തന്ത്രലാവണ്യം – 1 Likeഅടിപൊളി  

ശേഷം അദ്ദേഹത്തിന്റെ കണ്ണുകൾ ആഴത്തിലായി.

“നീ മരിച്ചാൽ ആദിത്യനെ നോക്കാൻ ഇവിടെ ആരുണ്ടാകും?”

ആ ചോദ്യം അച്യുതനെ നിശ്ശബ്ദനാക്കി.

“നിന്റെ മകളും പോയി.”

ഹരിഹരൻ തുടർന്നു.

“അവന്റെ അച്ഛനും പോയി.”

“…”

“ഇനി നീയും പോയാൽ? നിന്റെ തറവാട്ടിലെ ജോലിക്കാരോ? അവർ അവനെ മന്ത്രതന്ത്രവിദ്യകളും പഠിപ്പിക്കുമോ?”

മറുപടി ഉണ്ടായില്ല.

“അതുകൊണ്ടാണ് പറയുന്നത്. കുട്ടിയെ ഞങ്ങളോടൊപ്പം വിടൂ.”

അച്യുതൻ ഒന്നും പറഞ്ഞില്ല. വരാന്തയ്ക്ക് പുറത്തുള്ള മാവിൻമരത്തിലേക്ക് നോക്കി. കാറ്റ് ഇലകളെ ഇളക്കിക്കൊണ്ടിരുന്നു. ഹരിഹരൻ പറഞ്ഞത് വിശ്വസിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. പക്ഷേ വൃദ്ധാവസ്ഥയെന്ന സത്യം നിഷേധിക്കാനും കഴിഞ്ഞില്ല.

നേരം കുറെ കടന്നുപോയി. ഒടുവിൽ അദ്ദേഹം ഒരു ഭൃത്യനെ വിളിച്ചു.

“ഗോവിന്ദാ.”

“തിരുമേനി.”

“ആദിത്യനെ വിളിച്ചുകൊണ്ടുവരൂ.”

ആദിത്യൻ അന്ന് സാമവേദത്തിന്റെ ആന്തരികാർത്ഥങ്ങൾ വിവർത്തിച്ചു അവന്റെ മുത്തച്ഛൻ എഴുതികൊടുത്ത പുസ്തകം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഭൃത്യൻ വന്ന് വിളിച്ചപ്പോൾ കാര്യമൊന്നും മനസ്സിലായില്ല. അവൻ വരാന്തയിലേക്ക് വന്നപ്പോൾ പരിചയമില്ലാത്ത കാറും ആളുകളേയും കണ്ടു.

പിന്നെ കേശവനെ തിരിച്ചറിഞ്ഞു. ഒരിക്കലോ രണ്ടിക്കലോ കണ്ട മുഖം.

“മുത്തച്ഛാ?”

അവൻ ചോദിച്ചു. അച്യുതൻ കൊച്ചുമകനെ അടുത്തേക്ക് വിളിച്ചു. കുറച്ചുനേരം അവന്റെ തലയിൽ കൈവെച്ചു. ശേഷം പറഞ്ഞു.

“ഉണ്ണീ… നീ പുതുശ്ശേരി ഇല്ലത്തേക്ക് പോകണം.”

ആദിത്യൻ ഞെട്ടി.

“എന്തിന്?”

“നിന്റെ അച്ഛൻ മരിച്ചു.”

അവൻ മിണ്ടാതെയായി. അച്ഛൻ. ആ വാക്ക്

കേൾക്കുമ്പോഴെല്ലാം മനസ്സിൽ കയ്പ്പായിരുന്നു. അമ്മ പറഞ്ഞ കഥകൾ അല്ല. മറ്റുള്ളവർ പറഞ്ഞ കഥകൾ. അമ്മയെ കരയിപ്പിച്ച മനുഷ്യൻ. അമ്മയെ ഉപേക്ഷിച്ച മനുഷ്യൻ. തിരിഞ്ഞുനോക്കാത്ത മനുഷ്യൻ.

“എനിക്ക് പോകണ്ട.”

അവൻ ഉടൻ പറഞ്ഞു.

“ഉണ്ണീ—”

“എനിക്ക് അയാളെ ഇഷ്ടമല്ല.”

കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞു.

“ഞാൻ പോകുന്നില്ല.”

