അറവുകാരൻ- 2

“ശിവാ അധികം വൈകികണ്ട, ചടങ്ങായിട്ട് അധികം ഒന്നുമില്ല താലികെട്ട് മാത്രം മതി.
..
…”

ഒന്ന് നിർത്തിയിട്ട് ശ്രീജ തുടർന്നു

“അറിയാല്ലോ….
ഇവർക്കിനി താങ്ങും തണലുമായിട്ട് നീ വേണം എന്നും കൂടെ ഉണ്ടാവണം,
ഒരുപാട് അനുഭവിച്ചതാ ഇവര്…
വീണ്ടും വീണ്ടും പറയുന്നത് വേറൊന്നും അല്ല,
ഇതൊക്കെ പറയാൻ ഇവർക്ക് ഞാൻ മാത്രേ ഉള്ളൂ….
കൈ വിടരുത്…..”

ശ്രീജ സുജയേയും അനുവിനെയും കെട്ടി പിടിച്ചുകൊണ്ട് പറഞ്ഞു.

“എന്തുണ്ടായാലും ഇവരെ ഞാൻ കൈ വിടില്ല ചേച്ചി….
എന്റെ മരണം വരെ ഞാൻ പൊന്നുപോലെ നോക്കിക്കോളാം…”

“മതി….അത് മതി….
താലി താ ശിവാ….”

ശ്രീജ കൈ നീട്ടിയപ്പോൾ പോക്കറ്റിൽ അവന്റെ നെഞ്ചോരം ഒട്ടിക്കിടന്ന മഞ്ഞച്ചരടിൽ കോർത്ത ആലിലതാലി അവൻ ശ്രീജയുടെ കയ്യിൽ കൊടുത്തു.

താലിയുമായി ശ്രീജ അരയാൽ ചുവട്ടിലെ ദേവീ സ്വരൂപതിനു മുന്നിൽ എത്തി,
താലിയിൽ ദേവിയുടെ മുന്നിലുള്ള കുങ്കുമം വിരലിലെടുത്തു താലിയിൽ തൊടുവിച്ചു ദേവിക്ക് മുന്നിൽ വച്ച് ശ്രീജ പ്രാർത്ഥിക്കുമ്പോൾ.
ശിവനെ ഒന്ന് നേരെ നോക്കാൻ നാണിച്ചു തല താഴ്ത്തി നിൽക്കുന്ന സുജയുടെ അരയിൽ ചുറ്റി പിടിച്ചുകൊണ്ട് ശിവനെ തന്നെ ഉറ്റുനോക്കുകയായിരുന്നു അനു.
അവളുടെ ഉള്ളിൽ അമ്മയുടെ സന്തോഷം മാത്രം കണ്ടുകൊണ്ട് സമ്മതിച്ചതാണെങ്കിലും ഉള്ളിൽ അനുവിന് ശിവനിപ്പോഴും മറ്റൊരാൾ ആയിരുന്നു.
അതവളുടെ കണ്ണുകളിൽ തെളിഞ്ഞു നിന്നിരുന്നു.

ശിവന്റെ കണ്ണുകൾ ഒരിടതുറപ്പിക്കാൻ കഴിയാതെ കാവിലും തൂങ്ങിയാടുന്ന ചെമ്പട്ടിലും ഒഴുകി നടന്നു,
ശിവന്റെയും സുജയുടെയും മനസ്സ് അപ്പോഴും ആദ്യമായി പ്രണയിക്കുന്ന രണ്ടു പേർ തമ്മിൽ കാണും പോലെയായിരുന്നു.

“ഇതുങ്ങളെക്കൊണ്ട്…..എന്റെ ദേവീ….
തമ്മിലൊന്നു നോക്കിയാൽ നിങ്ങളെ ആരും പിടിച്ചു തല്ലത്തൊന്നും ഇല്ല….”

ശ്രീജ അങ്ങോട്ട് വന്നു പറഞ്ഞതും രണ്ടുപേരും അവളെ നോക്കി ചിരിച്ചു.

“രണ്ടു പേരും വാ…”

ശ്രീജ അവരെ വിളിച്ചു അമ്മയുടെ സാരിയിൽ തൂങ്ങി അനുകുട്ടിയും ചെന്നു.

“രണ്ടു പേരും ഇങ്ങോട്ടു നിക്ക്.
സുജേ കണ്ണടച്ച് പ്രാർത്ഥിച്ചോ…
ശിവാ…താലിയെടുത്തു തരാനും ഇവളെ കൈ പിടിച്ചു തരാനും ഞാൻ മാത്രേ ഉള്ളൂ….
അതോണ്ട് ദേവിയോട് കേണുകൊണ്ട് ഈ താലി ഇവളുടെ കഴുത്തിൽ കെട്ടിക്കോ….”

