ദിവാസ്വപ്നം കണ്ടുകൊണ്ടിരുന്ന സുജ ശ്രീജയുടെ വിളി കേട്ടതും നാക്ക് കടിച്ചു കൊണ്ട് വേഗം കുളി പൂർത്തിയാക്കാൻ തുടങ്ങി.
——————————————-
“ഈശ്വരാ…..ചേച്ചി ഇതൊക്കെ…??”
കുളി കഴിഞ്ഞു ഈറനായി വീട്ടിലേക്ക് കയറിയ സുജ ആദ്യം അനുവിനെ കണ്ടാണ് അമ്പരന്നത്…
പുതിയ പട്ടു പാവാടയും ബ്ലൗസും ഇട്ടു കൊണ്ട് തന്നെ നോക്കി പുഞ്ചിരിക്കുന്ന അനു, അവളുടെ മുടി ചീകി വിടർത്തി കെട്ടിക്കൊടുക്കുന്ന ശ്രീജയും.
“ഈ ഉടുപ്പ് എവിടുന്നാ…”
സുജയുടെ ഉള്ളിൽ തിങ്ങി നിറഞ്ഞ അത്ഭുതം.
“പിന്നെ ഇന്ന് നീ മാത്രം തിളങ്ങിയാൽ മതിയോ…എന്റെ കൊച്ചും ഒന്ന് തിളങ്ങട്ടെ,…അല്ലെ അനുകുട്ടി…”
ശ്രീജ അനുവിനെ നോക്കി ചിരിച്ചു, തിരിച്ചു അനുവും ശ്രീജയെ നോക്കി കണ്ണടച്ച് ചിരിച്ചു.
“നിന്ന് തിരിഞ്ഞു കളിക്കാതെ ചെന്ന് പുടവ ഉടുക്ക് പെണ്ണെ….
എല്ലാം കട്ടിൽമേൽ വച്ചിട്ടുണ്ട്…”
കട്ടിലിൽ വച്ചിരുന്ന സാരിയും ചൂടാനുള്ള മുല്ലപ്പൂവും ഒക്കെ കണ്ട സുജയുടെ കണ്ണിൽ വീണ്ടും അത്ഭുതം.
“ഇതൊക്കെ എങ്ങനെയാ ചേച്ചീ….
പറ…എവിടുന്നാ…”
“ശിവൻ എന്നെ കണ്ടിരുന്നു പുടവയും അനുകുട്ടിക്ക് ഉടുപ്പും എടുക്കുന്ന കാര്യമൊക്കെ എന്നോട് ചോദിച്ചിരുന്നു,
പക്ഷെ, അതൊക്കെ നാളെ മുതൽ മതീന്നു ഞാൻ അങ്ങ് തീരുമാനിച്ചു.
ഞാൻ നിന്റെ ചേച്ചി അല്ലെ…
അപ്പോൾ ഇതെന്റെ ഒരാശയാ…
അതുകൊണ്ട് നിനക്കും അനുക്കുട്ടിക്കും ഇന്നത്തെക്കുള്ള ഉടുപ്പൊക്കെ എന്റെ വക….
….എന്റെ ഇച്ഛായന്റേം….”
അവസാനം സ്വരം താഴ്ത്തി സുജയ്ക്ക് മാത്രം കേൾക്കാൻ പാകത്തിൽ ശ്രീജ പറഞ്ഞപ്പോൾ
സുജയുടെ കണ്ണുകളിൽ നീർത്തിളക്കം.
“ഉടുക്ക് പെണ്ണെ വൈകണ്ട….”
സുജയുടെ കവിളിൽ തട്ടി ശ്രീജ അവളെ ഉണർത്തി.
ഈറൻ മാറ്റി മുടി ഉണക്കി ബ്ലൗസും പാവാടയും ഉടുത്ത സുജയെ ഒരുക്കാൻ അപ്പോഴേക്കും ശ്രീജയും കൂടി,
പുത്തൻ സാരി ഞൊറിവോടെ ഉടുപ്പിച്ചു ശ്രീജ ഒന്ന് മാറി നിന്ന് നോക്കി,
ശെരിക്കും തെറ്റില്ലാതെ നിർമിച്ച അഴകുകൾ ഒത്തുചേർന്ന സുര സുന്ദരിയായി സുജ മാറിയിരുന്നു.
സാരിയിൽ ഉയർന്നു നിന്ന നെഞ്ചിലെ മാംസമുഴുപ്പും, അതിനു താഴേക്ക് പുഴയൊഴുകും പോലെ അണിവയറിനോട് ഒട്ടിചേർന്ന് സാരിയും.
“എന്നാ ശ്രീജേച്ചി, ങ്ങനെ നോക്കണേ…..”
“എന്റെ പെണ്ണെ….ഇത്ര വൈകിയല്ലോടി എന്നോർത്ത് പോയതാ….”
“ഈ ചേച്ചി….ഒന്ന് പോയെ…
ഇപ്പോഴും ആലോചിക്കുമ്പോൾ എനിക്ക് എന്തോ പോലെ തോന്നുന്നുണ്ട്.”
“എന്ത്…??”
“ഒരു പേടി….
ഇത് ശെരിയാണോ….പെട്ടെന്ന് ഒട്ടും വിചാരിക്കാത്ത കാര്യമല്ലേ ചേച്ചി…..
പിന്നെ അനു,…. അവളെക്കുറിച്ചോർക്കുമ്പോൾ, ഇപ്പോഴും….”
“ഡി, നീ കല്യാണ ദിവസോയിട്ടു എന്റെ കയ്യീന്നു വാങ്ങിക്കല്ലേ….
…..പതിനേഴാം വയസ്സിൽ ഒളിച്ചോടി കുന്നു കയറിയ പെണ്ണാ നീ…
ആഹ് ധൈര്യം ഒക്കെ എവിടെയാടി പെണ്ണെ….”
ശ്രീജയുടെ ചോദ്യത്തിൽ സുജ ഒന്ന് കുലുങ്ങി.
“അറിയില്ല ചേച്ചി……
അന്നത്തെ പെണ്ണൊന്നുമല്ലല്ലോ ഞാൻ…
ചിലപ്പോൾ ആഹ് പേടി ഉള്ളിൽ കിടക്കുന്നത് കൊണ്ടും ആവാം….”
“ഒന്നുമില്ല….വിധിച്ചതെ നടക്കൂ എന്ന് കേട്ടിട്ടില്ല്യോ നീ…
എന്റെ കൊച്ച് ഇപ്പോൾ ഇനി കൂടുതലൊന്നും ആലോചിക്കണ്ട….
വേഗം ഒരുങ്ങിയിറങ്ങാൻ നോക്ക്.”
അവളെ തിരിച്ചു നിർത്തി നിതംബം മൂടുന്ന കനത്ത മുടി വാരി വിടർത്തി അതിൽ മുല്ലപ്പൂ ചേർത്ത് ശ്രീജ കെട്ടി.
കരിയെഴുതി അവളുടെ മിഴികൾ കറുപ്പിച്ചു.
നെറ്റിയിൽ കുംകുമം ചുമപ്പിച്ച ഒരു കുഞ്ഞു പൊട്ടും ചാർത്തി സുജയുടെ മുഖത്തെ സൗന്ദര്യത്തിനൊപ്പം വശ്യതയും ശ്രീജ കൂട്ടി.
ശ്രീജയുടെ കൈ പിടിച്ചു സുജയും അനുവും വീടിന്റെ പടിയിറങ്ങുമ്പോൾ സുജയുടെ ഉള്ളിൽ പ്രാർത്ഥനയും പരിഭ്രമവും, സന്തോഷവും കൂടിക്കലർന്നു നിർവ്വചിക്കാനാവാത്ത അവസ്ഥയിൽ ആയിരുന്നു.
കരുവാക്കാവ്…
വഴിയിലൂടെ നീങ്ങുന്ന സുജയെ അത്യധികം അത്ഭുതത്തോടെയാണ് കരുവാക്കുന്നിലെ ആളുകൾ നോക്കി നിന്നത്…
ഞൊറിഞ്ഞുടുത്ത ചുവന്ന സാരിയിൽ കത്തിജ്വലിക്കുന്ന സർപ്പസൗന്ദര്യത്തോടേ ഒഴുകി നീങ്ങുന്ന സുജയെ നോക്കിയ പുരുഷന്മാരുടെ കണ്ണുകളിൽ കൊതി ആയിരുന്നെങ്കിൽ സ്ത്രീകളുടെ കണ്ണുകളിൽ അസൂയ ആയിരുന്നു.
ആരെയും നോക്കാതെ തല കുനിച്ചു പോവുന്ന സുജയോട് പലർക്കും പലതും ചോദിക്കാനുണ്ടെങ്കിലും, അടുത്ത് അവളെ ചേർന്ന് നടക്കുന്ന ശ്രീജയെ ഓർത്തു ആരും ഒന്നും ചോദിച്ചില്ല.
എങ്കിലും അവർക്ക് കേൾക്കാൻ ഭാഗത്തിൽ കവലയിലെ മൂലകളിൽ നിന്നും ഉള്ളിൽ തെളിയുന്ന വിഷം പിറു പിറുക്കലും മറ്റുമായി അവരിലേക്ക് കരുവാക്കുന്നുകാർ എറിഞ്ഞു കൊണ്ടിരുന്നു.
