അറവുകാരൻ- 2

Related Posts


എല്ലാവരെയും കാത്തിരുത്തി മുഷിപ്പിച്ചതിനു സോറി….
പല ഭാഗങ്ങളും ഉൾപ്പെടുത്തി കൺവിൻസിങ് ആക്കിയാലെ പൂർണ്ണത കിട്ടൂ എന്നെനിക്കു തോന്നിയതുകൊണ്ടാണ് ഇത്രയും വൈകിയത്.
എഴുതിയെത്തുമ്പോൾ വലിയൊരു പാർട്ട് ആയതും വായിക്കുമ്പോൾ മടുപ്പു തോന്നുവോ എന്നുള്ള പേടിയുള്ളതുകൊണ്ടും പിന്നെയും വൈകി.
ഒപ്പം ടി വി യിൽ കണ്ടും വായിച്ചും മാത്രം പരിചയമുള്ള ഒരു കാലം എഴുതിതീർക്കുമ്പോൾ ഉള്ള ചില പ്രശ്നങ്ങളും.
ആദ്യ പാർട്ടിനു എനിക്ക് കിട്ടിയ സപ്പോർട്ട് ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു, എന്റെ ടോപ് ലിസ്റ്റിൽ കയറിയ ആദ്യ കഥ അറവുകാരൻ ആയിരുന്നു…
എല്ലാവര്ക്കും ഒത്തിരി നന്ദി…❤❤❤
ആദ്യ പാര്ടിന്റെ അതെ ലെവൽ കീപ് ചെയ്യാൻ പറ്റിയിട്ടുണ്ടോ എന്നറിയില്ല….
തെറ്റുകൾ ക്ഷെമിക്കുക പറഞ്ഞു തരിക, അടുത്ത കഥകളിൽ തിരുത്താമല്ലോ…
ഈ പാർട്ടിൽ സ്റ്റക്ക് ആയി നിന്നപ്പോൾ എല്ലാം എന്നെ സഹായിച്ച ആശാനും, ആദ്യ റിവ്യൂ തന്നു ഇത് കുറച്ചു കൂടെ നന്നാക്കാൻ സഹായിച്ച തമ്പുവിനും നന്ദി പറയുന്നു.
അപ്പോൾ സ്നേഹപൂർവ്വം…❤❤❤

പുഴക്കരയിലെ പാറപ്പുറത്തവൻ കിടന്നു, മലയിൽ നിന്നും പേരറിയാത്ത അനേകം പൂക്കളുടെ മണവുംപേറി എത്തിയ തണുത്ത കാറ്റിനും അവന്റെ മനസ്സിനെ തണുപ്പിക്കാനായില്ല.

“പോണം…..ഇവിടുന്നു…പോണം,
ഞാൻ കാരണം ആർക്കും ഉപദ്രവം ഉണ്ടാവരുത്…”

അവന്റെ മനസ്സ് ഉരുവിട്ടുകൊണ്ടിരുന്നു.
*********************************

“ഓടുന്നതെന്തിനാട കുട്ടു…വീട്ടിൽ ഇരുന്നാൽ പോരെ ഞങ്ങൾ വരില്ലേ….അനുമോൾ എന്ത്യെ…”

പതിവുപോലെ ജോലി കഴിഞ്ഞു വീട്ടിലേക്ക് വരുന്ന വഴിയിലാണ് തങ്ങളുടെ നേരെ ഓടിപ്പാഞ്ഞു വരുന്ന കുട്ടുവിനെ സുജയും ശ്രീജയും കണ്ടത്.
“അമ്മാ അനുമോൾ വീട്ടിലിരുന്നു കരയുവാ…
സുജാമ്മെക്കുറിച്ചു ജീപ്പിലിരുന്ന ആള് കുറെ വൃത്തികേട് പറഞ്ഞു.
അത് കേട്ടപ്പോൾ തൊട്ടു അനു വിഷമിച്ചിരിക്കയായിരുന്നു, അത് കഴിഞ്ഞു വരുന്ന വഴി ശിവൻ ചേട്ടനെ കണ്ടു അയാളോടും കുറെ ചീത്തയൊക്കെ പറഞ്ഞു.”

“ദേവി…എന്റെ മോള്…..”

കുട്ടു പറഞ്ഞതുകേട്ട സുജ തളർന്നു വീണു പോയി, കൃത്യ സമയത്ത് ശ്രീജ താങ്ങിയതും സുജ അവളിലേക്ക് ചാരിക്കൊണ്ട് വിങ്ങിപ്പൊട്ടി.

