അറവുകാരൻ- 2

ആലോചിച്ഛ് പെട്ടെന്നുണ്ടായ തോന്നലിൽ ആണ് ശിവൻ കിണറ്റിലേക്ക്

തൊട്ടിയിട്ടതും വെള്ളം കോരി ദേഹത്തെക്കൊഴിച്ചതും,.

പെട്ടെന്ന് തണുത്തുതുള്ളുന്ന വെള്ളം മേലെ വീണതും ഞൊടിയിട കൊണ്ട് ശിവൻ ഭൂമിയിലെത്തി.
ഒറ്റ തൊട്ടി വെള്ളത്തിൽ ശിവൻ വിറങ്ങലിച്ചുപോയി.

“അമ്മാ ദേ അച്ഛൻ തണുപ്പത്തു കുളിക്കുന്നൂ…”

അടുക്കളപ്പടിയിൽ വായ്പൊത്തി ചിരിച്ചുകൊണ്ട് അനുവിന്റെ നീട്ടി വിളി കൂടി ആയതോടെ, ചമ്മിയ ചിരിയുമായി ശിവന് അങ്ങനെ തന്നെ നിൽക്കാനേ കഴിഞ്ഞുള്ളു.

“ശ്ശൊ….നിങ്ങൾക്കിതെന്തിന്റെ കേടാ… മരവിക്കുന്ന തണുപ്പത്താണോ കുളി…”

നെറ്റിക്കടിച്ചുകൊണ്ട് സുജ അടുക്കളയിൽ നിന്ന് വിളിച്ചുപറഞ്ഞു.

“കൂടുതൽ മഞ്ഞുകൊണ്ട് നിൽക്കാതെ കുളിച്ചുകേറാൻ നോക്ക്…”

കണ്ണുരുട്ടി സുജ അകത്തേക്ക് പോയി.

“മോളെ അച്ഛന്റെ തോർത്തൊന്നു എടുത്തു തരാവോ…”

പല്ല് കൂട്ടിയിടിച്ചുകൊണ്ട് ശിവൻ ചോദിക്കുന്നത് കേട്ട അനു കുലുങ്ങിച്ചിരിച്ചുകൊണ്ട് അകത്തേക്കോടി.

************************************

പിന്നീടുള്ള ദിവസങ്ങളിൽ ആഹ് വീട് കളി ചിരിയിലേക്ക് കൂപ്പുകുത്തി,
അനുവിന് ശിവനെന്നാൽ ജീവനായി മാറി.
ജോലി കഴിഞ്ഞു വരുന്ന ശിവനെ നോക്കിയിരിക്കാൻ പടിയിൽ തന്നെ അനുവുണ്ടായിരുന്നു.
ശിവന്റെ തേൻമിട്ടായി പൊതികൾക്കായി പിന്നീട് സുജയ്ക്ക് അനുവുമായി തല്ലുകൂടേണ്ട അവസ്ഥയായി.
ശിവന്റെ വാലിൽ തൂങ്ങിയുള്ള അനുവിന്റെ നടപ്പ് മൂലം ശിവന്റെയും സുജയുടെയും പ്രണയനിമിഷങ്ങൾ, നിമിഷാദ്രങ്ങളായി തുടർന്നുപോന്നു.

*************************************

“ഡി പെണ്ണെ നേരമായി…അവനെത്തിയില്ലേ…”

താഴെ നിന്നു ശ്രീജ വിളിച്ചു ചോദിച്ചു,

“ഇല്ലേച്ചി…..ഇന്ന് കാവില് പോണം നേരത്തെ വരണം എന്ന് ഞാൻ പറഞ്ഞതാ….”

“സരമില്ലെടി…എന്തേലും പണിയിൽ പെട്ട് പോയിട്ടുണ്ടാവും,
നീ ഉടുത്തു നിന്നോ…”

“ഞാൻ ഉടുത്തു നിക്കുവാ ചേച്ചി…”

“എന്റെ കൊച്ചോടി.???”

“ഓഹ് അവള് ഉടുത്ത ഉടുപ്പിന്റെ ഭംഗി നോക്കാൻ അങ്ങോട്ടും ഇങ്ങോട്ടും

നടക്കാൻ തുടങ്ങിയിട്ട് കുറെ നേരമായി…”

പുത്തൻ പട്ടു പാവാടയും ബ്ലൗസും ഇട്ടു പാവാട നിവർത്തിയും ചുറ്റിച്ചും ആസ്വദിക്കുന്ന അനുവിനെ നോക്കിക്കൊണ്ട് സുജ പറഞ്ഞു.

സെറ്റ് സാരിയിലും വാടാമുല്ല ബ്ലൗസിലും സുജയും അതിസുന്ദരിയായിരുന്നു.

അഴകളവുകളിലൂടെ ഒഴുകികിടന്ന സാരിയിൽ അവളുടെ രൂപഭംഗി പതിന്മടങ്ങായി വർധിച്ചു.
വെണ്ണനിറമുള്ള അവളുടെ മേനിയിൽ വാടാമല്ലി നിറമുള്ള ബ്ലൗസ് കൂടി ആയപ്പോൾ അവളുടെ ദേഹം സ്വർണം പോലെ തിളങ്ങി.

“അമ്മാ ദേ അച്ഛ വന്നു….”

മുന്നിലേക്ക് വന്ന സുജ ശിവൻ തിടുക്കത്തിൽ കയറി വരുന്നത് കണ്ടു.അവന്റെ കയ്യിൽ തൂങ്ങിക്കൊണ്ട് അനുവും.

മുഖത്ത് കള്ളപരിഭവം പടർത്തി സുജ അവരെ നോക്കി.

“എടൊ…നേരത്തെ ഇറങ്ങിയതാ പക്ഷെ ഇതൊന്നു കിട്ടാൻ വേണ്ടി ഒന്നു ചുറ്റി കാവിനടുത്തുവരെ പോവേണ്ടി വന്നു അതൊണ്ടല്ലേ…”

“ഹായ് മുല്ലപ്പൂ….”

ശിവൻ നീട്ടിയ പൊതിയിൽ നിറഞ്ഞു പുറത്തേക്ക് കിടന്ന മുല്ലപ്പൂ നോക്കി അനു വിളിച്ചു പറഞ്ഞു.

“യ്യോ തട്ടിപ്പറിക്കല്ലേ ന്റെ കൊതിച്ചിക്കുട്ടി,…നിനക്കും അമ്മയ്ക്കും, ശ്രീജേച്ചിക്കും കൂടി വാങ്ങിയിട്ടുണ്ട്….”

ശിവന്റെ കയ്യിൽ നിന്നും മുല്ലപ്പൂവും തട്ടിയെടുത്തുകൊണ്ട് അനു അകത്തേക്കോടി.
അപ്പോഴും വിടർന്ന മുഖത്ത് ദേഷ്യം ഒളിപ്പിച്ചു സുജ നിന്നിരുന്നു.

“ഒന്ന് ചിരിക്കടോ….തന്നേം നമ്മടെ മോളേം ഒന്ന് സുന്ദരിയായി കാണാൻ വേണ്ടിട്ടല്ലേ…”

“മതി കൊഞ്ചിയത് വേഗം കുളിച്ചു വാ മനുഷ്യ,… ഇത്രേം നേരം കാത്തിരുന്ന് വലഞ്ഞു….”

പിടിച്ചുവച്ച ദേഷ്യം വിട്ടുകൊടുത്തുകൊണ്ട് സുജ ചിരിച്ചു.

“അച്ഛാ എങ്ങനെ ഉണ്ട്….”

മുടിയിലേക്ക് തിരുകിയ മുല്ലപ്പൂവുമായി അനു അവന്റെ മുന്നിൽ നിന്ന് ഒന്ന് കറങ്ങി കാണിച്ചു.

“അച്ഛേടെ മോള് എന്തായാലും സുന്ദരി അല്ലെ…”

കിന്നരിപ്പല്ല് മുഴുവൻ കാട്ടി ചിരിച്ച അനു കയ്യിൽ കരുതിയ മുല്ലപ്പൂവുമായി പടിയിറങ്ങി ഓടി.

“അമ്മയ്ക്ക് പൂ കട്ടിലിലുണ്ടെ….

ഞാൻ ഇത് ശ്രീജമ്മയ്ക്ക് കൊടുക്കട്ടേ….”

“അതെന്താ മോളെ മാത്രേ സുന്ദരി ആയി തോന്നിയുള്ളൂ..”

കൈ കെട്ടി കണ്ണ് കൂർപ്പിച്ചു ശിവന്റെ നേരെ സുജ തിരിഞ്ഞു.

“നിന്നെ സുന്ദരി അല്ലെന്നു പറയാണോങ്കിൽ ആള് വല്ല കണ്ണുപൊട്ടനും ആയിരിക്കണം…
പെണ്ണെ എന്നെ കൊളുത്തി വലിക്കുവാ നീ…”

“അയ്യട…വേഗം പോയി കുളിച്ചൊരുങ്ങി വന്നേ…ഞാൻ ഉടുത്തിരിക്കാൻ തുടങ്ങിയിട്ട് എത്ര നേരോയീന്നറിയോ…
അതോണ്ട് ഇനി കിന്നരിക്കാൻ ഒന്നും നേരമില്ല…”

ശിവനെ തള്ളിക്കൊണ്ട് സുജ നാണിച്ചു ചിരിച്ചുകൊണ്ട് മുറിയിലേക്ക് നീങ്ങി.

ശിവൻ തോർത്തുമെടുത്തുകൊണ്ട് കിണറ്റിൻ കരയിലേക്കും.

അനുവും കുട്ടുവും ഏറ്റവും മുന്നിലും അവർക്ക് പിന്നിൽ സുധയുടെ ഒപ്പം ശ്രീജയും സുജയും നടന്നു അവരുടെ ഒപ്പം ശിവനും.
ചിരിച്ചും നാട്ടുകാര്യം പറഞ്ഞും പെണ്ണുങ്ങൾ നടന്നു,
സുജയുടെ സൗന്ദര്യത്തിൽ ആകെ മയങ്ങിയ പോലെ സ്വപ്നത്തിലാണ്ട് ആണ് ശിവൻ നടന്നത്.
ഇടയ്ക്കിടെ സുജയുടെ കണ്ണുകളും അവന്റെ നേരെ തിരിഞ്ഞു.
കരിയെഴുതിയ കണ്ണുകൊണ്ടവൾ ശിവനെ കൊത്തിവലിക്കുമ്പോൾ
ഒരു യക്ഷിയുടെ വശ്യത അവൻ അവളിൽ കണ്ടു.
കാവ് വരെ കണ്ണുംകൊണ്ടും ചലനങ്ങൾ കൊണ്ടും അവർ മൗനത്തെ വാചാലമാക്കി.

കാവ് കുരുത്തോലയും തോരണങ്ങളും കൊണ്ട് അലംകൃതമായിരുന്നു. കരിയില മെത്ത വിരിച്ചിരുന്ന കാവിൽ പെണ്ണുങ്ങൾ കൂടി വൃത്തിയാക്കിയതിന്റെ ഫലമായി മണ്ണിൽ ചവിട്ടാൻ കഴിയുമായിരുന്നു.
പന്തങ്ങളും ദീപങ്ങളും പെട്രോമാക്സും പകർന്ന സ്വർണ വെളിച്ചത്തിൽ കാവ് കുളിച്ചു നിന്നു.
കരുവാക്കുന്നുകാർക്ക് പുറമെ മറ്റുനാട്ടിലെ നാട്ടുകാരും കുന്നുകയറി എത്തിയിരുന്നു, ആളുകളെക്കൊണ്ട് കാവ് മുഴുവൻ നിറഞ്ഞു.
ശിവൻ ഒരു വശത്തുകൂടി പെണ്ണുങ്ങൾക്ക് വഴിയൊരുക്കി മുന്നോട്ടു പോയി.

ചുവപ്പും വെളുപ്പും കറുപ്പും പച്ചയും കൊണ്ട് വരച്ച കളത്തിന് ചുറ്റും കൈകൂപ്പി ആളുകൾ കൂടി.

അരുളപ്പാടു അറിയിക്കാനായി കോമരം ഉറഞ്ഞു തുള്ളി തുടങ്ങിയതും,
കൂടി നിന്നവരുടെ നാവിൽ നിന്നും ദേവി സ്തുതികൾ ഉയർന്നു കേട്ടു,
കണ്ണ് നിറഞ്ഞു കൈകൂപ്പി നിൽക്കുന്ന വെൺശോഭ നിറഞ്ഞ സുജയുടെ മുഖത്തായിരുന്നു ശിവന്റെ കണ്ണുറച്ചത്,
ശ്രീജ മുട്ടുകൊണ്ട് തട്ടി കണ്ണുരുട്ടും വരെ അത് തുടർന്നു.
അരുളപ്പാടു കഴിഞ്ഞതോടെ,

ഭക്തിഗാനങ്ങൾ പാടാനായി എത്തിയ സംഘങ്ങൾ.
ആൽചുവട്ടിൽ തയ്യാറായി.

“അമ്മാ ദേ…അനിൽ അവിടെ ഉണ്ട് ഞാൻ അവരുടെ കൂടെ നിന്നോട്ടെ…”

അപ്പുറം നിന്ന കൂട്ടുകാരനെ കണ്ട കുട്ടു ശ്രീജയുടെ കയ്യിൽവലിച്ചു.
അവിടെക്കൊന്നു നോക്കി കുട്ടുവിന്റെ കൂട്ടുകാരനെ കണ്ട ശ്രീജ തലയാട്ടിയതോടെ കുട്ടു ആളുകൾക്കിടയിലൂടെ നുഴഞ്ഞു നൂണ്ടു അപ്പുറത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *