കളിയാട്ടങ്ങൾ – 7 13അടിപൊളി  

“ഇനിയെങ്ങോട്ടാ.? നീ പറഞ്ഞ അറിവ് വച്ച് ഇവിടം വരെയേ എനിക്കറിയൂ. ഇവിടെനിന്ന് എങ്ങോട്ടാ.?”

വാഹിദ് വണ്ടി ഒരു പൂമരത്തിന്റെ സമീപത്ത് നിർത്തിയിട്ട് മുഖം തിരിക്കാതെ ചോദിച്ചു. അവൾ കണ്ണുതുറന്ന് റോഡ് സൈഡിലേക്ക് നോക്കിയിട്ട് വീണ്ടും കണ്ണടച്ചു.

“മുന്നോട്ട് പോയി ആദ്യം കാണുന്ന ലെഫ്റ്റ് സ്ട്രീറ്റ്. റൈറ്റ് സൈഡിൽ ആറാമത്തെ വീട്.”

കരച്ചിൽ കാരണം ശബ്ദം ചിലപ്പോൾ ഒരു ശ്വാസം പോലെയാണ് അവളിൽ നിന്ന് പുറത്തേക്ക് വന്നത്. അപ്പോഴാണ് അവൾ കരയുകയാണെന്ന് അവന് മനസ്സിലായത്. വാഹിദിനു ദേഷ്യം വന്നു.

“താനെന്തിനാ പട്ടിമോങ്ങുന്ന പോലെ ഇങ്ങനെ മോങ്ങുന്നത്. നിന്റെ വീട്ടിലേക്കല്ലേ പോകുന്നത്, അല്ലാതെ എന്റെ വീട്ടിലേക്കൊന്നും അല്ലല്ലോ.”

അവന്റെ ശബ്ദം ഉയർന്നു. വണ്ടിയുടെ എൻജിൻ സ്റ്റോപ്പ് ചെയ്തു കാലുകൾ നിലത്തുകുത്തി കൈകൾ നെഞ്ചിൽ കെട്ടി അവൻ കോപത്തോടെ നിവർന്നിരുന്നു. അത്ര നേരവും ശബ്ദമില്ലാതെ ദുഃഖം ഉള്ളിടക്കി മിഴിനീർ വാർത്തിരുന്ന ജൂലി ഉറക്കെ കരയാൻ തുടങ്ങി. അതുവഴി പോയിരുന്നവരിൽ ചിലർ അവരെ ശ്രദ്ധിക്കുകയും കടന്നുപോവുകയും ചെയ്തു.

“എന്നോട് ദേഷ്യപ്പെടുന്നത് എന്തിനാ. എന്നെ ഇഷ്ടമില്ല, സംഗീതയെ കഴിഞ്ഞേ ഞാനുള്ളൂ. എനിക്ക് എന്തെങ്കിലും പറ്റിയാൽ ഇതുപോലെ ഓടിവന്ന് രക്ഷപ്പെടുത്തുമോ. ഒരിക്കലും ചെയ്യില്ല. ഞാൻ അല്ലെങ്കിലും ആരുമല്ലല്ലോ. എന്നോട് ദേഷ്യപ്പെടുന്നു. എന്നെ ഇഷ്ടമില്ല. എനിക്കറിയാം.”

ജൂലിക്ക് ശക്തമായി തേങ്ങൽ ഉയർന്നു. ദേഷ്യത്തോടെ അവന്റെ വയറിൽ മാന്തിപ്പിടിച്ചു പിച്ചുകയും പുറത്ത് കടിക്കാൻ ശ്രമിച്ചിട്ട് പേശികൾ പല്ലുകൾക്കിടയിൽ കിട്ടാതെ ആ

ശ്രമം ഉപേക്ഷിക്കുകയും ചെയ്തു.

“എന്തൊരു കഷ്ടമാണ്. ആൾക്കാര് കരുതുമല്ലോ ഞാനെന്തോ ചെയ്തിട്ടാണെന്ന്. ഒന്ന് നിർത്തുന്നുണ്ടോ. എനിക്ക് നല്ലോണം തല്ലു കിട്ടിയിട്ടുണ്ട്. ശരീരം വേദനിക്കുന്നുണ്ട്. നിന്നെ കൊണ്ടുവിട്ടിട്ട് വേണം വീട്ടിൽ പോയി ഒന്ന് നിവർന്നു കിടക്കാൻ. വെറുതെ ഒരു കാര്യവുമില്ലാതെ കിടന്നു മോങ്ങുന്നു.”

അവൾ പക്ഷേ കരച്ചിൽ നിർത്തിയില്ല. കരഞ്ഞുകൊണ്ട് അവന്റെ വയറിലും നെഞ്ചിലും തലോടാനും പുറത്ത് ആയിരമായിരം ഉമ്മകൾ കൊണ്ട് പൊതിയാനും തുടങ്ങി. തന്റെ ഇക്കയുടെ, ധീര യോദ്ധാവിന്റെ, സിംഹത്തിന്റെ, വേദനിക്കുന്ന നിസ്സഹായത കേട്ടതും അവൾക്ക് ഹൃദയം നുറുങ്ങുന്ന വേദന തോന്നി. വാരിയെടുത്തു തന്റെ മാറിലേക്ക് പൊതിഞ്ഞുവച്ചു കവിളിൽ ഒരമ്മയുടെ വാത്സല്യത്തോടെ ഉമ്മകൾ കൊടുക്കാൻ അവൾ കൊതിച്ചു.

“എന്നെ വീട്ടിൽ വിട്ടേക്കൂ.”

അവൾ പതുക്കെ പറഞ്ഞു. വാഹിദ് മുഖം ചരിച്ചു പിന്നിലേക്ക് ഒന്ന് നോക്കിയിട്ട് വണ്ടി സ്റ്റാർട്ട് ചെയ്തു അവൾ പറഞ്ഞ വഴിയിലേക്ക് ഓടിച്ചുപോയി. വീടിന്റെ ഗേറ്റ് തുറന്നു കിടപ്പുണ്ടായിരുന്നു. അവൻ വണ്ടി മുറ്റത്തേക്ക് കയറ്റിയപ്പോൾ ജൂലിയുടെ അമ്മ പുറത്തേക്ക് വന്നു. ജൂലി വണ്ടിയിൽ നിന്നിറങ്ങി. അവരെ കണ്ടപ്പോൾ അമ്മയുടെ മുഖം തെളിഞ്ഞു. വഹിദ് വണ്ടി ഓഫ് ചെയ്തു അമ്മയോട് പുഞ്ചിരിച്ചു.

“വാഹിദ് മോനല്ലേ. വായോ, ഒന്ന് കയറിയിട്ട് പോകാം.”

അമ്മ സ്നേഹത്തോടെ പറഞ്ഞു. അവർക്ക് തന്നെ അറിയാം എന്ന് മനസ്സിലായപ്പോൾ വാഹിദിന്റെ കണ്ണുകൾ വിടർന്നു. അവന്റെ ഭാവവും അമ്പരപ്പും കണ്ടപ്പോൾ അമ്മ ചിരിച്ചു.

“ഇവൾ പറഞ്ഞു ഇവിടെ എല്ലാവർക്കും മോനെ നന്നായറിയാം. ഓരോ ദിവസവും ഒരു പത്ത് ഫോട്ടോയെങ്കിലും വന്നു കാണിക്കുകയും ചെയ്യും.”

അമ്മ ഊരിചിരിച്ചുകൊണ്ട് ജൂലിയെ നോക്കിക്കൊണ്ട് പറഞ്ഞു. അതിനിടയിൽ ജൂലി മുന്നിലേക്ക് ചെന്ന് ഞൊടിയിടയിൽ താക്കോലിൽ കടന്നുപിടിച്ചു അത് ഊരിയെടുത്ത് അമ്മയുടെ അടുത്തേക്ക് ഓടി പിന്നിൽ ഒളിച്ചു.

“ജൂലി, താക്കോൽ തരാനാ പറഞ്ഞത്. എനിക്ക് പോകണം.നേരം വൈകുന്നു.”

വാഹിദ് ദേശ്യത്തോടെ പറഞ്ഞു. ജൂലി കള്ളച്ചിരിയോടെ അവനെയൊന്നു നോക്കിയിട്ട് അമ്മയുടെ ചെവിയിൽ എന്തോ അടക്കം പറഞ്ഞു. അവരുടെ മുഖത്തെ ചിരി പെട്ടന്ന് മാഞ്ഞുപോവുകയും ആശ്ചര്യത്തോടെ അവളെ തുറിച്ചു നോക്കുകയും ചെയ്യുന്നത് വാഹിദ് കണ്ടു. അവളുടെ കണ്ണിലെ നനവും യാചിക്കുന്നത് പോലെയുള്ള ദീനമായ ഭാവവും അവരെ അമ്പരപ്പിച്ചു. ചീറുന്ന പുലിപ്പെണ്ണിനെ പോലെ ഇവിടെ ഓടിച്ചാടി നടന്നിരുന്ന തങ്ങളുടെ ചുണക്കുട്ടിയെ ആദ്യമായി അവരൊരു പാവം പെൺകുട്ടിയായി കാണുകയായിരുന്നു. അവളിപ്പോൾ തങ്ങളുടെ കുറുമ്പിപെണ്ണായ മകളല്ല, എല്ലാ വൈകാരിക വളർച്ചയും അതിജീവിച്ചുകഴിഞ്ഞ ഒരു പെണ്ണായി മുതിർന്നിരിക്കുന്നു എന്ന് ആ അമ്മ തിരിച്ചറിഞ്ഞു. അവരുടെ കണ്ണുകളിൽ ഒരു കള്ളച്ചിരി തെളിയുകയും കുറുമ്പു കലർന്ന പുഞ്ചിരിയോടെ അവർ തന്റെ മകളെ നോക്കുകയും ചെയ്തു. ജൂലി നാണം കൊണ്ട് ചൂളി അമ്മയുടെ പിന്നിലേക്ക് മുഖം ഒളിപ്പിച്ചു. തന്റെ കള്ളത്തരം പിടിക്കപ്പെട്ടു എന്ന് അവൾക്ക് മനസ്സിലായി.

Leave a Reply

Your email address will not be published. Required fields are marked *