“എന്തുവാ കൊച്ചെ ഇത്, അവള് കാര്യം അറിയാതെ അല്ലെ, പെട്ടെന്ന് ഓരോന്ന് കേട്ടപ്പോൾ തളർന്നു പോയതാവും,…
അത് നോക്കാതെ നീയും കുഞ്ഞുപിള്ളാരെ പോലെ ഇങ്ങനെ കിടന്നു കരഞ്ഞാലോ…
….ഡാ കുട്ടു നീ എന്നിട്ടു അവളെ അവിടെ ഒറ്റയ്ക്കിരുത്തിയിട്ടു ഇങ്ങോട്ടു പോന്നോ…”

“അവിടെ അമ്മൂമ്മ ഉണ്ട് അമ്മ….അവള് കരയണ കണ്ടപ്പോൾ എന്നോട് പോയി നിങ്ങളെ കൂട്ടി വരാൻ പറഞ്ഞോണ്ട ഞാൻ….”

കുട്ടു തല താഴ്ത്തി നിക്കുന്നത് കണ്ട ശ്രീജ അവനെ തിരികെ പോയ്കൊള്ളാൻ പറഞ്ഞതും ഓടിക്കൊണ്ടവൻ തിരികെ പോയി.

“ചേച്ചി…ആഹ് പെണ്ണുങ്ങള് പറഞ്ഞത് ഒക്കെ കേട്ടപ്പോൾ തന്നെ എന്റെ പിടി വിട്ടു പോയതാ…ഇപ്പോൾ എന്റെ മോള്….
അവള് എന്നെക്കുറിച്ചു എന്ത് കരുതിക്കാണും…”

“ഡി പൊട്ടി…എന്ത് കരുതാൻ നീ അവൾക്ക് വേണ്ടി കഷ്ടപ്പെടുന്നതൊക്കെ അവള് കാണുന്നതല്ലേ, നാക്കിന് എല്ലില്ലാത്ത നാട്ടിലെ ഓരോ പരിശകൾ പറയുന്നത് കേട്ട് നീ ഇങ്ങനെ കിടന്നു മോങ്ങുന്നതെന്തിനാ,…
വാ ഇങ്ങോട്ടു വീട്ടിലേക്ക് ചെല്ലട്ടെ മോളെ നമുക്ക് പറഞ്ഞു മനസ്സിലാക്കാം.”

സുജയെ താങ്ങിപ്പിടിച്ചുകൊണ്ടാണ് ശ്രീജ നടന്നത്,
സുജയുടെ കാലുകൾ കുഴഞ്ഞ പോലെ ആയിരുന്നു,
ഏങ്ങലടിച്ചും, മൂക്കു പിഴിഞ്ഞും അവർ നടന്നു നീങ്ങി.
——————————————

കരഞ്ഞു കലങ്ങിയ കണ്ണുകളുമായി സുജ എത്തുമ്പോഴേക്കും ശ്രീജയുടെ വീടിന്റെ വാതിൽപ്പടിയിൽ അനു ഇരിക്കുന്നുണ്ടായിരുന്നു, അഴിഞ്ഞു വീണ മുടിയും മിഴിനിറഞ്ഞൊഴുകിയ കണ്ണീര് കവിളിൽ പറ്റിപ്പിടിച്ചിരുന്നിരുന്നു,
അത് കൂടെ കണ്ടതും സുജയുടെ തേങ്ങൽ പിടിവിട്ടുയർന്നു.
അമ്മയുടെ തേങ്ങൽ കേട്ടാണ് അനുവിന്റെ കണ്ണ് ഉയർന്നത്.
മുന്നിൽ വിങ്ങിപ്പൊട്ടി നിന്ന അമ്മയെ കണ്ടതും പിടിച്ചു കെട്ടി നിന്ന സർവ്വ സങ്കടവും പൊട്ടിയലച്ചുകൊണ്ട് അനു ഓടിപ്പാഞ്ഞു വന്നു ശ്രീജയെ ചുറ്റിപ്പിടിച്ചു കരഞ്ഞു.
അവളുടെ വയറിൽ മുഖം അമർത്തി തന്നെയൊന്നു നോക്കുക കൂടെ ചെയ്യാതെ കരയുന്ന അനുവിനെ കണ്ടതും
സുജ വീണ്ടും തളർന്നു പോയി.

“ഡി പെണ്ണെ നീ വീട്ടിലേക്ക് ചെല്ല്,…
അനുമോള് കുറച്ചു നേരം എന്റെകൂടെ ഇരിക്കട്ടെ…
കുട്ടൂസെ സുജാമ്മേനേം കൂട്ടി വീട്ടിലേക്ക് ചെല്ല്…”

സുജയെ നോക്കി ഒന്ന് കണ്ണടച്ചുകാട്ടി സമാധാനിപ്പിച്ചുകൊണ്ട് ശ്രീജ പറഞ്ഞു.
എന്നിട്ടും കരഞ്ഞുകൊണ്ട് അവിടെ നിന്ന സുജയെ നോക്കി ഒന്ന് കൂടെ കണ്ണ് കാണിച്ചിട്ട് ശ്രീജ അനുവുമായി കുറച്ചു മാറി.
സുജ കുട്ടുവിന്റെ കയ്യിൽ താങ്ങി എങ്ങനെയോ വീട്ടുപടിക്കൽ ഇരുന്നു തേങ്ങി.
മകൾ കൂടെ തന്നെ അവിശ്വസിക്കുമോ എന്ന ഭയം പിടിമുറുക്കിയ സുജ വിങ്ങുന്ന ഹൃദയവുമായി പടിയിലിരുന്നു.
അൽപ സമയത്തിന് ശേഷം അനുവിനെ ചുറ്റിപ്പിടിച്ചുകൊണ്ട് ശ്രീജ അവളുടെ മുന്നിൽ എത്തി.
കണ്ണീരൊഴുകിയ പാട് മാത്രം അനുവിന്റെ കവിളിൽ ഉണ്ടായിരുന്നുള്ളു.
ആഹ് കണ്ണുകളിൽ അമ്മയോടുള്ള സ്നേഹം നിറഞ്ഞു നിന്നിരുന്നു.
മകളെക്കണ്ട് ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ സുജയുടെ നേരെ ഓടി വന്ന അനു അവളെ മുറുക്കി കെട്ടിപ്പുണർന്നു.

“കണ്ടോടി പെണ്ണെ…ഇത്രേ ഉള്ളൂ നമ്മുടെ അനുകുട്ടി, ഒന്നുല്ലേലും നീ വളർത്തിയതല്ലേ അവളെ, അവൾക്ക് നിന്നെ അറിയുന്ന പോലെ വേറെ ആർക്ക് അറിയാന….”

ശ്രീജ പറയുന്നത് കേട്ടുകൊണ്ട് അമ്മയും മോളും പരസ്പരം കെട്ടിപ്പിടിച്ചു കരഞ്ഞതല്ലാതെ ഒന്നും സംസാരിച്ചില്ല…
അവരുടെ കണ്ണീരിൽ ഉണ്ടായിരുന്നു അവർക്ക് പറയാനുള്ളത്..

“മതി മതി അമ്മേം മോളും കൂടെ കരഞ്ഞു കൂട്ടിയത് വീട്ടിലേക്ക് ചെല്ല്….
വാടാ കുട്ടൂസെ നമുക്ക് നമ്മുടെ വീട്ടിലേക്ക് പോവാം…”

കുട്ടുവിന്റെ കയ്യിൽ പിടിച്ചുകൊണ്ട് ശ്രീജ പടികൾ ഇറങ്ങി.

——————————————-

പിറ്റേന്ന് രാവിലെ ജോലിക്ക് പോവാൻ ഇറങ്ങിയതായിരുന്നു ശ്രീജയും സുജയും.

“ഇന്നലെ എല്ലാം ശെരിയായോടി കൊച്ചേ…”

നടക്കും നേരം ശ്രീജ സുജയോട് ചോദിച്ചു.

“ഹോ ഇന്നലെ, കരഞ്ഞു കലങ്ങിയിരിക്കണ എന്റെ മോള്ടെ മുഖം കണ്ടപ്പോൾ നിന്ന നിൽപ്പിൽ ഞാൻ അങ്ങ് തീർന്നു പോയേച്ചി…
അവളുടെ കണ്ണീര് കാണാതെ ഇരിക്കാൻ അല്ലെ ഞാൻ ഈ കിടന്നു കഷ്ടപ്പെടുന്നെ…
എന്നിട്ട് അവള് അങ്ങനെ ഇരിക്കുന്ന കണ്ടപ്പോഴേക്കും, ഹോ….അത് പറയാൻ പറ്റത്തില്ല…
അവളെങ്ങാനും എന്നെ തള്ളിപ്പറഞ്ഞാൽ പിന്നെ ഞാൻ ജീവിച്ചിരിക്കുകേല… ഉറപ്പ്…”

Leave a Reply

Your email address will not be published. Required fields are marked *