അറവുകാരൻ- 2 3

ശ്രീജ സുജയുടെ തലയിലൊന്നു കൊട്ടിയ ശേഷം പറഞ്ഞു.

“എത്ര രൂപ കൊടുക്കണം…”

ശിവന്റെ സ്വരം അവിടെ ഉയർന്നു.

“ഇനിയെങ്ങനാ ശിവാ, കൊച്ചിപ്പോൾ പോയിട്ടുണ്ടാവും…”

“എത്ര കാശ് വേണോന്ന മോള് പറഞ്ഞെ….”

ശിവൻ അതു കേൾക്കാത്ത മട്ടിൽ സ്വരം ഉയർത്തി വീണ്ടും ചോദിച്ചു.

“ഇരുന്നൂറ് രൂപ…”

സുജ പേടിയിൽ പെട്ടെന്ന് പറഞ്ഞുപോയി.

“നീ എവിടേക്കാട ശിവാ….”

പോക്കറ്റിൽ ഒന്ന് നോക്കിയിട്ട് വേഗം തിരിഞ്ഞു നടന്ന ശിവനെ നോക്കി ശ്രീജ വിളിച്ചു ചോദിച്ചു,

“എനിക്കൊന്നും, ഒന്നിനും പോകാനൊത്തിട്ടില്ല ശ്രീജേച്ചി…
അതിന്റെ വിഷമോം സങ്കടോം ഒക്കെ എനിക്കറിയാം,
എന്നിട്ടിപ്പോൾ എന്റെ മോള് ഒന്ന് ആശിച്ചിട്ട് അത് പോലും നടത്തികൊടുക്കാൻ പറ്റിയില്ലേൽ പിന്നെ ഞാനെന്തിനാ…”

അവരുടെ മറുപടിക്കുപോലും കാക്കാതെ ശിവൻ കാറ്റുപോലെ കവലയിലേക്ക് നടന്നു.

കണ്ടതിന്റെയും കേട്ടത്തിന്റെയും അമ്പരപ്പ് മാറാതെ സുജയും ശ്രീജയും വഴിയിൽ അവനെയും നോക്കി നിന്നു.
——————————————-

“വറീതേട്ട, ഈ സൈക്കിൾ ഞാനൊന്നു എടുക്കുവാണെ…”

ചായക്കടയുടെ വശത്തു ചാരിവച്ചിരുന്ന വറീതിനെക്കാളും പ്രായം ചെന്ന മുഴുവൻ സൈക്കിളിൽ പിടിച്ചുകൊണ്ട് ശിവൻ ചോദിച്ചു.
“എന്നാടാ ശിവാ…നിനക്ക് എവിടെ പോവാന…”

“ടൗണിലെത്തണം വറീതേട്ടാ….”

ശിവന്റെ സ്വരത്തിൽ ധൈന്യത നിഴലിച്ചിരുന്നു.

“ഈശോയെ ടൗൺ വരെയോ…..
ഈ സൈക്കിളും കൊണ്ടോ…”

പുരാവസ്തുകാര് കണ്ടാൽ ആഹ് നിമിഷം എടുത്തോണ്ടുപോകാനും മാത്രം പ്രായം ചെന്ന സൈക്കിളിൽ ടൗൺ വരെ എത്തുന്ന കാര്യം ആലോചിച്ച വറീത് തലയിൽ കൈവച്ചു അവനെ നോക്കി.

“ഞാൻ സൂക്ഷിച്ചു കൊണ്ടോയി തിരികെ കൊണ്ടോന്നോളാം ചേട്ടാ…
മോള്ടെ പള്ളിക്കൂടത്തിൽ എത്തണം അതുകൊണ്ടാ….”

“നീ കൊണ്ടൊക്കോടാ ശിവാ…”

ശിവന്റെ മുഖഭാവം കണ്ട വറീതിനു പിന്നൊന്നും പറയാൻ തോന്നിയില്ല.

ടാർ കണിപോലും കണ്ടിട്ടില്ലാത്ത കരുവാക്കുന്നിലേക്കുള്ള റോഡിൽ ശിവൻ ആഞ്ഞുചവിട്ടി ടൗണിലേക്ക് നീങ്ങുമ്പോൾ അവന്റെ ഉള്ളിൽ അനുവിന്റെ മുഖം മാത്രം ആയിരുന്നു,
ഒപ്പം താൻ പിന്നിട്ട ബാല്യത്തിന്റെ കയ്‌പ്പോർമ്മകളും.

