——————————————-
കരുവാക്കുന്ന് അതിന്റെ സ്ഥായീഭാവത്തിലേക്ക് ചേക്കേറി,
സുജയുടെയും ശിവന്റെയും പുതിയ ജീവിതം ഉള്ളിൽ തെല്ലസൂയ പടർത്തിയെങ്കിലും വിധിയായി കണ്ട്, ഒന്നുരണ്ടു പേരൊഴികെ കരുവാക്കുന്നുകാർ മുന്നോട്ടു നീങ്ങി,
ശിവന്റെയും സുജയുടെയും ജീവിതത്തിൽ താളപ്പിഴകൾ വന്നുകയറുന്ന കാലം കാത്തുകൊണ്ട് ബാക്കിയുള്ളവരും ഒപ്പം നീങ്ങി,
ശിവന്റെ വിയർപ്പിനാൽ സുജയും അനുവും വയറു നിറഞ്ഞു നിദ്രയെ പുല്കുന്ന ദിനങ്ങൾ അനുഭവിച്ചു തുടങ്ങി.
മറപ്പുരയിലെ കീറലുകളും തെള്ളലുകളും ശിവൻ മറച്ചു.
ഒരു ദിവസം ജോലി കഴിഞ്ഞെത്തിയ സുജ കണ്ടത് പുരപ്പുറത്തെ ഓടുകൾ മാറ്റുന്ന ശിവനെയായിരുന്നു,
അന്ന് മുതൽ മഴപെയ്താൽ ഓടിനിടയിലൂടെ സുജയുടെയും അനുവിന്റെയും ദേഹത്ത് മുത്തമിടാൻ മഴത്തുള്ളികൾ വന്നില്ല,
സുജ ഓരോന്നിലും ശിവന്റെ കരുതൽ കാണുകയായിരുന്നു,
അധികം സംസാരിച്ചില്ലെങ്കിലും, തന്റെ മനസ്സ് കാണും പോലെ ആയിരുന്നു ശിവൻ എന്ന് സുജയ്ക്ക് പലപ്പോഴും തോന്നിയിരുന്നു,
ശിവനെ ആകെ വേദനിപ്പിച്ചിരുന്നത് അനുവിന്റെ അകൽച്ച ആയിരുന്നു.
*************************************
അന്ന് രാവിലെ വറീതേട്ടന്റെ കടയിലേക്കുള്ള വിറക് വരുമെന്നുള്ളതിനാൽ അതിരാവിലെ തന്നെ സുജയോട് പറഞ്ഞ് ശിവൻ പോയിരുന്നു,
രാവിലെ വിറകുമായെത്തിയ ലോറിയിൽ നിന്ന് വിറകിറക്കി,
വിയാർപ്പാറ്റുന്ന നേരമാണ് അനു കുട്ടുവുമൊത്തു സ്കൂളിൽ പോവാൻ ജീപ്പിലേക്ക് നടക്കുന്നത് ശിവൻ കണ്ടത്,
പക്ഷെ കലങ്ങി മറിഞ്ഞ അനുവിന്റെ കണ്ണുകളും പുറംകൈകൊണ്ട് അവൾ കണ്ണ് തുടക്കുന്നതും കണ്ട ശിവന്റെ ഉള്ളു നീറി,
എന്ത് പറ്റിയെന്നു അനുവിനോട് ചോദിക്കണം എന്ന് ശിവന് ഉണ്ടായിരുന്നെങ്കിലും തന്നോട് എങ്ങനെ അവൾ പ്രതികരിക്കും എന്നറിയതിരുന്നത് കൊണ്ടവൻ അതിനു മുതിർന്നില്ല…
എങ്കിലും അനുവിന്റെ കരഞ്ഞുകൊണ്ട് പോവുന്ന മുഖം കണ്ട് സഹിക്കാൻ കഴിയാതെ,
ശിവൻ വേഗം അവിടെ നിന്നിറങ്ങി വീട്ടിലേക്ക് അതിവേഗം നടന്നു.
എന്താ സംഭവിച്ചതെന്നറിയാതെ, അവന്റെ ഉള്ളുരുകി.
——————————————-
“എന്ത് പണിയാടി നീ കാണിച്ചേ, കൊച്ചത്രയും ആഗ്രഹിച്ചതുകൊണ്ടാവില്ലേ അത് ചോദിച്ചത്,
എന്നിട്ട് നീ എന്തിനാ വിടാതിരുന്നേ….”
“ചേച്ചീ ഇപ്പോഴാ ഒന്ന് നേരെ നിന്ന് തുടങ്ങിയെ,….ഒരു പെൺകൊച്ചല്ലേ ചേച്ചി, ഇതുവരെ ഒന്നും അവൾക്കായി കരുതിവെക്കാൻ കഴിഞ്ഞിട്ടില്ല, ഇനി ഒന്നിൽ നിന്ന് തുടങ്ങണം അതാ ഞാൻ,…..”
“എന്ന് വച്ച് ഇങ്ങനെയാണോ അതിനു കൂട്ടിവെക്കുന്നെ….നിനക്ക് രണ്ടു തല്ലു കിട്ടാത്തതിന്റെയാ പെണ്ണെ…ഇന്ന് കൊച്ചു വരട്ടെ ഞാൻ കൊടുക്കും അവൾക്ക് കാശ്.”
ശ്രീജ പറഞ്ഞു തീർന്നതും തങ്ങളുടെ അടുത്തേക്ക് വേഗത്തിൽ വരുന്ന ശിവനെ അവർ കണ്ടു.
“എന്താ മോള് കരഞ്ഞോണ്ടു പോയെ…
എന്താ പറ്റിയെ…!!!”
ശിവന്റെ സ്വരത്തിൽ ആകുലത നിറഞ്ഞിരുന്നു,
അവന്റെ മട്ടും ഭാവവും കണ്ട് പകച്ചുപോയ സുജ ഒന്ന് ഭയന്നു,
“അത് ഒന്നൂല്ല ശിവാ, മോള്ടെ പള്ളികൂടത്തീന്നു പിള്ളേരെ എവിടെയോ കൊണ്ടുപോവുന്നുണ്ടെന്നു, അതിനെന്തോ കാശ് ചോദിച്ചപ്പോൾ ഈ പൊട്ടി കൊടുത്തില്ല,…
അതിന്റെ വാശിക്ക് കരഞ്ഞോണ്ടു പോയതാ.”
“അതെന്താ കൊടുക്കാഞ്ഞേ….
വീട്ടിലേക്കുള്ള കാശ് ഞാൻ തന്നിരുന്നതല്ലേ….
പോരെങ്കിൽ എന്നോട് ചോദിച്ചൂടാർന്നോ,…”
സുജയോട് നോക്കി ശിവൻ ചോദിച്ചു.
“എന്റെ ശിവാ നീ ഇങ്ങനെ ചാടല്ലേ…
ഇവളുടെ ഓരോ പൊട്ടബുദ്ധിയിൽ ഇങ്ങനെ ഓരോന്ന് തോന്നി ചെയ്യുന്നതാ,
സാരമില്ല നാളെ കൊച്ചിന് കാശു കൊടുത്തു വിടാം.”
ശ്രീജ ശിവനെ സമാധാനിപ്പിക്കാൻ എന്നോണം പറഞ്ഞു നിർത്തി.
“നാളെയാ അവരെ കൊണ്ട് പോവുന്നെ,…
ഇന്ന് അവസാന തിയതി ആന്ന അനു പറഞ്ഞെ.”
എന്തോ വലിയ തെറ്റ് താൻ ചെയ്ത് പോയെന്ന നിലയിൽ ശിവന്റെ മുഖത്ത് നോക്കാതെ സുജ സ്വരം താഴ്ത്തി അത്ര മാത്രം പറഞ്ഞു.
“അയ്യോ….ഈ പെണ്ണൊപ്പിക്കുന്ന ഓരോ ചെയ്ത്ത്,….
സാരമില്ല ഇനിയും എപ്പോഴേലും കൊണ്ടുപോവുമ്പോൾ തടസ്സം പറയാതെ അവളെ വിട്ടേക്കണം.”
