അറവുകാരൻ- 2

അവളുടെ കുഞ്ഞു കൈകൾ എടുത്ത് ശിവൻ ഹാൻഡിൽ ബാറിൽ പിടിപ്പിച്ചു.

“മോളിവിടെ തന്നെ മുറുക്കെ പിടിച്ചിരിക്കണം….
എന്തേലും തോന്നിയാൽ അപ്പൊ തന്നെ അച്ഛനോട് പറയണം….”

അനു തലയാട്ടി.
ശിവന് സൈക്കിൾ പതിയെ മുന്നോട്ടു എടുത്തു.
ഇടയ്ക്കിടെ അനു ഇളകുമ്പോൾ ശിവൻ നിർത്തി അവളെ നേരെ ഇരുത്തും.
യാത്ര തുടരും അല്പനേരത്തോടെ അനു അതിനോട് പൊരുത്തപ്പെട്ടു.
അതോടെ ശിവൻ അല്പം വേഗതയിൽ ചവിട്ടിതുടങ്ങി.

അനുവിന് ഇതെല്ലാം ഒരു സ്വപ്നം പോലെ തോന്നി. ഏതോ സമയം കണ്ട പകൽക്കിനാവുകൾ തന്നിലേക്ക് എത്തിച്ചേർന്നത് പോലെ.
ഇളം കാറ്റു അവളുടെ മുടിയിലും മുഖത്തും തട്ടി തഴുകി പോവുമ്പോൾ അവൾ അറിയാതെ അവളുടെ ചുണ്ടിനെ അലങ്കരിച്ചുകൊണ്ട് ചിരി വിടരുന്നുണ്ടായിരുന്നു.

“മോളെ…..ഉറങ്ങിപ്പോയോ…”

മുന്നിലെ കമ്പിയിൽ പിടിച്ച് അനങ്ങാതെ ഇരിക്കുന്ന അനുവിനോട് ശിവൻ ചോദിച്ചു.

“ഉം….ഹും….”

ചുമൽ കൂച്ചി മൂളിക്കൊണ്ടവൾ ഉത്തരം കൊടുത്തു.

“ആഹ് ഇറങ്ങ്….”

ഒരു തുണിക്കടയുടെ മുന്നിൽ സൈക്കിൾ നിർത്തിക്കൊണ്ട് ശിവൻ പറഞ്ഞു.
സൈക്കിളിന് മുകളിൽ അപ്പോഴും എന്തെന്ന ഭാവത്തിൽ ഇരിക്കുന്ന അനുവിനെ കയ്യിൽ കോരിയെടുത്തു ശിവൻ താഴെ ഇറക്കി.

“വാ….”

അനുവിനെയും വിളിച്ചുകൊണ്ട് അവൻ ആഹ് കടയിലേക്ക് കയറി,
രാധമണിയുടെ തയ്യൽക്കട മാത്രം കണ്ടു പഴകിയ അനുവിന് അത് പുതിയൊരു ലോകമായിരുന്നു.
ശിവനും അവിടെ ആദ്യമൊന്ന് പകച്ചെങ്കിലും അടുത്തുള്ള കൗണ്ടറിൽ ഇരുവരെയും നോക്കി ചിരിച്ച ഒരു പെൺകുട്ടിയുടെ മുഖം കണ്ട ധൈര്യത്തിൽ അവർ അങ്ങോട്ട് നീങ്ങി.

“എന്താ വേണ്ടേ….”

ചിരി മായ്ക്കാതെ അവൾ അനുവിന്റെ മുഖത്തേക്ക് ചോദിച്ചു.
അമ്പരപ്പിൽ അപ്പോഴും മയങ്ങി നിന്ന അനു ശിവനെ നോക്കി.

“മോൾക്ക് പാവാടയും ബ്ലൗസും എടുക്കാൻ വന്നതാ…”

ശിവൻ പറഞ്ഞതുകേട്ട അനുവിന്റെ കണ്ണുകൾ തിളങ്ങി.

“രണ്ടു മൂന്നെണ്ണം എടുത്തോട്ടോ…
വീട്ടിൽ ഇടാനും, പിന്നെ കാവിൽ കളം പാട്ടു വരുന്നതല്ലേ അന്നിടാൻ നല്ലൊരു പട്ടു പാവാടയും ബ്ലൗസും കൂടെ എടുക്കണം.”

അനുവിന്റെ അടുത്ത് കുനിഞ്ഞു നിന്ന് ശിവൻ അവളോട് പറഞ്ഞപ്പോൾ,
അവളുടെ കണ്ണുകളിൽ സന്തോഷം കൊണ്ട് ഈറൻ നിറഞ്ഞു.

“പാവാടയും ബ്ലൗസും തുണിയെടുത്താൽ, അളവെടുത്തു ഇവിടുന്നു തന്നെ തയ്ച്ചു തരും,….”

“എങ്കിൽ തുണി എടുത്താൽ മതി…”

“അതെന്താ ചേട്ടാ തയ്ക്കണ്ടേ അപ്പൊ…”

അവളുടെ സ്വരത്തിൽ ചെറിയൊരു നീരസം കലർന്നിരുന്നു…

“അയ്യോ അതല്ല,…മോള്ടെ അമ്മയ്ക്കും കൂടി എടുക്കണം, അപ്പൊ അളവില്ലാതെ ഇവിടുന്നു തയ്ക്കാൻ പറ്റില്ലല്ലോ…നാട്ടിൽ പോയി ഇത് പിന്നെ വന്നു വാങ്ങാനും ഒക്കില്ല അതോണ്ടാ…”

ശിവൻ പറഞ്ഞതുകേട്ട പെൺകുട്ടിക്ക് കാര്യം മനസ്സിലായി.

പുറകിൽ നിറച്ചു വച്ചിരുന്ന ഒരുപാടു തുണികൾ അവൾ അവരുടെ മുന്നിലേക്ക് നിരത്തി വിരിച്ചിട്ടു.
പുള്ളിയും, പൂവും,തുടങ്ങി പല നിറവും ഭംഗിയുമുള്ള തുണികളും അതിന്റെ പുതുമണവും ഒക്കെ നിറഞ്ഞ അനുഭൂതിയിൽ അനു സ്വയം മറന്നു നിൽക്കുക ആയിരുന്നു.

“മോൾക്കിഷ്ടപ്പെട്ടതെടുത്തോ…”

ശിവൻ അനുവിന്റെ തലയിൽ തലോടി പറഞ്ഞു.
വെള്ളയിൽ കുഞ്ഞു പൂക്കൾ ഉള്ളതും, ചുവപ്പിൽ ചെറിയ പള്ളിയോടു കൂടിയതുമായ രണ്ട് തുണികൾ, കയ്യിൽ എടുത്തു പിടിച്ചു അവൾ ശിവന്റെ നേരെ നോക്കി.

“ഇത് മോൾക്കിഷ്ട്ടയോ….”

“മ്മ്….”

“ഇത് രണ്ടും വേണം പാവാടയും ബ്ലൗസും തയ്ക്കാനുള്ള അളവിൽ ഒന്ന് മുറിച്ചെടുക്കണേ….”

ശിവൻ പറഞ്ഞതനുസരിച്ചു കൗണ്ടറിൽ നിന്ന പെണ്ണ് മീറ്റർ എടുത്തു മുറിച്ചു മാറ്റി.

“ഇനിയൊരു പട്ടു പാവാടയും ബ്ലൗസിനും വേണ്ട തുണി…”

ശിവൻ പറഞ്ഞത് കേട്ട പെണ്ണ് അനുവിന് മുൻപിൽ കസവു വച്ച പട്ടു തുണികൾ മുൻപിൽ നിരത്തി.

അനുവിനൊപ്പം ശിവനും തിരയാൻ തുടങ്ങി.
രണ്ടു പേരുടെയും കൈകൾ ഒരുമിച്ചാണ് വാടാമല്ലി നിറമുള്ള തുണിയിൽ കൈ വച്ചത്.

“മോൾക്കിതീഷ്ട്ടായോ….”

“ആഹ്….”

കണ്ണ് വിടർത്തി അനു പറഞ്ഞു.

“ഇതൂടെ എടുത്തോ…”

ശിവൻ അത് അവരുടെ മുന്നിലേക്ക് നീക്കിയിട്ടു.
“അമ്മയ്ക്ക് കൂടെ ഒരെണ്ണം നോക്കി എടുക്കുവോ മോളെ…”

“അയ്യേ അമ്മയ്ക്ക് പാവാടയും ബ്ലൗസുമോ…
അമ്മ അതൊന്നും ഇടൂല്ല….”

അനു ശിവനെ കളിയാക്കി പറഞ്ഞതുകേട്ട അവിടെ നിന്ന പെണ്ണും മുഖം പൊത്തി ചിരിച്ചു.

“ഡി കാന്താരി….പാവാടയും ബ്ലൗസുമല്ല…കാവില് പോവുമ്പോൾ ഇടനായി സാരിയും ബ്ലൗസും എടുക്കാനാ…”

ചമ്മിയെങ്കിലും ശിവൻ അനുവിന്റെ കുസൃതിയോർത്തു ചിരിച്ചുകൊണ്ട് പറഞ്ഞു.
അവർ തമ്മിലുള്ള മഞ്ഞുരുകുകയായിരുന്നു.
ശെരിക്കും അച്ഛനും മോളുമായി അവർ അവിടെ വച്ച് മനസ്സാൽ മാറിതുടങ്ങി.

“എങ്കിലേ നമുക്ക് അമ്മയ്ക്ക് സെറ്റ് സാരിയും ബ്ലൗസും എടുക്കാം…”

അനു ഒന്നാലോചിച്ചിട്ട് പറഞ്ഞു.
സ്വർണ കരയുള്ള ഒരു സെറ്റ് സാരി എടുത്തുവച്ചു.അനുവിന്റെ പട്ടു ബ്ലൗസിന്റെ അതെ നിറത്തിലുള്ള ബ്ലൗസിന്റെ തുണി കൂടി മുറിച്ചെടുത്തു.
വീട്ടിലേക്കുള്ള ബ്ലൗസിനായി കറുപ്പും, കടുംപച്ചയുമായി രണ്ടു തുണികളും, മുണ്ടും കൂടി സുജയ്ക്ക് വേണ്ടി അവർ വാങ്ങിച്ചു.

“നമുക്ക് പോവാം അനുക്കുട്ടിയെ…”

ശിവൻ ചോദിച്ചപ്പോൾ അനു അവനെ നോക്കി, അവളുടെ കണ്ണിൽ നോക്കിയ ശിവൻ ചിരിച്ചു.

“പോയി ഇത്രേം നേരം നോക്കി നിന്നതൂടെ എടുത്തോണ്ട് പോര്…”

തൊട്ടടുത്ത കൗണ്ടറിൽ ആൺകുട്ടികളുടെ ഷർട്ടിനുള്ള തുണികൾ മുറിച്ചുകൊടുക്കുന്നത് ഇടയ്ക്കിടെ അനു നോക്കുന്നത് ശിവൻ കണ്ടിരുന്നു.

“പോയി, അനുകുട്ടീടെ കൂട്ടാരനൂടെയുള്ള തുണിയെടുത്തോന്നെ…”

അതോടെ അനു ഓടിച്ചെന്നു അത്രയും നേരം കണ്ണ് പതിപ്പിച്ചുകൊണ്ടിരുന്ന തുണി കൈ ചൂണ്ടി പെണ്ണിനെ കാണിച്ചു.
അത് കൂടി കയ്യിൽ കിട്ടിയതോടെ കാശും അടച്ചു അവർ കടയുടെ പുറത്തെത്തി.

ഇരുട്ടി തുടങ്ങിയിരുന്നു…
മാനത്തിന് ചുവപ്പുഛായ മാഞ്ഞു കടുംനീല പടർന്നു തുടങ്ങി.
മേലെ പപ്പട വട്ടത്തിൽ അമ്പിളിയും തെളിഞ്ഞിരുന്നു.

“നേരം ഇരുട്ടിയല്ലോ…അമ്മ കാത്തിരുന്ന് വിഷമിച്ചിട്ടുണ്ടാവും…”

“സാരൂല്ലാ….നമുക്ക് വേഗം പോവാം…”

അനുവിനെ എടുത്ത് സൈക്കിളിൽ ഇരുത്തുമ്പോൾ അച്ഛനും മോളും പരസ്പരം പറഞ്ഞു.

ഡൈനാമോ വെളിച്ചമൊരുക്കിയ കുഞ്ഞു വെട്ടത്തിന്റെ വഴിയിൽ സൈക്കിൾ മുന്നോട്ടു പോയി.

ഹാൻഡിലിൽ പിടിച്ചു,….ഓര്മ വച്ച കാലം മുതൽ നടക്കാതെ പോയ സ്വപ്നത്തിന്റെ തേരിൽ ആയിരുന്നു അനു.
*************************************

“ആഹ് ഡി പെണ്ണെ…രണ്ടും എത്തിയെന്ന് തോന്നുന്നു…”

ഇരുട്ടിൽ തെളിഞ്ഞ വെളിച്ചവും കലപില സ്വരവും കേട്ട ശ്രീജ വരാന്തയിൽ തന്നെ അവരെയും കാത്തിരുന്ന സുജയോട് പറഞ്ഞു.

സൈക്കിളിൽ രണ്ടുപേരും എത്തുമ്പോൾ, ശ്രീജയും സുജയും
മുന്നിലുണ്ടായിരുന്നു.

“ഇതെത്ര നേരായി ശിവാ….എന്തെ ഇത്ര വൈകിയേ…”

ശ്രീജ ശിവനോടൊന്നു കയർത്തപ്പോൾ സുജ ശ്രീജയുടെ കയ്യിൽ വേണ്ട എന്ന അർത്ഥത്തിൽ പിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *