അവന് പെട്ടെന്ന് തന്റെ മുത്തച്ഛൻ അച്യുതൻ തിരുമേനി നൽകിയ വെളുത്ത വള ഓർമ്മവന്നു. ഇന്നലെ രാവിലെ സംഭവിച്ച ആ വിചിത്ര കാര്യങ്ങൾ അവൻ ഓർത്തു.
ആ വളയും സാധാരണ ആഭരണമല്ലായിരുന്നു. അപ്പോൾ ഒരു സത്യം പതിയെ അവന്റെ മനസ്സിൽ തെളിഞ്ഞു. അത് ഒരിക്കലും മുത്തച്ഛൻ തിരുമേനി തിരികെ എടുത്തുപോയിട്ടില്ല.
അവൻ കരുതിയതുപോലെ നഷ്ടപ്പെട്ടതുമല്ല. ഇതുവരെ തനിക്ക് മനസ്സിലാകാത്ത മറ്റേതോ രീതിയിൽ അത് തന്നോട് ബന്ധപ്പെട്ട് നിലനിന്നിരുന്നു.
ഇപ്പോൾ ഇതാ രണ്ടാമത്തെ വളയും.
എന്താണ് ഈ വളകൾ? എന്താണ് ഇവയുടെ സ്വഭാവം? എന്തിനാണ് അവ തന്നെ തിരഞ്ഞെടുക്കുന്നത്? ചോദ്യങ്ങൾ മാത്രം. ഉത്തരമില്ല. ഒരു നിമിഷം അവൻ ചെറുമുത്തച്ഛനോട് ചോദിക്കണമോ എന്ന് ആലോചിച്ചു. പിന്നെ ആ ചിന്ത ഉപേക്ഷിച്ചു.
ഇല്ല. ഇപ്പോൾ വേണ്ട. അവനിപ്പോഴും ഇവിടുത്തെ ആളുകളുമായി പൂർണ്ണമായി ഇഴുകിച്ചേർന്നിട്ടില്ല. ചെറുമുത്തച്ഛനെ ബഹുമാനമുണ്ടെങ്കിലും അടുപ്പമില്ല. പകരം രണ്ടുമൂന്നു മാസം കഴിഞ്ഞ് നീലകണ്ഠത്ത് മനയിലേക്ക് മടങ്ങുമ്പോൾ മുത്തച്ഛനോട് തന്നെ ചോദിക്കാമെന്ന് അവൻ തീരുമാനിച്ചു.
അദ്ദേഹത്തിനു അറിയാമായിരിക്കും. ഒരുപക്ഷേ എല്ലാം തന്നെ. ഈ കറുത്ത വളയെക്കുറിച്ചും.
അപ്പോഴേക്കും ഇടുങ്ങിയ വഴിയിലൂടെ ആളുകൾ വേഗത്തിൽ നടക്കുന്നതിന്റെ ശബ്ദം കേട്ടു. ഗൗരിയുടെ ശബ്ദം ആദ്യം മുഴങ്ങി.
“ഇവിടെയാ!”
അതിനുപിന്നാലെ ചെറുമുത്തച്ഛൻ ഹരിഹരൻ തിരുമേനി പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ കണ്ണുകൾ ഒരു നിമിഷം കൊണ്ട് മുഴുവൻ മുറിയും പരിശോധിച്ചു. ശേഷം നേരെ ആദിത്യന്റെ മുന്നിലെത്തി.
“ഉണ്ണീ, എന്തുപറ്റി? ഇപ്പോൾ സുഖമാണോ?”
“സുഖമാണ് ചെറുമുത്തച്ഛാ.”
ഹരിഹരൻ അവനെ സൂക്ഷിച്ച് നോക്കി. മുഖത്തോ കണ്ണുകളിലോ എന്തെങ്കിലും മാറ്റമുണ്ടോ എന്ന് പരിശോധിക്കുന്നതുപോലെ. ശേഷം ചെറിയൊരു ആശ്വാസനിശ്വാസം വിട്ടു.
“നടക്കാൻ പറ്റുമോ?”
“പറ്റും.”
“എങ്കിൽ പുറത്തേക്ക് പോകാം.”
ശേഷം അദ്ദേഹം ചുറ്റുമുള്ള കുട്ടികളെ നോക്കി.
“നിങ്ങളുടെ അച്ഛന്മാർ രണ്ടും പുറത്തുനിൽക്കുകയാണ്. ഞാൻ ആരെയും ഇങ്ങോട്ട് കടത്തിയില്ല.”
“എന്തുകൊണ്ട്?” മായ ചോദിച്ചു.
ഹരിഹരൻ മൃദുവായി ചിരിച്ചു.
“ഇത് കാരണവന്മാർക്കായി മാത്രം സംരക്ഷിച്ചിരിക്കുന്ന സ്ഥലം ആണ്.”
അതിലധികം ഒന്നും പറഞ്ഞില്ല. അവർ എല്ലാവരും ചേർന്ന് തിരിച്ചുനടക്കാൻ തുടങ്ങി. ഇടുങ്ങിയ ഭൂഗർഭപാതയിലൂടെ കടന്നുപോകുമ്പോൾ ഹരിഹരൻ പെട്ടെന്ന് നിന്നു. പിന്നിൽ വന്ന ഗൗരിയെയും പാർവ്വതിയെയും മായയെയും നന്ദനയെയും
നോക്കി. ശേഷം വളരെ ഗൗരവത്തോടെ പറഞ്ഞു.
“നിങ്ങളൊക്കെ ഇന്ന് കണ്ട കാര്യങ്ങൾ ആരോടും പറയരുത്.”
കുട്ടികൾ മിണ്ടാതെ കേട്ടു.
“നിങ്ങളുടെ അമ്മമാരോടോ അച്ഛന്മാരോടോ പോലും വേണ്ട.”
“പക്ഷേ…” പാർവ്വതി തുടങ്ങി.
“ഇല്ല.”
ഇത്തവണ ഹരിഹരന്റെ ശബ്ദം കടുപ്പമായിരുന്നു.
“അവിടെ കണ്ടതൊക്കെ മറന്നുകളയുന്നതാണ് നല്ലത്.”
അദ്ദേഹം ആദിത്യനെ ഒരു നിമിഷം നോക്കി.
“പ്രത്യേകിച്ച് ആ മുറിയെക്കുറിച്ച്.”
കുട്ടികൾ എല്ലാവരും തലകുലുക്കി. അൽപസമയത്തിനുശേഷം അവർ പൂജാമുറിയിലേക്കെത്തി. അവിടെ ആദിത്യന്റെ രണ്ട് അമ്മാവന്മാരും ഉത്കണ്ഠയോടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. അവനെ കണ്ട നിമിഷം അവർ മുന്നോട്ടോടിവന്നു.
“ഉണ്ണീ!”
“എന്താ പറ്റിയത്?”
“അസുഖം എന്തെങ്കിലും?”
അവർ അവന്റെ തോളിലും കൈകളിലും പിടിച്ചു. ആദിത്യന് അതിൽ ചെറിയ ലജ്ജ തോന്നി. ബോധംകെട്ടുവീണത് പോരാഞ്ഞിട്ട് ഇപ്പോൾ മുഴുവൻ കുടുംബവും രക്ഷിക്കാൻ വന്നിരിക്കുകയാണ്.
അതിലും വലിയ നാണക്കേട് തനിക്കുണ്ടാകാനില്ല. പ്രത്യേകിച്ച് ഇപ്പോൾ താൻ പൂർണ്ണസുഖത്തിലിരിക്കുമ്പോൾ.
“ഒന്നുമില്ല അമ്മാവാ.”
അവൻ ചെറിയൊരു ചിരിയോടെ പറഞ്ഞു.
“അകത്തൊക്കെ വായു കുറവായിരിക്കും.”
“വളരെ താഴെയല്ലേ.”
“ഓക്സിജൻ കുറവുകാരണമായിരിക്കും.”
അമ്മാവന്മാർക്ക് ആ വിശദീകരണം വിശ്വസിക്കാനായിരുന്നു താൽപര്യം. അവരും ഉടനെ അതുതന്നെ പിടിച്ചെടുത്തു.
“അതുതന്നെയാകും.”
“പാവം കുട്ടി.”
