ദിൽബറിന് നല്ല വായറ് ഭാഗ്യമുണ്ട്. ഇല്ലെങ്കിൽ വല്ല കട്ടൻചായയും ഇട്ട് കുടിച്ച് സന്തോഷമായി പോണ പയ്യനാ. ഇന്ന് സദ്യയാണ്. തലകറങ്ങി വീഴാവോ, ഇതൊക്കെ കണ്ടിട്ടു.
ഞാൻ അവൾക്കരികിൽ കസേരയിൽ ഇരുന്ന് മേശയിൽ കൈകുത്തി അതിൽ തലതാങ്ങിയിരുന്ന് അവളെ നോക്കി. നല്ലോണം ബുദ്ധിമുട്ടിയിട്ടുണ്ട് പാവം. ഞാൻ അവളുടെ മുഖത്തേക്ക് വീണ് കിടക്കുന്ന കുറുന്നിര മാടിയൊതുക്കി ആ കാതിന് പിന്നിലായി വച്ചു. അവൾ ഉണർന്ന് എൻ്റെ മുഖത്തേക്ക് നോക്കി ചുണ്ട് പിളർത്തി പരിഭവം കാണിച്ചു. ഞാൻ അവളുടെ ശിരസ്സിൽ തലോടികൊണ്ട് മൂർദ്ധാവിൽ ചുംബിച്ചു. അവളുടെ സങ്കടം പൊട്ടിയൊഴുകി, എൻ്റെ ഷർട്ട് വലിച്ചടുപ്പിച്ച് തോളിൽ തലചായ്ച്ച് കരഞ്ഞ് കൊണ്ടിരുന്നു.
അവളൊന്നടങ്ങിയപ്പോൾ ഞാൻ പറഞ്ഞു.
“രാവിലെ പെട്ടന്ന് അവൻ കേറി വന്ന് അങ്ങനെയെല്ലാം ചെയ്തപ്പോൾ എനിക്ക് പെട്ടന്ന് ദേഷ്യം വന്നു അതാണ്, എനിക്കറിഞ്ഞൂടെ നിന്നെ.”
അവൾ തലയുയർത്തി ഈറൻ ഉണങ്ങാത്ത ആ കരിങ്കൂവള പൂക്കൾ എന്നെ നോക്കി വിടർത്തി. ഞാൻ ചിരിച്ച് കൊണ്ട് അവയൊപ്പി.
“ഞാൻ പണ്ട് പറഞ്ഞിരുന്നതാ,.. അവനോട്, ഉണ്ണിയേട്ടനെ അറിയാത്ത കാലത്ത് പറഞ്ഞതാ, എന്നെ താലികെട്ടിയ അന്ന്. അപ്പൊ അവൻ ഇവിടെ ഉണ്ടായിരുന്നില്ല. വരുമ്പൊ വന്ന് പറയാന്ന് പറഞ്ഞു. ഞാനത് പിന്നെ വിട്ട്പോയി. അവനതിപ്പോഴാണ് വന്ന് പറഞ്ഞത്. പ്രേമോം ഇല്ല്യാ ഒരു മണ്ണാംങ്കട്ടിയുമില്ല. എന്നോട് ക്ഷമിക്കില്ലെ. ഇങ്ങനെ വിഷമിപ്പിച്ചതിന്.”
“എനിക്കറിയാരുന്നു” ഞാൻ അതുമാത്രം പറഞ്ഞ് അവളെ ചേർത്ത് പിടിച്ചു.
“ പക്ഷെ എനിക്ക് കുറച്ച് കാര്യങ്ങൾ ഉണ്ണിയേട്ടനോട് പറയാൻ ഉണ്ട്. വൈകീട്ട് നമുക്ക് എങ്ങോടെങ്കിലും പുറത്ത് പോകാം.”
“എനിക്കും കുറച്ച് കാര്യങ്ങൾ ചോദിക്കാൻ ഉണ്ട് വൈകിട്ടാവട്ടെ, നീ മദ്രാസിൽ വന്നിട്ട് ഇത്ര നാളായിട്ടും, നാടോടിക്കാറ്റിൽ ദാസസും വിജയനും കപ്പലിറങ്ങിയ ബെസ്സൻനഗർ ബീച്ച് കണ്ടിട്ടില്ലാലോ. ഇന്ന് അങ്ങോട്ട് പോകാം.”
അവളെരു സന്തോഷമില്ലാതെ മൂളി, പാത്രം എടുത്ത്, കറികൾ നിരത്തി തുടങ്ങി.
“ഇതെല്ലാം നല്ല രസമുണ്ടല്ലോ, നീയെന്നെക്കാൾ അടിപൊളി കുക്കായി. നളപാചകം തന്നെ.”
അവളുടെ മുഖത്തേക്ക് സന്തോഷം ഇരച്ച് കയറി. മിഴികൾ വിടർത്തി എന്നെ നോക്കി. പെട്ടന്ന് തന്നെ അതിൽ ദുഃഖത്തിൻ്റെ കാർമേഘം വന്ന് നിറഞ്ഞു. അവൾക്ക് പറയാനുള്ളത് എന്തായാലും അത് ഒരുപാട് വേദനയുള്ള കാര്യമാണെന്ന് മാത്രം എനിക്ക് മനസ്സിലായി.
“ഞാൻ അവനെ കണ്ടിരുന്നു ഇങ്ങോട്ട് വരുംവഴി.”
“യ്യോ … ന്നിട്ട് അവൻ എന്തേലും ചെയ്തോ.”
“യേയ്.. പാവം. പക്ഷെ എന്റെ കൈ അവൻ്റെ മൂക്കി കൊണ്ട്. ചെറുതായിട്ട് ചോര വന്നോന്ന് സംശയമുണ്ട്.”
“അത് ശരി, ആ പാവത്തിനെ തല്ലി പതം വരുത്തിയിട്ടാണ് സാറിങ്ങോട്ട് വന്നിരിക്കുന്നത്.”
“അവൻ തിരിച്ച് തല്ലും ന്ന് പറഞ്ഞിട്ടുണ്ട്”
“ഏയ് അതൊരു പാവാ കൊറെ വാചകം അടിക്കും ന്നെ ഉള്ളൂ. അതല്ലെ ഞാൻ അവൻ്റെ പരെന്നെ പറഞ്ഞത്. മഹരാജാസിൽ വച്ച് കുറേ പിറകെ നടന്നതാ, കാമുകനായിട്ടാണ് അഭിനയിക്കണ്ടതെന്നു പറഞ്ഞപ്പോൾ, ഭയങ്കര സന്തോഷമായി, അത് പോലെ ജീവിക്കും എന്നും പറഞ്ഞ് വന്നതാണ്. പാവം ഇത്ര പ്രതീക്ഷിച്ച് കാണില്ല.”
“എയ്, അത്ര പാവം ഒന്നും അല്ല, അവൻ്റെ ഒപ്പം കാമുകി ആണെന്ന് തോന്നുന്നു, ഒരു പെൺകുട്ടി ഉണ്ടായിരുന്നു. ഭാഗ്യത്തിനു ദിൽബറിനെ കണ്ടപ്പോൾ അവളവൻ്റെ കാര്യം മറന്നു” അത് ഞാൻ അവളവനെ പുകഴ്ത്തണ കണ്ട് ഇത്തിരി കുശുംമ്പ് തോന്നി തന്നെ പറഞ്ഞതാണ്.
അവളത് കേട്ട് എന്നെ നോക്കി ഒന്ന് ചിരിച്ചു. “ എന്താണ് മാഷെ, ഒരു ചെറിയ അസൂയ വരണ പോലെ ഇണ്ടല്ലോ.”
“യേയ്, എന്തസൂയ, ഞാ വെറുതെ കണ്ടപ്പോ പറഞ്ഞൂന്നെയുള്ളൂ” ഞാൻ ചെറുതായി ഒന്ന് ചമ്മി.
“അത് പ്രാർത്ഥനയാവും, അവൻ്റെ ഭാര്യ. ഇനി കാണുമ്പൊ വീണ്ടും കുശുംമ്പ് കേറി അവനെ പോയി തല്ലണ്ട.”
“എനിക്കെന്ത് കുശുംമ്പ്, അവനതിന് ആരാ, പിന്നെ ഞാൻ ഒരു പാവല്ലെ.”
“അതേ, അതെ പാവം ആയിരുന്നു. ഇപ്പൊ ചെറിയ, ഒരു പൈങ്കിളി കഥയിലെ പ്രണയനായകൻ്റെ അസുഖം തുടങ്ങിയോന്നൊരു സംശയം. കലിപ്പനാവൻ നോക്കുന്നുണ്ടോ സാറ്”
