അറവുകാരൻ- 2

“സാരമില്ല…മോളോടൊപ്പം പോയി കിടന്നോളൂ…”

അവളുടെ അവസ്ഥ മനസ്സിലാക്കി ശിവൻ പറഞ്ഞു.
അവളുടെ കണ്ണിൽ അവനോടുള്ള നന്ദി നിറഞ്ഞു,
അവളിലെ പെണ്ണിനേയും അമ്മയെയും മനസിലാക്കിയതിന്.
ശിവനെ ഒന്ന് കൂടെ നോക്കി അനുവാദം ചോദിച്ച ശേഷം സുജ മുറിയിലേക്ക് കയറി, അവിടെ കട്ടിലിനു വശം ചേർന്ന്, അനു കിടപ്പുണ്ടായിരുന്നു.
അവളോട് ചേർന്ന് സുജ കിടന്നപ്പോൾ ആഹ് ചൂട് അറിഞ്ഞെന്നോണം അനു അവളിലേക്ക് പറ്റിച്ചേർന്നു.
ഒരു സ്വപ്നം എന്നോണം അരങ്ങേറിയ ദിവസത്തിന്റെ ക്ഷീണം കുടിയേറിയ അവളുടെ കണ്ണുകൾ എന്നത്തെക്കാളും മുന്നേ താലി കെട്ടിയവന്റെ സുരക്ഷയുടെ കരുതൽ പറ്റി വേഗം മയങ്ങി.

*************************************

“ഹോ എന്നാലും നീയൊരു ബലാല് തന്നെ, മുണ്ടാണ്ടും, അറിയാണ്ടും നടന്നു, അവസാനം കുന്നിലെ ഒന്നാം നമ്പർ ഷോടതി തന്നെ ഇജ്ജ് പോക്കറ്റിലാക്കിയല്ലേ…”

പിറ്റേന്ന് അരത്തിൽ കത്തി രാഗി കൊണ്ടിരുന്ന ശിവനെ നോക്കി വീരാൻകുട്ടി നാവാട്ടിതുടങ്ങി.
കേൾക്കാത്ത മട്ടിൽ ശിവൻ കത്തിയുടെ മൂർച്ച കൂട്ടിക്കൊണ്ടിരുന്നു.

“ഹോ ന്നാലും നീയ്….
ആഹ്,….പോട്ടെ..
ഇജ്ജ് ന്നലെ ശെരിക്ക് ആഘോഷിച്ചോടോ….
ല്ലാം ഒന്ന് വിശദായിട്ട് പറേൻ… ഞമ്മള് ഒന്ന് കേൾക്കട്ടെ,….”

ശിവന്റെ മുഖം വലിഞ്ഞു മുറുകി.
കൂർപ്പിച്ചു മുനകൂട്ടിയ കണ്ണിന്റെ ഒരു നോട്ടം, വീരാൻകുട്ടിയുടെ വയറിൽ ഒരു പിടുത്തം വീണ പോലെ ആയി.
ശിവന്റെ അത്തരമൊരു മുഖം വീരാൻകുട്ടി ആദ്യമായി കാണുകയായിരുന്നു.
നോട്ടത്തിൽ പന്തികേട് തോന്നിയ വീരാൻകുട്ടി പിന്നെ അവിടെ ഇരുന്നില്ല.

“ഇയ്യ്….കത്തി മിനുക്കി കൂടെ കൊണ്ടോയ്ക്കോ…..
മറ്റന്നാൾ അറുക്കാനുള്ള പോത്തു വരും,
ഞമ്മക്ക് ഒന്ന് രണ്ട് സ്ഥലത്ത് പോവാനുണ്ട്.”

അവന്റെ കൺവെട്ടം കടന്നിട്ടാണ് വീരാൻകുട്ടി ആഞ്ഞൊന്നു ശ്വാസം എടുത്തത്.

ശിവന് വീരാൻകുട്ടി പറഞ്ഞ ഓരോ വാക്കിലും രക്തം തിളക്കുകയായിരുന്നു,
കണ്ണിൽ നിന്ന് അയാൾ മായും വരെ അവന്റെ ഉള്ളു പിടക്കുകയായിരുന്നു.

“തുഫ്…..”

അയാൾ പോയപ്പോൾ അത് വരെ വായിൽ കിടന്ന തുപ്പൽ അയാളോടുള്ള അരിശത്താൽ അവൻ നീട്ടി തുപ്പി.

കത്തി മിനുക്കി മൂർച്ചകൂട്ടി പൊതിഞ്ഞെടുത്, ചായ കുടിക്കാനായി
വറീതേട്ടന്റെ കടയിലേക്ക് അവൻ കയറി.
പലരും ചോദ്യങ്ങൾ എറിഞ്ഞെങ്കിലും അവൻ ഒന്നും മിണ്ടിയില്ല….

“ഇങ്ങനൊരു പൊട്ടൻ…”

അവന്റെ മൗനത്തിൽ പലവട്ടം മടുപ്പ് തോന്നിയ പലരും, പലവട്ടം വിളിച്ച പേര് വീണ്ടും പറഞ്ഞുകൊണ്ട് അവർ ചിരിച്ചു.

ചായ കുടിച്ചുകൊണ്ടിരുന്നപ്പോഴാണ് കവലയിൽ ജീപ്പ് വന്നിറങ്ങുന്നത്,
ജീപ്പിൽ നിന്ന് കുട്ടുവിനൊപ്പം തന്റെ മോള് ഇറങ്ങുന്നത് കണ്ട ശിവന്റെ മുഖം തിളങ്ങി,

അറിയാതെ ആണെങ്കിലും അനുവിനെ കണ്ടപ്പോൾ എന്റെ മോള് എന്ന് മനം ഉരുവിട്ടതറിഞ്ഞ ശിവൻ ഒന്ന് കുളിർത്തു.

പാവാടയുമാട്ടി ചിരിച്ചു കൊണ്ട് നടന്നു നീങ്ങുന്ന അനുവിനെ കണ്ട്, അവന്റെ ഉള്ളിൽ വാത്സല്യം നിറഞ്ഞു.

ഇരുട്ട് വീണുതുടങ്ങിയപ്പോൾ വീട്ടിലേക്ക് നടന്നു തുടങ്ങിയ ശിവന്റെ കയ്യിലെ പൊതിയിൽ തേൻ മധുരം നിറച്ച തേൻമിട്ടായിയും ഉണ്ടായിരുന്നു, വറീതേട്ടന്റെ കടയിൽ നിന്നും അത് വാങ്ങുമ്പോൾ അവന്റെ മനസ്സ് നിറയെ അവന്റെ മോളുടെ മുഖം ആയിരുന്നു.

വീട്ടിൽ എത്തുമ്പോൾ കുളി കഴിഞ്ഞു ആഹ് കുഞ്ഞു സുന്ദരി അടുക്കള വാതിലിനോട് ചേർന്ന് ഇരുന്നിരുന്നു, ഈറൻ മുടി വിടർത്തിയിട്ട്, പുസ്തകം വായിച്ചു കൊണ്ടിരുന്ന അനുവിന് നേരെ അവൻ പൊതി തുറന്നു മിട്ടായി നീട്ടി…
അതിലേക്ക് ഒന്ന് നോക്കി മുഖം തിരിച്ച അനുവിന്റെ കണ്ണിൽ തന്നോടുള്ള വെറുപ്പ് കണ്ടതും ശിവന്റെ ഉള്ളു നീറി.
അനു തന്നിൽ നിന്നും ഒത്തിരി ദൂരെയാണെന്ന് അവനു മനസ്സിൽ ആയി.
അടുക്കള തട്ടിൽ ആഹ് പൊതി വച്ച് തിരികെ നടക്കുമ്പോൾ അവന്റെ ഉള്ളിൽ എടുത്ത തീരുമാനം തെറ്റിയോ എന്ന തോന്നൽ ആയിരുന്നു.
——————————————-

ദിവസങ്ങൾ കൊഴിയുംതോറും ശിവന്റെ രീതികൾ സുജയും അനുവും മനസ്സിലാക്കിയിരുന്നു, രാവിലെ ഉണരുന്ന ശിവൻ ആദ്യം ചെയ്യുക കിണറ്റിൽ നിന്നും വെള്ളം കോരി മറപ്പുരയിലും അടുക്കളയിലെ ആവശ്യമായ പാത്രങ്ങളിലും നിറയ്ക്കുന്നതായിരുന്നു,
പിന്നെ കുളിച്ച ശേഷം സുജയ്ക്കും അനുവിനും കുളിക്കാനുള്ള വെള്ളം നിറച്ചു വയ്ക്കും, രാവിലെ സുജ ഉണ്ടാക്കുന്നത് കഴിച്ചു അനുവിന് പിറകെ ജോലിക്ക് പോകും, ഉച്ചയ്ക്ക് വീട്ടിലെത്തി സ്വയം എടുത്തു കഴിക്കും, വൈകീട്ട് എന്നത്തേയും പോലെ മിട്ടായിപൊതിയുമായി വീട്ടിലെത്തും അനു അത് അവഗണിക്കും എന്നറിഞ്ഞിട്ടുകൂടി അടുക്കളയിൽ അത് അവൾ കാൺകെ വെക്കും,

അതെല്ലാം ഇതൊന്നുമറിയാതെ സുജയ്ക്ക് ശിവന് തന്നോടുള്ള പ്രേമ സമ്മാനമായിക്കണ്ട് സുജ കൊതിയോടെ നുണഞ്ഞിരുന്നു.
സുജയുടെ മുന്നിൽ അനു ഒരിക്കലും ശിവനോടുള്ള അവഞ്ജ കാണിച്ചിരുന്നില്ല എങ്കിലും അനുവിന് തന്നോടുള്ള ഇഷ്ടക്കേട് അന്നതെപോലെ ഇന്നും ഉണ്ടെന്നു ശിവന് അറിയാമായിരുന്നു.
ശിവൻ പക്ഷെ വളരെ പെട്ടെന്ന് ആഹ് കുടുംബത്തിന്റെ നാഥനായി,
വീട്ടിലെ ഓരോന്നും തീരുമ്പോൾ പറയാതെ തന്നെ കണ്ടറിഞ്ഞു അത് സുജയുടെ കയ്യിൽ എത്തിയിരുന്നു,
ആഴ്ചകളിൽ തന്റെ ചില്ലറ ആവശ്യത്തിന് എടുത്ത് ബാക്കി കാശ് സുജയെ ഏൽപ്പിക്കും,
കിടപ്പ് ഇപ്പോഴും രണ്ടിടത്താണെങ്കിലും സുജയ്ക്ക് ഇതുവരെ ഇല്ലാതിരുന്ന സംരക്ഷണം ശിവൻ വന്ന നാൾ മുതൽ അറിഞ്ഞു തുടങ്ങിയ അവൾ അവളറിയാതെ അവനിലേക്ക് ചായുകയായിരുന്നു.

——————————————-

കരുവാക്കുന്ന് അതിന്റെ സ്ഥായീഭാവത്തിലേക്ക് ചേക്കേറി,
സുജയുടെയും ശിവന്റെയും പുതിയ ജീവിതം ഉള്ളിൽ തെല്ലസൂയ പടർത്തിയെങ്കിലും വിധിയായി കണ്ട്, ഒന്നുരണ്ടു പേരൊഴികെ കരുവാക്കുന്നുകാർ മുന്നോട്ടു നീങ്ങി,
ശിവന്റെയും സുജയുടെയും ജീവിതത്തിൽ താളപ്പിഴകൾ വന്നുകയറുന്ന കാലം കാത്തുകൊണ്ട് ബാക്കിയുള്ളവരും ഒപ്പം നീങ്ങി,

ശിവന്റെ വിയർപ്പിനാൽ സുജയും അനുവും വയറു നിറഞ്ഞു നിദ്രയെ പുല്കുന്ന ദിനങ്ങൾ അനുഭവിച്ചു തുടങ്ങി.

മറപ്പുരയിലെ കീറലുകളും തെള്ളലുകളും ശിവൻ മറച്ചു.
ഒരു ദിവസം ജോലി കഴിഞ്ഞെത്തിയ സുജ കണ്ടത് പുരപ്പുറത്തെ ഓടുകൾ മാറ്റുന്ന ശിവനെയായിരുന്നു,
അന്ന് മുതൽ മഴപെയ്താൽ ഓടിനിടയിലൂടെ സുജയുടെയും അനുവിന്റെയും ദേഹത്ത് മുത്തമിടാൻ മഴത്തുള്ളികൾ വന്നില്ല,
സുജ ഓരോന്നിലും ശിവന്റെ കരുതൽ കാണുകയായിരുന്നു,
അധികം സംസാരിച്ചില്ലെങ്കിലും, തന്റെ മനസ്സ് കാണും പോലെ ആയിരുന്നു ശിവൻ എന്ന് സുജയ്ക്ക് പലപ്പോഴും തോന്നിയിരുന്നു,
ശിവനെ ആകെ വേദനിപ്പിച്ചിരുന്നത് അനുവിന്റെ അകൽച്ച ആയിരുന്നു.

*************************************

അന്ന് രാവിലെ വറീതേട്ടന്റെ കടയിലേക്കുള്ള വിറക് വരുമെന്നുള്ളതിനാൽ അതിരാവിലെ തന്നെ സുജയോട് പറഞ്ഞ് ശിവൻ പോയിരുന്നു,

Leave a Reply

Your email address will not be published. Required fields are marked *