അവൾക്കാരുമില്ല……. അവളുപോലും……..
ഞാനുവൾക്ക് വാക്ക് കൊടുത്തതാണ് നീയുണ്ടാവുമെന്ന്.
നീയുള്ളപ്പോൾ അവളൊരിക്കലും കരയില്ലന്ന്. ഇന്നവള് കരഞ്ഞു,…. ഒരുപാട്.
അവളിനി കരയരുത്.
അവളെ കാത്തിരിക്കുന്നത് മരണമാണ്, എന്ത് തന്നെ സംഭവിച്ചാലും നീ അവളെ വിട്ടുകളയരുത്.”
പുഴയെ അറിയുകയെന്നത് ഒരു അംഗനയെ അറിയുന്നതിന് തുല്ല്യമാണ്. അവളുടെ കോപവും, സ്നേഹവും, സന്തോഷവും, സന്താപവും, കുലീനമായ ശരീര വടിവുകളും, അതിനോടൊപ്പം അവളുടെ നിഷ്‌കളങ്കമായ ഉള്ളവും അറിയുന്നതാണ്. അരവിന്ദന് കുറുമാലിയെ അറിയാമായിരുന്നു. കുറുമാലിക്ക് അവനേയും.
അവൾ അവളുടെ കുത്തിയൊഴുകുന്ന കാർകൂന്തളത്തിൽ ചുറ്റിയവനെ മുകളിലേക്ക് വലിച്ചെടുത്തു. തീരാത്ത ദേഷ്യത്തിനിടയിലും ഒരമ്മ കുഞ്ഞിനെ വാരിയെടുത്തുറക്കും പോലെ. കുറുമാലി അമ്മയായിരുന്നു, തോഴിയായിരുന്നു, ആരാലും നാളിതുവരെ തീണ്ടപ്പെടാത്തൊരു കാമിനിയായിരുന്നു, അവളൊരു പെണ്ണായിരുന്നു. സ്നേഹത്തിൻ്റെ വില മറ്റാരെക്കാളും അവൾക്കറിയാമായിരുന്നു.
എങ്ങനെയൊക്കെയോ ചുമച്ച്, വീണ്ടും ശ്വാസമടുത്ത്, ഞാൻ സർവ്വശക്തിയുമെടുത്ത് പുഴക്ക് കുറുകെ കൈകൾ ചലിപ്പിച്ചു തുടങ്ങി.
‘വിട്ട് കൊടുക്കില്ല, അത് മരണത്തിനാണെങ്കിൽ പോലും’
‘നിങ്ങൾക്ക് മജ്‌നു ആവാൻ കഴിയുന്നില്ലെങ്കിൽ
ലൈലയെ പറ്റി പറയാതിരിക്കുക,
കാരണം ലൈലയുടെ മൊഞ്ചിരിക്കുന്നത് മജ്‌നുവിൻ്റെ കണ്ണുകളിലാണ്……’
– ( ജലാലുദീൻ റൂമി വലിയവാക്കുകളിൽ പറഞ്ഞതിൻ്റെ ചുരുക്കെഴുത്ത് )
*******************
ഇവിടെ നിർത്തുന്നതാണ് നല്ലതെന്ന് തോന്നുന്നു, അടുത്ത ഭാഗം അവസാനഭാഗമായിരിക്കും.
എന്ന് സ്നേഹത്തോടെ,
നരഭോജി