അച്യുതൻ സ്നേഹത്തോടെ അവന്റെ തോളിൽ പിടിച്ചു.

“മരിച്ചവരോട് വൈരം വയ്ക്കരുത്.”

“പക്ഷേ—”

“അവൻ നിന്റെ അച്ഛനാണ്.”

“അല്ല.”

“ആണെന്ന് ലോകം പറയും. നിന്റെ അമ്മയും.”

ആദിത്യൻ കരഞ്ഞു.

“എനിക്ക് പോകണ്ട.”

“ഉണ്ണീ…”

“ഞാൻ ഇവിടെ തന്നെ നിൽക്കും.”

അവൻ ഒരു കൊച്ചുകുട്ടിയെപ്പോലെ വാശിപിടിച്ചു. അല്ല, വെറും പതിനഞ്ചു വയസ്സ് മാത്രമുള്ള, മൂന്നുവേദങ്ങളും, താന്ത്രിക മാന്ത്രവിദ്യകളും ഈ കുറഞ്ഞ പ്രായത്തിൽത്തന്നെ വശത്താക്കിയ അവൻ, അക്ഷരാർത്ഥത്തിൽ ഒരു കുട്ടി തന്നെ ആയിരുന്നു.

കണ്ണുനീർ തുടച്ചു. അച്യുതന്റെ ഹൃദയവും വേദനിച്ചു. പക്ഷേ തീരുമാനം എടുത്തുകഴിഞ്ഞിരുന്നു.

“പോ.”

“മുത്തച്ഛാ—”

“അവിടെയിട്ട് കർമ്മങ്ങൾ ചെയ്തു തീർക്കൂ.”

ശേഷം മൃദുവായി കൂട്ടിച്ചേർത്തു.

“രണ്ടുമൂന്നു മാസം നിന്നിട്ട് തിരികെ വരാം.”

ആദിത്യൻ വീണ്ടും കരഞ്ഞു. എന്നിട്ടും ഒടുവിൽ കേശവനും ഹരിഹരനും കൂടെ പോകേണ്ടിവന്നു. പോകുന്നതിനു മുൻപ് അച്യുതൻ അവനെയും കൂട്ടി നിലവറയ്ക്കുള്ളിൽ പോയി.

ഒരു രഹസ്യ അറ തുറന്നു ഒരു ചെപ്പെടുത്തു. അതിൽ നിന്നും ഒരു വെളുത്ത വളയെടുത്തു ആദിക്കു കൊടുത്തു. അവൻ അത് വാങ്ങിച്ചു.

പാൽ പോലെ വെളുത്തത്, ഭാരം തീരെയില്ല, എന്നാൽ ഉരുക്കിന്റെ ഉറപ്പു. ചിലപ്പോൾ ഉരുക്കിനെക്കാൾ ഉറപ്പുണ്ടാകും എന്നവന് തോന്നി. അത് അവന്റെ കയ്യിലിടാൻ അച്യുതൻ പറഞ്ഞു.

ഇട്ടതും അവന്റെ കണ്ണുകളിൽ വിളക്ക് കൊളുത്തിവച്ചപോലെ പ്രകാശമടിച്ചു. ഒരു

പത്തിരുപതു നിമിഷങ്ങളിൽ കണ്ണിനു കാഴ്ച കിട്ടി. നോക്കുമ്പോൾ ആ വള തന്റെ കയ്യിൽ കാണുന്നില്ല.

അതെവിടെയെന്നു മുത്തച്ഛനോട് ചോദിച്ചിട്ട് പറഞ്ഞും ഇല്ല. ചിലപ്പോൾ മുത്തച്ഛൻ തന്നെ ഊരിയെടുത്തുകാണും എന്നുവിചാരിച്ചവൻ യാത്രക്കുള്ള ഉടുപ്പുകൾ എടുക്കാൻ പോയി.

അൽപസമയത്തിന് ശേഷം ആ ബെൻസ് നീലകണ്ഠത്ത് മനയുടെ പടിപ്പുര വിട്ട് പുറപ്പെട്ടു. പിന്നിലെ സീറ്റിൽ ആദിത്യൻ മിണ്ടാതിരുന്നു. അവന്റെ കണ്ണുകൾ ഇപ്പോഴും ചുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *