കേശവന് തല ഉയർത്താൻ കഴിഞ്ഞില്ല.
“ഇപ്പോൾ അയാൾ മരിച്ചപ്പോൾ എന്റെ കൊച്ചുമകൻ ഓടി വരണമെന്നോ?”
കേശവൻ കൈകൾ കൂട്ടി.
“തിരുമേനീ… ദയവായി അങ്ങനെ പറയരുത്. ആ കുടുംബത്തിലെ ഏക പുരുഷസന്താനമാണ് ആദിത്യൻ. ഉണ്ണി കർമ്മം ചെയ്തില്ലെങ്കിൽ മഹാദേവൻ തിരുമേനിയുടെ ആത്മാവിന് ശാന്തി കിട്ടില്ല.”
തിരുമേനി പുഞ്ചിരിച്ചു. അതൊരു പരിഹാസപുഞ്ചിരിയായിരുന്നു.
“ശാന്തിയോ?”
അച്യുതൻ ചോദിച്ചു.
“അഥർവവേദത്തിന്റെ പേരിൽ ഇരുണ്ട മന്ത്രവാദങ്ങളും നിഷിദ്ധ താന്ത്രികപ്രയോഗങ്ങളും നടത്തി നടന്നവർക്ക് ശാന്തി വേണ്ടതെന്തിന്?”
“തിരുമേനീ…”
“അവരുടെ മോക്ഷത്തെ കുറിച്ച് എനിക്ക് വിഷമമില്ല.”
അന്തരം വീണ്ടും നിശ്ശബ്ദമായി. അപ്പോഴാണ് കാറിന്റെ പിന്നിലെ വാതിൽ മെല്ലെ തുറന്നത്. എല്ലാവരുടെയും കണ്ണുകൾ അവിടേക്ക് തിരിഞ്ഞു. ആദ്യം പുറത്തേക്ക് വന്നത് ഒരു കൈ.
ശേഷം രുദ്രാക്ഷമാലകൾ ചുറ്റിയ മെലിഞ്ഞ വിരലുകൾ. തുടർന്ന് ഒരു വൃദ്ധസന്യാസി പുറത്തേക്ക് ഇറങ്ങി. കാവിവസ്ത്രം. കൊഴിഞ്ഞ ശരീരം. നീണ്ട താടി. തീ പോലെ ജ്വലിക്കുന്ന കണ്ണുകൾ.
അത് ഹരിഹരൻ തിരുമേനി ആയിരുന്നു. മഹാദേവന്റെ അച്ഛൻ തിരുമേനിയുടെ ഇളയ സഹോദരൻ. അതായത് ഇളയച്ഛൻ. വർഷങ്ങളായി ബ്രഹ്മചാരിയായി ജീവിക്കുന്ന താന്ത്രികസന്യാസി.
അയാൾ കാർ വിട്ടിറങ്ങി ഭൂമിയിൽ കാൽവച്ച നിമിഷം വിചിത്രമായ ഒരു സംഭവം നടന്നു. മനയ്ക്ക് ചുറ്റുമുണ്ടായിരുന്ന കാക്കകൾ ഒരുമിച്ച് കർക്കശമായി കരയാൻ തുടങ്ങി.
മരക്കൊമ്പുകളിൽ ഇരുന്ന പക്ഷികൾ ചിറകടിച്ച് പറന്നു. ചിലത് വട്ടമിട്ട് അവരുടെ തലമുകളിൽ ചുറ്റിനടന്നു. അവിടെയുണ്ടായിരുന്ന ജോലിക്കാർ പരസ്പരം നോക്കി. അച്യുതൻ ആ കാഴ്ച ശ്രദ്ധിച്ചു.
ശേഷം തണുത്ത സ്വരത്തിൽ പറഞ്ഞു.
“ദുർമന്ത്രവാദികൾക്ക് ഈ മനയിൽ പ്രവേശനമില്ല.”
ഹരിഹരന്റെ കണ്ണുകൾ ഒരു നിമിഷം മിന്നി. മുഖത്ത് കോപം തെളിഞ്ഞു. പക്ഷേ ഉടൻ തന്നെ അത് മറഞ്ഞു. ഇവിടെ തർക്കിക്കാനുള്ള സമയമല്ലെന്ന് അയാൾക്കറിയാമായിരുന്നു.
ആദിത്യനെ കൂട്ടിക്കൊണ്ടുപോകുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. ഹരിഹരൻ പതുക്കെ മുന്നോട്ട് വന്നു.
“അച്യുതാ.”
“എന്റെ പേര് നിന്റെ വായിൽ നിന്ന് കേൾക്കാൻ താൽപര്യമില്ല.”
“വർഷങ്ങൾ കഴിഞ്ഞിട്ടും നിന്റെ സ്വഭാവം മാറിയിട്ടില്ല.”
“നിന്റെയും.”
രണ്ടുപേരും ഏതാനും നിമിഷങ്ങൾ പരസ്പരം നോക്കി നിന്നു. അത് രണ്ട് വൃദ്ധന്മാരുടെ നേർക്കുനേർ നിൽപ്പല്ലായിരുന്നു. പതിറ്റാണ്ടുകളായുള്ള താന്ത്രിക മത്സരത്തിന്റെ ഏറ്റുമുട്ടലായിരുന്നു. ഹരിഹരൻ മെല്ലെ തന്റെ അരയിൽ കെട്ടിയിരുന്ന ചെറിയൊരു രുദ്രാക്ഷമാല എടുത്തു.
അത് നെഞ്ചോട് ചേർത്തുപിടിച്ചു. കണ്ണുകൾ അടച്ചു. ചുണ്ടുകൾ മന്ത്രങ്ങൾ ഉരുവിടാൻ തുടങ്ങി. അച്യുതന്റെ മുഖം കടുത്തു.
“ഹരിഹരാ!”
മന്ത്രജപം നിന്നു.
“ഈ ഭൂമിയിൽ വച്ച് കറുത്ത പ്രയോഗങ്ങളൊന്നും ചെയ്യാൻ ശ്രമിക്കരുത്.”
ഹരിഹരൻ കണ്ണുകൾ തുറന്നു.
“അല്ലെങ്കിൽ?”
“ഇത് ദേവിയുടെ അനുഗ്രഹമുള്ള ഭൂമിയാണ്.”
അച്യുതന്റെ ശബ്ദം ഇടിമുഴക്കിപോലെ ഉയർന്നു.
“ഇവിടെ അത്തരം പ്രയോഗങ്ങൾ നടത്തിയാൽ നിനക്ക് രക്ഷയുണ്ടാവില്ല.”
ഹരിഹരൻ കുറച്ചുനേരം അദ്ദേഹത്തെ നോക്കി നിന്നു. ശേഷം ചെറുതായി പുഞ്ചിരിച്ചു.
“നീ ഇപ്പോഴും പഴയതുപോലെയാണ് അച്യുതാ.”
“എന്താണ് നീ ചെയ്തത്?”
“ഒന്നുമില്ല.”
“അപ്പോൾ ആ മന്ത്രം എന്തിന്?”
“ഞാൻ കണക്കുകൂട്ടുകയായിരുന്നു.”
അച്യുതൻ നെറ്റിചുളിച്ചു.
“എന്ത്?”
“നിനക്കിനി എത്ര കാലം ബാക്കിയുണ്ടെന്ന്.”
ഒരു നിമിഷത്തേക്ക് അന്തരീക്ഷം സ്തംഭിച്ചു. കേശവൻ പോലും തല ഉയർത്തി നോക്കി.
“എന്താണ് നീ പറഞ്ഞത്?” അച്യുതൻ ചോദിച്ചു.
ഹരിഹരൻ ശാന്തമായി പറഞ്ഞു.
“മൂന്നു മാസം.”
ആ
വാക്കുകൾ അമ്പുപോലെ പതിച്ചു.
“മൂന്നു മാസം കഴിഞ്ഞാൽ നീയും പോകും.”
അച്യുതൻ അറിയാതെ ഒരു പടി പിന്നോട്ട് നീങ്ങി. അത് ഭയമോ അത്ഭുതമോ എന്ന് അയാൾക്കുതന്നെ മനസ്സിലായില്ല.
“അർഥമില്ലാത്ത കാര്യങ്ങൾ പറയരുത്.”
“വിശ്വസിക്കേണ്ട.”
ഹരിഹരൻ തോളുയർത്തി.
“എന്നാൽ ഞാൻ കണ്ടത് അതാണ്.”