ശ്രീജയുടെ കയ്യിൽ നിന്നു താലി വാങ്ങുമ്പോൾ കണ്ണടച്ചു കൈകൂപ്പി അവനു മുന്നിൽ അവൾ തല കുനിച്ചു കൊടുത്തു.

ദേവിയെ നോക്കി ഒന്നു കണ്ണടച്ച് പ്രാർത്ഥിച്ച ശേഷം സുജയുടെ കഴുത്തിൽ ശിവൻ താലിചാർത്തി,
താലിച്ചരട് കഴുത്തിൽ ഉരയുമ്പോൾ സുജയുടെ ഉള്ളിൽ അവൾ പോലും അറിയാതെ ആദ്യം വന്ന പ്രാർത്ഥന ശിവന്റെ ദീർഘായുസ്സിനു വേണ്ടി ആയിരുന്നു,

“ശിവാ ഇനി ഇതവളുടെ നിറുകിൽ ഇട്ടുകൊടുക്ക്….”

ഒരു നുള്ള് കുങ്കുമം എടുത്തവന്റെ കയ്യിലേക്ക് കൊടുത്തുകൊണ്ട് ശ്രീജ പറഞ്ഞു.

തന്റെ നെറുകിൽ കുങ്കുമം ചാർത്തിക്കഴിയും വരെ സുജ കണ്ണുകൾ അടച്ചു നിന്നു,
അത് കഴിഞ്ഞതും ഈറൻ മിഴികളോടെ അവൾ ശിവനെ നോക്കി.
അവന്റെ ഉള്ളിൽ കൊളുത്തി വലിക്കും പോലെ.

“ഹാ ഇതെന്നാടി പെണ്ണെ…
ഇനിയെന്തിനാ കരയുന്നെ….കൂടെ ആണൊരുത്തൻ ഇല്ലേ…”

അവളെ തട്ടി ശ്രീജ പറഞ്ഞപ്പോൾ ഈറൻ മിഴിയിലും അവളുടെ കവിൾ ചുവന്നു.

കവലയിലൂടെ ശിവന്റെ ഒപ്പം അവന്റെ വശം ചേർന്ന് അന്നനട നടന്നു വരുന്ന സുജയെ കണ്ട് കവലയിലെ പലരുടെയും വാ തുറന്നും അടഞ്ഞും പോയി.
പെണ്ണുങ്ങളുടെ കണ്ണിൽ അസൂയ നിറഞ്ഞപ്പോൾ ആണുങ്ങളുടെ മുഖത്ത് നിരാശ പടർന്നിരുന്നു…
ശിവൻ കൊത്തിക്കൊണ്ടുപോയ മാമ്പഴത്തിന്റെ കൊതിയും പറഞ്ഞു അവർ പരസ്പരം സമാധാനിച്ചു.
ചായക്കട നടത്തിയിരുന്ന വറീതിന്റെ കണ്ണുകളിൽ ആശ്വാസം ആയിരുന്നു.
അയാളുടെ നോട്ടം, ഇപ്പോഴും കാണുന്നത് വിശ്വസിക്കാൻ കഴിയാതെ കണ്ണും മിഴിച്ചു നിന്നിരുന്ന ശോശന്നായിലേക്ക് നീണ്ടു.

എന്നാൽ ഇവയൊന്നും കൂസാതെ തല ഉയർത്തി ശിവനും നാണത്തിൽ മുങ്ങി അവനോടു ചേർന്ന് സുജയും പിറകിൽ ഇതെല്ലാം കണ്ടുകൊണ്ട് ചിരിയടക്കി, അനുവിനെയും കയ്യിൽ പിടിച്ചുകൊണ്ട് ശ്രീജയും നടന്നു.

“അമ്മാ….ഞങ്ങൾ എത്തി….”

വീടിനു പുറത്തു തങ്ങൾ എത്തിയത് അറിയിക്കാനായി ശ്രീജ വിളിച്ചു പറഞ്ഞു.

സുജയുടെ വീടിന്റെ മുന്നിൽ നിന്ന് ശ്രീജയുടെ കൂവൽ കേട്ട സുധാമ്മ കുട്ടുവിനെയും കൂട്ടി വിളക്കുമായി വാതിൽ തുറന്നു,
ചിരിയോടെ മുന്നിൽ നിന്നവരെ നോക്കിയ ശേഷം സുജയുടെ കയ്യിലേക്ക് ദീപം തിളങ്ങുന്ന വിളക്ക് കൊടുത്തു അകത്തേക്ക് കയറ്റി.
ശിവൻ ആദ്യമായി സുജയ്ക്കുശേഷം ആഹ് വീടിന്റെ അകത്തു കയറി,
ഭിത്തിയോട് ചേർത്ത് വച്ചിരുന്ന ബെഞ്ചിൽ അവരെ ഇരുത്തിയ സുധാമ്മ ഒരു കുഞ്ഞു സ്റ്റീൽ ഗ്ലാസിൽ പാല് അനുവിന് കൊടുത്തു.

“മോള് അമ്മയ്ക്കും അച്ഛനും ഇതിൽ നിന്ന് കോരി കൊടുത്തെ….”

സുധാമ്മയുടെ വാക്ക് കേട്ട അനു പെട്ടെന്നൊന്നു പരുങ്ങി,
അതിലും നാണം വന്നത് സുജയിലും ശിവനിലും ആയിരുന്നു.

ശ്രീജയും നിർബന്ധം പിടിച്ചതോടെ പരുങ്ങിയും നാണിച്ചും അനു അവളുടെ അമ്മയ്ക്കും പുതിയ അച്ഛനും മധുരം നൽകി.

“ശിവാ….
വലിയ ചടങ്ങായിട്ടൊന്നും അല്ലെങ്കിലും ഇന്ന് ഒരു മംഗളം നടന്നതല്ലേ….
ഒരു ചെറിയ സദ്യ ഞങ്ങൾ കൂട്ടുന്നുണ്ട്,
ശിവൻ പോയി പുഴക്കരയിലെ കുടിയിൽ നിന്ന് എടുക്കാനുള്ളതെല്ലാം എടുത്തുകൊണ്ട് പോര്,….
ഇനി ഈ വീട് ശിവന്റെ കൂടിയാ…
ഇവിടുത്തെ കുടുംബനാഥൻ…
അതുകൊണ്ട് വൈകണ്ട…
പോയിട്ട് വാ…”

സുധാമ്മ പറഞ്ഞത് കേട്ട് ശിവൻ അവിടെ നിന്ന് ഇറങ്ങി,

കല്യാണ വേഷത്തിൽ അവൻ നാട്ടുവഴിയിലൂടെ പുഴക്കരയിലേക്ക് നടന്നു.

നാട് വിളിച്ചറിഞ്ഞു നടത്തുന്ന കല്യാണത്തിലും വേഗത്തിലാണ് ശിവന്റെയും സുജയുടെയും കല്യാണ വാർത്ത കരുവാക്കുന്നിൽ പടർന്നത്.

പുഴക്കരയിലേക്കുള്ള വഴിയിൽ അവനെ നോക്കി പലരും ചൂഴ്ന്നു നോക്കി ചിരിച്ചു, ചിലർ ആക്കിയ ചോദ്യങ്ങൾ ചോദിച്ചു.
എല്ലാവര്ക്കും അവരുടെ ഇഷ്ടത്തിന് ചിന്തിക്കാൻ വിട്ട് ആരെയും കൂസാതെ ശിവൻ തന്റെ കുടിയിലേക്ക് നടന്നു കയറി.
അഴയിൽ കിടന്നിരുന്ന ഒന്ന് രണ്ടു
ഷർട്ടും മൂലയിൽ ചുരുട്ടി വച്ചിരുന്ന തഴ പായയും കമ്പിളിയും, തന്റെ ട്രങ്ക് പെട്ടിയും മാത്രം ആയിരുന്നു അവന്റെ സ്വത്ത്.
ഷർട്ട് മടക്കി പെട്ടിയിലാക്കി പായയും കയ്യിൽ പിടിച്ചു കുടിയിൽ നിന്നിറങ്ങുമ്പോൾ കുന്നിൽ വന്ന കാലം മുതൽ തനിക്ക് അഭയമായിരുന്ന കുടിയോട് മൗനപൂർവ്വം അവൻ യാത്ര പറഞ്ഞിറങ്ങി.

തിരിച്ചെത്തിയ ശിവനെ കാത്ത് സദ്യയൊരുക്കി അവന്റെ പുതിയ കുടുംബം കാത്തിരിപ്പുണ്ടായിരുന്നു.

സാമ്പാറും തോരനും ഇഞ്ചിക്കറിയും അച്ചാറും കൂട്ടിയുള്ള കുഞ്ഞു കല്യാണ സദ്യ അവർ ഒന്നിച്ചുണ്ടു,
മധുരം പകർത്താൻ അവസാനം കുറച്ചു പരിപ്പ് പായസം കൂടെ വിളമ്പികൊടുത്തിട്ട്,
അവരെ വീടിനോടു ചേരാൻ വിട്ട് ശ്രീജയും സുധയും കുട്ടുവും വീട്ടിലേക്ക് തിരിച്ചു പോയി.

Leave a Reply

Your email address will not be published. Required fields are marked *