അറവുകാരൻ- 2

“ന്തിനാ അമ്മ കരയണേ….”

കവിളിൽ ചാലു തീർത്തു വിറക്കുന്ന ചുണ്ടിലേക്ക് പടരാൻ കൊതിച്ച നീർത്തുള്ളികളെ തുടച്ചു മാറ്റി അനു ചോദിച്ചു.

“മോളെ…അമ്മയ്ക്ക് നീ മാത്രേ ഉള്ളൂ…
നിനക്ക് വേണ്ടി മാത്രാ ഞാൻ ജീവിച്ചേ, ഇനിയും എനിക്ക് ജീവിക്കാൻ നീ മാത്രം മതി.
മോൾക്ക് സമ്മതം അല്ലാത്ത ഒന്നും അമ്മേടെ ജീവിതത്തിൽ വേണ്ടാ…
മോള്ടെ ഇഷ്ടം മാത്രമേ അമ്മയ്ക്ക് വേണ്ടൂ….”

പൊട്ടിപ്പെറുക്കി, ഉയർന്നു താഴുന്ന തൊണ്ടക്കുഴിയുടെ ഭിക്ഷപോലെ കരഞ്ഞു കൊണ്ട് സുജ അത്രയും എങ്ങനെയോ പറഞ്ഞൊപ്പിച്ചു.

അന്നാദ്യമായി അനു മനസ്സുകൊണ്ട് അമ്മയായി മാറി,
മുട്ടുമ്മേലെ തൊലിമാറി ചോര പൊടിഞ്ഞു താൻ ഏങ്ങി കരഞ്ഞോടി വരുമ്പോൾ തന്നെ മാറോടു ചേർത്ത് അശ്വസിപ്പിക്കാറുള്ള തന്റെ അമ്മ
ഇന്ന് താൻ കരഞ്ഞിട്ടുള്ളതിനെക്കാളും നെഞ്ച് പൊട്ടി നിന്ന് ഏങ്ങുന്നത് കണ്ടപ്പോൾ,
അനു സുജയെ മാറോടു ചേർത്ത് അവൾക്ക് തന്റെ അമ്മ ഇതുവരെ പകർന്നു തന്ന സാന്ത്വനം മുഴുവൻ തിരികെ നൽകി.

“എനിക്ക് സമ്മതല്ലാന്ന് ആരാ പറഞ്ഞെ….
എനിക്കിഷ്ടാ…”

തന്റെ മേലെ ചാരി കൊച്ചുകുട്ടിയെപോലെ ഏങ്ങലടിക്കുന്ന സുജയുടെ മുഖം കോരിയെടുത്തു അനു പറഞ്ഞു.

“എന്റെ ആഗ്രഹാ…ശ്രീജാമ്മ എന്നോട് സമ്മതിക്കാൻ പറഞ്ഞെ…
എനിക്കൊരു അച്ഛൻ വരുമ്പോൾ ഞാൻ എന്തിനാ അമ്മോട് ദേഷ്യം പിടിക്കണേ….
അമ്മേടെ അനൂട്ടിക്ക് നൂറു വട്ടം സമ്മതാ…”

സുജയുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു തന്റെ സമ്മതം അറിയിക്കുമ്പോൾ…
ശിവനോടുള്ള അനുവിന്റെ ഇഷ്ടക്കേട് അവൾ ഉള്ളിന്റെ ഉള്ളിൽ കുഴിച്ചിട്ടിരുന്നു.

*************************************
“ഈ കോലത്തിലാണോ കൊച്ചെ നീ വരുന്നേ…”

രജിസ്റ്റർ മാരിയേജിന് വേണ്ടി, ഒരു സാരിയും ചുറ്റി പുറത്തേക്ക് വന്ന സുജയേക്കണ്ട് താടിക്ക് കൈ വച്ച് പോയി.

അനുവിന്റെ സമ്മതം കിട്ടിയതോടെ ശ്രീജ പിന്നെ എല്ലാം പെട്ടെന്ന് തന്നെ നീക്കി. ശ്രീജയെ സംബന്ധിച്ചിടത്തോളം എത്രയും പെട്ടെന്ന് നാട്ടുകാരുടെ വയടപ്പിക്കുന്നതിനൊപ്പം, സുജയുടെ ജീവിതത്തിൽ ഒരു തുണ വേണം എന്നുള്ള ചിന്ത ആയിരുന്നു ശ്രീജയെ നയിച്ചത്.
അതിന്റെ പടി എന്നോണം കല്യാണം രെജിസ്റ്റർ ചെയ്യാൻ വേഗം തീരുമാനിച്ചതും ശ്രീജ ആയിരുന്നു.
ഇന്ന് രജിസ്റ്റർ ചെയ്യാനും പിന്നെ നല്ലൊരു ദിവസം നോക്കി കാവിൽ വച്ച് കല്യാണം നടത്താനും എല്ലാം ശ്രീജ തീരുമാനിച്ചിരുന്നു.
എല്ലാം അറിഞ്ഞുകൊണ്ട് എല്ലാ സഹായവും അവർക്ക് നീട്ടി പിന്നിൽ ശ്രീജയോടൊപ്പം സണ്ണിയും ഉണ്ടായിരുന്നു.
അതുകൊണ്ട് തന്നെയാണ് രജിസ്റ്റർ ചെയ്യാൻ അവരെ കൊണ്ട് പോകാൻ കുഞ്ഞൂട്ടിയെ ജീപ്പുമായി ശ്രീജയുടെ നിർദ്ദേശ പ്രകാരം സണ്ണി അയച്ചത്.

