“എന്റെ കുഞ്ഞേ…”
അവൾ അവന്റെ നെറ്റിയിൽ ഉമ്മവെച്ചു. പിന്നെ വലത് കവിളിൽ. ഇടത് കവിളിൽ. മുടിയിലൂടെ വിരലോടിച്ചു. ഇത്രയും ആളുകളുടെ മുന്നിൽ സംഭവിക്കുന്നത് ആദിത്യനെ അസ്വസ്ഥനാക്കി.
അവൻ അല്പം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാവിത്രി വിട്ടില്ല.
“നന്നായി ഉറങ്ങിയോ ഉണ്ണീ?”
“ഉം.”
“കിടക്ക സുഖമായിരുന്നോ?”
“സുഖമായിരുന്നു.”
“ആരെങ്കിലും ശല്യപ്പെടുത്തി?”
“ഇല്ല.”
“രാത്രി പേടിയോ?”
“ഇല്ല.”
“ഭക്ഷണം നന്നായി കഴിച്ചോ?”
“കഴിച്ചു.”
“എന്തൊക്കെയാണ് കഴിച്ചത്?”
ആദിത്യൻ ഒരു നിമിഷം ആലോചിച്ചു.
“പുട്ട്… കോഴി…പിന്നെ സ്വൽപ്പം ബീഫ്… ”
അത് കേട്ടപ്പോൾ സാവിത്രി ചിരിച്ചു.
“കൊള്ളാം.”
“ഇഷ്ടമായോ?”
ആദിത്യൻ തലകുലുക്കി. ചുറ്റും നിന്നവർക്കും കൗതുകം തന്നെയായിരുന്നു ഈ കാഴ്ച. പുതുശ്ശേരി ഇല്ലത്തിലെ സാവിത്രി അന്ത്യർജനം എല്ലാവർക്കും അറിയുന്നത് കഠിനശാസനത്തിന്റെ
രൂപമായിട്ടാണ്.
കുഞ്ഞുകാലത്ത് സ്വന്തം മക്കൾ പോലും അവളെ കണ്ടാൽ ഒന്ന് ഒതുങ്ങിയിരുന്നവരാണ്. പക്ഷേ ഇപ്പോൾ അവരുടെ മുന്നിൽ ഇരിക്കുന്നത് മറ്റൊരാൾ. ഒരു കൊച്ചുമകനെ കണ്ടു ഉരുകുന്ന വൃദ്ധയായ അമ്മമ്മ.
പെട്ടെന്ന് സാവിത്രിയുടെ മുഖം വീണ്ടും മാറി. ഇല്ലത്തിന്റെ കർത്താവ് തിരിച്ചുവന്നു.
“എല്ലാവരും കേൾക്കൂ.”
ഒരു ശബ്ദം മാത്രം. ഉടൻ എല്ലാവരും ശ്രദ്ധിച്ചു.,”ഓരോരുത്തരും പോയി വസ്ത്രം മാറി വരണം.”
“അരമണിക്കൂറിനുള്ളിൽ.”
“പടിപ്പുരയിൽ കൂടാം.”
ആരും ചോദ്യം ചെയ്തില്ല.
“ഈ കുട്ടിയെ നിങ്ങൾ അവസാനമായി കണ്ടപ്പോൾ അവന് എത്ര വയസ്സായിരുന്നു?”
ആരോ പറഞ്ഞു.
“ഒരു വയസ്സ്.”
“അതെ.”
സാവിത്രി പറഞ്ഞു.
“ഇപ്പോൾ പതിനഞ്ചു വയസ്സായി.”
“അവന്റെ ജീവിതത്തെക്കുറിച്ച് നമുക്കറിയില്ല.”
“നമ്മളെക്കുറിച്ച് അവനും അറിയില്ല.”
“അതിനാൽ ആദ്യം സംസാരിക്കാം.”
അവൾ പറയുന്നത് ഉത്തരവായിരുന്നു. അത് കേട്ടതും എല്ലാവരും അനുസരിച്ചു. ഗൗരി, പാർവ്വതി, മായ, മീര-അപ്പോളവന് പേരുകൾ അറിയില്ലെങ്കിൽകൂടിയും—എല്ലാവരും അകത്തേക്കോടി. ലളിതയും മാലിനിയും ഭർത്താക്കന്മാരെ വിളിച്ച് അകത്തേക്ക് നടന്നു.
ഹരിദേവന്റെ ഭാര്യയും പോയി. കുറച്ച് നിമിഷങ്ങൾക്കുള്ളിൽ പടിപ്പുര ശൂന്യമായി.
അഞ്ജന മാത്രം പോയില്ല. അപർണയും അമൃതയും അവളുടെ അരികിലായിരുന്നു. അവരുടെ ചുവടുകൾ മറ്റു എല്ലാവരുടേതുപോലെ വേഗത്തിലായിരുന്നില്ല. മുഴുവൻ ശരീരവും ക്ഷീണിച്ചപോലെ. കരഞ്ഞ് കരഞ്ഞ് കണ്ണുകൾ വീർത്തിരിക്കുന്നു. സാവിത്രി അതുകണ്ടു.
“അഞ്ജനെ.”
അവൾ നിന്നു. തല ഉയർത്തി നോക്കി. സാവിത്രിയുടെ ശബ്ദം ഇത്തവണ കടുപ്പമുള്ളതല്ലായിരുന്നു.
“നീ വിഷമിക്കുന്നുണ്ടെന്ന് എനിക്കറിയാം.”
അഞ്ജനയുടെ കണ്ണുകളിൽ വെള്ളം നിറഞ്ഞു. പക്ഷേ ഒന്നും പറഞ്ഞില്ല.
“മഹാദേവൻ പോയത് നിനക്കൊരു ആഘാതമാണ്.”
ഒരു നിമിഷം സാവിത്രിയും നിശ്ശബ്ദമായി.
“എന്നാൽ അവൻ എന്റെ മകനാണ്.”
ശബ്ദം പതറി.
“അതുകൊണ്ട് നിന്റെ ദുഃഖം എനിക്ക്
മനസ്സിലാകും. കാരണം അത് എന്റെയും ദുഃഖമാണ്.”
അഞ്ജനയുടെ കണ്ണുനീർ ചാടിപ്പുറപ്പെട്ടു.
“അമ്മേ…”
അത്ര മാത്രമേ പറയാനായുള്ളൂ. സാവിത്രി അവളുടെ കൈയിൽ കൈവെച്ചു.
“കരയരുത് എന്ന് പറയുന്നില്ല.”
“പക്ഷേ ജീവിക്കണം. ഇവിടുള്ള ജീവിതം ഇനി കൂടുതൽ കഠിനമായേക്കാം. പക്ഷേ ജീവിക്കണം. “
“അപർണയ്ക്കും അമൃതയ്ക്കും വേണ്ടി.”
ശേഷം അവൾ അല്പം ചിരിച്ചു.
“എനിക്കുവേണ്ടിയും.”
അഞ്ജന പതുക്കെ തലകുലുക്കി. പിന്നെ രണ്ടുമക്കളെയും കൂട്ടി അകത്തേക്ക് നടന്നു.
എല്ലാവരും പോയതിനുശേഷവും സാവിത്രി സാരി മാറിയില്ല. വെളുത്ത പട്ടുസാരി. വീതിയേറിയ സ്വർണക്കര. ഒരു ചുളിവുപോലും ഇല്ലാതെ ഇപ്പോഴും ഭംഗിയായി. അവൾ വീണ്ടും പടിപ്പുരയിൽ വന്ന് ഇരുന്നു.
അരികിൽ ആദിത്യനെ ഇരുത്തി. അവന്റെ മുടി കൈകൊണ്ട് കോതിക്കൊടുത്തു. ചിലപ്പോൾ നെറ്റിയിൽ അമർത്തി. ചിലപ്പോൾ കവിളിൽ തലോടി. ആദ്യ പത്ത് മിനിറ്റിൽ തന്നെ ആദിത്യന് തോന്നി—ഇങ്ങനെ പോയാൽ താൻ ഒരു കുഞ്ഞല്ലെന്ന് ഇവരെ ആരെങ്കിലും ഓർമ്മിപ്പിക്കണം.
പക്ഷേ അവൻ ഒന്നും പറഞ്ഞില്ല. കാരണം തന്റെ അമ്മ മരിച്ചതിനുശേഷം ഇങ്ങനെ ഒരാൾ സ്നേഹം പ്രകടിപ്പിക്കുന്നത് ഇതാദ്യമായിരുന്നു. അത് സ്വീകരിക്കണമോ വേണ്ടയോ എന്ന് അവനുതന്നെ ഉറപ്പില്ലായിരുന്നു.
