പക്ഷേ പ്രണാമമോ വണക്കമോ ഒന്നുമില്ല. വെറും തലകുലുക്കൽ. ആദിത്യൻ ഉള്ളിൽ ചിരിച്ചു. ഈ
പെൺകുട്ടി ശരിക്കും വ്യത്യസ്തയാണ്. പക്ഷേ അവൾ തന്നെ അസ്വസ്ഥനാക്കുന്നതും അവനറിഞ്ഞു. അതിനുശേഷം നാല് വേലക്കാരികളും മുന്നോട്ട് വന്നു.
കാർത്യായനി. തങ്കം. രാധ. മിനി. അവർ ഓരോരുത്തരും “ഉണ്ണിത്തമ്പുരാനേ” എന്ന് പറഞ്ഞ് വണങ്ങി. പക്ഷേ അവരുടെ മുഖത്തെ സ്നേഹം വ്യാജമല്ലായിരുന്നു. സ്നേഹത്തിന്റെ കൂടെ മറ്റൊരു ഭാവവും അവരുടെ കണ്ണിൽ അവൻ കണ്ടു.
പ്രത്യേകിച്ച് കാർത്യായനിക്ക്. തനിക്ക് തോന്നിയതാവാം എന്നവൻ വിചാരിച്ചു. അവൾ ആദിത്യനെ നോക്കിയത് സ്വന്തം മകനെ നോക്കുന്നതുപോലെയായിരുന്നോ? അതോ ഒരു യജമാനനെ പോലെയോ ?അതുമല്ലെങ്കിൽ കാമത്തിൽ തിളച്ചു നിൽക്കുന്ന ഒരു നാണമുള്ള വേശ്യയെപ്പോലെയോ? അവനതിനെക്കുറിച്ച് ചിന്തിച്ചില്ല.
എല്ലാവരുടെയും പരിചയപ്പെടുത്തൽ കഴിഞ്ഞപ്പോൾ സാവിത്രി കൈ ഉയർത്തി.
“മതി.” ശേഷം ആദിത്യനെ നോക്കി പറഞ്ഞു.
“ബാക്കിയുള്ളവരെ വഴിയിൽ കണ്ടുകൊള്ളും. ഈ ഇല്ലത്തിലുള്ള എല്ലാരെയും ഒരു ദിവസം കൊണ്ട് പരിചയപ്പെടാൻ പറ്റില്ല.”
അവൻ തലയാട്ടി. അപ്പോഴാണ് സാവിത്രി മറ്റൊരു കാര്യം പറഞ്ഞത്.
“ഒരു കാര്യം ഓർക്കണം.”
എല്ലാവരും ശ്രദ്ധിച്ചു.
“ഈ ഇല്ലത്തിന്റെ ഉടമസ്ഥൻ നീയാണ്.”
ആദിത്യൻ ഒന്ന് നിശ്ചലമായി.
“അതുകൊണ്ട് ജോലിക്കാരോട് സംസാരിക്കാൻ മടിക്കണ്ട. അവർക്ക് നിന്റെ വയസ്സിന്റെ മൂന്നിരട്ടി പ്രായമുണ്ടെങ്കിലും പ്രശ്നമില്ല. അവർ നിന്റെ ആളുകളാണ്. നീ മര്യാദ കാണിക്കേണ്ടതില്ല എന്നല്ല. പക്ഷേ അകലം വയ്ക്കേണ്ട. അവർ കുടുംബമാണ്.”
ആ വാക്കുകൾ കേട്ടപ്പോൾ ആദിത്യൻ നന്ദനയെ നോക്കി. അവളുടെ മുഖം ഉടനെ മുറുകി. അവൾക്ക് ആ വാചകം ഇഷ്ടമായില്ലെന്ന് വ്യക്തമായിരുന്നു.
“ഉടമയും സേവകരും അവസാനം കുടുംബമാണെന്ന് പോലും.”
ആ ആശയം തന്നെ അവൾക്ക് ഇഷ്ടമല്ലായിരിക്കാം. ആദിത്യൻ അത് ശ്രദ്ധിച്ചു. മറക്കാതെ. ഒടുവിൽ സാവിത്രി കുട്ടികളിലേക്ക് നോക്കി.
“ശരി. ഇനി നിങ്ങൾക്കൊരു
ജോലി.”
എല്ലാവരും ശ്രദ്ധിച്ചു.
“ഉണ്ണിക്ക് ഈ വീട് അറിയില്ല. പരിസരവും അറിയില്ല. അതിനാൽ കാണിച്ചുകൊടുക്കണം.”
അവൾ നേരെ പേരെടുത്തു.
“നന്ദന.”
നന്ദനയുടെ മുഖം വീണു.
“അതെ. നീയും ഈ കുട്ടികളും കൂടി അവനെ കൊണ്ടുപോ. വീടും കാണിക്കൂ. തോട്ടവും കാണിക്കൂ. കുളവും. പത്തായപ്പുരയും. ക്ഷേത്രവും. കാവുകളും പിന്നെ പാലക്കാവും മേടയും. പക്ഷേ മേടയ്ക്കകമൊക്കെ കാണിക്കുമ്പോൾ സൂക്ഷിക്കണേ.”
ഗൗരി ഉടനെ അസ്വസ്ഥമായി. പാർവ്വതി മുഖം ചുളിച്ചു. മായയുടെയും മുഖത്തും വലിയ ആവേശമൊന്നും കണ്ടില്ല. കാരണം മനസ്സിലാക്കാൻ പ്രയാസമില്ല. ഇന്നലെ വരെ ഇവരാണ് വീട്ടിലെ പ്രധാന കുട്ടികൾ.
ഇപ്പോൾ എല്ലാവരുടെയും ശ്രദ്ധ ആദിത്യനിലേക്ക് പോയിരിക്കുന്നു. അതിൽ അവർ സന്തോഷവതികളായിരുന്നില്ല. പക്ഷേ മറുവശത്ത് അപർണയും അമൃതയും ഉടനെ എഴുന്നേറ്റു.
“ഞങ്ങൾ കൊണ്ടുപോയ്ക്കൊള്ളാം!”
മീര കൈയടിച്ചു.
“ഞാനും!”
സാവിത്രി ചിരിച്ചു.
“നീയും പോ.”
പിന്നെ ആദിത്യന്റെ തോളിൽ കൈവെച്ചു.
“പോയി നോക്കിക്കോ ഉണ്ണീ.”
“ഇനി ഇത് നിന്റെ വീടാണ്.”
ആ വാക്ക് കേട്ടപ്പോൾ അവൻ ചുറ്റും നോക്കി. വമ്പിച്ച പടിപ്പുര. പഴയ മരത്തൂണുകൾ. നൂറുകണക്കിന് വർഷങ്ങളുടെ ചരിത്രം ആ വീട്ടിനുള്ളിലും പുറത്തും തഴച്ചു നിൽക്കുന്നു.
അവനെ നോക്കുന്ന ബന്ധുക്കൾ. സഹോദരിമാർ. അത്തമാർ. സേവകർ. ശത്രുക്കളോ? സുഹൃത്തുക്കളോ? അതൊന്നും ഇനിയും അറിയില്ല. പക്ഷേ ഒരു കാര്യം അവന് ഉറപ്പായി. തന്റെ ജീവിതം മാറാൻ തുടങ്ങിയിരിക്കുന്നു.
നന്ദനയ്ക്ക് വ്യക്തമായ താൽപര്യമില്ലാതിരുന്നെങ്കിലും, സാവിത്രി തമ്പുരാട്ടിയുടെ ഉത്തരവിനെ എതിർക്കാൻ അവൾക്കായില്ല.
“വരൂ,” എന്നൊരു വാക്ക് മാത്രം പറഞ്ഞ് അവൾ മുന്നോട്ട് നടന്നു.
ആദിത്യൻ അവളുടെ പിന്നാലെ നടന്നു. പിന്നിൽ ഗൗരി, പാർവ്വതി, മായ, മീര, അപർണ, അമൃത എന്നിവരും.
ഏറ്റവും പിന്നിൽ ചെറിയ മീര ഓടിച്ചാടിക്കൊണ്ടാണ് വരുന്നത്.
പുതുശ്ശേരി ഇല്ലം പുറത്തുനിന്ന് വലുതാണെന്ന് തോന്നിയിരുന്നെങ്കിലും, അകത്തു കയറിയ ശേഷമാണ് അതിന്റെ യഥാർത്ഥ വ്യാപ്തി ആദിത്യന് മനസ്സിലായത്. ഇന്നലെയും ഇന്ന് രാവിലെയും മറ്റുള്ളവരുടെ പുറകേ ചലിച്ചതുകൊണ്ട് അവന് അതിന്റെ വ്യാപ്തി പിടികിട്ടിയിരുന്നില്ല.
