ.?”
ജൂലിയുടെ അമ്മ താര അതിശയത്തോടെ ജോസഫിന്റെ അടുത്തേക്ക് ചെന്നിട്ട് ചോദിച്ചു. അയാൾ താരയെ ഒന്നുനോക്കി ദീർഘാമായി നിശ്വസിച്ചു.
“നീയെന്തിനാ അവനോട് അവളുടെ ഒപ്പം പൊയ്ക്കോ എന്ന് പറഞ്ഞത്.? നീയൊരു അമ്മയല്ലേ, മകൾക്ക് കൂട്ടുകിടക്കാൻ ഒരുത്തനു കൂട്ടു നിൽക്കുകയാണോ വേണ്ടത്.?”
അയാൾ അല്പം പരുഷമായി അവരോട് ചോദിച്ചു. താര ചെറിയൊരു പുഞ്ചിരിയോടെ ജൂലിയെ കണ്ടപ്പോൾ ശ്രദ്ധിച്ച കാര്യങ്ങൾ പറഞ്ഞുകൊടുത്തു.
“അവളിപ്പോ ഒരു മുതിർന്ന പെണ്ണായിരിക്കുന്നു വക്കീലേ. ഇത്രനാളും അനുസരണയില്ലാത്ത സ്വഭാവമായിരുന്നെങ്കിൽ, ആദ്യമായി അവൾ കരഞ്ഞിട്ട് ഞാനിന്ന് കണ്ടെന്നേ. എന്നാലും നിങ്ങൾ ആണുങ്ങൾ വല്ലാത്ത ജന്മം തന്നെയാ ട്ടോ. എത്ര എളുപ്പമാണ് ഒരു പെണ്ണിനെ പെണ്ണാക്കിമാറ്റുന്നത്.”
താര ശബ്ദം താഴ്ത്തി പറഞ്ഞു. ജോസഫ് അതൊക്കെ കേട്ടപ്പോൾ ഒന്ന് മുകളിലേക്ക് നോക്കിപ്പോയി. പിന്നെ താരയുടെ നേരെ തിരിഞ്ഞു.
“എടീ, ആ വെടക്ക് ടീമിന്റെ തോന്നയാസങ്ങളൊക്കെ കോടതിയിൽ ഞാനാ നോക്കുന്നത്. ഈ സംഗീതയുടെ കാര്യം കുറച്ച് മുമ്പ് തന്നെ ഞാൻ അറിഞ്ഞിരുന്നു. ഈ വാഹിദാണ് അവളെ അവരുടെ കൈയിൽ നിന്ന് സേവ് ചെയ്തത് എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. ടോമി നട്ടെല്ലിന് ക്ഷതം പറ്റി ചിക്കത്സയിൽ ആയിരുന്നത് കൊണ്ട് കാര്യങ്ങൾ
വിശദമായി എനിക്കും അറിയില്ലായിരുന്നു.”
ജോസഫ് ശബ്ദം ഉയരാതെ താരയോട് പറഞ്ഞു. താരയുടെ മുഖത്ത് ആധി കേറിത്തുടങ്ങി.
“കുറച്ച് മുമ്പാണ് അവൻ വിളിച്ചത്. അവളെ വീണ്ടും കടത്തിക്കൊണ്ട് പോയതും ഇവൻ വീണ്ടും അവരെ കീഴ്പ്പെടുത്തി അവളെ രക്ഷിച്ചു പോയതും അവർ എന്നോട് പറഞ്ഞിരുന്നു. അവൾ മോളുടെ ഫ്രണ്ട് ആണെന്നോ ഒന്നിച്ചു ജോലി ചെയ്യുന്നുണ്ട് എന്നോ ഒന്നും എനിക്ക് അറിയില്ലായിരുന്നു. വാഹിദ് ആരാണെന്നോ അവന്റെ പേരോ ഒന്നും അവർക്ക് അറിയില്ല. വെറും മോശം ക്രിമിനൽസ്. ആദ്യമായിട്ടാ അവർക്ക് ഇങ്ങനെയൊരു തിരിച്ചടി കിട്ടുന്നത്. അതിന്റെ കലിപ്പും പ്രതികാരചിന്തയും അവർക്കുണ്ട്. പക്ഷേ ടോമിയെക്കൊണ്ട് ഒന്നും ചെയ്യാൻ പറ്റാത്ത വിധം അവൻ സൈഡായി പോയി. ഇന്നവർ ഒരു കാര്യം കൂടി പറഞ്ഞു.”
ജോസഫ് ഉത്കേണ്ടയോടെ താരയെ നോക്കി. അമ്പരന്നു തന്നെ തുറിച്ചു നോക്കുന്ന താരയെ നോക്കി ഒന്ന് ദീർഘമായി നിശ്വസിച്ചുകൊണ്ട് ജോസഫ് തുടർന്നു.
“അവളെ മാത്രമല്ല, ഇന്ന് അവളെക്കാൾ കൊഴുത്ത ഒരുത്തിയും കൂടെ വന്നിരുന്നു. സംഗീതയെ കിട്ടിയില്ലെങ്കിലും അവളെ ഞങ്ങൾക്ക് വേണമെന്ന്. ടോമി സംഗീതയെ ഭീഷണിപ്പെടുത്തിയിരുന്നത് അവന്റെ കൈയിൽ നിന്ന് നഷ്ടപ്പെട്ടുപോയ വീഡിയോ ക്ലിപ്പിന്റെ കാര്യം പറഞ്ഞായിരുന്നു. കള്ളും കഞ്ചാവും അടിച്ചു മുറിയിലേക്ക് ഓരോരുത്തരെ കൊണ്ടുവരുന്ന തിരക്കിൽ എങ്ങിനെയെങ്കിലും മിസ്സായി പോയതാവും. നമ്മുടെ മോളെ ഓർക്കുമ്പോ..”
അയാൾ അർദ്ധോക്തിയിൽ ഒന്ന് നിർത്തി താരയെ നോക്കി. അവർ ഭയന്നിരിക്കുകയായിരുന്നു. ജോസഫ് പറഞ്ഞു കഴിഞ്ഞപ്പോൾ കുറച്ചുനേരം ചിന്തയിൽ ആയിരുന്ന താരയുടെ മുഖം അല്പം തെളിഞ്ഞു.
“അപ്പൊ അവൾ ഇത്രേം കരഞ്ഞുകലങ്ങിയ മുഖവുമായി നടക്കുന്നത് വെറുതെയല്ല. ഇവനെക്കാൾ നല്ലൊരു കരുതൽ ഈ ലോകത്ത് അവൾക്ക് വേറെകിട്ടില്ലെന്ന് അവൾക്ക് ഉറപ്പുണ്ട്. ബെസ്റ്റ് സെലക്ഷൻ അവൾക്കറിയാം, എന്റെ കുട്ടി മിടുക്കിയാണ്. ഞാൻ പോയി നിങ്ങടെ ഒരു ജോഡി നൈറ്റ് ഡ്രസ്സ് അവന് കൊടുത്തിട്ട് വരാം.”
