അറവുകാരൻ- 2 3

“എനിക്ക് സമ്മതല്ലാന്ന് ആരാ പറഞ്ഞെ….
എനിക്കിഷ്ടാ…”

തന്റെ മേലെ ചാരി കൊച്ചുകുട്ടിയെപോലെ ഏങ്ങലടിക്കുന്ന സുജയുടെ മുഖം കോരിയെടുത്തു അനു പറഞ്ഞു.

“എന്റെ ആഗ്രഹാ…ശ്രീജാമ്മ എന്നോട് സമ്മതിക്കാൻ പറഞ്ഞെ…
എനിക്കൊരു അച്ഛൻ വരുമ്പോൾ ഞാൻ എന്തിനാ അമ്മോട് ദേഷ്യം പിടിക്കണേ….
അമ്മേടെ അനൂട്ടിക്ക് നൂറു വട്ടം സമ്മതാ…”

സുജയുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു തന്റെ സമ്മതം അറിയിക്കുമ്പോൾ…
ശിവനോടുള്ള അനുവിന്റെ ഇഷ്ടക്കേട് അവൾ ഉള്ളിന്റെ ഉള്ളിൽ കുഴിച്ചിട്ടിരുന്നു.

*************************************
“ഈ കോലത്തിലാണോ കൊച്ചെ നീ വരുന്നേ…”

രജിസ്റ്റർ മാരിയേജിന് വേണ്ടി, ഒരു സാരിയും ചുറ്റി പുറത്തേക്ക് വന്ന സുജയേക്കണ്ട് താടിക്ക് കൈ വച്ച് പോയി.

അനുവിന്റെ സമ്മതം കിട്ടിയതോടെ ശ്രീജ പിന്നെ എല്ലാം പെട്ടെന്ന് തന്നെ നീക്കി. ശ്രീജയെ സംബന്ധിച്ചിടത്തോളം എത്രയും പെട്ടെന്ന് നാട്ടുകാരുടെ വയടപ്പിക്കുന്നതിനൊപ്പം, സുജയുടെ ജീവിതത്തിൽ ഒരു തുണ വേണം എന്നുള്ള ചിന്ത ആയിരുന്നു ശ്രീജയെ നയിച്ചത്.
അതിന്റെ പടി എന്നോണം കല്യാണം രെജിസ്റ്റർ ചെയ്യാൻ വേഗം തീരുമാനിച്ചതും ശ്രീജ ആയിരുന്നു.
ഇന്ന് രജിസ്റ്റർ ചെയ്യാനും പിന്നെ നല്ലൊരു ദിവസം നോക്കി കാവിൽ വച്ച് കല്യാണം നടത്താനും എല്ലാം ശ്രീജ തീരുമാനിച്ചിരുന്നു.
എല്ലാം അറിഞ്ഞുകൊണ്ട് എല്ലാ സഹായവും അവർക്ക് നീട്ടി പിന്നിൽ ശ്രീജയോടൊപ്പം സണ്ണിയും ഉണ്ടായിരുന്നു.
അതുകൊണ്ട് തന്നെയാണ് രജിസ്റ്റർ ചെയ്യാൻ അവരെ കൊണ്ട് പോകാൻ കുഞ്ഞൂട്ടിയെ ജീപ്പുമായി ശ്രീജയുടെ നിർദ്ദേശ പ്രകാരം സണ്ണി അയച്ചത്.

——————————–

“ഓഹ്….ഇത് മതിയേച്ചി…
ഒപ്പിടാൻ അല്ലെ…”

സാരി ഒന്നൂടെ ചുറ്റിയുടുത്തുകൊണ്ട് സുജ ഇറങ്ങി.

“നിന്നോട് പറഞ്ഞിട്ടും കാര്യമില്ല…
എന്തേലും ആവട്ടെ പെട്ടെന്നിറങ്,
അവൻ ജീപ്പിലിരുന്നു കയറു പൊട്ടിക്കുന്നുണ്ട്.”

സുജയുടെ സാരി ഒന്ന് നേരെ പിടിച്ചിട്ടുകൊടുത്തുകൊണ്ട് ശ്രീജ അവളുടെ കയ്യും പിടിച്ചു വീട്ടിൽ നിന്നിറങ്ങി.

കൽപ്പടികൾക്ക് താഴെ മുരണ്ടു കൊണ്ടിരുന്ന ജീപ്പിൽ കുഞ്ഞൂട്ടിയും മുന്നിലെ സീറ്റിൽ ശിവനും ഉണ്ടായിരുന്നു.

ഇറങ്ങി വന്ന സുജ മുന്നിലിരുന്ന ശിവനെ കണ്ടതും കവിളുകൾ അറിയാതെ ചുവക്കുന്നതും ഉള്ളിൽ നാണം പൊടിയുന്നതും മറക്കാനായി ശ്രീജയുടെ പിന്നിൽ പറ്റിക്കൂടി.

ശിവന്റെ ചുണ്ടിലും അതിനു മറുപടി എന്നോണം ഒരു പുഞ്ചിരി നിറഞ്ഞു വന്നു.

“ഓഹ് മതി പെണ്ണെ നിന്ന് ചൂളിയത് പെട്ടെന്ന് ഇങ്ങു കേറ്…”

അവരുടെ മൗന സല്ലാപം അതികം നീട്ടാൻ നിൽക്കാതെ ശ്രീജ അവളെയും
വലിച്ചുകൊണ്ട് ജീപ്പിന്റെ പിന്നിലേക്ക് കയറി.

“എടാ ചെറുക്കാ,….ഓഫീസിൽ നിന്റെ ചേട്ടായി എല്ലാം പറഞ്ഞിട്ടില്ലേ….”

“അവിടെ എല്ലാം ശെരിയാണ് ചേട്ടത്തി…
ചെന്ന് ഒപ്പിട്ടു കൊടുത്താൽ മതിയെന്ന ഇച്ഛായൻ പറഞ്ഞത്.”

ചെമ്മണ്ണു വീണ്ടും ഭൂമിയിലേക്ക് അമർത്തിക്കൊണ്ട് വണ്ടി ഇരപ്പിച്ചു കൊണ്ട് മുന്നോട്ടു നീങ്ങി…
——————————————

“ശിവാ…ഇന്നിനി മുഴുവൻ തന്നാലും നിങ്ങള് രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടും നോക്കി….
ചമ്മി നിന്നും, തല കുനിച്ചും സമയം കളയും എന്നല്ലാതെ ഒന്നും നടക്കാൻ പോണില്ല…
അതോണ്ട് നമുക്ക് പോയേക്കാം,
എന്നിട്ട് കാവിൽ വെച്ച് താലികെട്ടും കഴിഞ്ഞു സ്ഥിരമായിട്ടു, ഈ പൊട്ടിയേ അങ്ങ് തന്നേക്കാം പോരെ…”

ഓഫീസിലെ ഒപ്പിടൽ കഴിഞ്ഞു അവരെ തനിച്ചു കുറച്ചുനേരം വിട്ടേക്കാം എന്ന തീരുമാന പ്രകാരം ഓഫീസിന്റെ വശത്തുള്ള, വളഞ്ഞു ചാഞ്ഞു നിന്ന മാവിൻ ചോട്ടിലേക്ക് സംസാരിക്കാൻ വിട്ടതായിരുന്നു ശ്രീജ.
എന്നാൽ ഓഫീസിലെ ക്രമമെല്ലാം കഴിഞ്ഞു അവരെ തേടി വന്ന ശ്രീജ കാണുന്നത്, തമ്മിൽ കയ്യകലത്തിനും അകലെ..
നേരെയൊന്നു നോക്കാൻ പോലും നാണിച്ചു, മാവിലും മണ്ണിലും കണ്ണ് പരതി, ആദ്യമായി കാണുന്ന കമിതാക്കളെ പോലെ വിയർക്കുന്ന ശിവനെയും സുജയേയും ആയിരുന്നു.

“അവരെ കൂടുതൽ നിന്ന് ചമ്മിപ്പിക്കാതെ വിളിച്ചോ ചേട്ടത്തി…
നമുക്ക് പോയേക്കാം.”

Leave a Reply

Your email address will not be published. Required fields are marked *