തന്ത്രലാവണ്യം – 1 Likeഅടിപൊളി  

“ഒരു ഗ്രാമത്തിൽ ഒരു ജീവി സഹായിച്ചാൽ അവിടുത്തുകാർ അവനെ സംരക്ഷകനായി കണക്കാക്കി. മറ്റൊരിടത്ത് മറ്റൊരു ജീവി സഹായിച്ചാൽ അവിടുത്തുകാർ അവനെ ആരാധിച്ചു.

നൂറ്റാണ്ടുകൾ കടന്നപ്പോൾ കഥകൾ മാറി. രൂപങ്ങൾ മാറി. പക്ഷേ ആശയം നിലനിന്നു. മനുഷ്യനെക്കാൾ ശക്തരായ, അറിവുള്ള, അത്ഭുതങ്ങൾ ചെയ്യാൻ കഴിയുന്ന ജീവികൾ.”

“പിന്നെ?”

“പിന്നെ മനുഷ്യർ അവരോട് പ്രാർത്ഥിക്കാൻ തുടങ്ങി.”

“അവർ അടുത്തില്ലാതിരിക്കുമ്പോഴും?”

“അതെ.”

ആദിത്യൻ നെറ്റി ചുളിച്ചു.

ഹരിഹരൻ പറഞ്ഞു,

“കാരണം ആ ജീവികൾ സാധാരണ യാത്രക്കാരായിരുന്നില്ലെന്നാണ് വിശ്വാസം. ചിലർക്ക് ആകാശങ്ങൾ കടക്കാൻ കഴിഞ്ഞുവെന്ന്. ചിലർക്ക് ഒരു സ്ഥലത്ത്

നിന്ന് മറ്റൊന്നിലേക്ക് നിമിഷങ്ങൾക്കകം എത്താമെന്ന്.

ചിലർക്ക് സമയം തന്നെ വേറൊരു രീതിയിൽ അനുഭവപ്പെടുമായിരുന്നു എന്നും പറയുന്നു. അതുകൊണ്ട് മനുഷ്യർ എവിടെയായിരുന്നാലും പ്രാർത്ഥിച്ചാൽ അവർ കേൾക്കുമെന്ന് വിശ്വസിച്ചു.”

“അത് സത്യമാണോ?”

“കഥയിൽ അതാണ് പറയുന്നത്,” ഹരിഹരൻ ചിരിച്ചു.

ശേഷം അദ്ദേഹത്തിന്റെ മുഖം ഗൗരവമായി.

“എന്നാലൊരു കാര്യം മനുഷ്യർ മുഴുവൻ മനസ്സിലാക്കിയിരുന്നില്ല.”

“എന്ത്?”

“ആ ജീവികൾ മനുഷ്യരെപ്പോലെ ആയിരുന്നില്ല.”

“അതെനിക്ക് അറിയാം.”

“ഇല്ല. ഞാൻ പറയുന്നത് മറ്റൊന്നാണ്.”

ഹരിഹരൻ വിരൽ ഉയർത്തി.

“മനുഷ്യന് ഭക്ഷണം വേണം. വെള്ളം വേണം. ശ്വാസം വേണം. എന്നാൽ പല പുരാതനരേഖകളും പറയുന്നത്, ആ ജീവികളിൽ ഭൂരിഭാഗത്തിന്റെയും ജീവന്റെ അടിസ്ഥാനം സൂര്യപ്രകാശമായിരുന്നു എന്നാണ്.”

ആദിത്യൻ സ്തംഭിച്ചു.

“സൂര്യപ്രകാശമോ?”

“അതെ. ചെടികൾ സൂര്യപ്രകാശം ഉപയോഗിച്ച് ജീവിക്കുന്നതുപോലെ. എന്നാൽ അതിന്റെ വളരെ സങ്കീർണ്ണമായ ഒരു രൂപം. അവർ ഭക്ഷണവും കഴിച്ചിരിക്കാം. ജലവും ഉപയോഗിച്ചിരിക്കാം.

പക്ഷേ യഥാർത്ഥ ഊർജ്ജം ലഭിച്ചിരുന്നത് സൂര്യനിൽ നിന്നായിരുന്നുവത്രേ.”

“എല്ലാവർക്കും?”

“ഇല്ല. ചില വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ചിലർ നേരിട്ടുള്ള സൂര്യപ്രകാശത്തിൽ നിന്നും ഊർജ്ജം സ്വീകരിച്ചു. ചിലർക്ക് അത് സഹിക്കാൻ പോലും പറ്റില്ലായിരുന്നു. അവർക്ക് ഇഷ്ടമുണ്ടായിരുന്നത് ചന്ദ്രപ്രകാശം.”

“ചന്ദ്രപ്രകാശവും സൂര്യപ്രകാശം തന്നെയല്ലേ?”

ഹരിഹരന്റെ കണ്ണുകളിൽ സംതൃപ്തി തെളിഞ്ഞു.

“ശരിയാണ. അതാണ് കാര്യം. ചന്ദ്രൻ സ്വന്തം വെളിച്ചമുണ്ടാക്കുന്നില്ല. സൂര്യപ്രകാശം തിരിച്ചുവിടുകയാണ്. അതിന്റെ ദുർബലമായ രൂപം. ചില ജീവികൾക്ക് അതുമതി എന്നാണ് കഥകൾ പറയുന്നത്.”

ഒരു നിമിഷം മുറിയിൽ നിശ്ശബ്ദത പരന്നു.

“പക്ഷേ പിന്നെ എന്തോ സംഭവിച്ചു.”

ഹരിഹരന്റെ ശബ്ദം താഴ്ന്നു.

“ഏകദേശം ആയിരത്തി തൊള്ളായിരത്തി അൻപത് വർഷങ്ങൾക്ക് മുൻപ്.”

“എന്ത്?”

“ഒരു മഹാഗ്രഹണം.”

ആദിത്യൻ കൂടുതൽ ശ്രദ്ധയോടെ കേൾക്കാൻ

തുടങ്ങി.

“ഗ്രഹണങ്ങൾ സാധാരണമാണ്. പക്ഷേ ഇത് സാധാരണമായ ഒന്നായിരുന്നില്ല. പഴയ രേഖകൾ പറയുന്നത്, അത് ഒരു വെള്ളിയാഴ്ചയാണ് സംഭവിച്ചതെന്ന്. അതും പൂർണചന്ദ്രനുണ്ടാകേണ്ട ദിവസത്തിൽ.

ആകാശത്ത് നടക്കാൻ പാടില്ലാത്ത പല കാര്യങ്ങളും ഒരുമിച്ച് സംഭവിച്ചു.”

“അതെങ്ങനെ സാധ്യമാകും?”

“അറിയില്ല.”

ഹരിഹരൻ തുറന്നു സമ്മതിച്ചു.

“പക്ഷേ കഥകൾ പറയുന്നത്, ആ ദിവസം മൂന്ന് മണിക്കൂറിലേറെ ലോകം മുഴുവൻ വിചിത്രമായ ഇരുട്ടിൽ മുങ്ങിയെന്നാണ്. പക്ഷികൾ നിലത്തുവീണു. മൃഗങ്ങൾ അസ്വസ്ഥമായി. കടലുകൾ അസാധാരണമായി പെരുമാറി.”

“പിന്നെ?”

“ഗ്രഹണം അവസാനിച്ചു. സൂര്യൻ വീണ്ടും ഉദിച്ചു. മനുഷ്യർക്ക് ഒന്നും സംഭവിച്ചില്ല. മൃഗങ്ങൾക്കും ഇല്ല. സസ്യങ്ങൾക്കും ഇല്ല.”

“അപ്പോൾ പ്രശ്നമെന്ത്?”

ഹരിഹരൻ മെല്ലെ പറഞ്ഞു.

“ആ ജീവികൾക്ക് പിന്നീട് സൂര്യനിൽ നിന്ന് ഊർജ്ജം സ്വീകരിക്കാൻ കഴിഞ്ഞില്ല.”

ആദിത്യൻ മിണ്ടാതെ നിന്നു.

“എന്തുകൊണ്ട്?”

“അറിയില്ല.”

“അവർക്ക് മാത്രം എന്തുകൊണ്ട്?”

“അറിയില്ല.”

“സൂര്യൻ മാറിയോ?”

“ഒരുപക്ഷേ.”

“അല്ലെങ്കിൽ അവർ മാറിയോ?”

“അതും ഒരുപക്ഷേ.”

ഹരിഹരൻ തോളുയർത്തി.

“അതുതന്നെയാണ് രഹസ്യം. മനുഷ്യന് സൂര്യൻ പഴയതുപോലെ തന്നെ ആയിരുന്നു. ചെടികൾ വളർന്നു. മൃഗങ്ങൾ ജീവിച്ചു. എല്ലാം സാധാരണമായി. പക്ഷേ ആ ജീവികളുടെ ശരീരത്തിന് സൂര്യന്റെ ഊർജ്ജം ഉപയോഗിക്കാൻ കഴിയാതെ പോയി.”

Leave a Reply

Your email address will not be published. Required fields are marked *