അറവുകാരൻ- 2 3

“ഡി പെണ്ണെ നീ വീട്ടിലേക്ക് ചെല്ല്,…
അനുമോള് കുറച്ചു നേരം എന്റെകൂടെ ഇരിക്കട്ടെ…
കുട്ടൂസെ സുജാമ്മേനേം കൂട്ടി വീട്ടിലേക്ക് ചെല്ല്…”

സുജയെ നോക്കി ഒന്ന് കണ്ണടച്ചുകാട്ടി സമാധാനിപ്പിച്ചുകൊണ്ട് ശ്രീജ പറഞ്ഞു.
എന്നിട്ടും കരഞ്ഞുകൊണ്ട് അവിടെ നിന്ന സുജയെ നോക്കി ഒന്ന് കൂടെ കണ്ണ് കാണിച്ചിട്ട് ശ്രീജ അനുവുമായി കുറച്ചു മാറി.
സുജ കുട്ടുവിന്റെ കയ്യിൽ താങ്ങി എങ്ങനെയോ വീട്ടുപടിക്കൽ ഇരുന്നു തേങ്ങി.
മകൾ കൂടെ തന്നെ അവിശ്വസിക്കുമോ എന്ന ഭയം പിടിമുറുക്കിയ സുജ വിങ്ങുന്ന ഹൃദയവുമായി പടിയിലിരുന്നു.
അൽപ സമയത്തിന് ശേഷം അനുവിനെ ചുറ്റിപ്പിടിച്ചുകൊണ്ട് ശ്രീജ അവളുടെ മുന്നിൽ എത്തി.
കണ്ണീരൊഴുകിയ പാട് മാത്രം അനുവിന്റെ കവിളിൽ ഉണ്ടായിരുന്നുള്ളു.
ആഹ് കണ്ണുകളിൽ അമ്മയോടുള്ള സ്നേഹം നിറഞ്ഞു നിന്നിരുന്നു.
മകളെക്കണ്ട് ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ സുജയുടെ നേരെ ഓടി വന്ന അനു അവളെ മുറുക്കി കെട്ടിപ്പുണർന്നു.

“കണ്ടോടി പെണ്ണെ…ഇത്രേ ഉള്ളൂ നമ്മുടെ അനുകുട്ടി, ഒന്നുല്ലേലും നീ വളർത്തിയതല്ലേ അവളെ, അവൾക്ക് നിന്നെ അറിയുന്ന പോലെ വേറെ ആർക്ക് അറിയാന….”

ശ്രീജ പറയുന്നത് കേട്ടുകൊണ്ട് അമ്മയും മോളും പരസ്പരം കെട്ടിപ്പിടിച്ചു കരഞ്ഞതല്ലാതെ ഒന്നും സംസാരിച്ചില്ല…
അവരുടെ കണ്ണീരിൽ ഉണ്ടായിരുന്നു അവർക്ക് പറയാനുള്ളത്..

“മതി മതി അമ്മേം മോളും കൂടെ കരഞ്ഞു കൂട്ടിയത് വീട്ടിലേക്ക് ചെല്ല്….
വാടാ കുട്ടൂസെ നമുക്ക് നമ്മുടെ വീട്ടിലേക്ക് പോവാം…”

കുട്ടുവിന്റെ കയ്യിൽ പിടിച്ചുകൊണ്ട് ശ്രീജ പടികൾ ഇറങ്ങി.

——————————————-

പിറ്റേന്ന് രാവിലെ ജോലിക്ക് പോവാൻ ഇറങ്ങിയതായിരുന്നു ശ്രീജയും സുജയും.

“ഇന്നലെ എല്ലാം ശെരിയായോടി കൊച്ചേ…”

നടക്കും നേരം ശ്രീജ സുജയോട് ചോദിച്ചു.

“ഹോ ഇന്നലെ, കരഞ്ഞു കലങ്ങിയിരിക്കണ എന്റെ മോള്ടെ മുഖം കണ്ടപ്പോൾ നിന്ന നിൽപ്പിൽ ഞാൻ അങ്ങ് തീർന്നു പോയേച്ചി…
അവളുടെ കണ്ണീര് കാണാതെ ഇരിക്കാൻ അല്ലെ ഞാൻ ഈ കിടന്നു കഷ്ടപ്പെടുന്നെ…
എന്നിട്ട് അവള് അങ്ങനെ ഇരിക്കുന്ന കണ്ടപ്പോഴേക്കും, ഹോ….അത് പറയാൻ പറ്റത്തില്ല…
അവളെങ്ങാനും എന്നെ തള്ളിപ്പറഞ്ഞാൽ പിന്നെ ഞാൻ ജീവിച്ചിരിക്കുകേല… ഉറപ്പ്…”

“ഓഹ്… എന്ത് പറഞ്ഞാലും അവസാനം അവൾക്ക് ചാവണം.
ഒറ്റ കുത്തു ഞാൻ വെച്ച് തരും…”

ശ്രീജയുടെ വായിലിരിക്കുന്നത് കേട്ട സുജ തല കുനിച്ചു അവളെ മറച്ചൊന്നു ചിരിച്ചു.
ഇരുവശവും നിറഞ്ഞു നിൽക്കുന്ന മരങ്ങൾക്ക് നടുവിലൂടെ ഉള്ള വഴിയിൽ,
കൊച്ചു വർത്താനങ്ങളുമായി നടന്നു നീങ്ങിയ അവരുടെ മുന്നിലേക്ക് ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നു ശിവൻ എത്തിയത്…
അവരെ കാത്തു നിന്നിരുന്നത് പോലെ അവരുടെ മുന്നിലേക്ക് അവൻ വന്നു.
അപ്രതീക്ഷിതമായി ശിവനെ കണ്ട അമ്പരപ്പിൽ സുജ ഒട്ടൊന്നു പരിഭ്രമിച്ചു.
പിന്നെ പെട്ടെന്ന് തല കുനിച്ചു ശ്രീജയുടെ കയ്യിൽ ചുറ്റിപ്പിടിച്ചു ഒരു മറ എന്ന പോലെ ശ്രീജയുടെ വശത്തേക്ക് നിന്നു.

“എന്താ…ശിവ…”

പെട്ടെന്നു കണ്ടപ്പോൾ ഒന്ന് അമ്പരന്നെങ്കിലും ശ്രീജ ചോദിച്ചു.

“ഞാൻ….ഞാൻ ഇവിടുന്നു പോവാ…ചേച്ചീ….
പോവും മുൻപ് ഒന്ന് പറഞ്ഞിട്ടാവാം എന്ന് കരുതി…”

“നീ എന്തിനാ പോവുന്നെ….ഇവിടെ നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായോ…”

സുജയെ ഒന്ന് നോക്കിയാണ് ശ്രീജ അത് പറഞ്ഞത്.

“അറിഞ്ഞോണ്ട് ആരേം ഉപദ്രവിക്കാതെ ഈ ജീവിതം ജീവിച്ചു തീർക്കണോന്നു മാത്രേ എനിക്ക് ആഗ്രഹോള്ളു ചേച്ചി….
പക്ഷെ…ഒരു ഉപകാരം ആയിട്ട് ചെയ്ത ഒരു കാര്യം മറ്റൊരാൾക്ക് ഇത്രയും വലിയ ഉപദ്രവം ആവുമെന്ന് ഞാൻ സത്യമായിട്ടും കരുതിയില്ല…
ഇന്നലെ ആഹ് കൊച്ചു കണ്ണ് നിറച്ചു പറഞ്ഞത് കേട്ടപ്പോൾ,
എനിക്ക് സഹിക്കാൻ പറ്റിയില്ല…”

അവന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു,…അത് കണ്ടിട്ട് വല്ലാതായ സുജ ശ്രീജയുടെ കൈയിലെ പിടി മുറുക്കി. ശ്രീജയുടെ അവസ്ഥയും മറ്റൊന്നായിരുന്നില്ല, ഒത്ത ഒരാണ് ഇടറുന്ന ശബ്ദവുമായി കണ്ണ് നിറച്ചു മുന്നിൽ നിൽക്കുന്നത് കണ്ട അവർ രണ്ടു പേരും പകച്ചു പോയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *