“ഇവളെന്തിനാ മോനെ കരഞ്ഞത്.? സാധാരണ കരയുന്ന
സ്വഭാവം ഇവൾക്കില്ല ല്ലൊ. എന്താ കാര്യം? മോൻ വേണ്ടാത്ത വല്ലതും കാണിച്ചോ ഞങ്ങളുടെ മോളോട്.?”
അമ്മ അല്പം ഗൗരവത്തിലാണ് ചോദിച്ചത്. വാഹിദ് അമ്പരപ്പോടെ അവരെ നോക്കി. ജൂലിയെയും.
“ഇല്ല ചേച്ചീ. അവൾ ചുമ്മാ കരഞ്ഞതാ. പതുക്കെ പോയാൽ മതി, വിശക്കുന്നുണ്ട് എന്നൊക്കെ പറഞ്ഞു. ഞാൻ സമയം ലേറ്റ് ആയത് കൊണ്ട് അത് കാര്യമാക്കാതെ ഇങ്ങോട്ട് പോന്നു. അതുകൊണ്ടാവും.”
വാഹിദ് കുഴങ്ങിയ അവസ്ഥയിൽ വളച്ചുകെട്ടി കാര്യം പറഞ്ഞു.
“വിശന്നാൽ കരയുന്ന മോളൊന്നും അല്ല ഇവൾ. മുതിർന്നതിൽ പിന്നെ ഇതുവരെ ഇവൾ ആരുടെയെങ്കിലും മുന്നിൽ തോൽക്കുന്നതോ കരയുന്നതോ ഞങ്ങൾ കണ്ടിട്ടും ഇല്ല. എന്തോ കാര്യമുണ്ട്. മോൻ ഏതായാലും അകത്തോട്ടു വന്നേ. വന്ന് തലയൊക്കെ തുടച്ചു ചൂടുള്ള ഒരു ചായകുടിക്ക്. എന്നിട്ട് സംസാരിക്കാം.”
അവർ ഗൗരവത്തിൽ തന്നെയാണ് സംസാരം. എന്നിട്ട് തിരിഞ്ഞു ജൂലിയെ നോക്കി. അതുവരെ എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അമ്പരന്നു അമ്മയെ നോക്കിക്കൊണ്ടിരുന്ന ജൂലിയുടെ മുഖത്ത് മനോഹരമായ ഒരു പുഞ്ചിരി തെളിഞ്ഞു. അമ്പടി കള്ളീ എന്നൊരു ഭാവത്തോടെ അവൾ അമ്മയെ നോക്കി. അവർ അടക്കിപ്പിടിച്ച ചിരിയോടെ വീടിനുള്ളിലേക്ക് കയറി പോയി. ജൂലി അവനെ നോക്കി കള്ളച്ചിരിയോടെ കണ്ണുകൾക്കൊണ്ട് കേറിവായോ എന്ന് ആംഗ്യം കാണിച്ചു. വാഹിദ് അസ്വസ്ഥതയോടെ വാഹനം സ്റ്റാന്റിൽ നിർത്തി വണ്ടിയിൽ നിന്നിറങ്ങി അവളുടെ പിന്നാലെ ചെന്നു. മനോഹരമായ ഹാളിൽ രാജകീയഭംഗിയുള്ള സോഫയും മറ്റു വസ്തുക്കളും. സോഫയിൽ അവരുടെ വരവ് പ്രതീക്ഷിച്ചത് പോലെ ചാരിയിരിക്കുന്ന സുമുഖനായ ഒരു മധ്യവയസ്കൻ. ജൂലിയുടെ പുത്താവ് ജോസഫ് മാത്യൂ.
“പപ്പാ..ഇത്..”
ജൂലി ജോസഫിനെ നോക്കി വാഹിദിനു നേരെ കൈ ഉയർത്തി. അയാൾ അറിയാം എന്ന ഭാവത്തിൽ കണ്ണും മുഖവും ഇളക്കി. എന്നിട്ട് വാഹിദിനോട് ഇരിക്കാൻ ആംഗ്യം കാണിച്ചു.
“വേണ്ട സാർ. മുഴുവൻ ചെളിയും അഴുക്കുമാണ്.”
വാഹിദ് ബഹുമാനത്തോടെ പറഞ്ഞു.
“ഒരു വീട്ടിൽ വന്നാൽ നമ്മൾ മലയാളികളുടെ ശീലം വച്ച് വല്ലതും കുടിക്കും, കഴിക്കും. നിന്നിട്ട് കുടിക്കുന്ന ശീലവും നമുക്കില്ല. അപ്പൊ വാഹിദ് നിന്നിട്ടാണോ വല്ലതും കഴിക്കാൻ പോകുന്നത്.?”
അയാൾ ഗൗരവത്തോടെ വാഹിദിനു നേരെ മുഖം അല്പം ഉയർത്തിപ്പിടിച്ചുകൊണ്ട് ചോദിച്ചു. വാഹിദ് എന്തുപറയണം എന്നറിയാതെ കുഴങ്ങി. എന്തെങ്കിലും പറയാതെ നിൽക്കുക എന്നത് അവന്റെ സ്വഭാവത്തിന് ചേർന്നതുമല്ല. ഒടുവിൽ യാഥാർഥ്യം പറയുകതന്നെ എന്ന് തീരുമാനിച്ചു.
“ഒരു ഗ്ലാസ് വെള്ളം മതി സാർ. നേരം വൈകി, പിന്നൊരിക്കൽ വരാം. എനിക്കിപ്പോ ഒരിടം വരെ പോകാനുണ്ട്. ഒരാളെ ഒരിടത്തു നിർത്തിയിട്ടാണ് ഞാൻ വന്നിരിക്കുന്നത്.”
“ആരെ, സംഹീതയെയൊ.? എവിടെ ആണെങ്കിലും സേഫ് ആയ സ്ഥലതല്ലേ താൻ നിർത്തൂ. അതുകൊണ്ട് സാരമില്ല, ഇന്നിനി താൻ പുറത്തേക്ക് പോകുന്നില്ല.”
അയാൾ അത് പറഞ്ഞതും ജൂലിയും വാഹിദും ഒരുപോലെ ഞെട്ടി. സംഗീതയെ പപ്പയ്ക്ക് എങ്ങിനെയറിയും? പപ്പ കർണ്ണാടക ഹൈകോർട്ട്ൽ വർക്ക് ചെയ്യുന്ന തിരക്കുള്ള
ക്രിമിനൽ വക്കീലാണ്. ആ പപ്പയ്ക്ക് തന്റെ ഓഫീസിൽ ജോലിചെയ്യുന്ന വെറുമൊരു മിണ്ടാപ്പൂച്ചയായ സംഗീതയെ എങ്ങിനെ അറിയും. അവൾ കണ്ണുമിഴിച്ചു വാഹിദിനെ നോക്കി. പിന്നെ ജോസഫിനേയും. വാഹിദിന്റെ കണ്ണുകൾ കുറുകി, ഒറ്റനിമിഷം കൊണ്ട് ആയിരമായിരം അനുമാനങ്ങളും സംശയങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും അവന്റെ ചേതനയിലൂടെ മിന്നൽപിണറുകൾ പോലെ പുളഞ്ഞുപോയി. എവിടെയോ എന്തോ കുഴപ്പമുണ്ട്. എങ്ങിനെ ആ കുഴപ്പങ്ങളെ താൻ നേരിടും എന്ന് ചിന്തിച്ചുകൊണ്ട് ജോസഫിനെ അവൻ മിഴിച്ച് നോക്കി.
“വാഹിദ് വരൂ. ആദ്യം ഈ ഡ്രസ്സ് ഒന്ന് മാറ്റൂ. വാ, ഞാൻ റൂം കാണിച്ചു തരാം.”
ജൂലി ചിന്തയിൽ നിന്ന് ഉണർന്നത് പോലെ അവന്റെ കൈയിൽ കയറിപ്പിടിച്ചു. വാഹിദ് വിസമ്മതത്തോടെ പോകാൻ മടിച്ചു നിന്നപ്പോൾ ജൂലി ജോസഫിനെ നോക്കി. അയാൾ സമ്മതവും വിസമ്മതവും പ്രകടിപ്പിക്കാതെ മൊബൈലിലേക്ക് ശ്രദ്ധതിരിച്ചു എന്തൊക്കെയോ നോക്കിക്കൊണ്ടിരുന്നു. ജൂലിയുടെ അമ്മ ഒരു ഗ്ലാസിൽ ആവിപറക്കുന്ന ചായയുമായി അവിടേക്ക് കടന്നു വന്നു.