——————————–

“ഓഹ്….ഇത് മതിയേച്ചി…
ഒപ്പിടാൻ അല്ലെ…”

സാരി ഒന്നൂടെ ചുറ്റിയുടുത്തുകൊണ്ട് സുജ ഇറങ്ങി.

“നിന്നോട് പറഞ്ഞിട്ടും കാര്യമില്ല…
എന്തേലും ആവട്ടെ പെട്ടെന്നിറങ്,
അവൻ ജീപ്പിലിരുന്നു കയറു പൊട്ടിക്കുന്നുണ്ട്.”

സുജയുടെ സാരി ഒന്ന് നേരെ പിടിച്ചിട്ടുകൊടുത്തുകൊണ്ട് ശ്രീജ അവളുടെ കയ്യും പിടിച്ചു വീട്ടിൽ നിന്നിറങ്ങി.

കൽപ്പടികൾക്ക് താഴെ മുരണ്ടു കൊണ്ടിരുന്ന ജീപ്പിൽ കുഞ്ഞൂട്ടിയും മുന്നിലെ സീറ്റിൽ ശിവനും ഉണ്ടായിരുന്നു.

ഇറങ്ങി വന്ന സുജ മുന്നിലിരുന്ന ശിവനെ കണ്ടതും കവിളുകൾ അറിയാതെ ചുവക്കുന്നതും ഉള്ളിൽ നാണം പൊടിയുന്നതും മറക്കാനായി ശ്രീജയുടെ പിന്നിൽ പറ്റിക്കൂടി.

ശിവന്റെ ചുണ്ടിലും അതിനു മറുപടി എന്നോണം ഒരു പുഞ്ചിരി നിറഞ്ഞു വന്നു.

“ഓഹ് മതി പെണ്ണെ നിന്ന് ചൂളിയത് പെട്ടെന്ന് ഇങ്ങു കേറ്…”

അവരുടെ മൗന സല്ലാപം അതികം നീട്ടാൻ നിൽക്കാതെ ശ്രീജ അവളെയും
വലിച്ചുകൊണ്ട് ജീപ്പിന്റെ പിന്നിലേക്ക് കയറി.

“എടാ ചെറുക്കാ,….ഓഫീസിൽ നിന്റെ ചേട്ടായി എല്ലാം പറഞ്ഞിട്ടില്ലേ….”

“അവിടെ എല്ലാം ശെരിയാണ് ചേട്ടത്തി…
ചെന്ന് ഒപ്പിട്ടു കൊടുത്താൽ മതിയെന്ന ഇച്ഛായൻ പറഞ്ഞത്.”

ചെമ്മണ്ണു വീണ്ടും ഭൂമിയിലേക്ക് അമർത്തിക്കൊണ്ട് വണ്ടി ഇരപ്പിച്ചു കൊണ്ട് മുന്നോട്ടു നീങ്ങി…
——————————————

“ശിവാ…ഇന്നിനി മുഴുവൻ തന്നാലും നിങ്ങള് രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടും നോക്കി….
ചമ്മി നിന്നും, തല കുനിച്ചും സമയം കളയും എന്നല്ലാതെ ഒന്നും നടക്കാൻ പോണില്ല…
അതോണ്ട് നമുക്ക് പോയേക്കാം,
എന്നിട്ട് കാവിൽ വെച്ച് താലികെട്ടും കഴിഞ്ഞു സ്ഥിരമായിട്ടു, ഈ പൊട്ടിയേ അങ്ങ് തന്നേക്കാം പോരെ…”

ഓഫീസിലെ ഒപ്പിടൽ കഴിഞ്ഞു അവരെ തനിച്ചു കുറച്ചുനേരം വിട്ടേക്കാം എന്ന തീരുമാന പ്രകാരം ഓഫീസിന്റെ വശത്തുള്ള, വളഞ്ഞു ചാഞ്ഞു നിന്ന മാവിൻ ചോട്ടിലേക്ക് സംസാരിക്കാൻ വിട്ടതായിരുന്നു ശ്രീജ.
എന്നാൽ ഓഫീസിലെ ക്രമമെല്ലാം കഴിഞ്ഞു അവരെ തേടി വന്ന ശ്രീജ കാണുന്നത്, തമ്മിൽ കയ്യകലത്തിനും അകലെ..
നേരെയൊന്നു നോക്കാൻ പോലും നാണിച്ചു, മാവിലും മണ്ണിലും കണ്ണ് പരതി, ആദ്യമായി കാണുന്ന കമിതാക്കളെ പോലെ വിയർക്കുന്ന ശിവനെയും സുജയേയും ആയിരുന്നു.

“അവരെ കൂടുതൽ നിന്ന് ചമ്മിപ്പിക്കാതെ വിളിച്ചോ ചേട്ടത്തി…
നമുക്ക് പോയേക്കാം.”

കുഞ്ഞൂട്ടി പറഞ്ഞത് കണ്ട ശ്രീജ ചിരിയോടെ അവരുടെ അടുത്തേക്ക് നീങ്ങി.
വന്നപാടെ ശ്രീജ കൊടുത്ത കൊട്ടിൽ സുജയും ശിവനും പിന്നെയും ചളിഞ്ഞതെ ഉള്ളു.

ജീപ്പിലിരിക്കുമ്പോഴും ശ്രീജയും കുഞ്ഞൂട്ടിയും ഒത്തിരി സംസാരിച്ചപ്പോഴും സുജയും ശിവനും നിശ്ശബ്ദരായിരുന്നു.
ശ്രീജയുടെ ചോദ്യങ്ങൾക്ക് രണ്ടു പേരും പതിയെ ഉള്ള മൂളലുകളിലും, താഴ്ന്ന സ്വരത്തിൽ ഉള്ള മറുപടികളിലുമായി ഒതുങ്ങി.
കവല കഴിഞ്ഞുള്ള സ്ഥലത്ത് ശിവൻ ഇറങ്ങുമ്പോഴും
തന്റെ നാണം ഒതുക്കാനുള്ള പ്രതിരോധമെന്ന നിലയിൽ സുജ തല കുമ്പിട്ട് ഇരുന്നതെ ഉള്ളൂ,
എങ്കിലും ജീപ്പ് മുന്നോട്ടു നീങ്ങിയപ്പോൾ സ്വയം അറിയാതെ എന്നോണം അവളുടെ മിഴികൾ ഉയർന്നു പുറകിലൂടെ വഴിയരികിൽ നിന്ന ശിവനെ തേടിയിരുന്നു.
അത് പ്രതീക്ഷിച്ചെന്ന പോലെ വഴിവിട്ടകലാതെ അവനും.
*************************************
“അമ്മ ന്താ സ്വപ്നം കാണാണോ…”

സ്കൂളിൽ നിന്നും വന്നു കുളി കഴിഞ്ഞിറങ്ങിയ അനു,
കിണറ്റിൻ കരയിൽ വെള്ളം കോരാൻ പോയ സുജ എന്തോ ആലോചിച്ചു നിൽക്കുന്നത് കണ്ടാണ് ചോദിച്ചത്.

അനുവിന്റെ ചോദ്യത്തിൽ ഒന്ന് പതറിയ സുജ കവിളിൽ പടർന്ന അരുണാഭ കഷ്ടപ്പെട്ട് മറച്ചു, വെള്ളവുമെടുത്തുകൊണ്ട് മറപ്പുരയിലേക്ക് നീങ്ങി.

“എന്താലോചിക്കാൻ ഒന്ന് പോയെ അനൂട്ടി….”

സ്വയം രക്ഷപെടാൻ അനുവിന് നേരെ ഒന്ന് ചൊടിച്ചുകൊണ്ട് പോവുന്ന സുജയെ നോക്കി,
അനുവും ചിരിയോടെ മൂളി.

കുറച്ചു ദിവസമായി അമ്മയിൽ വന്ന മാറ്റങ്ങൾ കണ്ടു ഉള്ളു തുടിക്കുകയായിരുന്നു അനുവിന്റെ,
എന്നും വിഷാദവും പരിഭ്രമവും നിറഞ്ഞിരുന്ന അമ്മയുടെ മുഖത്ത് പ്രസരിപ്പ് തുടിച്ചു തുടങ്ങുന്നതും, ചുണ്ടിൽ പലപ്പോഴും കുഞ്ഞു പുഞ്ചിരി മിന്നിമായുന്നതുമെല്ലാം,
വളരെ സന്തോഷത്തോടെ ആണ് ആഹ് കൗമാരക്കാരി നോക്കി കണ്ടത്.
*************************************

Leave a Reply

Your email address will not be published. Required fields are marked *