അറവുകാരൻ- 2 3

“ഏയ്…എനിക്ക് വിഷമം ഒന്നൂല്ല ചേച്ചി….
ഇതുവരെ ഞാനും മോളും മാത്രം ആയിരുന്നില്ലേ ഇനിയും അങ്ങനെ തന്നെ മതി…പിന്നെ ചേച്ചിയൊക്കെ ഉണ്ടല്ലോ കൂടെ…എനിക്കതുമതി..”

അവളുടെ ഉള്ള് കണ്ട ശ്രീജയ്ക്ക് അവളുടെ നോവും മനസ്സിലായിരുന്നു.

വീട് വിട്ടു പുറത്തേക്ക് നടന്ന സുജ വിങ്ങുന്നതെന്തിനെന്നറിയാത്ത ഹൃദയവുമായി വെറുതെ ഒന്ന് കൂടെ വഴിയിലേക്ക് തിരിഞ്ഞു നോക്കി.

വഴിയുടെ അറ്റത്തവൾ ആഹ് രൂപം കണ്ടതും കണ്ണീർ പിടിവിട്ടൊഴുകിയിറങ്ങി…

തിടുക്കത്തിൽ തങ്ങളുടെ നേരെ നടന്നു വരുന്ന ശിവനെ കണ്ട സുജ വേലികൊണ്ടുള്ള ചെറു ഗേറ്റ് അടക്കുകയായിരുന്ന ശ്രീജയെ പിടിച്ചു.
തന്റെ കയ്യിൽ പെട്ടെന്ന് ചുറ്റിപ്പിടിച്ച സുജയെ നോക്കിയപ്പോൾ നിറഞ്ഞ കണ്ണുകളുമായി അവളെ നോക്കുന്ന സുജയെ അവൾ കണ്ടു, ഒപ്പം സുജയുടെ കണ്ണ് നീളുന്നിടത്തു വഴിയിൽ നടന്നു വരുന്ന ശിവനെയും കണ്ടു.

അടക്കാൻ ഒരുങ്ങിയ ഗേറ്റ് തുറന്നു വെക്കുമ്പോഴേക്കും ശിവൻ അവർക്കരികിൽ എത്തിയിരുന്നു.
തിടുക്കത്തിൽ നടന്നു വന്നിരുന്നത് കൊണ്ടവൻ കിതക്കുന്നുണ്ടായിരുന്നു.
അവന്റെ കണ്ണ് തന്നിലേക്ക് നീളുന്നതറിഞ്ഞ സുജ ഏതോ തോന്നലിൽ ശ്രീജയുടെ മറപറ്റി ചേർന്നു നിന്നു.

“ഒന്ന് നേരത്തെ വരണ്ടേ ശിവാ… നീ ഇനി വരില്ലെന്ന് കരുതി, ഞങ്ങൾ ഇറങ്ങാൻ തുടങ്ങുവായിരുന്നു…..”

ശ്രീജ അവനോടു പറഞ്ഞു.

“ഇറങ്ങാൻ നേരം വീരാൻ കുട്ടി വന്നിരുന്നു അതാ ഞാൻ…”

പകുതി പറയാതെ അവൻ നിർത്തി.

“എന്നിട്ടെന്തു തീരുമാനിച്ചു…”

ചോദ്യം കേട്ടപ്പോൾ സുജയും ശിവനും ഒരുപോലെ ഞെട്ടി.
ഉത്തരം കേൾക്കാനുള്ള പിരിമുറുക്കം സുജ തീർത്തത് ശ്രീജയുടെ കൈ മുറുക്കിയായിരുന്നു.
“ഞാൻ കാരണം ഇവരിനി വിഷമിക്കരുത്…എനിക്ക് സമ്മതമാണ് ചേച്ചി…”

ശിവൻ ശ്രീജയുടെ മുഖത്തുനോക്കി പറഞ്ഞത് കേട്ട സുജ ശ്രീജയുടെ തോളിലേക്കു തല വച്ച് നിന്നു.

“സുജ….അല്ല ഇയാൾക്ക് എന്നെ ഇഷ്ടമല്ലെങ്കിൽ സാരമില്ല….”

അവളുടെ നിൽപ്പ് കണ്ട ശിവന് പെട്ടെന്ന് എന്തോ പോലെ ആയി.

“അവൾക് ഇഷ്ടമല്ലെന്നു ആരെങ്കിലും പറഞ്ഞോ….
ശിവൻ അകത്തേക്ക് വാ…
ഇനി കാര്യങ്ങൾ അധികം നീട്ടിക്കൊണ്ട് പോവണ്ടല്ലോ…”

ശിവനെ വീട്ടിലേക്ക് വിളിച്ചുകൊണ്ട് ശ്രീജ നടന്നു ശ്രീജയുടെ സാരിത്തുമ്പിൽ പിടിച്ചു മയക്കത്തിലായ കുട്ടിയെപ്പോലെ സുജ അവളെ അനുഗമിച്ചു.

ഒട്ടും പ്രതീക്ഷിക്കാതെ വന്ന കുടുംബം എന്ന ചിന്ത പരത്തിയ പരിഭ്രമം ഉള്ളിൽ ഒതുക്കി, ശിവൻ അവർക്ക് പിന്നാലെ നടന്നു.

“കയറി ഇരിക്ക് ശിവ…”

ശിവനെ വീട്ടിലേക്ക് ക്ഷണിച്ചു അകത്തേക്ക് കയറിയ ശ്രീജ അവനിരിക്കാനായി ഒരു കസേര എടുത്തിട്ട് കൊടുത്തു.
അപ്പോഴും കയ്യിലെ പിടി വിടാതെ സുജ അവൾക്ക് അടുത്ത് തന്നെ ഉണ്ടായിരുന്നു,

“ശിവൻ ഇരിക്ക് ഞാൻ ഇപ്പോൾ വരാം…”

അവനെ നടുമുറിയിൽ ഇരുത്തി അകത്തേക്ക് നടന്ന ശ്രീജയുടെ ഒരു ബാക്കി പോലെ സുജയും അവളുടെ പിന്നാലെ കൂടി.
ഒരു വെരുകിനെപോലെ കസേരയിൽ ഉറച്ചിരിക്കാൻ ആവാതെ വിങ്ങിയ ശിവൻ
കണ്ണ് ചുറ്റും ഓടിച്ചു മനസ്സിനെ വരുതിയിലാക്കാൻ ശ്രെമിച്ചുകൊണ്ടിരുന്നു,

“എന്നാടി കൊച്ചെ…എന്റെ വാലേതൂങ്ങി,…. അവിടെ നിന്നാൽ ഇപ്പോൾ എന്താ….”

അടുക്കളയിലെത്തിയ ശ്രീജ സുജയെ നോക്കി ചൊടിച്ചു,

“ചേച്ചി…..വേണ്ട ചേച്ചി….ഒന്നും വേണ്ട,….എനിക്ക് എന്തോ പോലെ ആവുന്നു,…
ഇതുവരെ കഴിഞ്ഞപോലെ ഇനിയും ഞാനും മോളും എങ്ങനെ എങ്കിലും കഴിഞ്ഞോളാം…”

ശ്രീജയുടെ കൈപിടിച്ച്, സുജ കരഞ്ഞു പറഞ്ഞു.

“എന്നാടി കൊച്ചെ…ആരാ വന്നേ…”

അടുക്കള വാതിൽ തുറന്നു അപ്പോഴേക്കും ശ്രീജയുടെ അമ്മായിയമ്മ അകത്തു വന്നു,

നരകയറി തിളങ്ങുന്ന മുടിയും, ഉരുണ്ട മുഖവും ആയി തടിച്ച ഒരു നാടൻ സ്ത്രീ.

“ശിവൻ വന്നിട്ടുണ്ട് അമ്മെ….”

ശ്രീജ മറുപടി കൊടുത്തത് കണ്ട ശ്രീജയുടെ അമ്മായിയമ്മ സുധ കെറുവിച്ചുകൊണ്ട് അവരെ നോക്കി.

“എന്നിട്ടവനെ അവിടെ ഇരുത്തിയിട്ടു നിങ്ങൾ എന്നതാ പിള്ളേരെ ഇവിടെ കിടന്നു താളം ചവിട്ടുന്നെ…
അങ്ങോട്ട് ചെല്ല്…”

“എന്റെ അമ്മെ ഞാൻ ഒരു ചായ ഇടാൻ വേണ്ടി വന്നതാ, അവൻ വന്നിട്ട്, ഒരു ചായ കൊടുക്കാതെ എങ്ങനാ,…
അപ്പോൾ ദേ എന്റെ പിറകെ ഇവളും പോന്നു…
എന്നിട്ട് ഇപ്പോൾ അവള് കരഞ്ഞും പിടിച്ചും ഇത് വേണ്ടാന്നും പറഞ്ഞു വന്നേക്കുവാ….”

Leave a Reply

Your email address will not be published. Required fields are marked *