*************************************

“അനുപമ….കുട്ടി മാത്രേ നാളെയുള്ള പിക്നിക്ന് വരാതെയുള്ളൂ….
എന്താ വീട്ടിൽ ടീച്ചർ സംസാരിക്കണോ….”

പിറ്റേന്ന് പോകാനുള്ള കുട്ടികളുടെ എണ്ണം എടുത്ത ശേഷം തലകുമ്പിട്ടിരിക്കുന്ന അനുവിന്റെ അടുത്തെത്തി ടീച്ചർ ചോദിച്ചു.

“വേണ്ട…എനിക്കിഷ്ട്ടല്ലാ,….അതാ ഞാൻ വരാത്തെ…”

കണ്ണുയർത്തിയാൽ കണ്ണിലെ നീര് തന്നെ ഒറ്റിക്കൊടുക്കുമെന്നു തോന്നിയതുകൊണ്ടോ, അവൾ തല ഉയർത്താതെ വിങ്ങുന്ന മനസ്സുമായി പറഞ്ഞു തീർത്തു.

കൂടുതൽ ചോദിച്ചു വിഷമിപ്പിക്കണ്ട എന്ന് കരുതിയാവണം ടീച്ചറും തലയിലൊന്നു തഴുകി അവളെ കടന്നുപോയി.

“ടീച്ചറെ…..!!!!”

മേശപ്പുറത്തുനിന്നു ചോക്കെടുത് ബോർഡിലേക്ക് തിരിയുമ്പോഴായിരുന്നു പുറത്തു നിന്നുള്ള ആഹ് വിളി.

“ആരാ…എന്താ വേണ്ടേ…”

വിയർത്തൊലിച്ചു വെളിയിൽ നിന്ന ശിവനെ നോക്കി അവർ ചോദിച്ചു.
പുറത്തു നിന്നുള്ള ശബ്ദത്തിന്റെ ഉറവിടം അറിയാനായി, കുഞ്ഞുതലകൾ പൊങ്ങി താഴ്ന്നു നിന്നു.

“ഞാൻ…..ഞാൻ…അനുപമയുടെ അച്ഛനാ…”

പതുങ്ങി നിർത്തി നിർത്തിയാണ് ശിവൻ പറഞ്ഞത്.

“അനുപമയുടെ അച്ഛൻ ജീവിച്ചിരിപ്പില്ലല്ലോ…”

“അത് അവളുടെ രണ്ടാനച്ഛനാ ടീച്ചറെ…”

അപ്പോഴേക്കും എത്തികുത്തി തലപുറത്തേക്കെതിച്ചു ആളെകണ്ട കരുവാക്കുന്നിലെ മറ്റൊരു കാന്താരി വിളിച്ചുപറഞ്ഞു.

കുലുങ്ങി ഉള്ള കളിയാക്കിച്ചിരികൾ ഉയർന്നതോടെ ടീച്ചർ വാതിലിൽ ഒന്ന് കയ്യടിച്ചു അവരെ നിശ്ശബ്ദരാക്കി.
ക്ലാസ്സിലും വന്നു തന്നെ മറ്റുള്ളവരുടെ മുന്നിൽ അപമാനിതായാക്കിയ ശിവനോടുള്ള ദേഷ്യം അനുവിൽ കുമിഞ്ഞുകൂടുന്നുണ്ടായിരുന്നു,

“എന്താ വേണ്ടേ…ഇത് ക്ലാസ് ടൈം ആണ്…”

ടീച്ചറുടെ സ്വരത്തിലും അവഞ്ജ നിറഞ്ഞിരുന്നു.

“അത് നാളെ മോള് ഇവിടുന്നു യാത്ര പോകുവാന്ന് പറഞ്ഞിരുന്നു….
കാശ് മോള് എടുക്കാൻ മറന്നുപോയി,
ഞാൻ അതുകൊണ്ടുകൊടുക്കാൻ…”

Leave a Reply

Your email address will not be published. Required fields are marked *